ഹോക്കി ലോകകപ്പ്; ശ്രീജേഷ് ടീമില്‍, സുനിലും രൂപീന്ദറുമില്ല

Fri,Nov 09,2018


ന്യൂഡല്‍ഹി: ഈ മാസം ഭുവനേശ്വറില്‍ തുടങ്ങുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍നിര താരങ്ങളായ എസ്.വി. സുനില്‍, രൂപീന്ദര്‍ സിങ്, രമണ്‍ദീപ് സിങ് എന്നിവരില്ല. ഏഷ്യന്‍ ഗെയിംസില്‍ ടീമിനെ നയിച്ച മലയാളി താരം ശ്രീജേഷില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം മന്‍പ്രീത് സിങ് ഏറ്റെടുക്കും. ചിംഗ്ലെന്‍സന സിങ്ങാണ് വൈസ് ക്യാപ്റ്റന്‍. ശ്രീജേഷ് തന്നെയാകും ഇന്ത്യയുടെ ഗോള്‍വലയം കാക്കുക. 34 അംഗ സാധ്യതാ ടീമില്‍നിന്ന് വ്യാഴാഴ്ചയാണ് ഹോക്കി ഇന്ത്യ 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. പ്രാഥമിക ഘട്ടത്തില്‍ ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

ആദ്യ മത്സരത്തില്‍ നവംബര്‍ 28-ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. പരിചയസമ്പന്നരായ രമണ്‍ദീപും സുനിലും ഇല്ലാത്തത് ഇന്ത്യയുടെ മുന്നേറ്റത്തെ ബാധിക്കും. പരിക്കാണ് ഇരുവര്‍ക്കും വിനയായത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുമുമ്പ് കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് എസ്.വി. സുനില്‍ പൂര്‍ണമായും മുക്തനായിട്ടില്ല. രമണ്‍ദീപ് സിങ്ങും കുറച്ചുകാലമായി പരിക്കിലാണ്. അതേസമയം ഫോമില്ലായ്മയാണ് രൂപീന്ദര്‍പാല്‍ സിങ്ങിന്റെ സ്ഥാനം തെറിപ്പിച്ചത്. ഒഡിഷക്കാരനായ 34-കാരന്‍ ബീരേന്ദ്ര ലാക്ര സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കാനുള്ള ടീമില്‍ ഇടംനേടി. ഒഡിഷയില്‍നിന്നുള്ള അമിത് രോഹിതാസും ടീമിലുണ്ട്. പുതുമുഖങ്ങളായി നീലകണ്ഠ ശര്‍മയും ഹാര്‍ദിക് സിങ്ങും ടീമില്‍ ഇടംനേടി.

'ഏറ്റവും മികച്ച 34 താരങ്ങളില്‍നിന്ന് 18 പേരെ തിരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. ലഭ്യമായ ഏറ്റവും മികച്ച താരങ്ങളെയാണ് അന്തിമ ടീമില്‍ ഉള്‍പ്പെടുത്തിയത് '- കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: പി.ആര്‍. ശ്രീജേഷ്. കൃഷന്‍ ബഹാദൂര്‍ പഥക്. പ്രതിരോധം: ഹര്‍മന്‍പ്രീത് സിങ്, ബീരേന്ദ്ര ലക്ര, വരുണ്‍ കുമാര്‍, കൊതജിത് സിങ്, സുരേന്ദര്‍ കുമാര്‍, അമിത് രോഹിതാസ്. മധ്യനിര: മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍), ചിംഗ്ലന്‍സന സിങ് (വൈസ് ക്യാപ്റ്റന്‍), നീലകണ്ഠ ശര്‍മ, ഹാര്‍ദിക് സിങ്, സുമിത്. മുന്‍നിര: അകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, മന്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, സിമ്രന്‍ജീത്ത് സിങ്.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here