കര്‍ണാടകയിലെ വിജയം ചൂണ്ടുപലകയോ?

Thu,Nov 08,2018


'2019ലെ മത്സരത്തിന്റെ സെമി ഫൈനല്‍സ്' എന്ന് കോണ്‍ഗ്രസും ബിജെപിയും വിശേഷിപ്പിച്ച, കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സന്ദേശം ഇതാണ്: മോദിയുടെ വ്യക്തിപ്രഭാവത്തില്‍ മുന്നേറുന്ന ബിജെപിയെ തളയ്ക്കാന്‍ രാഷ്ട്രീയ സഖ്യങ്ങള്‍ ഫലപ്രദമാണ്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് അസംബ്ലി മണ്ഡങ്ങളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നാലിലും കോണ്‍ഗ്രസ് - ജനതാ ദള്‍ (എസ്) സഖ്യം തൂത്തുവാരി.
കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഗവണ്മെന്റ് രൂപീകരിക്കുന്നതു തടയാന്‍ ധൃതിപിടിച്ച് തല്ലിക്കൂട്ടിയ മുന്നണി പരസ്പര വൈരുദ്ധ്യങ്ങള്‍കൊണ്ട് ഏന്തിയും വലിഞ്ഞുമാണ് മുന്നോട്ടു പോയിരുന്നത്. ഒരു ആംഗ്ലോ ഇന്ത്യന്‍ നോമിനി അടക്കം 225-അംഗങ്ങളുള്ള നിയമസഭയില്‍ 80 സീറ്റുകളുള്ള കോണ്‍ഗ്രസ് 37 സീറ്റുകള്‍ മാത്രം നേടിയ ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം ദാനം ചെയ്താണ് മുന്നണി രൂപീകരിച്ചതും ഭരണം പിടിച്ചതും. അതിന്റെ ഭാവി സംശയത്തിന്റെ നിഴലില്‍ നിറുത്തുന്ന അപസ്വരങ്ങള്‍ പിന്നീടങ്ങോട്ട് കേള്‍ക്കുന്നുമുണ്ടായിരുന്നു. എന്നാലും ഉപതെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നേരിടാന്‍ തീരുമാനിക്കുകയും ഫലം കാണുകയും ചെയ്തു. മൂന്ന് എംപിമാര്‍ നിയമസഭാംഗമായപ്പോള്‍ ഒഴിഞ്ഞ ലോക്‌സഭാ സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെഡ്യൂരപ്പ ഒഴിഞ്ഞ ശിവമോഗ്ഗാ സീറ്റ് ബിജെപി നിലനിറുത്തി. പക്ഷേ, ബിജെപിയുടെ ബി ശ്രീ രാമലു ഒഴിഞ്ഞ ബെല്ലാരി സീറ്റ് നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെഡിഎസിന്റെ പിന്തുണയില്‍ വിജയിച്ചു. എംഎല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ജെഡിഎസ് എംപി സിഎസ് പുട്ടാരാജു രാജിവച്ച മാണ്ഡ്യ മണ്ഡലം ജെഡിഎസ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ നിലനിറുത്തി.
ഇവരെല്ലാം അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ടതുണ്ടെങ്കിലും ബിജെപിവിരുദ്ധ കൂട്ടുകെട്ടുകള്‍ എത്രമാത്രം ഫലപ്രദമാകുമെന്നതിന്റെ നിദര്‍ശനമായി ഈ വിജയങ്ങള്‍ കണക്കാക്കപ്പെടുന്നു. രണ്ടു സീറ്റുകളില്‍ മത്സരിച്ച മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാമനഗര നിയമസഭാ സീറ്റ് ഒഴിയുകയും ചന്നപട്ടണ നിലനിറുത്തുകയും ചെയ്ത സാഹചര്യത്തിലാണ് രാമനഗരയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അത് ജെഡിഎസ് നിലനിറുത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിദ്ധു ന്യാംഹെഗ്ഡിന്റെ മരണത്തോടെ ഒഴിവായ ജാംഖണ്ഡി സീറ്റ് കോണ്‍ഗ്രസും നിലനിറുത്തി. ശക്തരായ സംസ്ഥാന നേതാക്കളും രാഷ്ട്രീയ വിട്ടുവീഴ്ചകളും ഉണ്ടെങ്കില്‍ പ്രാദേശിക കൂട്ടുകെട്ടുകള്‍ കോണ്‍ഗ്രസിനു നേട്ടമായി ഭവിക്കുമെന്നാണ് ഈ ഉപതെരഞ്ഞെടുപ്പുകള്‍ കാണിച്ചുതരുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മാണ്ഡ്യ സീറ്റ് ജെഡിഎസിന് വിട്ടുകൊടുത്തത് കോണ്‍ഗ്രസ് കാട്ടിയ ഒരു വിട്ടുവീഴ്ച ആയിരുന്നു. അത് വിമതശല്യം സൃഷ്ടിച്ചുവെങ്കിലും മുന്നണി ശക്തിപ്പെടുത്തുകയും നല്ല വിജയം സമ്മാനിക്കുകയും ചെയ്തു. അത് 2019ലും ഗുണംചെയ്യും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയായണ് എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിനും അത് ഗുണം ചെയ്തു. അദ്ദേഹം കുടുതല്‍ ശക്തനായി കാണപ്പെടുന്നു. 2004 മുതല്‍ ബിജെപിയുടെ കുത്തകയായിരുന്ന ബെല്ലാരി സീറ്റ് നഷ്ടമായത്, അതും വിലയ വ്യത്യാസത്തിന്, ബിജെപിയുടെ മുഖത്തേറ്റ അടിയായി. അതുപോലെ തന്നെയായി ശിവമോഗ്ഗായിലെ വിജയവും. ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും ഭൂരിപക്ഷം വളരെ കുറഞ്ഞു.
സഖ്യകക്ഷികളായി മാറിയ ബദ്ധവൈരികള്‍ - കോണ്‍ഗ്രസും ജെഡിഎസും - നേടിയ വിജയം ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്ക് 2019 തെരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യം ചേരാന്‍ കൂടുതല്‍ ധര്‍മ്മധീരത നല്‍കാന്‍ പോന്നതായി. കോണ്‍ഗ്രസ്-ജെഡിഎസ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വന്‍ ഭൂരിപക്ഷമാണ് വിജയത്തിന്റെ മാറ്റു കൂട്ടുകയും ചെയ്തു. ബിജെപിയുടെ സ്വന്തം സീറ്റായിരുന്ന ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎസ് ഉഗ്രപ്പ ജയിച്ചത് 2.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അതുപോലെ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത് 1.1 ലക്ഷം വോട്ടിനാണ്. എന്നാല്‍ തെരഞ്ഞെടുപ്പു പരാജയം നിസ്സാരമായി കാണിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. സംസ്ഥാനത്ത് നടന്നത് വെറുമൊരു 'അക്കാഡമിക്' തെരഞ്ഞെടുപ്പായിരുന്നെന്നും പൊതു തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്നതിനാല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം കുറവായിരുന്നുവെന്നും സംസ്ഥാനത്തെ ഭരണകക്ഷിയുടെ പണക്കൊഴുപ്പ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും 2019ലേക്കുളള ദുസ്സൂചനയായി പല മുതിര്‍ന്ന നേതാക്കളും കാണുന്നുണ്ട്. പരാജയത്തിന് പല നേതാക്കളും പല കാരണങ്ങളും പറുയന്നുണ്ടെങ്കിലും 2017ല്‍ സംസ്ഥാനത്തെ 28ല്‍ 17 ലോക്‌സഭാ സീറ്റുകളും നേടിയ ബിജെപിക്ക് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം 2019ല്‍ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ബെല്ലാരിയിലെ പരാജയത്തിന് അഴിമതിക്കാരായ റെഡ്ഡി ബ്രദേഴ്‌സിനെയാണ് യഡ്യൂരപ്പ പഴി ചാരുന്നത്. പക്ഷേ, ബിജെപി നിലനിറുത്തിയ ശിവമോഗ്ഗയില്‍പ്പോലും ഭൂരിപക്ഷം 2014ലെ 363,000 ത്തില്‍നിന്ന് വെറും 52,000 ത്തിലേക്ക് താണത് പാര്‍ട്ടിക്ക് മുന്നറിയിപ്പാണെന്ന് പാര്‍ട്ടി നേതാക്കള്‍ സ്വകാര്യമായി സമ്മിക്കുന്നു. യെഡ്യൂരപ്പയുടെ സ്വന്തം മണ്ഡലവും അദ്ദേഹത്തിന്റെ ചൊക്കലിംഗ സമുദായത്തിന്റെ ശക്തിേന്ദ്രവുമാണ് അവിടം.
ഈ വിജയം നാല് വ്യക്തമായ കാര്യങ്ങളാണ് സുചിപ്പിക്കുന്നത്: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പ്രവര്‍ത്തനക്ഷമമാണ്. ഇരു കക്ഷികളും സഖ്യശക്തിയുടെ വോട്ടുകള്‍ കവര്‍ന്നെടുത്തില്ലെന്നു മാത്രമല്ല അവരവരുടെ വോട്ടുകള്‍ ഉറപ്പിക്കുകയും ചെയ്യും. ബിജെപി ഇനിയും സ്വന്തം ഭവനം നേരേയാക്കേണ്ടതുണ്ട്. ആളുകളെ വിഭാഗിയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിലപ്പോയില്ല. ഈ സഖ്യം ഇതേപടി നിലനിറുത്താനായാല്‍ 2019ല്‍ ഭുരിപക്ഷം സീറ്റും ബിജെപിക്ക് നഷ്ടമാകും. കര്‍ണ്ണാടകത്തിലെ ബിജെപി വിരുദ്ധ സഖ്യത്തിന്റെ വിജയം രാജ്യമൊട്ടാകെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ മുന്നോടിയാകാമെന്നതാണ് മറ്റൊരു കാര്യം. സഖ്യങ്ങള്‍ക്ക് വിജയിക്കാനാകുമെന്ന് ഇതിനു മുമ്പും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 2014ല്‍ ബിജെപി 80ല്‍ 71 സീറ്റുകളും നേടിയ ഉത്തര്‍ പ്രദേശിള്‍ സമാജ്‌വാദിപാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ഉണ്ടാക്കിയിട്ടുള്ള സഖ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. ഒരു പക്ഷേ, അതില്‍ കോണ്‍ഗ്രസും ചേര്‍ന്നേക്കാം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നു തവണ ജയിച്ച ഗൊരഖ്പൂറിനു പുറമെ ഫുല്‍പൂര്‍ കൈരാന എന്നീ ലോക് സഭാ സീറ്റുകളില്‍ എസ്പി-ബിഎസ്പി സഖ്യം ചരിത്ര വിജയം നേടിയിരുന്നു. അതാകട്ടെ കോണ്‍ഗ്രസിന്റെ പിന്തുണ കൂടാതെയാണ്. ഒരിടത്ത് കോണ്‍ഗ്രസ് എതിരായി മത്സരിക്കുകപോലും ചെയ്തു. ബിജെപി ഇപ്പോള്‍ രാമക്ഷേത്ര രാഷ്ട്രീയം കളിക്കുന്നതിന്റെ പൊരുള്‍ അതാണ്.
എന്‍ഡിഎയില്‍നിന്ന് തെറ്റിപ്പിറിഞ്ഞ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബിജെപി വിരുദ്ധ മുന്നണി സ്വരുക്കൂട്ടാന്‍ കടുത്ത പരിശ്രമം ആരംഭിച്ചിട്ടുണ്ട്. കര്‍ണ്ണാടക ഉപ തെരഞ്ഞെടുപ്പിനു ശേഷം ബംഗരൂരുവിലെത്തി മുഖ്യമന്ത്രി കുമാരസ്വാമി, എച്ച്ഡി ദേവഗൗഡ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. കോണ്‍ഗ്രസിന്റെ ബദ്ധ വൈരിയായിരുന്ന അദ്ദേഹം ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തായാലും ഒരു കാര്യം തീര്‍ച്ച കര്‍ണ്ണാടക ഫലം ബിജെപിവിരുദ്ധ സഖ്യത്തിന് പ്രേരണയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആരൊക്കെ പാളയതിലെത്തുമെന്നു വ്യക്തമാകും.

Write A Comment

 
Reload Image
Add code here