അവസരം കിട്ടിയാല്‍ പോപ് ആകാനും ആഗ്രഹമുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

അവസരം കിട്ടിയാല്‍ പോപ് ആകാനും ആഗ്രഹമുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്


വാഷിംഗ്ടണ്‍: പോപ് ആകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഡോണള്‍ഡ് ട്രംപ്. അടുത്ത പോപ് ആരാകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ്. അങ്ങനെയൊന്ന് മുന്നില്‍ വന്നാല്‍ അതിനായിരിക്കും പ്രഥമ പരിഗണന.

പുതിയ പോപ് ആരാകണമെന്നതില്‍ തനിക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ നിന്നുള്ള ആളായാല്‍ വലിയ സന്തോഷം. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായുള്ള പാപ്പല്‍ കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും. 80 വയസില്‍ താഴെയുള്ള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. കോണ്‍ക്ലേവിനായി സിസ്‌റ്റൈന്‍ ചാപ്പലില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതീവ രഹസ്യസ്വഭാവത്തോടെയുള്ളതാണ് പാപ്പല്‍ കോണ്‍ക്ലേവ്.

മൂന്നില്‍ രണ്ട് കര്‍ദിനാള്‍മാരുടെ പിന്തുണയോടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കക. വോട്ടെടുപ്പ് ചിലപ്പോള്‍ ദിവസങ്ങളും ആഴ്ചകളും നീണ്ടുപോയേക്കാം.