സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യയ്ക്ക്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ചൂടി

Wed,Jun 13,2018


മുംബൈ: ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യ ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം മിന്നുന്ന ഫോം തുടരുന്ന ഛേത്രിയുടെ ഇരട്ടഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. എട്ട്, ഇരുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ വിജയഗോളുകള്‍. ഇതോടെ അറുപത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ തികച്ച് ഛേത്രി മെസ്സിക്കുമൊപ്പമെത്തി. ഇനി എണ്‍പത്തിയൊന്ന് ഗോളുകള്‍ സ്വന്തമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ ഛേത്രിക്ക് മുന്നില്‍. തന്റെ നൂറ്റിരണ്ടാം മത്സരത്തിലാണ് ഛേത്രി മെസ്സിക്കൊപ്പമെത്തിയത്. ഒരു ഹാട്രിക് സ്വന്തമാക്കിയ സുനില്‍ ഛേത്രി ഇന്റര്‍ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ തന്റെ ഗോള്‍ സമ്പാദ്യം എട്ടാക്കി. ചൈനീസ് തായ്‌പെയിക്കെതിരായ മത്സരത്തിലായിരുന്നു ഛേത്രിയുടെ ഹാട്രിക്ക്. പിന്നീട് കെനിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇരട്ടഗോളും നേടി. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു മറ്റൊരു ഗോള്‍. ആദ്യ മത്സരത്തിലെന്ന പോലെ ഫൈനലിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മേല്‍ക്കൈ. കെനിയയുടെ മുന്നേറ്റവും ആക്രമണവും തീര്‍ത്തും ദുര്‍ബലമായിരുന്നു. ഇന്ത്യയുടെ പ്രതിരോധത്തെ പിളര്‍ത്താന്‍ പോന്ന മൂര്‍ച്ച അവരുടെ ഒരു നീക്കത്തിനുമുണ്ടായില്ല. തുടക്കത്തില്‍ അവര്‍ക്ക് ഏതാനും നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, എട്ടാം മിനിറ്റില്‍ ആദ്യം വല കുലുക്കിയത് ഇന്ത്യയായിരുന്നു. ഒഗിംഗ സമ്മാനിച്ച ഒരു ഫ്രീകിക്കാണ് ഗോളിനുള്ള വഴിവച്ചത്. അനിരുദ്ധ് ഥാപ്പ തൊടുത്ത താഴ്ന്നു പറന്ന കിക്ക് ഓടി പിടിച്ചെടുത്ത ഛേത്രി നേരം പാഴാക്കാതെ ഒന്നാന്തരമായി വലയിലെത്തിച്ചു. നാലാം മത്സരത്തില്‍ ഛേത്രിയുടെ ഏഴാം ഗോള്‍. ദുര്‍ബലമായ ചില നീക്കങ്ങളിലൂടെയാണ് കെനിയ തിരിച്ചടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഗോളി ഗുര്‍പ്രീതിനെ വെല്ലുവിളിക്കാന്‍ പോന്ന ശേഷിയൊന്നും അവരുടെ ഒരു നീക്കത്തിനും ഉണ്ടായില്ല.

അധികം വൈകാതെ ഛേത്രി തന്നെ വീണ്ടും വല ചലിപ്പിച്ചു. ഇക്കുറി മലയാളി താരം അനസിന്റെ വകയായിരുന്നു പാസ്. അനസ് പൊക്കിക്കൊടുത്ത ഒരു നീളന്‍ പന്ത് പിടിച്ചെടുത്ത ഛേത്രി അറ്റുഡോയുടെയും കിബ്വാഗെയുടെയും ഇടയിലൂടെ, ഓഫ് സൈഡ് കെണി ഒഴിവാക്കി ഒന്നാന്തരമൊരു ഇടങ്കാലന്‍ ബുള്ളറ്റിലൂടെ വലയിലെത്തിച്ചു. ഗോളി മാറ്റാസിക്ക് വഴിമുടക്കാന്‍ ഒരു അവസരവും ഉണ്ടായിരുന്നില്ല. ഇന്ത്യ രണ്ട് ഗോളിന് മുന്നില്‍. ടൂര്‍ണമെന്റില്‍ ഛേത്രിയുടെ എട്ടാം ഗോള്‍. ഇതോടെ ലയണല്‍ മെസ്സിക്ക് ഒപ്പമെത്തുകയും ചെയ്തു. അങ്ങനെ ഒരു ചരിത്രനിമിഷത്തിനും ഫുട്‌ബോള്‍ അരീന സാക്ഷ്യം വഹിച്ചു. രണ്ടാം പകുതിയിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍, ഒന്നാം പകുതിയില്‍ നിന്ന് വ്യത്യസ്തമായി ഏതാനും നല്ല നീക്കങ്ങള്‍ നടത്താന്‍ കെനിയക്കായി. ഗുര്‍പ്രീതിന്റെ മികവാണ് പലപ്പോഴും ഇന്ത്യയ്ക്ക് തുണായയത്. ഡെന്നിസിന്റെയും മാക്വാറ്റയുടെയും ഒച്ചിയെങ്ങിന്റെയുമെല്ലാം നീക്കങ്ങള്‍ ഗുര്‍പ്രീതാണ് പഞ്ച് ചെയ്തും കൈപ്പിടിയിലൊതുക്കിയും വഴിതിരിച്ചുവിട്ടത്.

അവസാന നിമിഷങ്ങളില്‍ കെനിയന്‍ ആക്രമണത്തിന്റെ ഒരു വേലിയേറ്റം കണ്ടെങ്കിലും സ്റ്റേഡിയത്തിലെ 8990 കാണികളെ ഛേത്രിയുടെ കൂട്ടരും നിരാശരാക്കിയില്ല. ഇടയ്ക്ക് മലയാളി താരം ആഷിഖിനെ വീഴ്ത്തിയതിന് ഒഗിംഗ ചുവപ്പ് കാണേണ്ടതായിരുന്നു ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്.

Other News

 • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
 • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
 • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
 • വെസ്റ്റിന്‍സീഡിസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം
 • അന്താരാഷ്ട്ര സൗഹൃദ മത്സരം : ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചു
 • ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇറ്റലിക്ക് ; സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍
 • രഞ്ജി ട്രോഫി; കേരളത്തെ സച്ചിന്‍ ബേബി നയിക്കും
 • അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ; 21 വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം
 • മീ ടൂ ബിസിസിഐയിലേക്കും; രാഹുല്‍ ജോഹ്‌രിക്കെതിരെ മാധ്യമപ്രവര്‍ത്തക
 • ഫൈനലില്‍ തോറ്റു; ലക്ഷ്യ സെന്നിന് വെള്ളി
 • സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം
 • Write A Comment

   
  Reload Image
  Add code here