ഗുസ്തിയില്‍ ദിവ്യ കക്രാന് വെങ്കലം; ഇന്ത്യയ്ക്ക് പത്താം മെഡല്‍

Wed,Aug 22,2018


ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം മെഡല്‍. ഗെയിംസിന്റെ മൂന്നാം ദിനം വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രാനാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. ചൈനീസ് തായ്പെപേയിയുടെ ചെങ് വെന്‍ലിങ്ങിനെ 10-0 എന്ന സ്‌കോറിനാണ് ദിവ്യ മറികടന്നത്. ഇതോടെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ വനിതാ ഗുസ്തി താരമെന്ന നേട്ടവും ദിവ്യ സ്വന്തമാക്കി. ഇന്ത്യയുടെ വിനേഷ് ഫൊഗട്ട് കഴിഞ്ഞ ദിവസം ഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ദിവ്യ ഇതേ ഇനത്തില്‍ വെങ്കലം നേടിയിരുന്നു. ഇതോടെ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് പത്തു മെഡലുകളായി.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൊഗട്ട്, 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്റംഗ് പുനിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. ചൊവ്വാഴ്ച 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഗെയിംസ് റെക്കോഡോടെയായിരുന്നു സൗരഭിന്റെ നേട്ടം. 240.7 പോയിന്റുകളോടെയാണ് സൗരഭ് ഗെയിംസ് റെക്കോഡ് സ്വന്തം പേരിലാക്കിയത്.

പതിനാറാം വയസില്‍ ആദ്യ സീനിയര്‍ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ മെഡല്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് സൗരഭ്. ''എനിക്ക് സമ്മര്‍ദമൊന്നും ഇല്ലായിരുന്നു. ഞാന്‍ വന്നത് മത്സരിക്കാനും എന്റെ മികച്ച പ്രകടനം പുറത്തെടുക്കാനുമാണ്. ഞാന്‍ നല്ല ഫോമിലായിരുന്നു, ചെയ്ത കഠിനാധ്വാനത്തിന് മികച്ച ഫലം തന്നെ ലഭിച്ചു'', മത്സരശേഷം സൗരഭ് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഈ ഉത്തര്‍പ്രദേശുകാരന്‍. ഇതേ മത്സരത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലം നേടി. 219.3 പോയിന്റോടെയായിരുന്നു അഭിഷേക് വര്‍മ വെങ്കലനേട്ടം. കെ.എസ്.എസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് ജീത്തു റായിയെ അട്ടിമറിച്ച് ഷൂട്ടിങ് ലോകത്തെ അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടിച്ച താരമാണ് സൗരഭ്. സീനിയര്‍ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് ദേശീയ തലത്തിലും ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത്.

50 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്പുത് വെള്ളിയും കരസ്ഥമാക്കി. ഇതോടെ ഇന്ന് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് മാത്രം ഇന്ത്യ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി. അതേസമയം പുരുഷ വിഭാഗം സെപക് താക്രോ സെമിയില്‍ തായ്‌ലന്‍ഡിനോട് തോറ്റെങ്കിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കി. ഈ ഇനത്തിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ ആണിത്. ഷൂട്ടിങ് ട്രാപ്പ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ലക്ഷയ്-ശ്രേയസി സഖ്യം പുറത്തായി. തെയ്ക്വാന്‍ഡോ വനിത വിഭാഗം 57 കിലോഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ കൗശിക് മാലിക് തോറ്റു. വനിതാ വിഭാഗം കബഡി ഗ്രൂപ്പ് എ മല്‍സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ചു. സ്‌കോര്‍: 38-12.

Other News

 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • ആരാധകര്‍ക്ക് നേരെ ആക്രമണം; വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്‌സി ഗോവ
 • യുവെന്റസില്‍ ഫ്രീകിക്കുകളെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് വിലക്ക്
 • ഹോക്കി ലോകകപ്പ്; ശ്രീജേഷ് ടീമില്‍, സുനിലും രൂപീന്ദറുമില്ല
 • 'ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ'- ആരാധകനോട് കോലി
 • 'നിങ്ങള്‍ ആ പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി'- ഗംഭീറിനുള്ള മറുപടി അസ്ഹര്‍ പിന്‍വലിച്ചു
 • ബംഗ്ലാദേശ് നാണംകെട്ടു; അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിജയവുമായി സിംബാബ്‌വെ
 • അസ്ഹറിനെതിരെ വിമര്‍ശനം; ഗംഭീറിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ജി രാജരാമന്‍
 • Write A Comment

   
  Reload Image
  Add code here