യു.എ.ഇ യില്‍ കടുത്ത ദാരിദ്ര്യത്തില്‍ 'തടവുകാരെ'പ്പോലെ ജീവിച്ച മലയാളിയുടെ ഏഴംഗ കുടുംബത്തിന് സഹായഹസ്തവുമായി നിരവധിപ്പേര്‍

Mon,Jul 09,2018


ദുബായ്: നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് യു.എ.ഇ യില്‍ എത്തിയ മലയാളിയുടെ ഏഴംഗ കുടുംബത്തെപ്പറ്റിയുള്ള കദന കഥ പുറത്തു വന്നതോടെ സഹായഹസ്തവുമായി നിരവധി പേര്‍ രംഗത്ത് എത്തി. കടുത്ത ദാരിദ്ര്യാവസ്ഥയില്‍ 'തടവുകാരെ'പോലെയാണ് ഇവര്‍ ജീവിച്ചു വന്നത്. കാരണം, കുടുംബനാഥന്‍ ഒഴിച്ച് മറ്റാര്‍ക്കും നിയമപരമായ ഒരു രേഖകളും ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബത്തെ ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ തയാറാക്കുന്നതിനു വേണ്ട സഹായം ലഭ്യമാക്കാമെന്ന് അറിയിച്ചതായി ആക്ടിംഗ് കോണ്‍സുല്‍ ജനറല്‍ സുമതി വാസുദേവ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മധുസൂദനന്‍ (60), ഭാര്യ ശ്രീലങ്കക്കാരി രോഹിണി (55) മക്കളായ അശ്വതി ശ്ര29), സംഗീത (25), ശാന്തി (23), ഗൗരി (22), മിഥുന്‍ (21) എന്നിവരാണ് അറസ്റ്റും നാടുകടത്തിലും ഭയന്ന് 'തടവുകാരെ' പോലെ യു.എ.ഇ യില്‍ കഴിഞ്ഞിരുന്നത്. കുട്ടികള്‍ ആരും സ്‌കൂളില്‍ പോയി പഠിച്ചിട്ടില്ല. ഇവര്‍ക്ക് അമ്മ വീട്ടിലിരുന്ന് വിദ്യാഭ്യാസം നല്‍കുകയായിരുന്നു. എല്ലാവര്‍ക്കും എഴുതാനും വായിക്കാനും അറിയാം. എല്ലാവരും തൊഴില്‍രഹിതരാണ് എന്നത് കുടുംബത്തിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
മധുസൂദനന് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും, മക്കളില്‍ നാലു പേരുടെയും പാസ്‌പോര്‍ട്ട് 2012 ല്‍ കാലഹരണപ്പെട്ടതാണ്. മധുസൂദനനും കുട്ടികള്‍ക്കും ജോലി വാഗ്ദനം ചെയ്ത് പലരും രംഗത്തു വന്നിട്ടുണ്ടെന്ന് സുമതി വാസുദേവ് അറിയിച്ചു. ജോലി ഓഫര്‍ ചെയ്തു കൊണ്ടുള്ള രേഖയുടെ അടിസ്ഥാനത്തില്‍ ഇവരുടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.രോഹിണി ശ്രീലങ്കന്‍ വംശജയായതു കൊണ്ട് ശ്രീലങ്കന്‍ കോണ്‍സുലേറ്റാണ് അവരുടെ കാര്യത്തില്‍ വേണ്ട നടപടി എടുക്കേണ്ടതെന്നും, മധുസൂദനന്റെ രേഖകള്‍ ശരിയാകുന്നതോടെ ഇക്കാര്യത്തില്‍ അവര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും സുമതി പറഞ്ഞു.
ഈ കുടുംബത്തിന്റെ കദന കഥ 'ഖലീജ് ടൈംസാണ്' റിപ്പോര്‍ട്ട് ചെയ്തത്. പല ദിവസവും ഒരു ഖുബ്ബുസു കൊണ്ടാണ് കുടുംബത്തിലെ എല്ലാവരും വിശപ്പടക്കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1979 ലാണ് മധുസൂദനന്‍ ഗള്‍ഫില്‍ എത്തിയത്. 1988 ല്‍ രോഹിണിയെ വിവാഹം ചെയ്തു. 2003, 2007, 2013 വര്‍ഷങ്ങളില്‍ പൊതുമാപ്പിന്റെ ആനുകൂല്യം മുതലാക്കി യു.എ.ഇ യില്‍ നിന്ന് രക്ഷപ്പെടാത്തതിന്റെ കാര്യം ചോദിച്ചപ്പോള്‍ ശ്രീലങ്കക്കാരിയായ ഭാര്യയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്ന് മധുസൂദനന്‍ പറഞ്ഞു. മക്കള്‍ക്ക് അമ്മയോട് വലിയ അടുപ്പമാണുള്ളത്. രോഹിണിക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതു കൊണ്ട് ഒപ്പം കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് യു.എ.ഇ യില്‍ നിയമസാധുതയോടെ ജീവിക്കാന്‍ സാഹചര്യമുണ്ടാകുമെന്നും മക്കളെ ഏതെങ്കിലും വൊക്കേഷണല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.

Other News

 • ഖഷോഗിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ വധശിക്ഷ നേരിടുന്നു
 • ഇന്ത്യ ഉള്‍പ്പടെയുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക്‌ ഇനി മുതല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാം
 • ഖഷോഗി വധം; നിര്‍ണായക ടേപ്പുകള്‍ അമേരിക്ക, സൗദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ടര്‍ക്കി കൈമാറി, സൗദിക്ക് എല്ലാം അറിയാമെന്ന് എര്‍ദോഗന്‍
 • ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു
 • ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്
 • തായ്‌ലന്‍ഡിൽ എച്ച്‌ഐവി ബാധിതനായ സൈനികൻ എഴുപതിലേറെ ആണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
 • ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ആക്രമിക്കുവാന്‍ പദ്ധതി തയാറാക്കിയ ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു
 • ഒരു വര്‍ഷമായി കസ്റ്റഡിയിലായിരുന്ന സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ വലീദിനെ മോചിപ്പിച്ചു
 • ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി ആസിഡില്‍ ലയിപ്പിച്ച് 'അപ്രത്യക്ഷമാക്കിയെന്ന്' ടര്‍ക്കി
 • സര്‍ക്കാരുമായി ഏറ്റുമുട്ടലിനു വരരുത്; അസിയ ബീബിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരേ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്
 • മതനിന്ദകേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here