ഹാര്‍വാര്‍ഡ് പ്രവേശനം: ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് ഏഷ്യന്‍ അമേരിക്കന്‍ പക്ഷത്ത്

Wed,Sep 12,2018


അഡ്മിഷന്‍ നല്‍കുന്നതിന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ആത്മനിഷ്ഠമായ രീതിയില്‍ നടത്തുന്ന 'വ്യക്തിഗത റേറ്റിംഗ്' ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ്. യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ നടപടിക്രമത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി മുമ്പാകെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. മറ്റു വംശീയ വിഭാഗക്കാരെക്കാള്‍ ഉയര്‍ന്ന മാനദണ്ഡങ്ങളാണ് ഏഷ്യന്‍അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നിശ്ചയിച്ചിട്ടുള്ളത്. ഇതിനെതിരെയുള്ള ഹര്‍ജിക്കാരുടെ വാദത്തെ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് പിന്തുണയ്ക്കുകയാണ്.
ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയില്‍ 2014 ലാണ് സ്റ്റുഡന്റസ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് എന്ന സന്നദ്ധ സംഘടന ഹര്‍ജി സമര്‍പ്പിച്ചത്. ഹാര്‍വാര്‍ഡിലെ അഡ്മിഷന്‍ നിഷേധിക്കപ്പെട്ട ഏഷ്യന്‍അമേരിക്കന്‍ വിദ്യാര്‍ത്ഥികളാണ് അതിലെ അംഗങ്ങള്‍. യുഎസിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനം അഡ്മിഷന്‍ നല്‍കുന്നതില്‍ വംശീയ വിവേചനം കാട്ടുന്നുണ്ടോ എന്നു തീരുമാനിക്കുന്ന ഈ കേസ് വളരെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്കുള്ള അഡ്മിഷനുകളില്‍ അപേക്ഷകരുടെ സ്വഭാവ സവിശേഷതകളെ ആത്മനിഷ്ഠമായി വിലയിരുത്തി വ്യക്തിഗത റേറ്റിംഗ് നല്‍കുന്ന ഹാര്‍വാര്‍ഡിന്റെ നടപടിയെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് വിമര്‍ശിക്കുന്നത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മറ്റേതൊരു വംശീയ വിഭാഗത്തേക്കാളും മികവ് പുലര്‍ത്തുന്നവരാണ് ഏഷ്യന്‍അമേരിക്കക്കാരെങ്കിലും അപേക്ഷകന്റെ വ്യക്തിത്വം കൂടി ഉള്‍പ്പെടുന്ന വ്യക്തിഗത റേറ്റിംഗില്‍ പിന്തള്ളപ്പെടുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അദ്ധ്യാപകരുടെ ശുപാര്‍ശ, എഴുതി സമര്‍പ്പിക്കുന്ന വ്യക്തിഗത വിവരങ്ങള്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് വ്യക്തിഗത റേറ്റിംഗ് തീരുമാനിക്കുന്നതെന്നാണ് ഹാര്‍വാര്‍ഡ് പറയുന്നത്. പഠനത്തില്‍ സമര്‍ത്ഥരാണെങ്കിലും വ്യക്തിഗത റേറ്റിംഗ് ഏഷ്യന്‍അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടുന്നതിന് വിഘാതമായി മാറുന്നു എന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിലപാട്. ഏഷ്യന്‍അമേരിക്കക്കാരോടുള്ള വംശീയ വിവേചനമായിട്ടേ ഇതിനെ കാണാന്‍ കഴിയുള്ളുവെന്ന് ഡിപ്പാര്‍ട്ടുമെന്റ് കോടതിയെ അറിയിച്ചു. പഠന മികവ്, കായികക്ഷമത, മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വം എന്നിവയെല്ലാമാണ് അഡ്മിഷന് മാനദണ്ഡമാക്കുന്ന വ്യക്തിഗത റേറ്റിംഗ് എന്ന് ഹാര്‍വാര്‍ഡ് പറയുന്നു. സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലത്തോടൊപ്പം പരിഗണിക്കപ്പെടുന്ന പല ഘടകങ്ങളില്‍ ഒന്നുമാത്രമാണ് വംശമെന്നും പറയുന്നു. വ്യക്തിഗത റേറ്റിംഗില്‍ ഏഷ്യന്‍അമേരിക്കക്കാര്‍ പിന്നോക്കം പോകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഗവണ്‍മെന്റ് 'വംശത്തെ മനഃപൂര്‍വമായും വിശദീകരിക്കാന്‍ കഴിയാത്ത വിധത്തിലും ഉപയോഗിക്കുന്ന'തിനെയാണ് ഇതു കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. വംശത്തെ വൈവിധ്യം കൈവരിക്കുന്നതിനുള്ള മാര്‍ഗമായി സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തണമെന്ന് സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഹാര്‍വാര്‍ഡ് നടത്തുന്നതെന്നും ഗവണ്മെന്റ് ചൂണ്ടിക്കാട്ടുന്നു.
ഇതാദ്യമായാണ് ഹാര്‍വാര്‍ഡിന്റെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതെങ്കിലും, ഈ നിലപാട് അപ്രതീക്ഷിതമായ ഒന്നായിരുന്നില്ല. ദീര്‍ഘനാളായി തുടരുന്ന അഡ്മിഷന്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് ശ്രമിക്കുമെന്നും അതിനായി സ്റ്റുഡന്റസ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് നല്‍കിയ കേസിനെ പിന്തുണയ്ക്കുമെന്നുള്ള സൂചനകള്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ലഭ്യമായിരുന്നു. ഹാര്‍വാര്‍ഡിനെതിരെ സ്റ്റുഡന്റസ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് നല്‍കിയ കേസില്‍ അവരെ സഹായിക്കുന്നത് യാഥാസ്ഥിതികനായ അഭിഭാഷകന്‍ എഡ്വേഡ് ബ്ലും ആണ്. അഡ്മിഷന്‍ മാനദണ്ഡങ്ങളില്‍ വംശീയമായ നിഷ്പക്ഷത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം ജസ്റ്റിസ്, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്നു. വൈവിധ്യം പ്രോത്സാഹിപ്പിക്കണമെന്ന് ഒബാമയുടെ ഭരണകാലത്ത് നല്‍കിയിരുന്ന നിര്‍ദ്ദേശത്തെ തിരുത്തിക്കൊണ്ടുള്ളതായിരുന്നു ഈ നിര്‍ദ്ദേശം. ഹാര്‍വാര്‍ഡിന്റെ അഡ്മിഷന്‍ മാനദണ്ഡങ്ങളെ സംബന്ധിച്ച അന്വേഷണം ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സിവില്‍ റൈറ്റ്‌സ് ഡിവിഷന്‍ സ്വന്തനിലയില്‍ നടത്തുന്നുണ്ട്. അതിനുശേഷം അഡ്മിഷന്‍ നടപടികളെക്കുറിച്ച പ്രത്യേകമായൊരു കേസ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് നല്‍കുന്നതിനുള്ള സാധ്യതയുമുണ്ട്. ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിലപാടില്‍ ഹാര്‍വാര്‍ഡ് 'കടുത്ത അസംതൃപ്തി' പ്രകടിപ്പിച്ചു. എന്നാല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് നടത്തുന്ന അന്വേഷണത്തെ ബാധിക്കുമെന്നതിനാലും വിവേചനത്തിനെതിരായ ഒട്ടേറെ ഫെഡറല്‍ നിയമങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുമെന്നതിനാലും ഈ കേസില്‍ വളരെ താല്‍പ്പര്യമുണ്ടെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് പറയുന്നത്.
ഹാര്‍വാര്‍ഡ് വംശീയ കോട്ട നിശ്ചയിക്കുന്നതായും, വംശീയ നിഷ്പക്ഷത പാലിക്കണമെന്ന നിര്‍ദ്ദേശം ഉള്‍ക്കൊള്ളാന്‍ പരാജയപ്പെട്ടതായും ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് ബലമേകുന്ന നിലപാടാണിത്. ഹാര്‍വാര്‍ഡിന്റെ നിലപാട് വംശീയ സന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് പറയുന്നു. ഓരോ വംശീയ വിഭാഗങ്ങള്‍ക്കും കോട്ട നിശ്ചയിച്ചുകൊണ്ടുള്ള ക്ലാസ്സുകള്‍ പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. എന്നാല്‍ വൈവിധ്യം നിറഞ്ഞ വിദ്യാര്‍ത്ഥി സമൂഹത്തിനായി അഡ്മിഷന്‍ പ്രക്രിയയില്‍ വംശം ഒരു ഘടകമായി പരിഗണിക്കുന്നതിന് യുണിവേഴ്‌സിറ്റികളെ കോടതി അനുവദിക്കുകയും ചെയ്തു. ഹര്‍ജിയില്‍ പറയുന്ന 6 വര്‍ഷങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെയും മറ്റു വംശക്കാരായ വിദ്യാര്‍ത്ഥികളുടെയും എണ്ണം മാറിമറിഞ്ഞുകൊണ്ടിരുന്നതായി ഹാര്‍വാര്‍ഡ് പറയുന്നു. കേസിന്റെ വിചാരണ ബോസ്റ്റണ്‍ കോടതിയില്‍ ഒക്ടോബറില്‍ ആരംഭിക്കും. വിചാരണ കൂടാതെതന്നെ വിധി പറയണമെന്നാണ് ഹാര്‍വാര്‍ഡ് കോടതിയോട് അപേക്ഷിച്ചിട്ടുള്ളത്. അഡ്മിഷന്‍ ഡേറ്റയെക്കുറിച്ചുള്ള തെറ്റായ വിശകലനങ്ങളാണ് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് ഹാര്‍വാര്‍ഡിന്റെ അഭിഭാഷകര്‍ പറയുന്നു. യൂണിവേഴ്‌സിറ്റിക്ക് വിദ്യാഭ്യാസ ലക്ഷ്യം കൈവരിക്കുന്നതിനായി വംശീയ വൈവിധ്യമുള്ള ക്ലാസ്സുകള്‍ ഒരുക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു. കേസില്‍ ഹാര്‍വാര്‍ഡിനെ പിന്തുണച്ച് യുഎസിലെ പ്രശസ്തമായ 16 യൂണിവേഴ്‌സിറ്റികള്‍ കോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. അഡ്മിഷനുകളില്‍ വംശം പരിഗണിക്കുന്നതിന് എന്തെങ്കിലും വിലക്ക് ഏര്‍പ്പെടുത്തുന്നത് ഫെഡറല്‍ ഗവണ്മെന്റിന്റെ 'അസാധാരണമായ ഇടപെടല്‍' ആയി കണക്കാക്കേണ്ടിവരുമെന്നാണ് അവര്‍ പറയുന്നത്.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here