പ്രവീണ്‍ വധക്കേസ്; നീതിദേവതയുടെ 'കണ്ണടപ്പിക്കുന്നുവോ?'

Thu,Nov 08,2018


അമേരിക്കയിലെ മലയാളി സമൂഹത്തെ നടുക്കിയ പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ അടുത്തയിടെ ഉണ്ടായ നിയമ നടപടികള്‍ ഈ കേസില്‍ നീതി നടപ്പാകുമെന്നു പ്രതീക്ഷിച്ചിരുന്നവരെയൊക്കെ അമ്പരപ്പിക്കുകയാണ്. പ്രതി ഗേജ് ബഥൂണിനെ ജൂറി വിധി മറി കടന്ന് ജാമ്യത്തില്‍ വിട്ടയക്കാനും വീണ്ടും ജൂറി ചേരാനുള്ള സര്‍ക്യൂട്ട് കോടതി വിധിക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇല്ലിനോയി സുപ്രീംകോടതി തുടര്‍ നടപടികള്‍ നിഷേധിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സനാണ് സുപ്രീംകോടതിയില്‍ ചൊവ്വാഴ്ചയുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി അറിയിച്ചതെന്ന് പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസ് ഗദ്ഗദത്തോടെ അറിയിച്ചു.
തുടക്കം മുതല്‍ പലരും പലതും മൂടിവയ്ക്കന്‍ ശ്രമിച്ച ഈ കേസില്‍ നീതി നടപ്പാകാന്‍ പോകുന്നു എന്ന ഘട്ടത്തില്‍ എത്തിയ ശേഷമുണ്ടായ അസാധാരണ നടപടികള്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തുകള്‍ വെളിവാക്കുന്നതാണ്. സര്‍ക്യൂട്ട് കോടതി ജഡ്ജിയുടെ അസാധാണ നടപടി ചോദ്യം ചെയ്തു കൊണ്ട് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും, കോടതി അത് സ്വീകരിക്കുകയും ചെയ്ത ശേഷം അറ്റോര്‍ണി ജനറല്‍ ലിസ മാഡികന്റെ ഓഫീസില്‍ നിന്ന് കേസില്‍ ഇടപെടല്‍ ഉണ്ടായത് ഏറെ സംശയങ്ങള്‍ ജനിപ്പിക്കുന്നതായി ലവ്‌ലി പറഞ്ഞു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീലിന്റെ കോപ്പി ആവശ്യപ്പെട്ട അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കേസില്‍ മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടാണ് പ്രോസിക്യൂട്ടര്‍മാരോട് പുലര്‍ത്തിയത്. ഈ കേസ് രണ്ടു വര്‍ഷത്തലധികമായി സമഗ്രമായി മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് റോബിന്‍സണ്‍ ഇക്കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് ലവ്‌ലി പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ ഓഫീസ് എടുത്ത നിലപാട് ശരിയല്ലെന്നും ഇക്കാര്യത്തില്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നും റോബിന്‍സണ്‍ മാഡിഗന്റെ ഓഫീസിനെ അറിയിച്ചിരുന്നു.
ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ ബന്ധപ്പെട്ടിരുന്നു. ഇതിനു ശേഷം കേസില്‍ തടസവാദമൊന്നും തങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന നിലപാടാണ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പരസ്യമായി പുലര്‍ത്തിയതെങ്കിലും സുപ്രീംകോടതയില്‍ ഇപ്പോള്‍ ഉണ്ടായ നടപടി ഏറെ സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് ലവലി പറഞ്ഞു. ഒരു കേസില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ ബാധ്യതയുള്ള അറ്റോര്‍ണി ജനറല്‍ ഓഫീസ് ആര്‍ക്കൊപ്പമാണ് ഇവിടെ നില്‍ക്കുന്നതെന്ന് സംശയം ഉയരുന്നു. കേസില്‍ ജൂറി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതി ഗേജ് ബഥൂണിനെ കുറ്റപത്രത്തിലെ ഒരു വാക്ക് സംശയംജനിപ്പിച്ചോ എന്നു ചൂണ്ടിക്കാട്ടി ജൂറി വിധി അസാധുവാക്കിയ സര്‍ക്യൂട്ട് കോടതി ജഡ്ജി മാര്‍ക് ക്ലര്‍ക്കിന്റെ നടപടി ഇല്ലിനോയിയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് കേസിലെ പ്രോസിക്യൂട്ടറായ ഡേവഡ് നീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂറി ഏകകണ്ഠമായി കുറ്റക്കാരനായി കണ്ടെത്തുന്ന പ്രതിക്ക് ശിക്ഷാ കാലാവധി പ്രഖ്യാപിക്കുക മാത്രമാണ് ജഡ്ജി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് പ്രോസിക്യൂഷന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. കാരണം, മുമ്പെങ്ങും നിയമ വ്യവസ്ഥയില്‍ ഉണ്ടാകാത്ത കാര്യമായതു കൊണ്ട് ഏതെങ്കിലും മുന്‍കാല വിധികള്‍ ഇതിനു വേണ്ടി ചൂണ്ടിക്കാണിക്കാനില്ലായിരുന്നു.
പ്രോസിക്യൂഷന്‍ ദിവസങ്ങളോളമെടുത്ത് സമഗ്രമായി തയാറാക്കി നല്‍കിയ 200 പേജള്ള അപ്പീല്‍ ഹര്‍ജിയില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്നു പോലും നോക്കാന്‍ മിനക്കെടാതെ സുപ്രീംകോടതി തുടര്‍ നടപടികള്‍ വേണ്ട എന്ന വിധി നടത്തിയിരിക്കുന്നു. കേസില്‍ ഗേജ് ബഥൂണിനെ പ്രതിയെന്നു സംശയിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ഇതോടെ എത്തിച്ചിരിക്കുന്നത്. അതായത് ഇനി വീണ്ടും ജൂറി ചേര്‍ന്ന് കേസില്‍ വിചാരണ നടത്തണം. കാലം ഏറെ എടുക്കുന്ന കാര്യമാണിത്. ജൂണില്‍ രണ്ടാഴ്ചയോളം ഈ കേസില്‍ വിചാരണ നടത്തിയ ജൂറി ഏകകണ്ഠമായി പ്രോസിക്യൂഷന്‍ ആരോപിച്ച ചാര്‍ജുകളിലൊന്നില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ്. അതിനു ശേഷം പ്രതിയുടെ ശിക്ഷാ കാലാവധി പ്രഖ്യാപിക്കാന്‍ സര്‍ക്യൂട്ട് കോടതി ജഡ്ജി തീയതിയും പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇതിനിട പ്രതിഭാഗം ഷിക്കാഗോയില്‍ നിന്ന് കൊണ്ടുവന്ന പുതിയ അറ്റോര്‍ണി കേസ് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ശിക്ഷാ തീയതി പ്രഖ്യാപനം മാറ്റുകയുമായിരുന്നു. വലിയ ഫീസ് നല്‍കേണ്ട അറ്റോര്‍ണിയെയാണ് പ്രതിഭാഗം പ്രത്യേകമായി കൊണ്ടുവന്നത്. ജൂറി വിധി തള്ളിക്കളയണമെന്നും പുതിയ വിചാരണ നടത്തണമമെന്നും ആവശ്യപ്പെട്ട് ഈ അറ്റോര്‍ണി സര്‍ക്യൂട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. സെപ്റ്റംബര്‍ 17 ന് പ്രതിയുടെ ശിക്ഷാ കാലാവധി പ്രഖ്യാപിക്കാനിരിക്കെ അന്നു രാവിലെ കോടതി ചേര്‍ന്ന് പ്രതിഭാഗത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ജൂറി വിധി അസാധുവാക്കുകയായിരുന്നു. ഗേജ് ബഥൂണ്‍ ജയിലില്‍ കിടന്ന അവസരത്തിലും മയക്കു മരുന്ന് ഇടപാട് നടത്തിയതിന്റെ തെളിവുകള്‍ ശിക്ഷാ കാലാവധി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഹാജരാക്കുവാന്‍ കാര്‍ബണ്‍ഡെയില്‍ പോലീസ് കാത്തിരിക്കുമ്പോഴാണ് ജഡ്ജിയുടെ അസാധാരണ നടപടി ഉണ്ടായത്. സര്‍ക്യൂട്ട് കോടതി വിധിക്കെതിരേയുള്ള അപ്പീല്‍ സുപ്രീംകോടതി സ്വീകരിച്ചപ്പോള്‍ നീതിയുടെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ആശ്വസിച്ചവര്‍ക്ക് ഇപ്പോള്‍ ഉണ്ടായ നടപടി കടുത്ത നിരാശയാണ് നല്‍കുന്നതെന്ന് ലവ്‌ലി പറഞ്ഞു.
ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ ഈ കേസില്‍ ഉണ്ടാകുന്ന അസാധാരണ നടപടികള്‍ നിയമ വ്യവസ്ഥയില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസമാണ് നഷ്ടമാക്കുന്നത്. സര്‍ക്യൂട്ട് കോടതിയില്‍ അസാധാരണ വിധി നടത്തിയ ജഡ്ജി അടുത്ത തന്നെ വിരമിക്കുകയാണ്. സുപ്രീംകോടതിയിലെ അപ്പീലില്‍ ഇടപെടലിനു ശ്രമിച്ച അറ്റോര്‍ണി ജനറല്‍ അടുത്തു തന്നെ സ്ഥാനമൊഴിയുകയാണ്. നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാന്‍ ബാധ്യതയുള്ള ഇവര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുതെന്ന് സംശയം ഉണരുന്നു. നാലു വര്‍ഷം മുമ്പ് പ്രവീണിന്റെ മൃതദേഹം കാര്‍ബണ്‍ഡെയില്‍ വനത്തില്‍ നിന്നു കണ്ടെത്തിയപ്പോള്‍ പ്രതികൂല കാലാവസ്ഥയാണ് മരണത്തിനു കാരണമെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമത്തില്‍ നിന്ന് കേസ് ഇതുവരെ എത്തിച്ചതിനു പിന്നില്‍ ഭഗീരഥ പ്രയത്‌നം തന്നെ ഉണ്ടായിട്ടുണ്ട്. മലയാളി സമൂഹവും, ലവ്‌ലി വര്‍ഗീസും നടത്തിയ നിരന്തര പോരാട്ടത്തിന് നിരവധി ജനപ്രതിനിധികള്‍ ഊറ്റമായ പിന്തുണ നല്‍കിയിരുന്നു. പോലീസിന്റെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുന്ന റേഡിയോ ഹോസ്റ്റ് മോനിക്ക സൂക്ക് ഉള്‍പ്പെടെ നിരവധി പേര്‍ നടത്തിയ ജാഗ്രതാ പൂര്‍ണമായി ഇടപെടല്‍ പ്രവീണിന് നീതി നേടിക്കൊടുക്കുമെന്ന പ്രതീക്ഷ വളര്‍ത്തിയിരുന്നു. ഈ കേസ് സമഗ്രമായി പഠിക്കുകയും എല്ലാ തടസവാദങ്ങളും മറികടന്ന് ജൂറിയുടെ മുന്നില്‍ തന്റെ കക്ഷിയുടെ വാദങ്ങള്‍ ശക്തമായി അവതരിപ്പിക്കുകയും ചെയ്ത സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ റോബിന്‍സണ്‍ പോലും ഈ കേസിലെ അസാധാരണ നടപടികളില്‍ അമ്പരപ്പ് പ്രകടിപ്പിക്കുന്നു. ജൂറി നടപടികളിലോ, പ്രോസിക്യൂഷന്‍ നടപടികളിലോ ഒരു വീഴ്ചയുമില്ലെന്നു പറഞ്ഞ ശേഷം കുറ്റപത്രത്തിലെ ഒരു വാക്ക് സംശയം ജനിപ്പിച്ചോ എന്നു പറഞ്ഞ് ജൂറി വിധി അസാധുവാക്കിയ ജഡ്ജിയുടെ വഴിയേ സുപ്രീംകോടതിയും പോകുമ്പോള്‍ നീതിദേവതയുടെ 'കണ്ണടപ്പിക്കുവാനല്ലേ' ശ്രമം നടക്കുന്നതെന്ന് സാധാരണക്കാര്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.

Write A Comment

 
Reload Image
Add code here