ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയ്ക്കും പാക്കിസ്താനുമിടയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, പാകിസ്താൻ എഫ്.എം റേഡിയോ സ്റ്റേഷനുകൾ ഇന്ത്യൻ ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിർത്തി. രാജ്യത്തുടനീളമുള്ള പാകിസ്താൻ എഫ്.എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിർത്തുന്നത് പാകിസ്താൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ (പി.ബി.എ) പ്രാബല്യത്തിൽ വരുത്തിയെന്ന് പി.ബി.എ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് അറിയിച്ചു.
പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി ആട്ട തരാർ ഈ നീക്കത്തെ പ്രശംസിച്ചു. പി.ബി.എയുടെ തീരുമാനത്തെ 'ദേശസ്‌നേഹം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരം പരീക്ഷണ സമയങ്ങളിൽ ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും അടിസ്ഥാന മൂല്യങ്ങളെ പിന്തുണക്കുന്നതിലും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്നതിന് തെളിവാണ് ഇന്ത്യൻ ഗാനങ്ങൾ നിരോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തെ തുടർന്ന് പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം 'അബിർ ഗുലാൽ' ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു. പാകിസ്താനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. തിയറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ തയാറായിട്ടില്ലെന്നും നിരവധി സംഘടനകൾ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു.
പിന്നീട്, അബിർ ഗുലാൽ പാകിസ്താനിലും റിലീസ് ചെയ്യില്ലെന്ന് പാകിസ്താന്റെ മുതിർന്ന സിസ്ട്രിബ്യൂട്ടറായ സതീഷ് ആനന്ദ് സ്ഥിരീകരിച്ചു. ഇന്ത്യൻ താരം വാണി കപൂർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് വിലക്കിന് കാരണം. 'അബിർ ഗുലാൽ' എന്ന ചിത്രത്തിലെ ഖുദയ ഇഷ്‌ക്, ആംഗ്രെജി രംഗ്രാസിയ എന്നീ രണ്ട് ഗാനങ്ങളും യൂട്യൂബ് ഇന്ത്യയിൽ നിന്നും നീക്കം ചെയ്തതിരുന്നു.
പാകിസ്താൻ എഫ്.എം റേഡിയോ സ്റ്റേഷനുകൾ ഇന്ത്യൻ ഗാനങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിർത്തി
