അറസ്റ്റിലായ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും ജയിലിലേക്കു മാറ്റി

Sat,Jul 14,2018


ലാഹോര്‍: വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലുള്ള അഡിയാല ജയിലിലേക്കു മാറ്റി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിമതിവിരുദ്ധ കോടതി തടവിന് ശിക്ഷിച്ച ഇരുവരും ലണ്ടനില്‍നിന്ന് ലാഹോര്‍ വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കി. അഡിയാല ജയിലുള്ള മകള്‍ മറിയത്തെ സബ് ജയിലായി പ്രഖ്യാപിച്ച സിഹാല റെസ്റ്റ് ഹൗസിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

ജൂലായ് 25 ന് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അറസ്റ്റ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കിടെ നടക്കുന്ന ആക്രമണങ്ങളാല്‍ സംഘര്‍ഷഭരിതമായ പാക് രാഷ്ട്രീയ അന്തരീക്ഷം ഇതോടെ കൂടുതല്‍ കലുഷിതമായി. ഷെരീഫിന്റെ നേതൃത്വത്തിലുള്ള പി.എം.എല്‍.-എന്നിന്റെ തിരഞ്ഞെടുപ്പ് ഭാവി സംബന്ധിച്ച അഭ്യൂഹങ്ങളും അറസ്റ്റിനെത്തുടര്‍ന്ന് ശക്തമായി. മുഖ്യ എതിരാളിയായ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് ഇതിന്റെ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പാനമരേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാക് രാഷ്ട്രീയത്തിലെ അതികായനായ ഷെരീഫിന് അടിതെറ്റിയത്. കഴിഞ്ഞവര്‍ഷം ജൂലായില്‍ പാക് സുപ്രീംകോടതി അദ്ദേഹത്തിന് അയോഗ്യത പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി പദം നഷ്ടമായി. പിന്നാലെ പി.എം.എല്‍.-എന്‍. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ലണ്ടനില്‍ ചികിത്സയിലുള്ള ഭാര്യയ്‌ക്കൊപ്പമായിരുന്ന ഷരീഫ് വിചാരണഘട്ടങ്ങളിലൊന്നും കോടതിയില്‍ ഹാജരായിരുന്നില്ല. പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവ് പാകിസ്താനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. ഷെരീഫിന് 73 കോടിരൂപയും മറിയത്തിന് 18 കോടിരൂപയും പിഴയും വിധിച്ചിരുന്നു.

ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫ്ളാറ്റുകള്‍ വാങ്ങിയിരുന്നു. ഇതിന് ആവശ്യമായി വന്ന പണത്തിന്റെ സ്രോതസ്സ് രേഖപ്പെടുത്താന്‍ ഷെരീഫിന് കഴിഞ്ഞിരുന്നില്ല. പനാമ പേപ്പര്‍ വെളിപ്പെടുത്തലില്‍ രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്. ലണ്ടനില്‍ കാന്‍സറിനു ചികിത്സ തേടുന്ന ഭാര്യയുടെ സമീപത്തുനിന്നുമാണ് ഷെരീഫ് പാക്‌സ്താനിലേക്കു തിരികെ വന്നത്. കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാരോപിച്ചു നവാസ് ഷരീഫ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു.

Other News

  • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
  • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
  • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
  • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
  • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
  • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
  • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
  • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
  • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
  • ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി, ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കണമെന്ന് പ്രതിശ്രുത വധു
  • Write A Comment

     
    Reload Image
    Add code here