ഇത് മലയാളിയുടെ മാതൃകാ വിജയം

Thu,Nov 08,2018


അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് മലയാളികള്‍ക്ക് ആഹ്ലാദവും അഭിമാനവും സമ്മാനിക്കുന്ന ഒന്നായി പരിണമിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസ് ആ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിക്കു കൂടി അര്‍ഹനായപ്പോള്‍ റിപ്പബ്ലിക്കന്‍ കോട്ടയായി അറിയപ്പെടുന്ന ടെക്‌സാസിലെ ഹൂസ്റ്റണില്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികള്‍ അട്ടിമറി വിജയം നേടി. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച കെ.പി.ജോര്‍ജും, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ജൂലി മാത്യുവും നേടിയ അമ്പരപ്പിക്കുന്ന വിജയം അമേരിക്കയിലെ മലയാളി സമൂഹത്തിനുള്ള ഉണര്‍ത്തുപാട്ടാണ്. മൂവരും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് എന്നതും ശ്രദ്ധ നേടുന്നു.
സമൂഹം ചെറുതാണെങ്കിലും ഒരുമിച്ച് നിന്ന് പോരാടാന്‍ ശ്രമിച്ചാല്‍ നേട്ടങ്ങള്‍ വഴിയേ വരുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഹൂസ്റ്റണില്‍ കണ്ടത്. ജാതി - മത - വര്ഗീയ ചിന്തകള്‍ക്കതീതമായി ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ മത്സരത്തിനിറങ്ങിയ മലയാളികള്‍ക്ക് ഉറച്ച പിന്തുണ നല്‍കാന്‍ സമൂഹം തയാറായി. മലയാളികളുടെ ഈ കൂട്ടായ്മയ്ക്ക് ഇതര ഇന്ത്യന്‍ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചിരുന്നു. കുടിയേറിയ നാട്ടില്‍ കുടിയേറ്റക്കാര്‍ നേടിയ ഈ വിജയം ഇവിടെ ജനിച്ചു വളരുന്ന രണ്ടാം തലമുറയ്ക്ക് വലിയ പ്രചോദനം നല്‍കുന്നതായി മാറും.
ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയിലെ രജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ ഏകദേശം 426,000 ആണ്. ഇതില്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ പത്തു ശതമാനത്തോളം വരും. മലയാളി വോട്ടര്‍മാരുടെ സംഖ്യ അയ്യായിരത്തിനും പതിനായിരിത്തിനുമിടയ്ക്കാണ്. അമേരിക്കയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളോട് പൊതുവേ പുറം തിരിഞ്ഞു നില്‍ക്കാറുള്ള മലയാളി സമൂഹം ഇത്തവണ മലയാളി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ സജീവമായെന്നു മാത്രമല്ല, വോട്ടു ചെയ്യുന്ന കാര്യത്തിലും ശുഷ്‌കാന്തി പ്രകടിപ്പിച്ചു. ഈ ഒരുമയാണ് ഹൂസ്റ്റണില്‍ അട്ടിമറി വിജയത്തിനുള്ള വഴി തുറന്നത്. ഹൂസ്റ്റണില്‍ ഇന്ത്യന്‍ സമൂഹം പ്രകടിപ്പിച്ച കൂട്ടായ്മ അമേരിക്കയിലെ ഇതര സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ അസാധ്യമെന്നു കരുതുന്ന പലതും നേടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ പോള്‍ ചെയ്ത 233,307 വോട്ടുകളില്‍ 51.37 ശതമാനം വോട്ടുകള്‍ (119,848) നേടിയാണ് ജോര്‍ജ് ജയിച്ചത്. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ മുഖ്യഭരണ ചുമതല നിര്‍വഹിക്കുന്ന കൗണ്ടി ജഡ്ജി പദവിയിലക്കാണ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൗണ്ടിയിലെ ഭരണപരമായ കാര്യങ്ങളിലെല്ലാം തീര്‍പ്പു കല്‍പിക്കുന്ന ഓഫീസാണിത്. 15 വര്‍ഷമായി നിലവിലുള്ള ജഡ്ജിയും റിപ്പബ്ലിക്കനുമായ റോബര്‍ട്ട് ഹെര്‍ബര്‍ട്ടിനെയാണ് പൊതുതെരഞ്ഞെടുപ്പില്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. ടെക്‌സാസില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പത്താമത്തെ വലിയ കൗണ്ടിയായ ഫോര്‍ട്ട്‌ബെന്‍ഡില്‍ 2017 ലെ കണക്കനുസരിച്ച് 764,828 ജനങ്ങളാണുള്ളത്. ഷുഗര്‍ലാന്‍ഡ്, റോസന്‍ബര്‍ഗ്, റിച്ച്മണ്ട് തുടങ്ങി 12 സിറ്റികള്‍ പൂര്‍ണമായും ഹൂസ്റ്റണ്‍, കേറ്റി, മിസോറി സിറ്റി, പിയര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് എന്നീ സിറ്റികള്‍ ഭാഗികമായും ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ ഉള്‍പ്പെടുന്നു. അമേരിക്കയില്‍ അതിവേഗം വളര്‍ച്ച നേടുന്ന അഞ്ചാമത്തെ കൗണ്ടിയാണിത്. ടെക്‌സാസിലെ ഏറ്റവും സമ്പന്ന കൗണ്ടി എന്ന ഖ്യാതിക്ക് 2015 ല്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി അര്‍ഹമായിരുന്നു. 885 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഈ കൗണ്ടിയുടെ ഭരണസാരഥ്യമാണ് ഒരു മലയാളിക്ക് കരഗതമായിരിക്കുന്നത്.
കൗണ്ടിയിലെ ജനങ്ങള്‍ക്ക് ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ സേവനം ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കെ.പി.ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷംഹൂസ്റ്റണില്‍ വലിയ നാശം വിതച്ച ഹാര്‍വി ചുഴലി കൊടുങ്കാറ്റ് നേരിടുന്നതിനു വേണ്ട ആവശ്യമായ മുന്നൊരുക്കം കൗണ്ടിയില്‍ നടത്താത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ഫോര്‍ട്ട്‌ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് (ഐ.എസ്.ഡി) ബോര്‍ഡ് ട്രസ്റ്റി കൂടിയായ ജോര്‍ജ് പത്തനംതിട്ട സ്വദേശിയാണ്. 1999 മുതല്‍ ഹൂസ്റ്റണ്‍ നിവാസിയാണ്. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് സാമൂഹ്യക്ഷേമ രംഗത്ത് സജീവമാണ്. ഷുഗര്‍ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ടബെന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് റിക് മില്ലറുടെ പോളിസി ആന്‍ഡ് അഫയേഴ്‌സ് കമ്മിറ്റി അംഗമായിരുന്നു. ഫോര്‍ട്ട്‌ബെന്‍ഡ് ഐ.എസ്.ഡി പേരന്റ്‌സ് അഡൈ്വസറി ടീമില്‍ അംഗമായ ജോര്‍ജ് 2013 ല്‍ സ്ഥാപിതമായ ഹൈടവര്‍ ഹൈസ്‌കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്. ജോര്‍ജിന്റെ ഭാര്യ ഷീബ അധ്യാപികയാണ്. മക്കള്‍: രോഹിത്, ഹെലന്‍, സ്‌നേഹ.
ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ട് ആറില്‍ നിന്ന് 29 വര്‍ഷമായി ജയിച്ചു വന്ന റിപ്പബ്ലിക്കന്‍ കെമ്പ് ഹാനനെയാണ് പാവങ്ങളുടെ അറ്റോര്‍ണി എന്നറിയപ്പെടുന്ന കെവിന്‍ തോമസ് മുട്ടുകുത്തിച്ചത്. കെവിന് 50,752 വോട്ടു ലഭിച്ചപ്പോള്‍ എതിരാളിക്ക് 48,771 വോട്ടുകളാണ് കിട്ടിയത്. പ്രസിഡന്റ് ട്രമ്പിന്റെ നയങ്ങള്‍ പണക്കാരെ കൂടുതല്‍ പണക്കാരാക്കുന്നതും, പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുന്നതുമാണെന്ന് കെവിന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദശാബ്ദിത്തിലേറെയായി ബ്രോങ്ക്‌സില്‍ പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണിയാമ് കെവിന്‍. താന്‍ എന്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ട്രമ്പ് ഭരണകൂടം ചെയ്യുന്നതെന്നും, ഇതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാമ് താന്‍ സ്ഥാനാര്‍ഥിയായതെന്നും കെവിന്‍ പറഞ്ഞു. യു.എസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമായ കെവിന്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. റാന്നി കാനമൂട്ടില്‍ തോമസ് - റേച്ചല്‍ (കൊച്ചുപുത്തന്‍പുരയ്ക്കല്‍, തിരുവല്ല) ദമ്പതികളുടെ മകനാണ് കെവിന്‍. ഫാര്‍മസിസ്റ്റായ ഭാര്യ റിന്‍സി തോമസ് വെണ്‍മണി തറയില്‍ കുടുംബാംഗമാണ്.
പോള്‍ ചെയ്ത 249,045 വോട്ടില്‍ 53.29 ശതമാനം വോട്ടുകള്‍ (132,715) നേടിയാണ് ജൂലി വിജയക്കൊടി പാറിച്ചത്. കൗണ്ടിയില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് ജൂലിക്കാണ് എന്നതും ശ്രദ്ധേയമാണ്. കൗണ്ടിയിലെ കോടതി വ്യവഹാര നിര്‍വഹണം നടത്തുന്ന ആറു ജഡ്ജിമാരിലൊരാളായാണ് ജൂലി മാത്യു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രിഷ കെനക്കിനെയെയാണ് ജൂലി തോല്‍പിച്ചത്. 2013 - 14 കാലഘട്ടത്തില്‍ ജസ്റ്റിസ് കോര്‍ട്ട് ജഡ്ജി സ്ഥാനത്തേക്കു മത്സരിക്കുവാന്‍ താല്‍പര്യപ്പെട്ട് ഡെമോക്രാറ്റ് പാര്‍ട്ടിയെ സമീച്ചിരുന്നുവെങ്കിലും പ്രചാരണത്തിന് വലിയ തുക വേണ്ടിവരുമെന്ന് പറഞ്ഞതു കൊണ്ട് പിന്മാറുകയായിരുന്നുവെന്ന് ജൂലി പറഞ്ഞു. 2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം മത്സര രംഗത്തിറങ്ങാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ആശ്രയം നിയമ വ്യവസ്ഥയാണെന്ന വ്യക്തമായ ബോധ്യമുള്ളതു കൊണ്ടാണെന്ന് ജൂലി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ സേവന കാലം നാലു വര്‍ഷമാണ്. ജനുവരിയില്‍ പുതിയ സ്ഥാനം ജൂലി ഏറ്റെടുക്കും.
ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ 2002 മുതല്‍ താമസിക്കുന്ന ജൂലി മാത്യുവിനെ അടുത്തയിടെ അര്‍ക്കോളയില്‍ അസോസിയേറ്റ് മുനിസിപ്പല്‍ ജഡ്ജിയായി നിയമച്ചിരുന്നു. 14 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി ഫോര്‍ട്ട്‌ബെന്‍ഡില്‍ മാത്രമല്ല സമീപത്തുള്ള ഹാരിസ്, മോണ്ട്‌ഗോമറി, ഗാല്‍വസ്റ്റണ്‍, ബ്രസോറിയ തുടങ്ങിയ കൗണ്ടികളിലും കേസുകള്‍ കൈകാര്യം ചെയ്യുന്നു. കോടതി സംവിധാനം കൂടുതല്‍ കാര്യക്ഷമാക്കാനും, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ജൂലി മാത്യു പറഞ്ഞു. കമ്യൂണിറ്റിയെ മൊത്തത്തില്‍ പ്രതിനിധാനം ചെയ്യുന്നതാവാണം ജൂറിയെന്നും, ഭരണഘടാനുസൃതമായി നീതിപൂര്‍വം ചുമതലകള്‍ നിറവേറ്റാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ജൂലി കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് ജിമ്മിക്കും മക്കളായ അലീന, അവ, സോഫിയ എന്നിവര്‍ക്കുമൊപ്പം ഫസ്റ്റ് കോളനി മേഖലയിലാണ് ജൂലി താമസിക്കുന്നത്.
കൗണ്ടയിലെ വോട്ടര്‍മാര്‍ നല്‍കിയ പിന്തുണയ്ക്ക് ജോര്‍ജും ജൂലിയും അകമഴിഞ്ഞ നന്ദി അറിയിച്ചു. വോട്ടര്‍മാരുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുവാന്‍ പരമാവധി പരിശ്രമിക്കുമെന്ന് ഇരുവരും പറഞ്ഞു.

Write A Comment

 
Reload Image
Add code here