അനുച്ഛേദം 35 എ: ഒരു വാഗ്ദാന ലംഘനത്തിന്റെ അവശേഷിപ്പ്

Mon,Aug 20,2018


ഇന്ത്യന്‍ ഭരണഘടനയുടെ 35എ അനുച്ഛേദത്തെ സുപ്രീം കോടതി മുമ്പാകെ ചോദ്യം ചെയ്യുന്നത് ചരിത്രം മറന്നാണെന്നും, അത് ജമ്മു-കാശ്മീര്‍ സംസ്ഥാനത്തെ ഇന്ത്യയോട് കൂടുതല്‍ അടുപ്പിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയതാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തിന് ക്രമാതീതമായ അധികാരങ്ങള്‍, പ്രത്യേകിച്ചും സംസ്ഥാനത്തിനു പുറമെനിന്നുള്ളവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കുന്നതിനുള്ള അധികാരം, അത് നല്‍കുന്നു എന്നാണ് പൊതുവേയുള്ള ആക്ഷേപം. ഇതെല്ലാം ഏറ്റുപിടിക്കുകയാണ് പൊതുവില്‍ മാദ്ധ്യമങ്ങളും ചെയ്യുന്നത്. ജമ്മുകാശ്മീരിന് നല്‍കിയിട്ടുള്ള 'പ്രത്യേക പദവി' ആ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള അസാധാരണമായ സൗജന്യമായി വ്യാഖ്യാനിക്കപ്പെടുന്നു.
എന്നാല്‍, 1954ല്‍ പ്രസിഡന്റിന്റെ ഒരു ഉത്തരവിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ട 35എ അനുച്ഛേദം ശരിക്കും അതിനു വിപരീതമായ ഒന്നാണെന്നും, സംസ്ഥാനത്തിന് 'പ്രത്യേക പദവി' നല്‍കുന്നതിനുപകരം അതിന്റെ സ്വയംഭരണാവകാശം എടുത്തുകളയുന്ന ഒന്നാണ് അതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 35 എ അനുച്ഛേദം മാത്രമല്ല, പല അനുച്ഛേദങ്ങളും ഭരണഘടനയോടു കൂട്ടിച്ചേര്‍ത്ത വിപുലമായ ഒന്നായിരുന്നു 1954ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവ്. സംസ്ഥാനം മുമ്പ് അനുഭവിച്ചിരുന്ന അധികാരങ്ങളേക്കാള്‍ കേന്ദ്ര ഗവണ്മെന്റിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു അനുച്ഛേദം 35എ. അന്നാദ്യമായി ഇന്ത്യയുടെ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദ്ദേശതത്വങ്ങളും ജമ്മുകശ്മീരിനും ബാധകമാക്കുകയും ആ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഇന്ത്യയുടേതുമായി സംയോജിപ്പിക്കുകയും ചെയ്തു. പല കാര്യങ്ങളിലും ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ജമ്മുകശ്മീരിനും ബാധകമാക്കുകയും ചെയ്തു. ജമ്മുകശ്മീരിലെ ഗവണ്മെന്റും അതിന് സമ്മതിക്കുകയും അവിടുത്തെ ഭരണഘടനാ അസംബ്ലിയില്‍ സമാനമായ നിയമനിര്‍മ്മാണം അംഗീകരിക്കുകയും ചെയ്തതിനുശേഷം മാത്രമാണ് പ്രസിഡന്റ് അത് ഉത്തരവായി പുറപ്പെടുവിച്ചത്. ഈ അധികാരങ്ങള്‍ ഇന്ത്യ ഏറ്റെടുക്കുകയല്ല, മറിച്ച് ജമ്മുകാശ്മീര്‍ ഇന്ത്യക്കു നല്‍കുകയാണ് അതിലൂടെ ചെയ്തത്. കൂടാതെ, ജമ്മുകാശ്മീരിനെ ഇന്ത്യയോട് കൂടുതല്‍ അടുപ്പിക്കുന്ന ഒന്നായിട്ടാണ് ആ ഉത്തരവ് അന്ന് ആഘോഷിക്കപ്പെട്ടത്. വലതുപക്ഷ ഹിന്ദുത്വ നേതാക്കള്‍പോലും 'പ്രശംസനീയമായ നടപടി' എന്നാണ് അതിനെ വിശേഷിപ്പിച്ചത്. പ്രസിഡന്റിന്റെ ഉത്തരവിലെ ചെറിയൊരു ഭാഗം മാത്രമായിരുന്ന 35എ അനുച്ഛേദം എന്ന നിസ്സാരമായൊരു പ്രശ്‌നത്തിന്റെ പേരില്‍ ആരും നെറ്റി ചുളിച്ചില്ല.
ജമ്മുകാശ്മീര്‍ 'പ്രത്യേക പദവി'യുള്ള സംസ്ഥാനമായിരുന്നു എന്ന വസ്തുതക്കുനേരെ മനഃപൂര്‍വം കണ്ണടച്ച് ഇരുട്ടാക്കുന്നതാണ് വലിയ പ്രശ്‌നം. ജമ്മുകാശ്മീരിനെ ഇന്ത്യന്‍ യുണിയന്റെ ഭാഗമാക്കി 1947ല്‍ അവിടുത്തെ ഭരണാധികാരിയായിരുന്ന മഹാരാജാ ഹരിസിംഗ് ഒപ്പുവച്ച ഉടമ്പടിയില്‍ പ്രതിരോധം, വിദേശകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നിവയില്‍ മാത്രമായിരുന്നു സംസ്ഥാനത്തിനു മേല്‍ ഇന്ത്യാ ഗവണ്മെന്റിന് അധികാരം നല്‍കിയിരുന്നത്. മറ്റെല്ലാ അധികാരങ്ങളും സംസ്ഥാനത്തിനുതന്നെ ആയിരുന്നു. സ്വയംഭരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയോട് പൂര്‍ണ്ണമായും ചേര്‍ന്നുകഴിഞ്ഞ ബിഹാറിന്റെയും ഇന്ത്യയുടെ സംരക്ഷണയില്‍ പരിമിതമായ പരമാധികാരം അനുഭവിച്ചിരുന്ന ഭൂട്ടാന്റെയും മദ്ധ്യേ ആയിരുന്നു ജമ്മുകശ്മീരിന്റെ പദവി. സ്വയം നിര്‍ണ്ണയത്തിനുള്ള ഹിതപരിശോധന നടത്താന്‍ ജമ്മുകാശ്മീരിനെ അനുവദിക്കുമെന്ന് അന്താരാഷ്ട്ര സമൂഹത്തിനു നല്‍കിയ ഉറപ്പിലൂടെ ജമ്മുകാശ്മീരിനു മേലുള്ള ഇന്ത്യയുടെ ദുര്‍ബ്ബലമായ പിടി കൂടുതല്‍ സങ്കീര്‍ണ്ണമായി മാറിയിരുന്നു. ഇന്ത്യയും ജമ്മുകാശ്മീരും തമ്മിലുള്ള ഭരണഘടനാപരമായ ദുര്‍ബ്ബലമായ ബന്ധംതന്നെയാണ് ഷെയ്ഖ് അബ്ദുള്ളയെ കശ്മീരിന്റെ 'പ്രധാനമന്ത്രി' ആക്കിയത്. സംസ്ഥാനത്തിന് അതിന്റേതായ ഭരണഘടന അസ്സംബ്ലിയും പതാകയും ഉണ്ടായിരുന്നു. ഇന്ത്യക്കും ജമ്മുകാശ്മീരിനുമിടയില്‍ കസ്റ്റംസ് പരിശോധനകള്‍ നിലവിലുണ്ടായിരുന്നു. പല പ്രധാന പ്രശ്‌നങ്ങളിലും സംസ്ഥാനത്തിനുമേല്‍ സുപ്രീം കോടതിക്ക് പരിമിതമായ നിയന്ത്രണം മാത്രമേ ഉണ്ടായിരുന്നുള്ളു. കാശ്മീരി സൈന്യം ഒരു പ്രത്യേക യൂണിറ്റായിട്ടാണ് രൂപീകരിച്ചിരുന്നത്. വിദേശ രാഷ്ട്രങ്ങളിലേക്ക് ശ്രീനഗര്‍ സ്വന്തമായ വ്യാപാര പ്രതിനിധികളെ അയച്ചു. 1950 ജനുവരിയില്‍ ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നതോടെ ജമ്മുകശ്മീരിനുമേല്‍ ന്യൂഡല്‍ഹിക്കുള്ള അധികാരങ്ങള്‍ ഒരു പ്രസിഡന്‍ഷ്യല്‍ ഉത്തരവിലൂടെ (1954നു മുമ്പുള്ളത്) വ്യക്തമാക്കപ്പെട്ടു. പ്രതിരോധം, വിദേശകാര്യം, കമ്മ്യൂണിക്കേഷന്‍സ് എന്നീ മൂന്നു മേഖലകളില്‍ മാത്രമാണ് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ജമ്മുകാശ്മീരും തുല്യമായിരുന്നത്. വാണിജ്യം, ഓഡിറ്റ്, ജുഡീഷ്യറി, തെരഞ്ഞെടുപ്പുകള്‍, ധനകാര്യം എന്നിവയിലെല്ലാം വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളും ജമ്മുകാശ്മീരില്‍ ബാധകമായിരുന്നില്ല. ഡല്‍ഹി കരാര്‍
ഹിതപരിശോധനയ്ക്കായുള്ള അന്താരാഷ്ട്ര ആവശ്യം തെല്ലൊന്ന് അടങ്ങിയപ്പോള്‍ ഇന്ത്യയെയും ജമ്മുകാശ്മീരിനെയും എങ്ങനെ കൂടുതല്‍ സംയോജിപ്പിക്കാമെന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഷെയ്ഖ് അബ്ദുള്ളയെ ജവാഹര്‍ലാല്‍ നെഹ്‌റു ക്ഷണിച്ചു. 1952ലെ ഡല്‍ഹി കരാറായിരുന്നു അതിന്റെ ഫലം. അപ്പോഴും പൊതുവില്‍ കരുതപ്പെടുന്നതുപോലെ 1954ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ പറഞ്ഞിരുന്നതൊന്നും അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഉദാഹരണത്തിന് 1952ലെ കരാറില്‍ സാമ്പത്തികമായ സംയോജനത്തിന്റെ കാര്യമൊന്നും ഉള്‍ക്കൊള്ളിച്ചിരുന്നില്ല. സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്ക് പൗരത്വവും മൗലികാവകാശങ്ങളും സംസ്ഥാന നിയമനിര്‍മ്മാണസഭ മുഖേന നല്‍കേണ്ടതിനെക്കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ ഡല്‍ഹി കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പുതന്നെ മൂന്നു കാരണങ്ങളാല്‍ സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായി. ഒന്നാമതായി, ഉടന്‍തന്നെ 1954ല്‍ ഹിതപരിശോധന നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചത് ന്യൂഡല്‍ഹിക്ക് കരുത്തേകി. രണ്ടാമതായി, 1953ല്‍ കാശ്മീരിനെ ഇന്ത്യയോട് ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ ദേശവ്യാപകമായി നടത്തിയ പ്രചാരണത്തെ നെഹ്രുവിനു നേരിടേണ്ടിവന്നു. മൂന്നാമതായും, എന്നാല്‍ ഏറ്റവും പ്രധാനമായും, 1953ല്‍ ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിനു പകരം ഇന്ത്യയോട് ചേരുന്നതിനു കൂടുതല്‍ താല്‍പ്പര്യംകാട്ടിയ ബക്ഷി ഗുലാം മുഹമ്മദിനെ അവരോധിക്കുകയും ചെയ്തു. 1954 ജനുവരിയില്‍ ബക്ഷിയുമായി പുതിയൊരു കരാര്‍ ന്യൂഡല്‍ഹി രൂപപ്പെടുത്തുകയും അത് ജമ്മുകാശ്മീര്‍ നിയമസഭ അംഗീകരിക്കുകയും ചെയ്തു. അതാണ് പിന്നീട് പ്രസിഡന്റിന്റെ ഉത്തരവായി പുറത്തിറങ്ങിയത്. അപ്പോഴും സംസ്ഥാനത്തിന് വിപുലമായ സ്വയംഭരണാധികാരം നല്‍കിയിരുന്നു. അധികാര വിഭജനത്തില്‍ നിര്‍വചിക്കപ്പെടാത്ത 'എല്ലാ അവശിഷ്ട അധികാരങ്ങളും' സംസ്ഥാന നിയമനിര്‍മ്മാണ സഭയിലാണ് നിക്ഷിപ്തമായിരുന്നത്. സംസ്ഥാന ഗവണ്മെന്റ് തടവിലാക്കുന്ന ആള്‍ക്കാര്‍ക്ക് മോചനത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുമായിരുന്നില്ല. വിവാദപരമായ ഭൂപരിഷ്‌ക്കരണ നടപടികളിലും സംസ്ഥാനത്തിന്റെ അതിരുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിലുമുള്ള അന്തിമാധികാരവും സംസ്ഥാനം നിലനിര്‍ത്തി. കൊളോണിയല്‍ കാലഘട്ടത്തിന്റെ സ്വാധീനമാണ് അനുച്ഛേദം 35എയില്‍ പ്രകടമായത്. 70 വര്‍ഷങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകള്‍ ജമ്മുകശ്മീരിന്റെ സ്വയംഭരണാധികാരം ഒന്നൊന്നായി കവര്‍ന്നെടുക്കുകയും അതിനെ ഇന്നത്തെ രൂപത്തില്‍ എത്തിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ എന്തെങ്കിലും 'പ്രത്യേക പദവി' സംസ്ഥാനത്തിനുണ്ടെങ്കില്‍ അത് അനുച്ഛേദം 35എ പ്രകാരമുള്ളതു മാത്രമാണ്. ചിലപ്പോള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെയും മറ്റു ചിലപ്പോള്‍ ശാസനകളിലൂടെയും ജമ്മുകാശ്മീരിനെ ഇന്ത്യയോട് സംയോജിപ്പിക്കുന്നതിനായി ദശകങ്ങള്‍ നീണ്ട പ്രക്രിയയുടെ പശ്ചാത്തലത്തില്‍ വേണം അനുച്ഛേദത്തിന്റെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളെ കാണാന്‍.
ദേശീയ രാഷ്ട്രവും അതിലെ ഘടകങ്ങളും തമ്മിലുള്ള നിരന്തരമായ കൂടിയാലോചനകളിലൂടെ മാത്രമേ ഒരു ഫെഡറല്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിയുള്ളു. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിന് ഇന്ത്യ അത്തരം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ ആയിരിക്കണം. അനുച്ഛേദം 35എ നീക്കം ചെയ്യണമെങ്കില്‍ അത് ജനകീയ ഇച്ഛ പ്രതിഫലിപ്പിച്ചുകൊണ്ടാകണം. ജമ്മുകശ്മീരിലെ ജനതയെ ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയപ്രക്രിയ ആയിരിക്കണം അത്. ആ അനുച്ഛേദം ജമ്മുകാശ്മീരിന് നല്‍കിയ ഒരു പ്രത്യേക സൗജന്യമല്ലെന്നും ദശകങ്ങള്‍ക്കുമുമ്പ് ഇന്ത്യ കാട്ടിയ ഒരു വാഗ്ദാന ലംഘനത്തിന്റെ അവശിഷ്ടമാണ് അതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Other News

 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • ചരിത്രം കുറിക്കുന്ന ഉടമ്പടിക്ക് കളമൊരുങ്ങുന്നു; ചൈനയിലെ കത്തോലിക്കാ സഭയുടെയും തലവനായി മാര്‍പാപ്പയെ അംഗീകരിക്കും, കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച ബിഷപ്പുമാരെ വത്തിക്കാനും
 • വൈ​ദി​ക​ര്‍ക്കി​ട​യി​ലെ ലൈം​ഗി​ക​പീ​ഡ​നം: മാ​ർ​പാ​പ്പ അ​ടി​യ​ന്ത​ര സ​മ്മേ​ള​നം വി​ളി​ച്ചു
 • സ്‌കോട്ട്‌ലന്‍ഡില്‍ വാഴ്‌സിറ്റി പഠനത്തിന് എത്തിയ മകള്‍ക്കു വേണ്ടി ഇന്ത്യന്‍ ശതകോടീശ്വരന്‍ നിയോഗിച്ചിരിക്കുന്നത് 12 ജീവനക്കാരെ
 • പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ഷരീഫിന്റെ ഭാ​ര്യ ബീ​ഗം കു​ൽ​സൂം അന്തരിച്ചു
 • പ്ര​തി​വ​ർ​ഷം ലോകമെമ്പാടും എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോകാരോഗ്യസംഘടന
 • Write A Comment

   
  Reload Image
  Add code here