ന്യൂയോര്‍ക്കിലെ ലത്തീന്‍ കത്തോലിക്കരുടെ കൂട്ടായ്മ രജതശോഭയില്‍

Tue,Sep 04,2018


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേഖലയിലെ മലയാളി ലത്തീന്‍ കത്തോലിക്കര്‍ അവരുടെ ഐക്യത്തിന്റെ കാല്‍ നൂറ്റാണ്ട് സ്മരിക്കുന്നു. മലയാളി സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ടാതെ, അങ്ങുമിങ്ങുമായി ചിന്നിച്ചിതറിക്കിടക്കുന്ന ഒരു കൊച്ചു സമൂഹം ഒരുമിക്കുന്നതിനും വളരുന്നതിനുമായി മുന്‍കൈയെടുത്തതിന്റെ അഭിമാനകരമായ അനുസ്മരണം സെപറ്റംബര്‍ എട്ട് ശനിയാഴ്ച ന്യൂയോര്‍ക്ക് ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ നടത്തുന്നതാണ്. ഇന്ത്യന്‍ ലാറ്റിന്‍ റൈറ്റ് മിനിസ്ട്രി എന്ന പേരില്‍ ന്യൂയോര്‍ക്ക് ബ്രൂക്‌ളിന്‍ രൂപതയുടെ മാര്‍ഗ നിര്‍ദ്ദേശത്തിലേക്ക് മലയാളി ലത്തീന്‍ കാത്തോലിക്കര്‍ ആത്മീയവും സാമൂഹികവുമായി പ്രവര്‍ത്തിക്കുന്നത്. വംശീയതയിലും ഭാഷാപരമായും ലോകത്തില്‍ ഏറ്റവും അധികം വൈവിധ്യതയുള്ള രൂപതയാണ് ബ്രൂക്‌ളിന്‍.
ഈ മലയാളി സമൂഹം മാസത്തില്‍ ഒരു ശനിയാഴ്ച ഔവര്‍ ലേഡ് ഓഫ് ദി സ്‌നോസ് പള്ളിയില്‍ ഒരുമിച്ച് ചേര്‍ന്ന് മലയാളത്തില്‍ ദിവ്യബലി ആഘോഷിക്കുകയും പാരിഷ് കമ്മ്യൂണിറ്റി ഹാളില്‍ സ്‌നേഹ സമ്മേളനം നടത്തി അത്താഴം പങ്കുവയ്ക്കുകയും ചെയ്യുന്നു. എറണാകുളം ജന്മനാടായ ഫാ. റോബര്‍ട്ട് അമ്പലത്തിങ്കലാണ് സമൂഹത്തിന്റെ ആത്മീയോപദേഷ്ടാവ്. ഇവിടെ സമൂഹം സാംസ്‌കാരികത പങ്കിടുന്നു. ദേശവാര്‍ത്തകള്‍ കൈമാറുന്നു. കുട്ടികള്‍ക്ക് പരസ്പരം ഇടപഴകുന്നതിന് അവസരമുണ്ടാക്കുന്നു. ഓണവും ക്രിസ്മസും ആഘോഷിക്കുന്നു. കേരളത്തില്‍ വിഷമത അനുഭവിക്കുന്നവര്‍ക്കായി തങ്ങളാല്‍ കഴിയുന്ന വിധം ധനസമാഹരണം നടത്തുന്നു. സഹായം എത്തിക്കുന്നു.
ആദ്യകലങ്ങളില്‍ ആരുടെയെങ്കിലും വീടുകളില്‍ സംഗമിച്ചിരുന്ന ലത്തീന്‍ കത്തോലിക്കാ സമൂഹം പിന്നീട് ഒരു ലൂതെറന്‍ പള്ളിയുടെ ഹാളിലേക്ക് മാറി. അമേരിക്കന്‍ മലയാളി സമൂഹത്തിലെ വലിയൊരു ഘടകമായ സീറോ മലബാര്‍ റീത്തില്‍പ്പെട്ടവര്‍ക്ക് തനതായ രൂപതയുണ്ടാകുകയും സീറോ മലങ്കര, ക്‌നാനായ സമൂഹങ്ങള്‍ അവരവരുടേതായ ആരാധനാ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തുകുയം ചെയ്തപ്പോള്‍ അമേരിക്കന്‍ കത്തോലിക്കാ സഭ മലയാളി ലത്തീന്‍ കത്തോലിക്കര്‍ക്ക് മുഖ്യധാരയുടെ ഭാഗമാകുന്നതിനുള്ള അവസരം ഒരുക്കുകയും അതേ സമയം തന്നെ സ്വന്തം ഭാഷാ-സാംസ്‌കാരിക-ദേശീയ വിശിഷ്ടതകളെ അമേരിക്കന്‍ ജീവിതത്തില്‍ നിലനിര്‍ത്തുന്നതിനും പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള വേദി നല്‍കുകയും ചെയ്തു.
നല്ലൊരു ഓണാഘോഷം സമൂഹത്തിന്റെ നേതൃത്വം ഇത്തവണ ഉദ്ദേശിച്ചിരുന്നതാണ്. തലമുറകള്‍ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ പ്രളയം മലയാള നാടിനെ കീഴടക്കി, മനുഷ്യര്‍ക്കും അവരവുടെ ജീവസമ്പത്തിനും പ്രകൃതിക്കും നാശം വിതറിയപ്പോള്‍ ആഘോഷങ്ങള്‍ക്ക് ചെലവാക്കേണ്ട പണം നാട്ടിലേക്കുള്ള ധനസമാഹരണത്തിലേക്ക് ചേര്‍ക്കുകയായിരുന്നു സമൂഹം. ഓണാഘോഷങ്ങള്‍ക്കു പകരം മലയാള നാടിനും നാട്ടുകാര്‍ക്കുമായി പ്രാര്‍ത്ഥിക്കുവാനും കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനെ ഓര്‍ക്കുന്നതിനും സമൂഹത്തിനു തനിമ നല്‍കാന്‍ മുന്‍കൈയെടുത്ത് ബുദ്ധിമുട്ടിയവരെ പ്രത്യേകം നന്ദിപൂര്‍വ്വം സെപ്റ്റംബര്‍ എട്ടിലെ സംഗമത്തില്‍ അനുസ്മരിക്കുന്നു. ഫാ. സൈമണ്‍ പള്ളിപ്പറമ്പില്‍, പരേതരായ ഫാ.ആന്റണി സേവ്യര്‍, ഫാ. ജോസഫ് കോയില്‍പറമ്പില്‍, അര്‍ണോള്‍ഡ് ഏലിയാസ്, ഇന്നും സജീവരായ തിയോബാള്‍ഡ് പെരേര, ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, രാജു കുലാസ്, ജോര്‍ജ് എബ്രഹാം, പരേതനായ സിറിള്‍ പെരേര, പ്രസീല പരമേശ്വരന്‍ എന്നിവര്‍ കമ്യൂണിറ്റിയുടെ തനിമയ്ക്കും ഐക്യത്തിനും സൗഹൃദത്തിനും വേണ്ടി വളരെയധികം പ്രവര്‍ത്തിച്ചവരാണ്. പുത്തന്‍തലമുറക്കാരുടെ കലാ പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സെപ്റ്റംബര്‍ എട്ട് വേദി ഒരുക്കുന്നുണ്ട്.
പോള്‍ ഡി. പനയ്ക്കല്‍


Other News

 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • സി.എം.എ കലാമേള: സിനിമാതാരം ശിവാനി ഭായ് മുഖ്യാതിഥി
 • Write A Comment

   
  Reload Image
  Add code here