ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് 2024 ല്‍ ശമ്പളമായി ലഭിച്ചത് 10.73 മില്യണ്‍ ഡോളര്‍

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് 2024 ല്‍ ശമ്പളമായി ലഭിച്ചത് 10.73 മില്യണ്‍ ഡോളര്‍


കാലിഫോര്‍ണിയ: മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് (സിഇഒ) വളരെ മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, എന്നാല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്റെ വാര്‍ഷിക ശമ്പളമായി എത്രയാണ് വാങ്ങുന്നതെന്ന് അറിയാമോ? എങ്കില്‍ അതിനുള്ള ഉത്തരം ഇതാണ്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റഡ് പുറത്തിറക്കിയ 2025 പ്രോക്‌സി സ്‌റ്റേറ്റ്‌മെന്റ് പ്രകാരം 2024 ല്‍ 10.73 മില്യണ്‍ ഡോളറാണ് പിച്ചൈ തന്റെ സമ്പാദ്യത്തിലേക്ക് ചേര്‍ത്തത്.

2022 ല്‍ അദ്ദേഹം സമ്പാദിച്ച 226 മില്യണ്‍ ഡോളറിനേക്കാള്‍ വളരെ കുറവാണെങ്കിലും, ഇപ്പോഴും ഒരു വലിയ തുകതന്നെയാണിത്. ഒരു കണക്കനുസരിച്ച്, ഒരു ശരാശരി ജീവനക്കാരന്റെ ശമ്പളത്തേക്കാള്‍ 32 മടങ്ങ് കൂടുതലാണത്. ഒരു മുഴുവന്‍ സമയ ഗൂഗിള്‍ ജീവനക്കാരന്‍ കഴിഞ്ഞ വര്‍ഷം ശരാശരി 331,894 യുഎസ് ഡോളര്‍ സമ്പാദിച്ചു.

 അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 2 മില്യണ്‍ ഡോളറാണ്, ശമ്പളത്തിന്റെ ഭൂരിഭാഗവും സ്‌റ്റോക്ക് അവാര്‍ഡുകളില്‍ നിന്നും മറ്റ് തരത്തിലുള്ള നഷ്ടപരിഹാരങ്ങളില്‍ നിന്നുമാണ്. എന്നാലും, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് കമ്പനി അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷയ്ക്കായി ചെലവഴിക്കുന്ന പണത്തിന്റെ കണക്കാണ്.

2024ല്‍ ആല്‍ഫബെറ്റ് പിച്ചൈയുടെ സുരക്ഷയ്ക്കായി 8.27 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു, ഇത് 2023ല്‍ ചെലവഴിച്ച 6.78 മില്യണ്‍ ഡോളറിനേക്കാള്‍ 22% കൂടുതലാണ്.

ഗാര്‍ഹിക നിരീക്ഷണം മുതല്‍ യാത്രാ സംരക്ഷണം വരെയും അദ്ദേഹത്തിന്റെ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ പോലും ഈ സുരക്ഷാ പാക്കേജിന്റെ ഭാഗമാണ്

ആല്‍ഫബെറ്റ് പിച്ചൈയ്ക്ക് ലഭിക്കുന്ന വ്യക്തിപരമായ നേട്ടമായി ഇതിനെ കണക്കാക്കുന്നില്ല, മറിച്ച് ലോകത്തിലെ മുന്‍നിര കമ്പനികളില്‍ ഒന്നിന്റെ സിഇഒ ആകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ ക്രമീകരണങ്ങള്‍ ഒരു ആവശ്യകതയാണ്.

'സുന്ദറിന്റെ ശ്രദ്ധേയമായ പബ്ലിക് പ്രൊഫൈല്‍ കണക്കിലെടുത്താണ് കമ്പനി അദ്ദേഹത്തിന് സുരക്ഷാ പരിരക്ഷ നല്‍കുന്നതെന്ന് ആല്‍ഫബെറ്റിന്റെ 2025 പ്രോക്‌സി പ്രസ്താവനയില്‍ പറയുന്നു.

'2024ല്‍, സുന്ദറിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ റെസിഡന്‍ഷ്യല്‍ സെക്യൂരിറ്റി, കണ്‍സള്‍ട്ടേഷന്‍ ഫീസ്, സുരക്ഷാ നിരീക്ഷണ സേവനങ്ങള്‍, കാര്‍, ഡ്രൈവര്‍ സേവനങ്ങള്‍, എല്ലാ യാത്രകളിലും വ്യക്തിഗത സുരക്ഷ എന്നിവ ഉള്‍പ്പെടുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.