പ്രളയകാലത്ത് ഭൂതത്താന്‍കെട്ട് ഒരുക്കിയത് വന്‍ കവചം

Thu,Sep 13,2018


തൃക്കാരിയൂര്‍ മഹാദേവക്ഷേത്രം വെള്ളം കയറ്റി നശിപ്പിക്കുക എന്ന ദുരുദ്ദേശത്തോടേ ഭൂതങ്ങള്‍ പെരിയാറിന് കുറുകെ വമ്പന്‍ കല്ലുകള്‍ നിരത്തി അണക്കെട്ട് പണിയാനാരംഭിച്ചു. എന്നാല്‍ ഇതു മനസിലാക്കിയ പരമശിവന്‍ കോഴിയുടെ രൂപം സ്വീകരിച്ച് അണക്കെട്ടിന്റെ പണിപൂര്‍ത്തിയാകുന്നതിന് മുന്‍പേ കൂവുകയും പ്രഭാതമായി എന്നു വിചാരിച്ച് ഭൂതങ്ങള്‍ പണി ഉപേക്ഷിച്ച് ഓടിമറയുകയും ചെയ്തു എന്നാണ് ഐതിഹ്യം. കഥയില്‍ പറയുന്നതുപോലെ അന്ന് ക്ഷേത്രത്തെ വെള്ളത്തില്‍ മുക്കാന്‍ ഭൂതങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഇത്തവണ ഉണ്ടായ പ്രളയത്തില്‍ തൃക്കാരിയൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. പ്രകൃതിദത്തമായ ഈ അണക്കെട്ടിനു സമീപം സര്‍ക്കാര്‍ പിന്നീട് മനുഷ്യനിര്‍മിതമായ അണ കെട്ടി അതിന് ഭൂതത്താന്‍കെട്ട് എന്ന പേരു നല്‍കി. ഇപ്പോഴത്തെ ഭൂതത്താന്‍ കെട്ട് അണക്കെട്ടില്‍ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാര്‍ കെട്ടിയ അണക്കെട്ടിന് അടുത്തേക്ക് പോകാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതിഹ്യത്തിനനുസരിച്ച് ഭൂതത്താന്‍ന്മാര്‍ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, കാര്യം ഇതൊന്നുമല്ല. പ്രളയം കേരളത്തെ മുക്കിയപ്പോള്‍ പെരിയാര്‍ തീരങ്ങളിലെ കൂടുതല്‍ മേഖലകളിലേക്ക് അതിന്റെ ആഘാതം എത്താതെ കാത്തുസൂക്ഷിച്ചത് പെരിയാറിലെ ഏറ്റവും ഒടുവിലത്തെ അണക്കെട്ടായ ഭൂതത്താന്‍കെട്ടില്‍ അടുത്ത കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളാണെന്നതാണ്. പെരിയാര്‍ നദിതട ജലസേചന പദ്ധതി എന്ന പേരില്‍ 1957ല്‍ നിര്‍മാണം ആരംഭിച്ച ഭൂതത്താന്‍കെട്ട് അണക്കെട്ട് 1964ല്‍ ആണ് കമ്മീഷന്‍ ചെയ്തത്. 15 ഷട്ടറുകളുള്ള ഭൂതത്താന്‍കെട്ട് അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ ബലക്ഷയം ഉണ്ടെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് 2016ല്‍ ഡാമില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് മുന്‍ കോതമംഗലം എംഎല്‍എയും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ടി.യു കുരുവിള പറഞ്ഞു.
ടി.യു. കുരുവിള 2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോഴാണ് 19 കോടി രൂപ മുടക്കി ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ നവീകരിക്കുന്നതിനും അത്യാവശ്യ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് . ഡി.കെ.ഐ.സി. (ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം) പദ്ധതി പ്രകാരമാണ് ബാരേജില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയത്. കാലപ്പഴക്കത്താല്‍ ബാരേജിന് ബലക്ഷയം ഉണ്ടായിട്ടുള്ളതായി ഡാം സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബാരേജിലൂടെ ഭാരവണ്ടികള്‍ ഓടിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധരുടെ പഠനവും വ്യക്തമാക്കി. തുടര്‍ന്ന് ബാരേജിന് സമാന്തരമായി താഴെ 100 മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മിക്കാന്‍ 25 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. ഈറ്റക്കനാല്‍ റോഡ് ഭാഗത്ത് പുതിയ പാര്‍ക്കിന് സമീപത്തു നിന്ന് അക്കരെ മണ്ഡപം ഭാഗത്തേക്ക് 256 മീറ്റര്‍ നീളത്തിലാണ് പുതിയ പാലം.
പദ്ധതി കമ്മീഷന്‍ ചെയ്തശേഷം ആദ്യമായാണ് അണക്കെട്ടില്‍ സമഗ്രമായ നവീകരണം നടത്തുന്നത്. ഡാമിന്റെ തകരാറിലായ 15 ഷട്ടറുകളും അനുബന്ധ യന്ത്രസാമഗ്രികളും മാറ്റിസ്ഥാപിക്കുകയും ഡാമിന്റെ പില്ലറുകള്‍ അകവും പുറവും കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയും ചെയ്തു. കൂടാതെ ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന യന്ത്രസാമഗ്രികള്‍ (ഹോയിസ്റ്റ് സംവിധാനം) നനയാതിരിക്കാന്‍ അണക്കെട്ടിന്റെ മുകളില്‍ നിറപ്പകിട്ടാര്‍ന്ന ഷീറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭൂതത്താന്‍കെട്ട് ബാരേജ് നവീകരണത്തിന് 2016 മാര്‍ച്ചിലാണ് തുടക്കംകുറിച്ചത്. ഇതിനായി ജൂണ്‍ , ജൂലൈ മാസങ്ങളില്‍ 15 ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കികളഞ്ഞിരുന്നു. ബാരേജ് നവീകരിച്ച് ബലപ്പെടുത്താന്‍ 14 കോടി രൂപയും പഴയ ഷട്ടറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ 19 കോടി രൂപയുമാണ് ചെലവഴിച്ചത്. കെ.എസ്.ഇ.ബി. ഭൂതത്താന്‍കെട്ട് വൈദ്യുതി പദ്ധതിയുടെ ഭാഗമായി പുതിയ പാലം പണിതിട്ടുണ്ട്. നിര്‍ദിഷ്ട പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു വന്ന് പുതിയ പാലം വഴി പോകുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ബാരേജുമായി ബന്ധപ്പെട്ട് മാത്രം 58 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. 1956-ല്‍ ആണ് ഭൂതത്താന്‍കെട്ടില്‍ പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ ആവശ്യത്തിനായി ബാരേജ് നിര്‍മിച്ചത്. എറണാകുളം ജില്ലയിലെ കുടിവെള്ള-കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പണിതതാണ് ബാരേജ്. ഇത് നിര്‍മിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ നവീകരണ പ്രക്രിയ നടത്തിയത്. 35 മീറ്ററാണ് ബാരേജിന്റെ പരമാവധി ജലനിരപ്പ്. നവീകരണത്തിന്റെ ഭാഗമായി ബാരേജിന്റെ 14 പില്ലറുകളും രണ്ട് എന്‍ഡ് ഭിത്തികളും ബലപ്പെടുത്തി. പുഴയുടെ താഴെ ഇരുവശവും കരിങ്കല്‍ കെട്ടി കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തു. ജലസംഭരണി പ്രദേശത്തിന്റെ 25 കി.മീ. ദൂരം സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തി മാര്‍ക്ക് ചെയ്തിരുന്നു. ഡാമിലെ ജലത്തിന്റെ അളവും മറ്റും ശാസ്ത്രീയമായി കണക്കാക്കാന്‍ കമ്പ്യൂട്ടര്‍വത്കൃത സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
കൊടും വേനല്‍ക്കാലത്തും വെള്ളം ഒട്ടും വറ്റാതെ നിറഞ്ഞുകിടക്കുന്ന കേരളത്തിലെ ഒരേയൊരു ഡാമാണ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലുള്ള ഭൂതത്താന്‍കെട്ട്. കവളങ്ങാട്, കീരംപാറ, പിണ്ടിമന, കുട്ടമ്പുഴ, പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഭൂതത്താന്‍കെട്ടിന്റെ ആഘാത പരിധിയില്‍ വരുന്നത്. പെരിയാറില്‍ ഏറ്റവും ഒടുവിലായി നിലകൊള്ളുന്ന അണക്കെട്ടാണിത്. മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ വെള്ളം ഇടുക്കി - ചെറുതോണി ഡാമുകളിലേക്കും അവിടെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വെള്ളം ഭൂതത്താന്‍കെട്ടിലേക്കുമാണ് ഒഴുകിവരുന്നത്. അതായത് പെരിയാറിലെ അധിക ജലം തടഞ്ഞുനിര്‍ത്തുവാന്‍ ഏറ്റവും ഒടുവില്‍ അവശേഷിക്കുന്ന അണക്കെട്ടാണ് ഭൂതത്താന്‍ കെട്ട്. 15 ഷട്ടറുകള്‍ ഉള്ള ഭൂതത്താന്‍കെട്ടിലെ അഞ്ച് ഷട്ടറുകള്‍ അതിവൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ തുറന്നിട്ടിരുന്നു. ഇടുക്കി ഡാം തുറക്കുന്നതിന് മുമ്പായിരുന്നു ഭൂതത്താന്‍കെട്ടിലെ അഞ്ചുഷട്ടറുകള്‍ തുറക്കേണ്ടിവന്നത്. ഇതോടെ എട്ടുമീറ്ററോളം ഉയരത്തില്‍ വെള്ളം പൊങ്ങുകയും അവിടെ നിര്‍മാണത്തിലിരുന്ന മിനി ജലവൈദ്യുത പദ്ധതി പ്രദേശം വെള്ളത്തനടിയിലാവുകയും ചെയ്തു. പിന്നീട് മഴ ശക്തമായി തുടര്‍ന്നതോടെ ഭൂതത്താന്‍ കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ട അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. നിലവില്‍ മഴക്കാലം തുടങ്ങുമ്പോള്‍ ജൂണില്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുകയാണ് ചെയ്തിരുന്നത്. കെ.എസ്.ഇ.ബി.യുടെ പുതിയ വൈദ്യുതി പദ്ധതി കമ്മിഷന്‍ ചെയ്യുമ്പോള്‍ നിലവിലെ സാഹചര്യം മാറും. വര്‍ഷം മുഴുവന്‍ ബാരേജിലെ ജലസംഭരണിയില്‍ വെള്ളം സംഭരിച്ച് നിര്‍ത്തണം. ഇത്രയും വെള്ളം സംഭരിച്ച് നിര്‍ത്താനുള്ള ബലക്കുറവ് പരിഹരിക്കാനാണ് പ്രധാനമായും നവീകരണം നടത്തിയത്. ഈ നവീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങളാകട്ടെ ഈ പ്രളയകാലത്ത് പെരിയാര്‍ തീരങ്ങള്‍ക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയത്. പദ്ധതി പ്രദേശത്തുള്ള കവളങ്ങാട്, കീരംപാറ, പിണ്ടിമന, കുട്ടമ്പുഴ, പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഭൂതത്താന്‍കെട്ടിന്റെ ആഘാത പരിധിയില്‍ വരുന്നത്. ഈ പ്രളയകാലത്ത് ഇവിടങ്ങളില്‍ വെള്ളം കയറിയെങ്കിലും അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ കഴിഞ്ഞതിനാല്‍ അധിക ജലം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കുവാന്‍ കഴിഞ്ഞു. അറ്റകുറ്റപ്പണികള്‍ നടത്താത്ത സ്ഥിതിയിലായിരുന്നുവെങ്കില്‍ മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി ഡാമുകളില്‍ നിന്നുള്ള ജലപ്രവാഹം ഭൂതത്താന്‍കെട്ടിനെ അപ്പാടെ ഒഴുക്കിക്കൊണ്ടുപോവുകയും പെരിയാര്‍ തീരങ്ങളിലെ പ്രളയക്കെടുതികള്‍ ഇപ്പോള്‍ ഉണ്ടായതിനെക്കാള്‍ പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്‌തേനെ എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
പ്രളയത്തിന്റെ ബാക്കി പത്രം വരള്‍ച്ച
ഭൂതത്താന്‍കെട്ടിന്റെ ഭൂപ്രകൃതിയെ ആകെ മാറ്റിമറിക്കുന്നതാണ് പ്രളയശേഷമുള്ള കാഴ്ചകള്‍. ഒഴുകിവന്ന ജലപ്രവാഹം പെരിയാറ്റിലെ പ്രകൃതിദത്തമായ മണല്‍ത്തിട്ടകളെ ഇല്ലാതാക്കുകയും വന്‍തോതില്‍ ഒഴുക്കിക്കൊണ്ടുവന്ന പൂഴിമണല്‍ അടിഞ്ഞ് പുതിയ തിട്ടകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഡാമില്‍ ഉണ്ടായിരുന്ന എക്കലും ചെളിയും വന്‍തോതില്‍ പുറന്തള്ളപ്പെട്ടെങ്കിലും ഇവ തീരങ്ങളില്‍ അടിഞ്ഞു കൂടി ഡാം പരിസരത്തെ പെരിയാറിന്റെ വിസ്തൃതി കുറച്ചിരിക്കുകയാണ്. പ്രളയ കാലത്ത് കുലംകുത്തിയൊഴുകിയ കേരളത്തിലെ എല്ലാ നദികളും വളരെപ്പെട്ടെന്ന് ജലനിരപ്പ് താഴ്ന്ന് നീരൊഴുക്ക് കുറഞ്ഞ പ്രതിഭാസം പെരിയാറിലും ദൃശ്യമാണ്. ഭൂമിയില്‍ ജലസാന്നിദ്ധ്യം കുറയുന്നതിന്റെ സൂചനയായാണ് ഈ പ്രതിഭാസത്തെ കണക്കാക്കുന്നത്. കിണറുകളിലും മറ്റ് ജലസ്രോതസുകളിലും ജലനിരപ്പ് കുറയുന്നത് പ്രളയത്തിന്റെ തുടര്‍ച്ചയായി വരാന്‍പോകുന്ന അതിഭീകരമായ വരള്‍ച്ചയാണോ എന്ന ആശങ്കയാണ് ഉളവാക്കുന്നത്. ഇതേക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

Other News

  • മോദിയെ പുറത്താക്കാനുള്ള മാര്‍ഗം തേടി പ്രതിപക്ഷം
  • എയര്‍ ഇന്ത്യയുടെ 4 സബ്‌സിഡിയറികള്‍ വില്‍ക്കാന്‍ നീക്കം
  • സമ്പന്നര്‍ക്ക് ചൈനയില്‍ സ്വീകാര്യതയുണ്ടാക്കിയ ജാക്ക് മാ
  • സൗജന്യ വൈദ്യുതി, സ്മാര്‍ട്ട് ഫോണ്‍... വാഗ്ദാന പെരുമഴയുമായി മുഖ്യമന്ത്രിമാര്‍
  • ലെക്‌സസിന്റെ ഇലക്ട്രിക്ക് ഹൈബ്രിഡ് ലക്ഷ്വറി കാകര്‍ ഇന്ത്യയില്‍
  • സൗദിയില്‍ ഇമാമുമാര്‍ക്ക് വധശിക്ഷ നല്‍കുന്നത് അധികാരഘടനയ്ക്ക് ഭീഷണി
  • ഭരണമില്ലാത്ത ഭൂപ്രദേശമായി മാറുന്ന പാകിസ്ഥാന്‍
  • 2018: ഇന്ത്യന്‍അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ്
  • പ്രളയത്തില്‍ ഒലിച്ചുപോയ കേരള സാംസ്‌കാരിക പൈതൃകങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം
  • ചന്ദ്രനിലേക്കുള്ള ആദ്യ ടൂറിസ്റ്റിനെ സ്‌പേസ് എക്‌സ് പ്രഖ്യാപിച്ചു
  • ഫിയറ്റുമായുള്ള നിയമയുദ്ധം മഹീന്ദ്രയുടെ സല്‍പ്പേരിനെ ബാധിക്കും
  • Write A Comment

     
    Reload Image
    Add code here