ഓവല്‍ ടെസ്റ്റ് : ഇന്ത്യക്ക് 118 റണ്‍സ് തോല്‍വി

Wed,Sep 12,2018


ലണ്ടന്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ച് ഇംഗ്ലണ്ടില്‍ നിന്നു മടങ്ങാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. മൂന്നു റണ്‍സിന്റെ ഇടവേളയില്‍ ഫോമിലുള്ള രണ്ട് ബാറ്റ്‌സ്മാന്മാരെ നഷ്ടമായ ഇന്ത്യ തോല്‍വി ചോദിച്ചു വാങ്ങി. ഇതോടെ അവസാന ടെസ്റ്റ് കളിക്കുന്ന മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിനെ ജയത്തോടെ യാത്രയയ്ക്കണമെന്ന ഇംഗ്ലീഷ് ദൗത്യം വിജയം കണ്ടു. ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. 464 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 345 റണ്‍സില്‍ അവസാനിച്ചു.

മൂന്നിന് 68 എന്ന നിലയില്‍ തുടക്കം പിഴച്ച് ഇന്നലെ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ(149)യും ഋഷഭ് പന്തിന്റെ(114)യും മിന്നുന്ന സെഞ്ചുറികളാണ് തുണയായത്. ആറാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട്(204) തീര്‍ത്ത് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ച ശേഷമാണ് ഇവര്‍ പുറത്തായത്. സ്പിന്നര്‍ ആദില്‍ റഷീദാണ് ഇരുവരെയും മടക്കിയത്. 223 പന്തില്‍ 20 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 149 റണ്‍സെടുത്ത രാഹുലിനെ റഷീദ്ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍, 146 പന്തില്‍ 15 ബൗണ്ടറിയും നാലു സിക്‌സും സഹിതം 114 റണ്‍സെടുത്ത പന്തിനെ മോയിന്‍ അലിയുെട കൈകളിലെത്തിച്ചു.

ആറാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും (204) അജിങ്ക്യ രഹാനെയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടും (118) തീര്‍ത്ത രാഹുലിന്റെ പോരാട്ടമാണ് ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. പരമ്പരയില്‍ ഇതാദ്യമായാണ് രാഹുല്‍ 50ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് രാഹുല്‍ സെഞ്ചുറി നേടുന്നത്. സുനില്‍ ഗാവസ്‌കറിനു ശേഷം ഇംഗ്ലണ്ട് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറും രാഹുലാണ്. ഗാവസ്‌കര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കുശേഷം ഇന്ത്യയ്ക്ക് പുറത്ത് നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ഓപ്പണറുമായി രാഹുല്‍. 2015നുശേഷം ഏഷ്യയ്ക്കു പുറത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ താരവും രാഹുലാണ്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 45 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഉച്ചഭക്ഷണത്തിനു ശേഷം തിരിച്ചെത്തി അധികം വൈകാതെ പന്തും കന്നി സെഞ്ചുറി പൂര്‍ത്തിയാക്കി. സിക്‌സ് നേടിക്കൊണ്ട് ടെസ്റ്റ് കരിയറിന് തുടക്കമിട്ട പന്ത്, ഓവലില്‍ ആദില്‍ റഷീദിനെതിരെ സിക്‌സ് നേടിയാണ് കന്നി ടെസ്റ്റ് സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്.

നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് സ്വന്തമാക്കി. 2007ല്‍ ലോര്‍ഡ്‌സില്‍ ധോണി പുറത്താകാതെ നേടിയ 76 റണ്‍സായിരുന്നു നാലാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. നേരത്തെ, നാലാം വിക്കറ്റില്‍ രാഹുല്‍രഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തെങ്കിലും, തൊട്ടുപിന്നാലെ ഒരു റണ്ണിനിടെ രണ്ടു വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി.

രഹാനെ, അരങ്ങേറ്റ താരം ഹനുമ വിഹാരി (പൂജ്യം) എന്നിവരാണ് പുറത്തായത്. 106 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 37 റണ്‍സെടുത്ത രഹാനെയെ മോയിന്‍ അലി ജെന്നിങ്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here