'സമോസ കോക്കസിന്' അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല

Thu,Nov 08,2018


അമേരിക്കന്‍ കോണ്‍ഗ്രസിലുള്ള ഇന്ത്യന്‍ വംശജര്‍ 'സമോസ കോക്കസ്' എന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്. ജനപ്രതിനിധി സഭയും, സെനറ്റും ഉള്‍പ്പെടുന്ന അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ഇത്തവണ ഇന്ത്യന്‍ വംശജരായ നാലു പേരാണ് വീണ്ടും ജനവിധി തേടിയത്. ഇവര്‍ നാലു പേരും സീറ്റ് നിലനിറുത്തി. എന്നാല്‍, പുതിയതായി മത്സരത്തിന് ഇറങ്ങിയ അരഡസനിലധികം പേരില്‍ പലരും ദേശീയ ശ്രദ്ധ വരെ നേടിയെങ്കിലും ശക്തമായ മത്സരം കാഴ്ചവച്ച ശേഷം കീഴടങ്ങേി. ഇതിനിടെ, സംസ്ഥാന നിയമ നിര്‍മാണ സഭകളിലേക്ക് പല ഇന്ത്യന്‍ വംശജരും ജയിച്ചു കയറിയത് ശ്രദ്ധേയമായി.
അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായ രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയ്പാല്‍, റോ ഖന്ന, അമി ബേറ എന്നിവര്‍ സീറ്റു നിലനിറുത്തുന്നതില്‍ വിജയിച്ചു. ഇല്ലിനോയിലെ എട്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്ന് രണ്ടാം വട്ടം വിജയിച്ച് രാജാ കൃഷ്ണമൂര്‍ത്തിയുടെ റിപ്പബ്ലിക്കന്‍ എതിരാളിയായ ജിതേന്ദര്‍ ദിഗന്‍കറും ഇന്ത്യന്‍ വംശജനായിരുന്നു. കൃഷ്ണമൂര്‍ത്തിക്ക് 125,809 വോട്ടുകള്‍ (65.7 ശതമാനം) ലഭിച്ചപ്പോള്‍ എതിരാളിക്ക് 65,814 വോട്ടുകള്‍ (34.3 ശതമാനം) മാത്രമാണ് ലഭിച്ചത്. വാഷിംഗ്ടണിലെ ഏഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും 83.5 ശതമാനം (248,123) വോട്ടു നേടിയാണ് പ്രമീള ജയ്പാല്‍ വിജയക്കൊടി പാറിച്ചത്. എതിരാളി ക്രെയ്ഗ് കെല്ലര്‍ക്ക് വെറും 16.5 ശതമാനം വോട്ടുകളാണ് (49,078) നേടാനായത്. വെറും രണ്ടു വര്‍ഷം കൊണ്ട് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാവായി ഉയരാന്‍ പ്രമീളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയയിലെ പതിനേഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും റോ ഖന്നയും മിന്നുന്ന വിജയമാണ് നേടിയത്. 72.5 ശതമാനം വോട്ടുകള്‍ (72,765) ഖന്ന നേടിയപ്പോള്‍ എതിരാളി റോണ്‍ കോഹനു ലഭിച്ചത് 27.5 ശതമാനം വോട്ടുകളാണ് (27,590). കോക്കസിലെ സീനിയര്‍ അംഗമായ അമി ബേറ നാലാമൂഴത്തില്‍ 52.7 ശതമാനം വോട്ടുകള്‍ (54,097) നേടി വ്യക്തമായ ഭൂരിപക്ഷത്തിലാണ് എതിരാളി ആന്‍ഡ്രു ഗ്രാന്റിനെ (48,597 - 47.3 ശതമാനം വോട്ട്) പിന്തള്ളിയത്. മുമ്പ് മൂന്നു തവണയും റീ കൗണ്ടിംഗ് പൂര്‍ത്തിയാക്കി ആഴ്ചകള്‍ പലതു കഴിഞ്ഞാണ് ബേറ വിജയം ഉറപ്പിച്ചിരുന്നത്.
ഇല്ലിനോയി സെനറ്റിലേക്ക് വിജയിച്ച ഇന്ത്യന്‍ വംശജന്‍ റാം വില്ലിവലം ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വില്ലിവലം സഭയിലെ ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ സെനറ്റും, ജനറല്‍ അസംബ്ലിയിലെ ആദ്യ സൗത്ത് ഏഷ്യനുമാണ്. ന്യൂയോര്‍ക്ക് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി കെവിന്‍ തോമസും ഈ സഭയില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി നേടി. കെന്റുക്കിയിലെ ജനപ്രതിനിധി സഭയിലേക്ക് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നിമ കുല്‍ക്കര്‍ണി വിജയം കണ്ടെത്തി. അറ്റോര്‍ണിയായി സേവനം ചെയ്യുന്ന നിമ കുടിയേറ്റ കാര്യത്തില്‍ വൈദഗ്ധ്യം നേടിയ ഇന്‍ഡസ് ലോ ഫേമിന്റെ ഉടമസ്ഥ കൂടിയാണ്. നോര്‍ത്ത് കരോലിന സ്റ്റേറ്റ് സെനറ്റിലേക്ക് വിജയം കണ്ടെത്തിയ മുജ്താബ മുഹമ്മദ് കൗണ്‍സില്‍ ഫോര്‍ ചില്‍ഡ്രന്‍സ് റൈറ്റ്‌സിന്റെ മുന്‍ അറ്റോര്‍ണിയാണ്. ബിസിനസ് സംരംഭക എന്ന നിലയില്‍ പ്രശസ്തയായ ജയ് ചൗധരി നോര്‍ത്ത് കരോലിന സെനറ്റിലേക്ക് വീണ്ടും ജനവിധി നേടി.
ഒഹായോ ജനപ്രതിനിധി സഭയിലേക്ക് ഹാട്രിക് വിജയം കുറിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിരജ് അതാനി അമേരിക്കന്‍ നിയമ നിര്‍മാണ് സഭയിലേക്ക തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനാണ്. ഒഹായോയുടെ ചരിത്രത്തില്‍ നിയമ നിര്‍മാണ സഭയില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍ എന്ന ഖ്യാതിയും ഇരുപത്തേഴുകാരനായ നിരജിന് സ്വന്തം. സഭയില്‍ എത്തിയ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കനുമാണ്. വാഷിംഗ്ടണില്‍ സെനറ്റിലേക്ക് മങ്ക ദിന്‍ഗ്ര, വന്ദന സ്ലാറ്റര്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടെന്നസിയില്‍ സംസ്ഥാന ജനപ്രതിനിധി സഭയിലേക്ക് സബി കുമാര്‍ വീണ്ടും വിജയിച്ചു.. ഇതാദ്യമായി ഇടക്കാല തെരഞ്ഞെടുപ്പില്‍ നൂറിലധികം ഇന്ത്യന്‍ വംശജര്‍ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരത്തിന് എത്തുകയും ചൊവ്വാഴ്ച അമ്പതോളം പേര്‍ ബാലറ്റില്‍ ഇടം കണ്ടെത്തുകയും ചെയ്തു. ഇതില്‍ 12 പേര്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും ഒരാള്‍ സെനറ്റിലേക്കുമാണ് മത്സരിച്ചത്. ഇതൊരു റിക്കാര്‍ഡാണ്.
ടെക്‌സാസിലെ ഇരുപത്തിരണ്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പ്രസ്റ്റണ്‍ കുല്‍ക്കര്‍ണി നിലവിലുള്ള കോണ്‍ഗ്രസ് അംഗം പെറ്റെ ഒത്സനോട് പരാജയപ്പെട്ടു. ഏഷ്യന്‍ അമേരിക്കന്‍ ധാരാളമുള്ള മണ്ഡലത്തില്‍ കുല്‍ക്കരണി വിജയിച്ചേക്കുമെന്ന പ്രതീക്ഷ വളര്‍ന്നിരുന്നു. ശക്തമായ പ്രചാരണം നടത്തിയ നാല്‍പതുകാരനായ കുല്‍ക്കര്‍ണി വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ജനപ്രീതി വളര്‍ത്തിയിരുന്നു. ഒത്സന് 51.4 ശതമാനം (152,318) വോട്ടു നേടാന്‍ കഴിഞ്ഞപ്പോള്‍ കുല്‍ക്കര്‍ണിക്ക് 46.4 ശതമാനം (137,500) വോട്ടാണ് ലഭിച്ചത്. മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍ 1.1 ശതമാനം വീതം വോട്ടുകള്‍ നേടി. അരിസോണയിലെ ആറാം കോണ്‍ഗ്രസഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നു മത്സരിച്ച ഇന്ത്യന്‍ അമേരിക്കന്‍ വനിത അനിത മാലിക്ക് പരാജയപ്പെട്ടു. ഫ്‌ളോറിഡിലെ എട്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും 2009 മുതല്‍ തുടര്‍ച്ചയായി വിജയിച്ചു വരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബില്‍ പോസെയുടെ മുന്നേറ്റം തടയാനുള്ള സഞ്ജയ് പട്ടേലിന്റെ ശ്രമവും ഫലം കണ്ടില്ല. ചിന്തന്‍ ദേശായി (അര്‍ക്കന്‍സാസ് - ഡെമോക്രാറ്റ്), ഹാരി അറോറ (കണക്റ്റിക്കട്ട് - റിപ്പബ്ലിക്കന്‍) എന്നിവരും പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ വരുന്നു. വ്യവസായ രംഗത്ത് വിജയം കൊയ്ത ശിവ അയ്യാദുരൈ മാസച്യുസറ്റ്‌സ് സെനറ്റിലേക്ക് സ്വതന്ത്രനായി മത്സരിച്ചുവെങ്കിലും മൂന്നാമതാണെത്തിയത്.

Write A Comment

 
Reload Image
Add code here