ഇംഗ്ലണ്ടിനെതിരെ സ്‌ക്കോട്ട്‌ലന്റിന് അട്ടിമറിജയം

Mon,Jun 11,2018


എഡിന്‍ബര്‍ഗ്: ഏകദിന റാങ്കിംഗില്‍ ഒന്നാമന്മാരായ ഇംഗ്ലണ്ടിനെ ക്രിക്കറ്റിലെ ശിശുക്കളായ സ്‌ക്കോട്ട്‌ലന്റ് അട്ടിമറിച്ചു. സ്‌കോട്ലന്‍ഡ് റെക്കോഡ് സ്‌കോര്‍ (5ന് 371) കണ്ടെത്തിയ കളിയില്‍ ആറ് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. കാലും മക്ലിയോഡ് പുറത്താകാതെ നേടിയ സെഞ്ചുറി(94 പന്തില്‍ 140*)യുടെ കരുത്തിലാണ് സ്‌കോട്ടിഷ് പട കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോ(59 പന്തില്‍ 105)യുടെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ച ഇംഗ്ലണ്ട് വിജയം കൈക്കലാക്കുമെന്ന് തോന്നിച്ചെങ്കിലും ഏഴ് പന്ത് ബാക്കിനില്‌ക്കെ, 365 റണ്‍സിന് പുറത്തായി. തുടരെ മൂന്ന് ഏകദിന സെഞ്ചുറി നേടുന്ന ആദ്യ താരമായിട്ടും ടീമിന് വിജയം സമ്മാനിക്കാന്‍ ബെയര്‍‌സ്റ്റോയ്ക്ക് കഴിഞ്ഞില്ല. മക്ലിയോഡാണ് താരം. സ്‌കോര്‍: സ്‌കോട്ലന്‍ഡ് 50 ഓവറില്‍ 5ന് 371; ഇംഗ്ലണ്ട് 48.5 ഓവറില്‍ 365ന് പുറത്ത്.

ഏകദിനത്തില്‍ ഒരു അസോസിയേറ്റ് ടീം കുറിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണ് സ്‌കോട്ലന്‍ഡിന്റെ 371. 1997-ല്‍ ബംഗ്ലാദേശിനെതിരേ കെനിയ നേടിയ 347 റണ്‍സിന്റെ റെക്കോഡാണ് മാഞ്ഞത്. ഏകദിനത്തില്‍ സ്‌കോട്ലന്‍ഡിന്റെ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സ്‌കോര്‍ കാനഡക്കയ്‌ക്കെതിരെ 2014-ല്‍ നേടിയ 341 റണ്‍സായിരുന്നു. ഐ.സി.സി.യിലെ ഒരു ഫുള്‍ മെമ്പര്‍ ടീമിനെതിരേ സ്‌കോട്ലന്‍ഡ് നേടുന്ന മൂന്നാം വിജയമാണിത്. സിംബാബ്വെ, അഫ്ഗാനിസ്താന്‍ ടീമുകള്‍ക്കെതിരെയാണ് മറ്റ് വിജയങ്ങള്‍. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഒരു അസോസിയേറ്റ് ടീമിനോട് പിണയുന്ന രണ്ടാം തോല്‍വിയാണിത്. 2011 ലോകകപ്പില്‍ അവര്‍ അയര്‍ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

മക്ലിയോഡിന് പുറമെ ക്യാപ്റ്റന്‍ കൈല്‍ കൂറ്റ്‌സര്‍(58), ജോര്‍ജ് മുണ്‍സി (55) എന്നിവരുടെ അര്‍ധശതകങ്ങളും വന്‍ടോട്ടല്‍ നേടുന്നതില്‍ സ്‌കോട്ലന്‍ഡിന് തുണയായി. ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളാണ് മക്ലിയോഡ് നേടിയിട്ടുള്ളത്. ഇതില്‍ നാലും 140 റണ്‍സോ അതിന് മുകളിലോ ആണ്(175, 154, 157*, 140*). വിജയത്തിന്റെ വക്കിലെത്തിയശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. മിന്നലടികളിലൂടെ ബെയര്‍‌സ്റ്റോ നേടിയ സെഞ്ചുറി ഇംഗ്ലണ്ടിന് നല്ല അടിത്തറ സമ്മാനിച്ചതാണ്. മധ്യനിരക്കാരായ ജോ റൂട്ടിന്റെ(29) റണ്ണൗട്ടും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍(20), സാം ബില്ലിങ്‌സ്(12) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാഴ്ത്തി. മോയീന്‍ അലിയും (46) ലിയാം പ്ലങ്കറ്റും (47നോട്ടൗട്ട്) ചേര്‍ന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും വാലറ്റക്കാരായ ആദില്‍ റഷീദും(5), മാര്‍ക്ക് വുഡും(1) പെട്ടെന്ന് പുറത്തായത് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിയിട്ടു.

Other News

 • ഏകദിന റാങ്കിങ്: ഇന്ത്യ രണ്ടാമത്, ഓസീസ് ആറാമത്
 • ഇംഗ്ലണ്ടിന് റെക്കോഡ് ജയം, ഓസീസിന് റെക്കോഡ് തോല്‍വി
 • ആദ്യപോരില്‍ ഇംഗ്ലണ്ടിന്‌ വിജയം
 • ബെല്‍ജിയത്തിനു ജയം, പാനമയെ തോല്‍പിച്ചത്‌ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌
 • സ്വീഡന്‌ വിജയത്തുടക്കം; ഒരു ഗോളിന് ദക്ഷിണകൊറിയയെ തോല്‍പിച്ചു
 • ആദ്യമത്സരത്തില്‍ മെക്‌സിക്കോക്കെതിരെ ജര്‍മ്മനിക്ക് പരാജയം
 • ബ്രസീലിന് സ്വിസ് പൂട്ട്‌
 • മെസ്സി പെനാൽറ്റി തുലച്ച മത്സരത്തിൽ അർജന്റീന എെസ്​ലൻഡിനോട് സമനില വഴങ്ങി
 • അഫ്ഗാനെ ചുരുട്ടികെട്ടി ഇന്ത്യ; ജയം ഇന്നിങ്‌സിനും 262 റണ്‍സിനും
 • ക്രിസ്റ്റ്യാനോയ്ക്ക് തടവും പിഴയും
 • സലാ ഇല്ലാത്ത ഈജിപ്ത് ലാസ്റ്റ് മിനിറ്റില്‍ ഉറുഗ്വേയോട് കീഴടങ്ങി
 • Write A Comment

   
  Reload Image
  Add code here