വാന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ മുന്‍ ജയില്‍ ഉദ്യോഗസ്ഥ നൈല ഷെയ്ഖിനെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിശ്വാസവഞ്ചന, മറ്റൊരാളായി ആള്‍മാറാട്ടം നടത്തി നേട്ടം കൈവരിക്കാന്‍ ശ്രമിച്ചത്, സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ സംവിധാനം അനധികൃതമായി ഉപയോഗിച്ചത് എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പോര്‍ട്ട് കോക്വിറ്റ്‌ലാമിലെ നോര്‍ത്ത് ഫ്രേസര്‍ പ്രീട്രയല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന നൈല ഷെയ്ഖ് 2022 ജൂലൈയില്‍ ജയിലില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ഗുണ്ടാസംഘ കൊലക്കേസ് പ്രതിയായ റബീഹ് അല്‍ഖലീലിന്റെ കേസ് മാനേജറായിരുന്നുവെന്നാണ് സി ബി സി ന്യൂസിന് ലഭിച്ച രേഖകള്‍ സൂചിപ്പിക്കുന്നത്. അല്‍ഖലീലിന്റെ രക്ഷപ്പെടല്‍ സംഭവത്തില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
2024 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നൈല ഷെയ്ഖിനെതിരെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതെന്ന് ബി സി കോടതിയുടെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കേസുകള്‍ അല്‍ഖലീലിന്റെ ജയില്‍ചാട്ടവുമായി നേരിട്ട് ബന്ധപ്പെട്ടതാണോയെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജയില്‍ ഉദ്യോഗസ്ഥ എന്ന നിലയിലെ ഔദ്യോഗിക ചുമതലകള്‍ ദുരുപയോഗം ചെയ്തതും ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാരിന്റെ കറക്ഷന്‍സ് കമ്പ്യൂട്ടര്‍ സംവിധാനം അനധികൃതമായി ഉപയോഗിച്ചതും, വിക്ടോറിയ പ്രദേശത്ത് 'ഷമൈല ഷെയ്ഖ്' എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി വ്യക്തിപരമായ നേട്ടം കൈവരിക്കാന്‍ ശ്രമിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന രണ്ടാമത്തെ മുന്‍ ബി സി ജയില്‍ ജീവനക്കാരിയാണ് നൈല ഷെയ്ഖ്. ഇതിന് മുമ്പ് രമണ്‍ദീപ് റായ് എന്ന മുന്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെയും വിശ്വാസവഞ്ചനക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ആ കേസ് ജയില്‍ചാട്ടവുമായി ബന്ധമില്ലെന്ന് പിന്നീട് കോക്വിറ്റ്‌ലാം ആര്‍ സി എം പി വ്യക്തമാക്കിയിരുന്നു.
രമണ്‍ദീപ് റായ് ജയിലിലെ ഒരു തടവുകാരനുമായി പ്രണയബന്ധം പുലര്‍ത്തുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ ബുധനാഴ്ച രണ്ട് വര്‍ഷത്തെ സമൂഹത്തില്‍ തന്നെ അനുഭവിക്കാവുന്ന നിബന്ധനാപരമായ ശിക്ഷ കോടതി വിധിച്ചു.
അതേസമയം റബീഹ് അല്‍ഖലീല്‍ മൂന്ന് വര്‍ഷത്തെ ഒളിവിനൊടുവില്‍ 2025 സെപ്റ്റംബറില്‍ ഖത്തറില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുമായി താമസിക്കവെയാണ് പിടിയിലായത്. അല്‍ഖലീലിനെ ജയിലില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കരാറുകാരെന്ന വ്യാജേന എത്തിയെന്ന ആരോപണത്തില്‍ റയാന്‍ വാന്‍ ഗൂള്‍, എഡ്വേര്‍ഡ് അയൂബ്, ജോണ്‍ പോട്ട്വിന്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പിന്നീട് സ്‌പെയിനില്‍ നിന്ന് അറസ്റ്റ് ചെയ്ത ജോണ്‍ പോട്ട്വിനെ 2026 ജനുവരിയില്‍ കാനഡയിലേക്ക് കൈമാറി.
മേയ് 28-നാണ് നൈല ഷെയ്ഖിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് ബി സി പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ആക്ടിങ് കമ്മ്യൂണിക്കേഷന്‍സ് കൗണ്‍സല്‍ ആന്‍ സെയ്മൂര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
