പരാജയത്തിലും വിജയിച്ചെന്ന് ട്രമ്പ്

Thu,Nov 08,2018


പരാജയങ്ങള്‍ മൂടിവയ്ക്കുക, വിജയങ്ങള്‍ ആഘോഷിക്കുക - അതാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പയറ്റുന്ന തന്ത്രം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഹൗസില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതും, അത് ഭരണകൂടത്തിന് ഉണ്ടാക്കാനിടയുള്ള പ്രതിസന്ധികളും നിസാരമായി അവഗണിക്കുകയും സെനറ്റില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിയത് ആഘോഷിക്കുകയും ചെയ്യുന്നു. ഹൗസിന്റെ മേലുള്ള പിടി അയയുമ്പോഴും ''വമ്പന്‍ വിജയം'' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തതിന്റെ പൊരുള്‍ മറ്റൊന്നല്ല. വംശവിദ്വേഷവും ഭീതിയും പ്രചരിപ്പിക്കുന്ന ട്രമ്പ്-ബ്രാന്‍ഡ് രാഷ്ട്രീയത്തിന് ഇനിയും വിജയങ്ങള്‍ നേടാന്‍ കഴിയുമെന്ന തെളിവാണ് ഹൗസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴും സെനറ്റില്‍ നില മെച്ചപ്പെടുത്താനായതെന്ന് ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. ആ അര്‍ത്ഥത്തില്‍ ട്രമ്പ് വിജയം ആഘോഷിക്കുന്നതില്‍ തെറ്റു പറയാനുമാകില്ല. തന്റെ നിലപാടുകള്‍ തെറ്റിയെന്ന് ചിന്തിക്കാന്‍ ട്രമ്പിന് ഇടക്കാല തെരഞ്ഞെടുപ്പുഫലം അവസരം നല്‍കുന്നില്ലെന്നുമാത്രമല്ല നിലപാടുകള്‍ ശരിയായിരുന്നു എന്ന് ചിന്തിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിനാല്‍ ട്രമ്പിന്റെ രീതികള്‍ക്കോ നിലപാടുകള്‍ക്കോ കാര്യമായ മറ്റം പ്രതീക്ഷിക്കാനാവില്ല. ''വളരെ മയത്തിലുള്ള ശൈലി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു പരിധിവരെ എനിക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. ചിലപ്പോള്‍ ഞാനത് ചെയ്‌തേക്കും,'' സിന്‍ക്ലെയര്‍ ബ്രോഡ്ക്കാസ്റ്റ് ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പക്ഷേ, പ്രസിഡന്റ് ട്രമ്പ് പുനര്‍ചിന്തനം നടത്തുകയോ മയപ്പെടുത്തിയ ഭാഷഉപയോഗിക്കുകയോ ചെയ്ത ചരിത്രമില്ല. ഭീഷണിയും അനുരഞ്ജനവും ഇടകലര്‍ന്ന ശൈലി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിലും അദ്ദേഹം പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടെ തുടരാനുള്ള സാദ്ധ്യതയാണ് കാണുന്നത്.
എക്‌സിക്യൂട്ടീവിന് പ്രവര്‍ത്തിക്കാന്‍ ഇടം ധാരാളമുള്ള വിദേശനയ രംഗത്തേക്കായിരിക്കും ട്രമ്പ് ഇനി തല്‍ക്കാലം ശ്രദ്ധ തിരിക്കുക എന്നാണ് പലരും വിശ്വസിക്കുന്നത്. രാഷ്ട്രീയ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ പല പ്രസിഡണ്ടുമാരും ഈ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നത്. ഈ വാരാന്ത്യത്തില്‍ പാരീസില്‍ രണ്ടാം ലോകയുദ്ധാവസാനത്തിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം യൂറോപ്യന്‍ നേതാക്കളുമായി കൂടിക്കാണും. മാസാവസാനം ബ്യൂണോസ് അയേഴ്‌സില്‍ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങ്, റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയവരുമായി കൂടിക്കാണും. അതു കഴിഞ്ഞാല്‍, 2020 തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി അദ്ദേഹം ഉടന്‍ റാലികളില്‍ സംഘടിപ്പിക്കും. തന്റെ പിന്തുണക്കാരുടെ മൂഡ് മാറ്റാനും വാഷിംഗടണില്‍നിന്ന് തല്‍ക്കാലം രക്ഷപ്പെടാനും അത് അവസരമൊരുക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. 2020ലെ തെരഞ്ഞെടുപ്പിനെപ്പറ്റി കൂടുതല്‍ കൂലങ്കഷമായ ശ്രദ്ധ ട്രമ്പിന് വേണ്ടിവരും. രാഷ്ട്രീയമായി ദുര്‍ബ്ബലനായാലും ട്രമ്പിന് സമാധാനിക്കാന്‍ വകയുണ്ട്. വൈറ്റ് ഹൗസ് നിയന്ത്രിക്കുന്ന പാര്‍ട്ടി ഹൗസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ തോല്ക്കുക പതിവാണ്. അദ്ദേഹത്തിന്‍ മൂന്നു മുന്‍ഗാമികള്‍ - ക്ലിന്റണ്‍, ബുഷ്, ഒബാമ - ഇതേപോലത്തെ സാഹചര്യം നേരിട്ടവരാണ്. ക്ലിന്റണും ഒബാമയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാല തെരഞ്ഞെടുപ്പ് തോറ്റതിന് ഉത്തരവാദിത്വം മൂന്ന് മുന്‍ഗാമികളും ഏറ്റെടുത്തെങ്കിലും ട്രമ്പ് അത് ചെയ്യാനുള്ള സാദ്ധ്യതയില്ല. പകരം അദ്ദേഹം വിജയം ആഘോഷിക്കും.
പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍
എങ്കിലും അദ്ദേഹത്തിന് പുതിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായി എറ്റുമുട്ടേണ്ട അവസരം തെരഞ്ഞെടുപ്പുഫലം സൃഷ്ടിക്കാതിരിക്കില്ല. ട്രമ്പിന്റെ നിയമനിര്‍മ്മാണ അജണ്ടകളെയായിരിക്കും ഡെമോക്രാറ്റുകളുടെ മുന്നേറ്റം ഏറെയും ബാധിക്കുക. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പ്രഖ്യാപിച്ച നിയമനിര്‍മ്മാണ ലക്ഷ്യങ്ങള്‍ അദ്ദേഹത്തിന് വെട്ടിച്ചുരുക്കേണ്ടിവരും. ഉദാഹരണത്തിന്, മിഡില്‍ ക്ലാസ് അമേരിക്കക്കാര്‍ക്ക് വാഗ്ദാനം ചെയ്ത 10 ശതമാനം നികുതിയിളവ് അസാദ്ധ്യമാകാം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഭിത്തികെട്ടാനുള്ള ധനവിനിയോഗത്തിന് ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ക്കാനിടയുണ്ട്. ട്രമ്പിന്റെ കടുപ്പമുള്ള വ്യാപാര നയങ്ങളും ചോദ്യം ചെയ്യപ്പെട്ടേക്കാം. നിയമനിര്‍മ്മാണങ്ങള്‍ വിഭജിതമായ കോണ്‍ഗ്രസ് ഉയര്‍ത്താനിടയുള്ള വെല്ലുവിളികളില്‍ ചെറിയൊരു ഘടകം മാത്രമേ ആകുന്നുള്ളു. ട്രമ്പിന്റെ ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അന്വേഷണം നടത്താനും ഫയലുകള്‍ വിളിച്ചുവരുത്താനുമുള്ള ഹൗസിന്റെ അധികാരം രണ്ടാമൂഴത്തിനുവേണ്ടി ശ്രമിക്കുന്ന പ്രസിഡന്റിന് അലോരസങ്ങല്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാം. ട്രമ്പിന്റെ ബിസിനസ് ഇടപാടുകളുടെ താല്പര്യസംഘര്‍ഷം, റഷ്യന്‍ ബന്ധം, പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹം മടിക്കുന്ന ടാക്‌സ് റിട്ടേണ്‍ തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം ഉണ്ടാകാം. തനിക്കെതിരെ ഡെമോക്രാറ്റുകള്‍ അന്വേഷണത്തിനു പുറപ്പെട്ടാല്‍ സെനറ്റിലെ റിപ്പബ്ലിക്കന്മാര്‍ ഡെമോക്രാറ്റുകളുടെ ദുര്‍ചെയ്തികള്‍ അന്വേഷിച്ച് പ്രതിരോധിക്കുമെന്ന് ട്രമ്പ് പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപടലും അതില്‍ ട്രമ്പിന്റെ പ്രചാരണവിഭാഗത്തിന്റെ പങ്കും സംബന്ധിച്ച് സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ നടത്തുന്ന അന്വേഷണത്തിന് തെരഞ്ഞെടുപ്പു ഫലം പുതിയ ഊര്‍ജ്ജം പകരുമെന്ന് ചില നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റുമായി ഇന്റര്‍വ്യൂവിവിനുള്ള മുള്ളറുടെ അഭ്യര്‍ത്ഥന തള്ളണമോ കൊള്ളണമോ, അതോ ഉത്തരങ്ങള്‍ എഴുതിനല്‍കിയാല്‍ മതിയോ എന്നൊക്കെ ട്രമ്പിനും അഭിഭാഷകര്‍ക്കും ഉടനെ തീരുമാനിക്കേണ്ടിവരും. പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യാനുള്ള നീക്കം ഡെമോക്രാറ്റുകള്‍ ഉപേക്ഷിച്ചെങ്കിലും അതിനുള്ള സാദ്ധ്യത റിപ്പബ്ലിക്കന്മാര്‍ സഭ നിയന്ത്രിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്. പക്ഷേ, ആ വിഷയത്തില്‍ ഡെമോക്രാറ്റുകള്‍തന്നെ വിഭജിതരാണെന്ന കാര്യം വിസ്മരിക്കാനാവില്ല. അതിനാല്‍ അതിന് വിദൂരസാദ്ധ്യത മാത്രമേയുള്ളു. ഡെമോക്രാറ്റുകള്‍ നിയമനിര്‍മ്മാണ അജണ്ടകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നും ഇംപീച്ച്‌മെന്റിനല്ലെന്നും ഹൗസിലെ ഡെമോക്രാറ്റിക് നേതാവ് നാന്‍സി പൊളോസി പറഞ്ഞു.
തന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങളുടെ വ്യാപ്തിയെപ്പറ്റി ട്രമ്പിനുള്ള ധാരണകളും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിന് കാരണമായേക്കാം. അത് ഭരണസ്തംഭനത്തിലേക്കുവരെ വഴിതെളിക്കാം. ഡെമോക്രാറ്റുകള്‍ക്കു നിയന്ത്രണമുള്ള ഹൗസ് ട്രമ്പിന്റെ ബിസിനസ് അനുകൂല അജണ്ടകളെ തകിടം മറിക്കാനിടയുണ്ടെന്ന് ചിലര്‍ കരുതുന്നുണ്ട്. അത് ട്രമ്പ് ഭരണകൂടത്തെ അനിശ്ചിതത്വത്തിന്റെ പിടിയിലാക്കും. പക്ഷേ യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് കുതിച്ചുയരാന്‍ ഇടയാക്കിയ കോര്‍പ്പറേറ്റ് നികുതിയിളവ് നിയന്ത്രണങ്ങളില്‍ വരുത്തിയ അയവ് തുടങ്ങിയവ നിലനില്‍ക്കും. വിദേശനയ കാര്യത്തില്‍ നിയന്ത്രണങ്ങളില്ലാത്ത ട്രമ്പിന്റെ നടപടികള്‍ക്ക് കടിഞ്ഞാണിടാന്‍ ഡെമോക്രാറ്റിക് ഹൗസ് ശ്രമിക്കും എന്നതാണ് മറ്റൊരു കൂട്ടര്‍ കരുതുന്നത്. തീര്‍ത്തും വ്യക്തിഗതമായ രീതിയിലാണ് ട്രമ്പ് വിദേശ നയം കൈകാര്യം ചെയ്തിരുന്നത്. കാനഡ, യൂറോപ്പ് പോലുള്ള ഏറ്റവും അടുത്ത സഖ്യകക്ഷികളെ വെറുപ്പിക്കുകയും, പരമ്പരാഗത എതിരാളികളായ റഷ്യ, ഉത്തര കൊറിയ തുടങ്ങിയവയോട് അടുപ്പം കാട്ടുകയും ചെയ്യുന്നു. പക്ഷേ, അപ്പോഴൊന്നും ഇടപെടാന്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷ കോണ്‍ഗ്രസ് വിസമ്മതിക്കുകയായിരുന്നു. ഇനി റഷ്യ, സൗദി അറേബ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളോട് കടുത്ത സമീപനം സ്വീകരിക്കാന്‍ ഹൗസ് ഡെമോക്രാറ്റുകള്‍ ട്രമ്പിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാം. എങ്കിലും ഡെമോക്രാറ്റുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകളുമുണ്ട്. ഉദാഹരണത്തിന് യുഎസും കാനഡയും മെക്‌സിക്കോയുമായുള്ള വ്യാപാര കരാര്‍ തൊഴിലുമായി ബന്ധപ്പെട്ട ചില ഭേദഗതികള്‍ വരുത്തിയാല്‍ ഇരു പക്ഷത്തിന്റെയും പിന്തുണ ലഭിക്കുന്ന വിഷയമാണ്. റോഡുകള്‍, പാലങ്ങള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം, പ്രിസ്‌ക്രിപ്ഷന്‍ ഔഷധങ്ങളുടെ വില തുടങ്ങിയവ ഇരു പക്ഷത്തിനും താല്പര്യമുള്ള വിഷയങ്ങളാണ്. ഡിസംബറിനു ശേഷം ഗവണ്മെന്റ് പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാനുള്ള ഫണ്ടിന്റെ കാര്യത്തില്‍ നിലവിലെ കോണ്‍ഗ്രസില്‍ത്തന്നെ ഇരു പാര്‍ട്ടികള്‍ക്കും തീരുമാനം കൈക്കൊള്ളേണ്ടിവരും. എന്തായാലും, ഇരു സഭകളിലും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഭൂരിപക്ഷമുള്ള കാലത്തേക്കാള്‍ വിട്ടുവീഴ്ചകള്‍ക്കുള്ള ട്രമ്പിന്റെ കഴിവുകള്‍ വിഭജിത കോണ്‍ഗ്രസിന്റെ കാലത്ത് പരീക്ഷിക്കപ്പെടും
സെനറ്റിലെ നേട്ടം
അതേ സമയം സെനറ്റില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനായത് യാഥാസ്ഥിതികരായ ആളുകളെ ഫെഡറല്‍ ജഡ്ജിമാരായി നിയമിക്കുന്ന പ്രക്രിയക്ക് ആക്കം വര്‍ദ്ധിപ്പിക്കും. സെനറ്റിലുടെ ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് ട്രമ്പിന്റെ നിയമനിര്‍മ്മാണ അജണ്ടകള്‍ക്കും ജഡ്ജി നിയമനങ്ങള്‍ക്കും ശക്തമായ തിടയിടാന്‍ സാധിക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. മാത്രമല്ല ഡെമോക്രാറ്റുകളുടെ ഇഷ്ടവിജയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള പഴുതില്ലാതാകുകയും ചയ്തു. തനിക്ക് താല്പര്യമില്ലാത്ത നിയമനിര്‍മ്മാണങ്ങള്‍ വീറ്റോ ചെയ്യുന്നതിന് പ്രസിഡന്റിനു കഴിയുകയും ചെയ്യും. നാല് പ്രമുഖ ഡെമോക്രാറ്റുകളെ അട്ടിമറിച്ചാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ മുന്‍തൂക്കം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന 35 സെനറ്റ് സീറ്റുകളില്‍ പലതും റിപ്പബ്ലിക്കന്‍ ചായ്‌വുള്ളവയായിരുന്നു എന്നത് മറക്കാനാവില്ല. എന്നാല്‍ 36 സംസ്ഥാനങ്ങളില്‍ (പലതും 2016ല്‍ ട്രമ്പിനെ പിന്തുണച്ചവ ആയിരുന്നു) നടന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്‍ ജയിച്ചത് ട്രമ്പിന് നല്ല സൂചനയല്ല. വിസ്‌കോണ്‍സിന്‍, കന്‍സാസ്, നെവാഡ, ഇലിനോയ്, മിഷിഗണ്‍, നിനെസോട്ട എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. പക്ഷേ, ഒഹായോയും ഫ്‌ളോറിഡയും കിട്ടിയില്ല. 2020 തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടുകളും മറ്റും പുനര്‍നിര്‍ണ്ണയം നടത്തുമ്പോള്‍ ആരാണ് ഗവര്‍ണര്‍ എന്നത് നിര്‍ണായകമാകാം.

Write A Comment

 
Reload Image
Add code here