ആര്.പി. സിങ് രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു
Wed,Sep 05,2018

റായ് ബറേലി: ആറു വര്‍ഷം നീണ്ട കരിയറിനു ശേഷം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ രുദ്രപ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് 32-കാരനായ ആര്.പി. സിങ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
13 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2005 സെപ്റ്റംബര്‍ നാലിനായിരുന്നു ആര്.പി. സിങ്ങിന്റെ അരങ്ങേറ്റം. സിംബാബ്വെയ്ക്കെതിരേയായിരുന്നു ആദ്യ മത്സരം. തുടര്‍ന്ന് ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.
എന്നാല്‍ 2007-ല്‍ നടന്ന പ്രഥമ ടിട്വന്റി ലോകകപ്പിലെ പ്രകടനത്തിന്റെ പേരിലാണ് ക്രിക്കറ്റ് പ്രേമികള്‍ ആര്.പി. സിങ്ങിനെ ഓര്‍ക്കുന്നത്. ധോനിയുടെ കീഴില്‍ കിരീടം നേടിയ ടീമില്‍ സുപ്രധാന പങ്കുവഹിച്ച താരമായിരുന്നു ആര്.പി. സിങ്. ടൂര്‍ണമെന്റിലെ ആറു മത്സരങ്ങളില്‍ നിന്നായി 12 വിക്കറ്റുകള്‍ അദ്ദേഹം നേടിയിരുന്നു.
ആറു വര്‍ഷം നീണ്ടുനിന്ന കരിയറില്‍ ഇന്ത്യയ്ക്കായി 82 അന്താരാഷ്ട്ര മത്സരങ്ങളില്‍ (14 ടെസ്റ്റും 58 ഏകദിനങ്ങളും) നിന്ന് നൂറിലേറെ വിക്കറ്റുകള്‍ നേടിയ താരമാണ് ആര്.പി. സിങ്. ടെസ്റ്റില്‍ 40-ഉം ഏകദിനത്തില്‍ 60 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഫോം മങ്ങിയതോടെ 2011-ന് ശേഷം ടീമില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ 2011-ല്‍ നടന്ന ഏകദിന മത്സരത്തിലാണ് ആര്.പി. സിങ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാസ്റ്റ് ബൗളിങ്ങിന്റെ മുഖമായിരുന്ന ഈ ഉത്തര്പ്രദേശുകാരന് പക്ഷേ കരിയറിന്റെ അവസാനത്തില്‍ രഞ്ജി ടീമില്‍ പോലും സ്ഥാനം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. 2007-ലാണ് അദേഹം അവസാനമായി രഞ്ജി ട്രോഫിയില്‍ കളിക്കുന്നത്.