ലോര്‍ഡ്‌സില്‍ ഇന്ത്യ നാണം കെട്ടു; രണ്ടാം ടെസ്റ്റില്‍ തോല്‍വി ഇന്നിംഗ്‌സിനും 159 റണ്‍സിനും

Sun,Aug 12,2018


ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ ആദ്യമായി ലോകകപ്പ് നേടിയ ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ഇന്ത്യ നാണം കെട്ടു.ടെസ്റ്റിന് തിരശ്ശീല വീഴാൻ ഒരു ദിവസം കൂടി ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ദയനീയ തോൽവി. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ടെസ്റ്റിൽ 2-0 എന്ന സ്കോറിൽ ഇംഗ്ലണ്ട് ലീഡ് നേടി. ഒന്നാം ടെസ്റ്റിൽ 31 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം.

ഒന്നാമിന്നിങ്സിൽ 107 റൺസാണ് മാത്രമാണ് ഇന്ത്യ നേടിയത്. മറുപടിയായി ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 396 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. 289 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കേവലം 47 ഓവറിൽ 130 റൺസിന് ഓൾഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സനാണ് ഇന്ത്യയെ കശാപ്പ് ചെയ്തത്. രണ്ടിന്നിങ്സിലുമായി മൊത്തം ഒൻപത് വിക്കറ്റാണ് ആൻഡേഴ്സൺ വീഴ്ത്തിയത്.

ക്യാപ്റ്റൻ കോലി അടക്കം ഒരൊറ്റ ഇന്ത്യൻ ബാറ്റ്സ്മാനും ഇംഗ്ലീഷ് ബൗളിങ്ങിനെ ചെറുക്കാനായില്ല. 33 റൺസെടുത്ത അശ്വിനാണ് ടോപ് സ്കോറർ. ഒന്നാമിന്നിങ്സിലും അശ്വിൻ തന്നെയായിരുന്നു ഏറ്റുവും കൂടുതൽ റൺസ് നേടിയത്. മുരളി വിജയ് (0), കെ. എൽ. രാഹുൽ (10), ചേതേശ്വർ പൂജാര (17) രഹാനെ (13), കോലി (17), പാണ്ഡ്യ (26), കാർത്തിക് (0), കുൽദീപ് യാദവ് (0), മുഹമ്മദ് ഷമി (10 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനം.

13.2 ഓവറിലാണ് ആൻഡേഴ്സൺ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. വോക്സ് രണ്ടും ബ്രോഡും കറനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാമിന്നിങ്സിൽ 107 റൺസിന് പുറത്തായ ഇന്ത്യയ്ക്കെതിരേ വോക്സിന്റെയും (137 നോട്ടൗട്ട്) ബെയർസ്റ്റോയുടെയും (93) ബാറ്റിങ് മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 396 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 289 റണ്‍സിന്റെ ലീഡായശേഷം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

രണ്ടാമിന്നിങ്‌സില്‍ മുരളി വിജയിയുടെ വിക്കറ്റെടുത്തതോടെ ലോര്‍ഡ്‌സില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറായി ആന്‍ഡേഴ്‌സണ്‍. ആന്‍ഡേഴ്‌സണ് മുമ്പ് മുത്തയ്യ മുരളീധരനാണ് ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത്. ശ്രീലങ്കയിലെ ഗോള്‍ സ്‌റ്റേഡിയത്തില്‍ 111 വിക്കറ്റും കാന്‍ഡിയിലെ അസ്ഗിരിയ സ്‌റ്റേഡിയത്തില്‍ 117 വിക്കറ്റും കൊളംബോയിലെ എസ്.എസ്.സി സ്‌റ്റേഡിയത്തില്‍ 166 വിക്കറ്റും നേടിയിട്ടുണ്ട് മുരളീധരന്‍. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ബൗളറായ ഇംഗ്ലീഷ് പേസറുടെ 550-ാമത്തെ ഇരയാണ് മുരളി വിജയ്. ആറു വിക്കറ്റിന് 357 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം കളി തുടങ്ങിയത്. 39 റണ്‍സ് കൂടി ഇന്നിങ്‌സിനോട് കൂട്ടിച്ചേര്‍ത്തതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. 40 റണ്‍സെടുത്ത സാം കറന്റെ വിക്കറ്റ് വീണതോടെയാണിത്. നേരത്തെ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്ന ക്രിസ് വോക്ക്‌സ് 137 റണ്‍സുമായി പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 131 റണ്‍സെന്ന നിലയിലായിരുന്ന ഇംഗ്ലണ്ട്, എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വോക്‌സ്-ബെയര്‍‌സ്റ്റോ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. ഇരുവരും 189 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. 129 പന്തില്‍ നിന്നായിരുന്നു വോക്‌സ് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തൊട്ടുപിന്നാലെ ബെയര്‍‌സ്റ്റോവും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ ഏഴു റണ്‍സകലെ വെച്ച് ഹാര്‍ദിക് പാണ്ഡ്യ ബെയര്‍‌സ്റ്റോവിനെ പുറത്താക്കി. ഇന്ത്യക്കായി ഷമിയും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ജോസ് ബട്‌ലര്‍ 24 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന് 19 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇരുവരേയും മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 32 റണ്‍സെടുക്കുന്നതിനിടയിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ പുറത്തായത്. 21 റണ്‍സെടുത്ത അലെസ്റ്റയര്‍ കുക്കിനെ ഇഷാന്ത് ശര്‍മ്മ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലെത്തിച്ചു. 11 റണ്‍സെടുത്ത ജെന്നിങ്‌സിനെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ അരങ്ങേറ്റ താരം ഒളിവര്‍ പോപ്പും ക്രീസ് വിട്ടു. 28 റണ്‍സടിച്ച പോപ്പിനെ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 19 റണ്‍സെടുത്ത ജോ റൂട്ട് മുഹമ്മദ് ഷമിയുടെ ഇരയായി. അതും എല്‍.ബി.ഡബ്ല്യുവായിരുന്നു.

മഴ രണ്ടുവട്ടം കളിമുടക്കിയ രണ്ടാം ദിനം 35.2 ഓവറില്‍ 107 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ഇംഗ്ലണ്ട് അവസാനിപ്പിച്ചു. 29 റണ്‍സെടുത്ത ആര്‍. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Other News

 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here