ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യുഎസ് അതിര്‍ത്തികളില്‍ 'ഉപേക്ഷിക്കുന്നു'

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യുഎസ് അതിര്‍ത്തികളില്‍  'ഉപേക്ഷിക്കുന്നു'


വാഷിംഗ്ടണ്‍: ഗ്രീന്‍ കാര്‍ഡ് നേടാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ യുഎസ് അതിര്‍ത്തികളില്‍ കൊണ്ടുപോയി 'ഉപേക്ഷിച്ച' ഇന്ത്യന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19 പാന്‍ഡെമിക്കിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ഈ ഭയാനകമായ പ്രവണത വര്‍ദ്ധിച്ചതായാണ് വിവരം.  2024 ഒക്ടോബറിനും 2025 ഫെബ്രുവരിക്കും ഇടയില്‍  77 അനാഥരായ പ്രായപൂര്‍ത്തിയാകാത്തവരെയെങ്കിലും അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി കണക്കുകള്‍ കാണിക്കുന്നു. അതേസമയം, കുടിയേറ്റത്തിനെതിരായ വ്യാപകമായ നടപടികള്‍ക്കിടയില്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്ന അനാഥരായ കുടിയേറ്റ കുട്ടികളെ നാടുകടത്താനോ കുറ്റം ചുമത്താനോ ഡോണള്‍ഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഗ്രീന്‍ കാര്‍ഡ് നേടുന്നതിനായി മനഃപൂര്‍വം ഉപേക്ഷിക്കലിന്റെ ഈ വഴി തേടിയെന്ന് നിരവധി ഗുജറാത്തി കുടുംബങ്ങള്‍ സമ്മതിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മെഹ്‌സാനയില്‍ നിന്നുള്ള ഒരു ദമ്പതികളുമായി ബന്ധപ്പെട്ടതാണ് പ്രസിദ്ധീകരണം ഉദ്ധരിച്ച ഒരു ശ്രദ്ധേയമായ കേസ്. ഒരു അഭിഭാഷകനും ഭാര്യയും അനധികൃതമായി അറ്റ്‌ലാന്റയിലേക്ക് താമസം മാറിയതെങ്ങനെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  അവരുടെ രണ്ട് വയസ്സുള്ള മകനെ ഇന്ത്യയില്‍ ഉപേക്ഷിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, നിയമവിരുദ്ധമായി യാത്ര ചെയ്തുകൊണ്ട് ഒരു കസിന്‍ കുട്ടിയെ യുഎസിലേക്ക് കൊണ്ടുവന്ന് ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു കുറിപ്പ് മാത്രം നല്‍കി ടെക്‌സസിനടുത്തുള്ള അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു.

മിക്ക കേസുകളിലും യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടികള്‍  12 മുതല്‍ 17 വരെ പ്രായമുള്ളവരാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 22 കുട്ടികളില്‍ 77 പേരില്‍ 22 പേര്‍ കാനഡ വഴി ദുര്‍ഘടമായ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ പിടിക്കപ്പെട്ടു, മറ്റ് ചിലരെ രാജ്യത്തിനുള്ളില്‍ വെച്ചാണ് തടഞ്ഞത്.  'ഗ്രീന്‍ കാര്‍ഡുകള്‍' കിട്ടാനുള്ള കുറുക്കുവഴിപോലെയാണ് കുട്ടികളെ ഉപയോഗിക്കുന്നത്. കുട്ടികളുള്ളതിനാല്‍ മാതാപിതാക്കള്‍ക്ക് 'മാനുഷിക കാരണങ്ങളാല്‍' അഭയം തേടാനുള്ള അവസരം സൃഷ്ടിക്കപ്പെടും.

'അവര്‍ അപകടത്തിലാകില്ലെന്ന് എനിക്കറിയാമായിരുന്നു. അവര്‍ എന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെയായിരുന്നു... ഒടുവില്‍ അവര്‍ യുഎസ് നിയമ ഏജന്‍സികളുടെ കസ്റ്റഡിയിലാകാന്‍ പോകുകയായിരുന്നു.... ഞങ്ങളുടെ കുട്ടികള്‍ ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാനും തുടര്‍ന്ന് യുഎസില്‍ പ്രവേശിക്കാന്‍ നിയമപരമായ വഴികള്‍ തിരഞ്ഞെടുക്കാനും  കഴിയാത്തതിനാലാണ് യുഎസിലേക്ക് അനധികൃതമായി കൊണ്ടുവന്നത്. അവര്‍ ചെറുപ്പത്തില്‍ തന്നെ യുഎസിലെത്തിയാല്‍, അവര്‍ക്ക് പഠനം പൂര്‍ത്തിയാക്കാനും ജോലി കണ്ടെത്താനും മാന്യമായ പണം സമ്പാദിക്കാനും കഴിയും,' ഗുജറാത്തില്‍ നിന്നുള്ള ഒരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എന്നാല്‍ സാഹചര്യം പെട്ടന്ന് തകിടം മറിഞ്ഞു. ട്രംപ് ഭരണകൂടം കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് കൂടുതല്‍ കര്‍ശനമാക്കുന്നതിനാല്‍, അത്തരം കുട്ടികള്‍ ഉടന്‍ തന്നെ നാടുകടത്തലോ ക്രിമിനല്‍ കേസുകളോ നേരിടേണ്ടി വന്നേക്കാം. ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ 'ക്ഷേമ സന്ദര്‍ശനങ്ങള്‍' നടത്തുമ്പോള്‍ യുഎസിലുടനീളം അത്തരം കാരണങ്ങളാല്‍ അകമ്പടിയില്ലാത്ത കുടിയേറ്റ കുട്ടികളെ തിരയാനിടയുണ്ട്. അകമ്പടിയില്ലാത്ത പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കുന്ന നിയമോപദേശവും അതിനായി ചെലവഴിക്കുന്ന ഫണ്ടും കോടതി ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും ഈ വര്‍ഷം വെട്ടിക്കുറച്ചു. അകമ്പടിയില്ലാത്ത കുടിയേറ്റ കുട്ടികളെ നിരീക്ഷിക്കുന്ന ഫെഡറല്‍ ഏജന്‍സിയും സുപ്രധാനവിവരങ്ങള്‍ ഐസിഇയുമായി പങ്കിടാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.