60 റണ്‍സ് വിജയവുമായി ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര

Mon,Sep 03,2018


സതാംപ്ടണ്‍: ഇംഗ്ലീഷ് മണ്ണില്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് തകര്‍ച്ച. നാലാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് 60 റണ്‍സിന് ഇന്ത്യയെ പാരാജയപ്പെടുത്തി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 184 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയില്‍ ഇനി ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ബാക്കിയുള്ളത്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി വിരാട് കോലി പുറത്തായതിന് പിന്നാലെ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു. 58 റണ്‍സെടുത്ത് കോലി പുറത്തായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ ക്രീസ് വിട്ടു. അക്കൗണ്ട് തുറക്കും മുമ്പ് പാണ്ഡ്യയെ സ്റ്റോക്ക്‌സ് റൂട്ടിന്റെ കൈയിലെത്തിച്ചു. 12 പന്തില്‍ 18 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കവെ റിഷഭ് പന്തും പുറത്തായി. മോയിന്‍ അലിക്കാണ് വിക്കറ്റ്.

പിന്നീട് നാല് റണ്‍സ് ചേര്‍ക്കുന്നതിടയില്‍ ഇന്ത്യ രണ്ട് വിക്കറ്റ് കളഞ്ഞു. 51 റണ്‍സെടുത്ത രഹാനയെ മോയിന്‍ അലി വിക്കറ്റിന് പിന്നില്‍ കുരുക്കി. തൊട്ടടുത്ത ഓവറില്‍ ഇഷാന്ത് ശര്‍മ്മയും വിക്കറ്റിന് മുന്നില്‍ കുരുങ്ങി. സ്‌റ്റോക്ക്‌സിനാണ് വിക്കറ്റ്. എട്ടു റണ്‍സെടുത്ത മുഹമ്മദ് ഷമിക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. അവസാന വിക്കറ്റില്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച അശ്വിനെ (25) കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലി തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. ഇതോടെ രണ്ടിന്നിങ്‌സിലുമായി മോയിന്‍ അലിക്ക് ഒമ്പത് വിക്കറ്റായി. സ്റ്റോക്ക്‌സ് രണ്ട് വിക്കറ്റെടുത്തു. സ്‌കോര്‍: ഇംഗ്ലണ്ട് 246 & 271, ഇന്ത്യ 273 & 184 നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയുമായി 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കോലി ക്രീസ് വിട്ടത്. മോയിന്‍ അലിയുടെ പന്തില്‍ അലെസ്റ്റയര്‍ കുക്കിനാണ് ക്യാച്ച്. 130 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 58 റണ്‍സാണ് കോലി അടിച്ചെടുത്തത്. 245 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 22 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. ഈ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കര കയറ്റിയത് കോലിയും രഹാനെയും ചേര്‍ന്നാണ്.

അക്കൗണ്ട് തുറക്കും മുമ്പ് കെ.എല്‍ രാഹുലിനെ സ്റ്റുവര്‍ട്ട് ബ്രോഡ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ചേതേശ്വര്‍ പൂജാര (5)യും പുറത്തായി. പൂജാരയെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അടുത്ത ഓവറില്‍ ആന്‍ഡേഴ്‌സണ്‍ വീണ്ടും ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചു. 29 പന്തില്‍ 17 റണ്‍സെടുത്ത് മുന്നേറുകയായിരുന്ന ധവാനെ ആന്‍ഡേഴ്‌സണ്‍ സ്റ്റോക്ക്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 271 റണ്‍സിന് പുറത്താകുകയായിരുന്നു. എട്ടു വിക്കറ്റിന് 260 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 11 റണ്‍സെടുക്കുന്നതിനിടയില്‍ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. നാലാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്തായി. മുഹമ്മദ് ഷമി ബ്രോഡിനെ റിഷഭിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 46 റണ്‍സെടുത്ത് മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന സാം കറനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ റിഷഭ് റണ്‍ഔട്ടാക്കിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് അവസാനിച്ചു. 16 ഓവര്‍ എറിഞ്ഞ് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. 27 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 33 റണ്‍സിനിടയില്‍ കുക്കിനേയും മോയിന്‍ അലിയേയും നഷ്ടപ്പെട്ടു. കുക്കിനെ ബുംറ പുറത്താക്കിയപ്പോള്‍ അലിയുടെ വിക്കറ്റ് ഇഷാന്തിനാണ്. രണ്ടു ക്യാച്ചുകളുമെടുത്തത് ലോകേഷ് രാഹുലാണ്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ജോ റൂട്ടുമായി 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ജെന്നിങ്‌സ് നിലയുറപ്പിക്കവെ മുഹമ്മദ് ഷമി കാര്യങ്ങള്‍ വീണ്ടും ഇന്ത്യക്ക് അനുകൂലമാക്കി. 36 റണ്‍സെടുത്ത് നില്‍ക്കെ ജെന്നിങ്‌സനെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ബെയര്‍‌സ്റ്റോ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഷമിയുടെ പന്തില്‍ കുറ്റി തെറിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്ക്‌സിനെ കൂട്ടുപിടിച്ച് ബട്ട്‌ലര്‍ വീണ്ടും ഇംഗ്ലണ്ടിനെ ട്രാക്കിലെത്തിച്ചു. ഇരുവരും 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 30 റണ്‍സെടുത്ത സ്റ്റോക്ക്‌സിനെ അശ്വിന്‍ രഹാനെയുടെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയത് സാം കറനാണ്. കറനും ബട്‌ലറും ഏഴാം വിക്കറ്റില്‍ 55 റണ്‍സ് ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കെ ബട്‌ലറെ ഇഷാന്ത് ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കി. 11 റണ്‍സെടുത്ത ആദില്‍ റഷീദിനെ മുഹമ്മദ് ഷമിയും പുറത്താക്കി. രണ്ടാം ദിനം ചേതേശ്വര്‍ പൂജാരയുടെ ഒറ്റയാള്‍ ചെറുത്തു നില്‍പ്പാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 27 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. 34 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യയെ പൂജാര ഒറ്റയ്ക്കു കര കയറ്റുകയായിരുന്നു. 257 പന്തില്‍ 16 ഫോറിന്റെ അകമ്പടിയോടെ 132 റണ്‍സുമായി പൂജാര പുറത്താകാതെ നിന്നു. പൂജാരയുടെ 15ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇംഗ്ലീഷ് മണ്ണില്‍ ആദ്യത്തേതും.

അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുംറ (ആറു റണ്‍സ്) പൂജാരയ്ക്ക് നല്‍കിയ പിന്തുണയും ഇന്ത്യയുടെ ലീഡില്‍ നിര്‍ണയാകമായി. ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ബുംറയെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 273 റണ്‍സിലവസാനിച്ചു.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here