ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ദാരുണമായി മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് (ഒ പി പി) അറിയിച്ചു.
ഗ്രാമീണ മേഖലയായ മാപിള്‍ടണ്‍ ടൗണ്‍ഷിപ്പില്‍ നാലാം ലൈന്‍ റോഡും വെല്ലിംഗ്ടണ്‍ റോഡ് 12-ഉം സംഗമിക്കുന്ന ജംഗ്ഷനിലായിരുന്നു അപകടം. കിച്ചനര്‍- വാട്ടര്‍ലൂ നഗരത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് അപകടസ്ഥലം.
ഒരു യാത്രാവാനും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 11 പേരാണ് ഉള്‍പ്പെട്ടതെന്ന് ഒ പി പി വെസ്റ്റ് റീജിയന്‍ കമാന്‍ഡര്‍ ഡൈ്വറ്റ് തിബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാത്രാവാനില്‍ 10 പേരും എസ് യു വിയില്‍ ഒരാളുമാണ് ഉണ്ടായിരുന്നത്.
അപകടത്തില്‍ നാല് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. നാല്, ആറ്, എട്ട്, പത്ത്, പന്ത്രണ്ട് വയസ്സ് പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
അപകടത്തില്‍പ്പെട്ട കുടുംബം എല്‍മിറ സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്.
യാത്രാവാനിലുണ്ടായിരുന്ന ഒരു ശിശുവിനും നാല് മുതിര്‍ന്നവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എസ് യു വി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം ആശുപത്രികളില്‍ ചികിത്സയിലാണ്.
പരിക്കേറ്റവരില്‍ കുറഞ്ഞത് മൂന്ന് പേരെയെങ്കിലും ഹെലികോപ്റ്റര്‍ ആംബുലന്‍സിലൂടെ വിവിധ ട്രോമാ സെന്ററുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തിന്റെ തീവ്രതയും ആശയക്കുഴപ്പം നിറഞ്ഞ സാഹചര്യവും കണക്കിലെടുത്താണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതെന്ന് ഒ പി പി കോണ്‍സ്റ്റബിള്‍ മാത്യു ബര്‍ട്ടണ്‍ പറഞ്ഞു.
അന്വേഷണത്തിനായി ഒ പി പിയുടെ ട്രാഫിക് ഇന്‍സിഡന്റ് മാനേജ്‌മെന്റ് എന്‍ഫോഴ്സ്മെന്റ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
