യുഎസ് കത്തോലിക്കാ സഭയിലെ ഭിന്നതകള്‍ പരസ്യമാകുന്നു

Mon,Sep 10,2018


കത്തോലിക്കാ സഭയെയും മാര്‍പാപ്പയെയും വലയം ചെയ്യുന്ന പ്രതിസന്ധി യുഎസിലെ സഭയിലെ ഗുരുതരമായ ഭിന്നതകള്‍ തുറന്നുകാട്ടുകയാണ്. മുന്‍ കര്‍ദിനാള്‍ തിയഡോര്‍ മെക്കാറിക്കും മറ്റുള്ളവരും നടത്തിയതായി പറയപ്പെടുന്ന ലൈംഗിക അതിക്രമങ്ങള്‍ മൂടിവയ്ക്കാന്‍ പോപ്പ് ഫ്രാന്‍സിസ് ഉള്‍പ്പടെയുള്ള കത്തോലിക്കാ സഭാ നേതാക്കള്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആര്‍ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ കഴിഞ്ഞയാഴ്ച എഴുതിയ കത്ത് പുറത്തുവിട്ടതാണ് വിവാദം രൂക്ഷമാക്കിയ ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പുതിയ നടപടികള്‍ വേണമെന്ന കാര്യത്തില്‍ യുഎസ് ബിഷപ്പുമാര്‍ക്കിടയില്‍ വലിയ യോജിപ്പുള്ളപ്പോള്‍ത്തന്നെ പുറത്തുവന്നിട്ടുള്ള കത്തിനോടുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കായിരിക്കണം സഭ ഊന്നല്‍ നല്‍കേണ്ടതെന്ന പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടിനെ പിന്താങ്ങുന്നവര്‍ കത്തിനെ വിമര്‍ശിച്ചു. പോപ്പ് ഫ്രാന്‍സിസിനോടുള്ള വിദ്വേഷമാണ് കത്തില്‍ പ്രകടമാകുന്നതെന്ന് സാന്‍ ഡിയേഗോ ബിഷപ് റോബര്‍ട്ട് മാകല്‍റോയ് പറഞ്ഞു. ആര്‍ച് ബിഷപ് വിഗാനോ എല്ലായ്‌പ്പോഴും സമഗ്രമായ സത്യത്തെ വിഭാഗീയമായ രീതിയില്‍ വളച്ചൊടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം പുനര്‍വിവാഹം, സ്വവര്‍ഗരതി തുടങ്ങിയ പ്രശ്‌നങ്ങളില്‍ പോപ്പ് ഫ്രാന്‍സിസിന്റെ അനുഭാവ പൂര്‍ണ്ണമായ നിലപാടിനോട് യോജിക്കാത്ത യാഥാസ്ഥിതികരായ യുഎസ് ബിഷപ്പുമാര്‍ വിഗാനോയുടെ കത്തിനെ പരസ്യമായി പിന്തുണച്ച് രംഗത്തുവന്നു. ആര്‍ച് ബിഷപ് വിഗാനോയുടെ ആത്മാര്‍ത്ഥതയും, തകര്‍ക്കാന്‍ കഴിയാത്ത സത്യസന്ധതയും തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് പറഞ്ഞ വിസ്‌കോണ്‍സിനിലെ മാഡിസണ്‍ ബിഷപ്പ് റോബര്‍ട്ട് സി മൊര്‍ലിനോ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു അന്വേഷണം ആവശ്യപ്പെട്ടു.
യുഎസിലെ ബിഷപ്പുമാര്‍ക്കിടയില്‍ വേദശാസ്ത്ര സംബന്ധമായ ഭിന്നതകള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്ര പരസ്യമായി പ്രകടമാകുന്നത് അപൂര്‍വമാണ്. അമേരിക്കന്‍ രാഷ്ട്രീയത്തെ ഭിന്നിപ്പിച്ച അതേ പ്രത്യയശാസ്ത്ര ശക്തികള്‍ യുഎസിലെ കത്തോലിക്കാ സഭയെയും ഭിന്നിപ്പിക്കുമെന്നു താന്‍ ഭയക്കുന്നതായി ദി കാത്തോലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയിലെ പോളിസി റിസര്‍ച് വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ഷ്‌നെക്ക് പറയുന്നു. ഇപ്പോഴത്തെ പരസ്യമായ വാദപ്രതിവാദങ്ങള്‍ യുഎസിലെ ഒരു വിഭാഗം പുരോഹിതരില്‍നിന്നും വര്‍ഷങ്ങളായി പോപ്പ് ഫ്രാന്‍സിസ് നേരിടുന്ന എതിര്‍പ്പുകളെയാണ് പ്രകടമാക്കുന്നത്. മാര്‍പ്പാപ്പാ ആയ കാലംമുതല്‍ അദ്ദേഹത്തോടുള്ള എതിര്‍പ്പിന്റെ ശക്തികേന്ദ്രമായിരുന്നു യുഎസ്. വാഷിംഗ്ടണിലെ മുന്‍ ആര്‍ച് ബിഷപ്പും മുന്‍ കര്‍ദിനാളുമായ തിയഡോര്‍ മക്കാറിക്ക് സെമിനാരി വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തിനെതിരെ സ്വകാര്യമായ അച്ചടക്ക നടപടി സ്വീകരിച്ചതുമെല്ലാം 2013 മുതല്‍തന്നെ പോപ്പ് ഫ്രാന്‍സിസിന് അറിവുള്ള കാര്യമായിരുന്നുവെന്ന് കത്തില്‍ ആര്‍ച് ബിഷപ് വിഗാനോ പറയുന്നു. എന്നാല്‍ കര്‍ദിനാള്‍ മക്കാറിക്കിനെതിരായ വിലക്കുകള്‍ പോപ്പ് ഫ്രാന്‍സിസ് നീക്കം ചെയ്യുകയാണുണ്ടായതെന്നും ആരോപിക്കുന്നുണ്ട്. ആരോപണങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് കര്‍ദിനാള്‍മാരുടെ കോളജില്‍ നിന്നും മക്കാറിക് ഈ വര്‍ഷമാദ്യം രാജിവയ്ക്കുകയുണ്ടായി. യുഎസിലെ വത്തിക്കാന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചുവന്നിരുന്ന ആര്‍ച് ബിഷപ്പ് വിഗാനോയെ 2016ല്‍ പോപ്പ് ഫ്രാന്‍സിസ് തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു. സ്വവര്‍ഗ്ഗക്കാരുടെ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിലൂടെ സ്വവര്‍ഗ വിവാഹങ്ങളോടുള്ള എതിര്‍പ്പിന്റെ പ്രതീകമായി മാറിയ കെന്റുക്കിയില്‍ ക്ലാര്‍ക്ക് ആയ കിം ഡേവിസുമായി മാര്‍പ്പാപ്പയുടെ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു ആ നടപടി.
യുഎസിലെ കത്തോലിക്കാ യാഥാസ്ഥിതികരുടെ 'നാഷണല്‍ കാത്തോലിക് രജിസ്റ്റര്‍' എന്ന പ്രസിദ്ധീകരണത്തിലാണ് വിഗാനോയുടെ കത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആരോപണങ്ങളെക്കുറിച്ച് താന്‍ ഒരക്ഷരവും പറയില്ലെന്നായിരുന്നു പോപ്പ് ഫ്രാന്‍സിസിന്റെ പ്രതികരണം. കാര്യങ്ങള്‍ വിലയിരുത്താന്‍ പത്രപ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തന്റെ കീഴിലുള്ള ഒരു പുരോഹിതനെക്കുറിച്ചുള്ള ആരോപണം മറച്ചുവച്ചു എന്ന ആരോപണം നേരിട്ടത് താനായിരുന്നുവെങ്കില്‍ പോപ്പ് ഫ്രാന്‍സിസിനെപ്പോലെ ഒഴിഞ്ഞു മാറുമായിരുന്നില്ലെന്നും, സ്ഥിതി എത്രത്തോളം ഗൗരവമേറിയതാണെന്ന് പോപ്പ് ഫ്രാന്‍സിസ് മനസ്സിലാക്കുന്നുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ഇലിനോയ്‌യിലെ സ്പ്രിംങ്ഫീല്‍ഡിലെ ബിഷപ്പായ തോമസ് ജോണ്‍ പപ്പറോസ്‌ക്കി പറഞ്ഞത്. സ്വവര്‍ഗ വിവാഹത്തിനെതിരെ സഭക്കുള്ളില്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയും വേദശാസ്ത്രപരമായ യാഥാസ്ഥിതികത്വം പുലര്‍ത്തുകയും ചെയ്യുന്ന ബിഷപ് പപ്പറോസ്‌ക്കി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആ വിഗാനോയുടെ സത്യസന്ധതയെക്കുറിച്ചു അദ്ദേഹം എടുത്തുപറയുകയും ചെയ്തു. അതേസമയം കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സഭാ നേതാക്കള്‍ വിഗാനോക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. മിന്നെസോട്ടയിലെ ബിഷപ് ആയിരിക്കെ ലൈംഗിക അതിക്രമം മൂടിവച്ചെന്ന ആരോപണം വിഗാനോക്കെതിരെയും മുമ്പ് ഉയര്‍ന്നിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. വിഗാനോയുടെ വക്താവ് ആരോപണങ്ങള്‍ നിഷേധിച്ചു. വസ്തുതാപരമായ തെറ്റുകളും, കുത്തുവാക്കുകളും, ഭയക്കേണ്ട ഒരു പ്രത്യയശാസ്ത്രവും നിറഞ്ഞു നില്‍ക്കുന്ന ഒന്നായിട്ടാണ് ന്യൂ ജേഴ്‌സിയിലെ ന്യൂആര്‍ക് ആര്‍ച് ബിഷപ്പും പോപ്പ് ഫ്രാന്‍സിസിന്റെ ഉറച്ച പിന്തുണക്കാരനുമായ കര്‍ദിനാള്‍ ജോസഫ് ടോബിന്‍ കത്തിനെ വിശേഷിപ്പിച്ചത്. യുഎസ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായ കര്‍ദിനാള്‍ ഡാനിയേല്‍ ദീനാര്‍ദോ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ആര്‍ച് ബിഷപ് വിഗാനോ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് തെളിവുകളെ അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ഉത്തരങ്ങള്‍ ആവശ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പോപ്പുമായി കൂടിക്കാഴ്ചക്കുള്ള അനുമതി അദ്ദേഹം തേടി.
ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള പുരോഹിതന്മാര്‍ സ്വീകരിക്കുന്ന നിലപാടില്‍നിന്നും വ്യത്യസ്തമാണ് യുഎസ് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റേത്. ഉദാഹരണത്തിന് ആശയ സംവാദത്തിന്റെ ഒന്നായി ഈ സാഹചര്യങ്ങളെ മാറ്റുന്നതാണ് പ്രധാനമെന്നാണ് ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് പറഞ്ഞത്. പുരോഹിതന്മാര്‍ക്കിടയിലെ സ്വവര്‍ഗസ്‌നേഹികളോടുള്ള സമീപനം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ വളരെക്കാലമായി രഹസ്യമായി മൂടിവച്ചിരുന്ന കാര്യങ്ങള്‍ യുഎസ് സഭയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ കാരണം പരസ്യമായി സംവദിക്കുന്നതിനു സഭാ നേതാക്കളെ നിര്‍ബ്ബന്ധിതമാക്കുകയാണെന്ന് കാത്തോലിക് വേള്‍ഡ് ന്യൂസ് എഡിറ്റര്‍ ഫില്‍ ലോലെര്‍ പറയുന്നു.

Write A Comment

 
Reload Image
Add code here