കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; സ്ത്രീ ഉൾപ്പെടെ 10 പേർ മരിച്ചു, 25 പേർക്ക് പരിക്ക്

കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; സ്ത്രീ ഉൾപ്പെടെ 10 പേർ മരിച്ചു, 25 പേർക്ക് പരിക്ക്


ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ആക്രമണകാരിയടക്കം 10 പേർ മരിച്ചു. കുറഞ്ഞത് 25 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

 ആക്രമണത്തിന് പിന്നിൽ സ്ത്രീയാണെന്ന് സംശയിക്കുന്നയാളെ സ്‌കൂൾ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് റോയൽ കാനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അറിയിച്ചു. സ്വയം വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളിനുള്ളിൽ ആറുപേരാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഒരാൾ മരിച്ചത്. സമീപത്തെ ഒരു വസതിയിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിന് പിന്നാലെ പ്രദേശവാസികൾക്ക് വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകിയിരുന്നുവെങ്കിലും അഞ്ച് മണിക്കൂറിന് ശേഷം ഇത് പിൻവലിച്ചു.

ഏകദേശം 2,400 പേർ മാത്രം താമസിക്കുന്ന ടംബ്ലർ റിഡ്ജ് പട്ടണത്തിൽ സമീപ പ്രദേശങ്ങളിൽനിന്നും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. രണ്ടാമത്തെ പ്രതിയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. സ്‌കൂൾ ഈ ആഴ്ച അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ആക്രമണ സമയത്ത് ഏകദേശം 100 വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ആർസിഎംപി അറിയിച്ചു. സംഭവത്തിന് പിന്നിലെ പ്രേരണ ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. വെടിവെപ്പ് നടക്കുമ്പോൾ സഹപാഠികളോടൊപ്പം ക്ലാസ് മുറിയിലെ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നുവെന്ന് ഒരു ഒമ്പതാം ക്ലാസ്  വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ഡേവിഡ് എബി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ദുരന്തം ബാധിച്ച കുടുംബങ്ങൾക്കും സമൂഹത്തിനും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.