ബംഗ്ലാദേശ് നാണംകെട്ടു; അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിജയവുമായി സിംബാബ്‌വെ

Tue,Nov 06,2018


സില്‍ഹെട്ട്: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു ടെസ്റ്റില്‍ വിജയിച്ച് സിംബാബ്‌വെ. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 151 റണ്‍സിന് വിജയിച്ചാണ് സിംബാബ്‌വെ ചരിത്രനേട്ടം സ്വന്തമാക്കിയത്. 18 വര്‍ഷത്തിനിടെ ആദ്യമായാണ് സിംബാബ്‌വെ വിദേശ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്നത്. രണ്ടാമിന്നിങ്‌സില്‍ 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 169 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 10 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത അരങ്ങേറ്റ താരം ബ്രണ്ടന്‍ മാവുത്തയാണ് സന്ദര്‍ശകരുടെ വിജയം അനായാസമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയില്‍ സിംബാബ്‌വെ അപരാജിത ലീഡ് നേടി (1-0). ധാക്കയില്‍ ഞായറാഴ്ച്ചയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.

സ്‌കോര്‍ ബോര്‍ഡ്: സിംബാബ്‌വെ- 282 & 181, ബംഗ്ലാദേശ്-143, 169.

88 റണ്‍സടിച്ച സീന്‍ വില്ല്യംസിന്റേയും പുറത്താകാതെ 63 റണ്‍സ് നേടിയ പീറ്റര്‍ മൂറിന്റേയും 52 റണ്‍സടിച്ച ക്യാപ്റ്റന്‍ മസകദ്‌സയുടേയും മികവില്‍ ഒന്നാമിന്നിങ്‌സില്‍ 282 റണ്‍സാണ് സിംബാബ്‌വെ നേടിയത്. മികച്ച സ്‌കോറിലേക്ക് പോവുകയായിരുന്ന സിംബാബ്‌വേയെ തൈജുല്‍ ഇസ്ലാമിന്റെ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. 39.3 ഓവറില്‍ 108 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് തൈജുല്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 143 റണ്‍സിന് പുറത്താക്കി സന്ദര്‍ശകര്‍ 139 റണ്‍സിന്റെ ലീഡ് നേടി. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ സി ക്കന്ദര്‍ റാസയും ചതാരയുമാണ് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടിക്കൂട്ടിയത്.

രണ്ടാം ഇന്നിങ്‌സില്‍ സിംബാബ്‌വേയെ 181 റണ്‍സിന് പുറത്താക്കി ബംഗ്ലാദേശ് സമനിലയിലേക്കുള്ള കരുക്കള്‍ നീക്കി. അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത തൈജുല്‍ ഇസ്ലാമിന്റെ മികവിലായിരുന്നു ഇത്. എന്നാല്‍ ലെഗ്‌ബ്രേക്ക് ബൗളറായ മാവുത്ത ആതിഥേയരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചു. മൂന്നു വിക്കറ്റുമായി സിക്കന്ദര്‍ രാജ അരങ്ങേറ്റ താരമായ മാവുത്തയ്ക്ക് മികച്ച പിന്തുണ നല്‍കി.

ഇതോടെ രണ്ടിന്നിങ്‌സിലുമായി സിക്കന്ദര്‍ ആറു വിക്കറ്റ് നേടുകയും ചെയ്തു. 11 വിക്കറ്റ് വീഴ്ത്തിയ തൈജുല്‍ ഇസ്ലാമിന്റെ പ്രകടനമാണ് നാണക്കേടിനിടയിലും ബംഗ്ലാദേശിന് ആശ്വാസം പകര്‍ന്നത്.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here