കാനഡ വിസ വാഗ്ദാനങ്ങളിലെ തട്ടിപ്പുകള്‍ക്കെതിരെ അധികൃതര്‍

കാനഡ വിസ വാഗ്ദാനങ്ങളിലെ തട്ടിപ്പുകള്‍ക്കെതിരെ അധികൃതര്‍


ഒട്ടാവ: കാനഡയിലേക്കുള്ള സ്റ്റുഡന്റ്, ജോലി വിസകള്‍ വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വിസ നല്‍കാന്‍ സാധിക്കില്ലെന്നും അത്തരത്തിലുള്ള വാഗ്ദാനങ്ങളില്‍ വീഴരുതെന്നും കാനഡ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസ് വകുപ്പ് വ്യക്തമാക്കി. വിസ അനുവദിക്കാനുള്ള അധികാരം കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പിനു മാത്രമേയുള്ളുവെന്നും മറ്റാര്‍ക്കും കനേഡിയന്‍ വിസയോ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനോ നല്‍കാനാകില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

2026ല്‍ നടക്കുന്ന ഫിഫ ലോകകപ്പിനു മുമ്പ് വിസ നല്‍കാമെന്ന രീതിയില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അപേക്ഷകള്‍ പൂരിപ്പിക്കുന്നതും അയയ്ക്കുന്നതും ഏജന്‍സികള്‍ ആണെങ്കിലും അതിലെ വിവരങ്ങള്‍ അടങ്ങിയ വ്യക്തികള്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും ഇമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.