കൊളംബോ: വനിതകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ആതിഥേയരായ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.
39 ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക 38.1 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യ 29.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.
മുന്‍നിര പേസ് ബൗളര്‍മാരെല്ലാം പരുക്ക് കാരണം വിട്ടുനില്‍ക്കുന്നതിനാല്‍ കാശ്വി ഗൗതം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. എട്ട് ഓവറില്‍ 28 റണ്‍സ് വഴങ്ങിയ കാശ്വിക്ക് വിക്കറ്റൊന്നും കിട്ടിയില്ല. ന്യൂബോള്‍ പങ്കുവച്ച അരുന്ധതി റെഡ്ഡി ഒരു വിക്കറ്റ് നേടി.
സ്പിന്നര്‍മാരാണ് ശ്രീലങ്കന്‍ മധ്യനിരയെ തകര്‍ത്ത് ഇന്ത്യക്ക് മത്സരത്തില്‍ ആധിപത്യം നേടിക്കൊടുത്തത്. സ്‌നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മയ്ക്കും അരങ്ങേറ്റക്കാരി ശ്രീ ചരണിക്കും രണ്ട് വിക്കറ്റ് വീതം കിട്ടി. 30 റണ്‍സെടുത്ത ഓപ്പണര്‍ ഹാസിനി പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയും യുവതാരം പ്രതീക റാവലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 9.5 ഓവറില്‍ ഓപ്പണിങ് സഖ്യം 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
62 പന്തില്‍ 50 റണ്‍സെടുത്ത പ്രതീക റാവലും 71 പന്തില്‍ 48 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളും പുറത്താകാതെ നിന്നു.
46 പന്തില്‍ 43 റണ്‍സെടുത്ത സ്മൃതി പുറത്തായ ശേഷം പ്രതീകയ്ക്ക് ഹര്‍ലീന്‍ ഡിയോള്‍ ഉറച്ച് പിന്തുണ നല്‍കി.
62 പന്തില്‍ 50 റണ്‍സെടുത്ത പ്രതീകയും 71 പന്തില്‍ 48 റണ്‍സെടുത്ത ഹര്‍ലീനും പുറത്താകാതെ നിന്നു. പ്രതീക റാവലാണ് പ്ലെയര്‍ ഒഫ് ദ മാച്ച്.