ഉച്ചകോടി പുതുചരിത്രപ്പിറവി; യുഎസ്-ഉത്തരകൊറിയ രാഷ്ട്ര തലവന്മാര്‍ നേരില്‍ കാണുന്നത് ആദ്യമായി

Tue,Jun 12,2018


സിംഗപ്പൂര്‍: ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്നു മുഖാമുഖമെത്തിയത്.
ഏറെക്കാലത്തെ വാക് പോരുകള്‍ക്കും വെല്ലുവിളികള്‍ക്കും മിസൈല്‍ പരീക്ഷണങ്ങള്‍ക്കും സൈനികാഭ്യാസങ്ങള്‍ക്കും ഒടുവിലാണ് ഇരു നേതാക്കളും ഒരുമിച്ചിരുന്ന് സമാധാനത്തിലേക്കുളള സാധ്യത തേടുന്നത്.
ചര്‍ച്ചയെ ലോകരാജ്യങ്ങള്‍ പ്രതീക്ഷയോടെ നോക്കുമ്പോള്‍ ദക്ഷിണകൊറിയ, ജപ്പാന്‍,ചൈന,റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിനെ അതി സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. കൊറിയയും ജപ്പാനും ഉത്തര കൊറിയയുടെ അയല്‍ രാജ്യങ്ങളും ഉത്തര കൊറിയയുമായി ചരിത്രപരമായ ശത്രുത വച്ചു പുലര്‍ത്തുന്നവരുമാണ്. റഷ്യയും ചൈനയുമാണ് ഉത്തര കൊറിയയെ പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങള്‍.
ഉത്തരകൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു അമേരിക്ക ഇന്നലെയും ആവര്‍ത്തിച്ചിരുന്നു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കാന്‍ ഉത്തരകൊറിയയ്ക്കു സുരക്ഷാ ഉറപ്പുകള്‍ നല്‍കാമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി.
യുഎസുമായുള്ള ബന്ധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂര്‍വമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നേ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹെസിന്‍ ലൂംഗുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, യുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്ക്ബി എന്നിവരും ട്രമ്പിനൊപ്പമുണ്ടായിരുന്നു.
നേരത്തെ, നിശ്ചയിച്ച കൂടിക്കാഴ്ച സംബന്ധിച്ച് ട്രമ്പ് സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.
ആദ്യം ഉച്ചകോടി നടക്കുമെന്ന് പറഞ്ഞ ട്രമ്പ് പിന്നീട് ഇത് നടക്കില്ലെന്ന് പറഞ്ഞു, അതിനുശേഷം ഉച്ചകോടി നടക്കാന്‍ സാധ്യതകള്‍ ബാക്കിയാണെന്ന് വ്യക്തമാക്കി. ഒടുവില്‍ ഉച്ചകോടി നടക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു
ഉത്തരകൊറിയ അണ്വായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാമെന്ന് സമ്മതിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
അതല്ലെങ്കില്‍ അതാണ് അവരുടെ ആവശ്യം. കൊറിയന്‍ മേഖലയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഉത്തര കൊറിയ ഒപ്പുവെയ്ക്കണമെന്നതും അമേരിക്ക മുമ്പോട്ടു വയ്ക്കുന്ന നിബന്ധനകളാണ്. ഇക്കാര്യങ്ങളെല്ലാം ഉത്തര കൊറിയ അംഗീകരിക്കുമോ എന്ന് വ്യക്തവുമല്ല. എന്നാല്‍ അണുവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞതും ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ സ്വയം തകര്‍ത്ത് സമാധാനത്തോടുളള പ്രതിബദ്ധത അവര്‍ തെളിയിച്ചതും എല്ലാം പോസിറ്റീവ്ആയാണ് ട്രമ്പ് ഭരണകൂടം കാണുന്നത്. ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി ഇടയ്ക്ക് അമേരിക്ക പറഞ്ഞപ്പോഴും കരുതലോടെ മാത്രമാണ് ഉത്തര കൊറിയ പ്രതികരിച്ചത്. ചര്‍ച്ചകള്‍ക്കുളള തങ്ങളുടെ താത്പര്യം അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
അതുകൊണ്ടു തന്നെയാണ് ഇരുരാജ്യങ്ങളും നിലപാടുകളില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും ചര്‍ച്ചകള്‍ ഏതെങ്കിലും രീതിയില്‍ സമാധാനത്തിലേക്ക് ഒരു വാതില്‍ തുറക്കും എന്ന് ലോകം കരുതുന്നതും. അമേരിക്കയുമായി നല്ല ബന്ധമുണ്ടാകുകയും അവരുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍ അവസാനിക്കുകയും ചെയ്താല്‍ പിന്നെ അണ്വായുധങ്ങള്‍ എന്തിനാണ് എന്നാണ് ഉത്തര കൊറിയ ചോദിക്കുന്നത്.
അതു കൊണ്ടു തന്നെ സിംഗപ്പൂര്‍ ചര്‍ച്ച അമേരിക്ക-ഉത്തര കൊറിയ ബന്ധങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും ലോക രാഷ്ട്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

Other News

 • മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചൈനയെ അനുകൂലിച്ചിരുന്ന അബ്ദുള്ള യാമീന് പരാജയം
 • ജപ്പാൻ ഛിന്നഗ്രഹത്തിൽ രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി
 • ഇറാനിലെ സൈനിക പരേഡിനുനേരെയുണ്ടായ ഭീകരാക്രമണം: യുഎസ് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഹസന്‍ റൂഹാനി
 • മതനിനന്ദാ നിയമം; സൗദിയില്‍ മലയാളി എന്‍ജിനിയര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും
 • മന്ത്രിതല ചര്‍ച്ച: ഇന്ത്യ നഷ്ടപ്പെടുത്തിയത് വലിയ അവസരമെന്ന് പാക്കിസ്ഥാ ന്‍
 • യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​യു​ദ്ധം: അ​ന്താ​രാ​ഷ്​​ട്ര സമൂഹത്തിന്റെ പി​ന്തു​ണ തേ​ടി ചൈ​ന
 • ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഉത്തര - ദക്ഷിണ കൊറിയന്‍ നേതാക്കള്‍ 'പവിത്ര' മല സന്ദര്‍ശിച്ചു; ട്രമ്പുമായി രണ്ടാമതൊരു ഉച്ചകോടിക്ക് താല്‍പര്യം പ്രകടിപ്പിച്ച് കിം
 • കടക്കെണിയിലും ദിവസവും ഹെലികോപ്റ്റര്‍ യാത്ര: ഇമ്രാന്‍ ഖാനെതിരെ പാക് മാധ്യമങ്ങൾ
 • സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി
 • മാങ്​ഖുട്ട്​ ചുഴലിക്കാറ്റ്​ ഫിലിപ്പീൻസിൽ നിരവധി പേർ മണ്ണിനടിയിൽ
 • ഭാ​ര്യ കുല്‍സൂമിന്റെ മരണത്തെ തുടര്‍ന്ന് അനുവദിച്ച പരോള്‍ അവസാനിച്ചു; നവാസ് ഷരീഫ് വീണ്ടും ജയിലില്‍
 • Write A Comment

   
  Reload Image
  Add code here