വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ചുറി; ചരിത്രം കുറിച്ച് കുക്ക്

Wed,Sep 12,2018


ഓവല്‍: വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് റെക്കോഡ് ബുക്കില്‍ ഇടംനേടിയതിനു പിന്നാലെ അലെസ്റ്റര്‍ കുക്കിനെ ഞെട്ടിച്ച് മാധ്യമപ്രവര്‍ത്തകരുടെ സമ്മാനം. ടെസ്റ്റ് കരിയറിലെ 33ാം സെഞ്ചുറി കുറിച്ച കുക്കിന് 33 ബിയര്‍ ബോട്ടിലുകള്‍ സമ്മാനമായി നല്‍കിയാണ് മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സ്‌നേഹം അറിയിച്ചത്. കുക്ക് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി നേടിയ 33 സെഞ്ചുറികള്‍ക്ക് പ്രതീകാത്മകമായാണ് ഇത്തരമൊരു സമ്മാനം നല്‍കിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും താങ്കള്‍ കഴിഞ്ഞ 12 വര്‍ഷ കാലയളവില്‍ ഇംഗ്ലണ്ടിനായി ചെയ്ത എല്ലാകാര്യങ്ങള്‍ക്കും തങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി അവര്‍ വ്യക്തമാക്കി. കുക്കുമായുള്ള ഇടപെടലുകള്‍ വളരെ മികച്ചതായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. അനേകം വിജയങ്ങള്‍ ഇംഗ്ലണ്ടിനായി താങ്കള്‍ നേടിത്തന്നു. കളിയിലെ ഉയര്‍ച്ചതാഴ്ച്ചകളിലെല്ലാം താങ്കള്‍ അത് നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തുവെന്നും മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി.

ഇതിനെല്ലാമായാണ് തങ്ങളുടെ ഈ എളിയ സമ്മാനം. ഒരിക്കല്‍ ഡിന്നറിന് പുറത്തുപോയപ്പോള്‍ താങ്കള്‍ പറഞ്ഞു, വൈനിനേക്കാള്‍ ഇഷ്ടം ബിയര്‍ ആണെന്ന്. അതുകൊണ്ട് 33 ബിയര്‍ കുപ്പികള്‍ സമ്മാനമായി നല്‍കുകയാണ്. ഓരോ കുപ്പിയിലും ഒരോ മാധ്യമപ്രവര്‍ത്തന്റെ വകയായും ഒരു സന്ദേശമുണ്ടായിരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. തന്റെ അവസാന ടെസ്റ്റില്‍ മനോഹരമായ ഇന്നിംഗ്‌സ് കാഴ്ചവെച്ചാണ് കുക്ക് മടങ്ങുന്നത്. സെഞ്ചുറിയോടെ അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി അദ്ദേഹം. ഓസ്‌ട്രേലിയയുടെ റെഗ്ഗി ഡഫ്, ബില്‍ പോണ്‍സ്‌ഫോഡ്, ഗ്രെഗ് ചാപ്പല്‍ ഇന്ത്യയുടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കു ശേഷം ഈ പട്ടികയില്‍ ഇടംപിടിക്കുന്നയാളാണ് കുക്ക്.

മാത്രമല്ല രണ്ടാം ഇന്നിങ്‌സില്‍ 76 റണ്‍സ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോറര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാനും കുക്കിനായി. കുമാര്‍ സംഗക്കാരയെ മറികടന്നാണ് കുക്ക് അഞ്ചാമതെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15,921), റിക്കി പോണ്ടിങ് (13,378), ജാക്ക് കാലിസ് (13,289), രാഹുല്‍ ദ്രാവിഡ് (13,288) എന്നിവരാണ് കുക്കിന് മുന്‍പിലുള്ളത്. 161 ടെസ്റ്റുകളില്‍ നിന്നായി കുക്കിനിപ്പോള്‍ 12,472 റണ്‍സായി.

ക്രിക്കറ്റ് മൈതാനത്ത് എന്നും മാന്യതയുടെ പര്യായമായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്ക്. ഇന്ത്യയുടെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ താരം. ആ കുക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ അതിശയത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്, ഇപ്പോഴിതാ തന്റെ അവസാന ടെസ്റ്റ് ഇന്നിങ്‌സിലും റെക്കോഡുകള്‍ സ്വന്തമാക്കുകയാണ് കുക്ക്. അഞ്ചാം ടെസ്റ്റിലെ സെഞ്ചുറിയോടെ അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങല്‍ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമായി അദ്ദേഹം. രസകരമായ സംഭവം എന്തെന്നാല്‍ ഈ രണ്ട് ഇന്നിങ്‌സുകളും ഇന്ത്യയ്‌ക്കെതിരെയായിരുന്നു എന്നതാണ്. 2006ല്‍ നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു കുക്കിന്റെ സെഞ്ചുറി അരങ്ങേറ്റം, ഓവലില്‍ വിടവാങ്ങലും ഇന്ത്യക്കെതിരേ തന്നെ. രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും അര്‍ധ സെഞ്ചുറി പിന്നിടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമാകാനും കുക്കിനായി. ദക്ഷിണാഫ്രിക്കന്‍ താരം ബ്രൂസ് ബിച്ചലാണ് ആദ്യം ഈ നേട്ടം കൈവരിച്ച താരം.

തന്റെ 33ാം ടെസ്റ്റ് സെഞ്ചുറിയാണ് കുക്ക് ഓവലില്‍ നേടിയത്. ഇന്ത്യയ്‌ക്കെതിരെ മാത്രം കുക്കിന്റെ സെഞ്ചുറി നേട്ടം ഏഴായി. ഇതോടെ ഇന്ത്യഇംഗ്ലണ്ട് മത്സരങ്ങളില്‍ കൂടുതല്‍ സെഞ്ചുറി നേടിയവരില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പമെത്താനും കുക്കിനായി.

Other News

 • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
 • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
 • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • Write A Comment

   
  Reload Image
  Add code here