ഇസ്‌ലാമിനെ മനോരോഗമായി കണക്കാക്കി ചൈനയുടെ ചികിത്സ

Mon,Sep 10,2018


ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ ഇപ്പോള്‍ ഒരു മില്യനോളം മുസ്ലിങ്ങളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് യുഎന്നും യുഎസും കണക്കാക്കുന്നത്. അവരില്‍ ഏറെയും ഉയിഗുര്‍ എന്ന മുസ്ലിം വംശീയ ന്യുനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. തടങ്കല്‍ പാളയങ്ങള്‍ക്കുള്ളില്‍ നിരവധി മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന മസ്തിഷ്‌ക്ക പ്രക്ഷാളന പ്രക്രിയക്ക് അവര്‍ വിധേയരാകുന്നതായി അവിടെ മുമ്പ് കഴിഞ്ഞിട്ടുള്ളവര്‍ പറയുന്നു. ഇസ്‌ലാമിനെ നിരാകരിക്കുന്നതിനും സ്വന്തം ഇസ്‌ലാമിക വിശ്വാസങ്ങളെയും സഹതടവുകാരുടെ വിശ്വാസങ്ങളെയും തള്ളിപ്പറയുന്നതിനും അതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രചാരണ ഗാനങ്ങള്‍ ഓരോ ദിവസവും ആലപിക്കുന്നതിനും അവര്‍ നിര്‍ബ്ബന്ധിതരാകുന്നു. മുസ്ലിം വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ പന്നിയിറച്ചി ഭക്ഷിക്കുന്നതിനും മദ്യം കുടിക്കുന്നതിനും അവര്‍ നിര്‍ബ്ബന്ധിതരാകുന്നതായും പീഡനങ്ങളും മരണവും സംഭവിക്കുന്നതായുമുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ സിങ്കിയാങ് പ്രവിശ്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തടങ്കല്‍ പാളയങ്ങളുടെ എണ്ണം അമ്പരപ്പിക്കുംവിധം ഇരട്ടിയായതായാണ് റിപ്പോര്‍ട്ടുകള്‍. ന്യുനപക്ഷ വിഭാഗക്കാരെ കൂട്ടത്തോടെ പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ലോകത്തിലെ ഏറ്റവും വലിയ സ്ഥലമെന്നാണ് ചൈനയെ സംബന്ധിച്ചുള്ള യുഎസ് കോണ്‍ഗ്രസിന്റെ കമ്മീഷന്‍ പറഞ്ഞത്. ഉയിഗുര്‍ തീവ്രവാദികള്‍ക്കെതിരെയാണ് ബെയ്ജിങ് നടപടികള്‍ തുടങ്ങിയതെങ്കിലും മുസ്ലിം വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന താടിമീശ നീട്ടിവളര്‍ത്തിയവരെപ്പോലും തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. പാളയങ്ങളില്‍ മുസ്ലിം മതവിരുദ്ധമായ ക്‌ളാസുകള്‍ നടക്കുന്നതായുള്ള ആരോപണങ്ങള്‍ ചൈന നിഷേധിക്കുകയാണ്. അതിനുള്ളിലുള്ള പാഠശാലകള്‍ ക്രിമിനലുകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനുള്ളവയാണെന്നാണ് അവകാശവാദം.
തടങ്കല്‍ പാളയങ്ങളെ സ്‌കൂളുകളെന്ന നിലയിലാണ് ജനങ്ങള്‍ക്ക് മുന്നില്‍ ചൈന അവതരിപ്പിക്കുന്നത്. രോഗചികിത്സക്കുള്ള ആശുപത്രികളായും ചിത്രീകരിക്കുന്നുണ്ട്. അതേക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റെക്കോര്‍ഡ് ചെയ്ത ഒരു സന്ദേശം വീ ചാറ്റ് എന്ന സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഉയിഗുര്‍ മുസ്ലിങ്ങള്‍ക്കായി നല്‍കിയ സന്ദേശം ഇങ്ങനെയായിരുന്നു: 'പുനര്‍വിദ്യാഭ്യാസത്തിനായി തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യയശാസ്ത്രപരമായി വലിയ രോഗം പിടിപെട്ടിട്ടുണ്ട്. മതതീവ്രവാദത്തിന്റെയും ഭീകരാക്രമണ ആശയഗതികളുടെയും രോഗമാണ് അവരെ പിടികൂടിയിട്ടുള്ളത്. അതുകൊണ്ട് അവരെ ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കേണ്ടതുണ്ട്. മതതീവ്രാവാദമെന്നത് ജനങ്ങളുടെ മനസ്സുകളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷമരുന്നാണ്. മത തീവ്രവാദത്തെ അതിന്റെ വേരോടുകൂടി പിഴുതെറിഞ്ഞില്ലെങ്കില്‍ ഭീകരാക്രമണങ്ങള്‍ വളരുകയും ട്യൂമര്‍പോലെ വ്യാപിക്കുകയും ചെയ്യും.' സ്വന്തം നാടായ സിങ്കിയാങില്‍ ഉയിഗുര്‍ മുസ്ലിങ്ങള്‍ അവരുടേതായ രാജ്യം സ്ഥാപിക്കുമെന്ന് ചൈന ഭയക്കുന്നു. കിഴക്കന്‍ ടര്‍ക്കിസ്ഥാന്‍ എന്നാണു അവരതിനെ വിളിക്കുന്നത്. 2009ല്‍ വംശീയ കലാപമുണ്ടാകുകയും നൂറുകണക്കിന് ആള്‍ക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. സമീപ വര്‍ഷങ്ങളില്‍ ഉയിഗുര്‍ തീവ്രവാദികള്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയാണ്.
തീവ്രവാദികളെന്ന് കാണപ്പെടുന്ന ഉയിഗുര്‍ മുസ്ലിങ്ങളെ മാത്രമാണ് അമര്‍ച്ച ചെയ്യാന്‍ ഗവണ്മെന്റ് ആഗ്രഹിക്കുന്നതെങ്കിലും ജനസംഖ്യയില്‍ അവര്‍ ഗണ്യമായൊരു വിഭാഗമുണ്ട്. വലിയ തോതില്‍ ആള്‍ക്കാരെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുന്നതിനെ ന്യായീകരിക്കാനാണ് ഗവണ്മെന്റ് മെഡിക്കല്‍ പദാവലികളെ ആശ്രയിക്കുന്നത്. തീവ്രവാദത്തെ ഫ്‌ളൂവിനോടാണ് അവര്‍ ഉപമിക്കുന്നത്. അത് ഏതാനും പേരില്‍ മാത്രമായി ഒതുങ്ങി നില്‍ക്കില്ല. ജനങ്ങളെ വലിയ തോതില്‍ ബാധിക്കും. മാനസിക രോഗങ്ങള്‍, ലഹരി വിമോചനം എന്നിവയെപ്പോലെ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗമാണ് തീവ്രവാദം. യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ ഭാവിയില്‍ അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. രോഗചികിത്സ കഴിഞ്ഞ വീടുകളിലേക്ക് മടങ്ങിയാലും ജാഗ്രത പുലര്‍ത്തണം. ശരിയായ രീതിയിലുള്ള പ്രത്യയശാസ്ത്ര പഠനങ്ങളിലൂടെ രോഗപ്രതിരോധ ശേഷി വളര്‍ത്തണം. ഇസ്‌ലാമിക തീവ്രവാദത്തെ നേരിടുന്നതിന് മെഡിക്കല്‍ ഭാഷയില്‍ വിവരിക്കുന്ന പല രേഖകളും ഗവണ്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിങ്കിയാങില്‍ തീവ്രവാദത്തെ എതിരിടാന്‍ രംഗത്തുള്ള സിവിലിയന്‍മാര്‍പോലും ട്യൂമര്‍ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. തടങ്കല്‍ പാളയങ്ങളിലെ പുനര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലകരെ ക്ഷണിക്കുമ്പോള്‍ മനഃശാസ്ത്ര പരിശീലനം നേടിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. തീവ്രവാദത്തെ മനോരോഗമായി കണക്കാക്കിയാണ് ഉയിഗുര്‍ മുസ്ലിങ്ങളെ ചികില്‍സിക്കുന്നത്. ഒരു മതന്യുനപക്ഷത്തെ അടിച്ചമര്‍ത്തുന്നതിനായി ചൈന ഇതാദ്യമായല്ല മെഡിക്കല്‍ പദാവലികള്‍ ഉപയോഗപ്പെടുത്തുന്നത്. 2000ത്തിന്റെ തുടക്കത്തില്‍ ഫ്‌ലുന്‍ ഗോങ് എന്നറിയപ്പെട്ട ബുദ്ധമതത്തിലെ ഒരു പ്രത്യേക ആത്മീയ വിഭാഗത്തെയും നിര്‍ബ്ബന്ധിത ലേബര്‍ ക്യാമ്പുകളില്‍ പുനര്‍ വിദ്യാഭ്യാസം ചെയ്യിക്കുകയുണ്ടായി. വളരെ അപകടകരമായ ഒരു പ്രതിഭാസമായിട്ടാണ് ഫ്‌ലുന്‍ ഗോങിനെ കൈകാര്യം ചെയ്തത്. എന്നാല്‍ സിങ്കിയാങില്‍ അതിനും ഒരു പടികൂടി കടന്നുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മതം അസാധാരണമായ വിധം ലഹരിയായി പടര്‍ന്നുകയറുന്ന സ്ഥിതിവിശേഷമാണ് ഫ്‌ലുന്‍ ഗോങ്ങിലും ഉയിഗുര്‍ മുസ്ലിങ്ങളിലും കാണപ്പെടുന്നത്. ഉയിഗുര്‍ മുസ്ലിങ്ങളെപ്പോലെതന്നെ കസാഖ്, കിര്‍ഗിസ് വംശജരിലുമുള്ള മുസ്ലിങ്ങളെയും തടങ്കല്‍ പാളയങ്ങളില്‍ എത്തിക്കുന്നുണ്ട്. മുസ്ലിം വംശീയ ന്യുനപക്ഷക്കാരെ നിര്‍ബ്ബന്ധിച്ച് ഭൂരിപക്ഷമായ ഹാന്‍ ചൈനീസ് വംശത്തിന്റെ ഭാഗമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മനഃശാസ്ത്രപരമായ പ്രശ്‌നങ്ങളുടെ പേരില്‍ ഉയിഗുര്‍ മുസ്ലിങ്ങളെ ചികില്‍സിക്കുന്ന ചൈനയുടെ നടപടി രാജ്യത്തിനുള്ളിലും വിദേശങ്ങളിലും ചൈനയ്ക്ക് മനഃശാസ്ത്രപരമായ ദോഷം വരുത്തിവയ്ക്കുന്നു എന്നതാണ് വിരോധാഭാസം. ക്യാമ്പിനുള്ളില്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചു പല തവണ താന്‍ ആലോചിച്ചിരുന്നതായി ഒരു മുന്‍ അന്തേവാസി പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസികളായി കഴിയുന്ന ഉയിഗുര്‍ മുസ്ലിങ്ങള്‍ സ്വന്തം രാജ്യത്ത് തങ്ങളുടെ ബന്ധുക്കള്‍ക്ക് സംഭവിക്കുന്നതിനെക്കുറിച്ചു റിപ്പോര്‍ട്ടര്‍മാരോട് പറയുന്നുണ്ട്. ഉറക്കമില്ലായ്മ, വിഷാദം, ഉല്‍കണ്ഠ, ചിത്തഭ്രമം തുടങ്ങിയ പല മാനസിക രോഗങ്ങളും അവരെ പിടികൂടുകയാണ്. 2010ല്‍ ഫിന്‍ലണ്ടിലേക്കു പോയ മൂരാട് ഹാറി ഉയ്ഗഹുര്‍ എന്ന 33 കാരനായ ഡോക്ടര്‍ ഫ്രീ മൈ പേരെന്റ്‌സ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. വിദേശങ്ങളില്‍ താമസിക്കുന്ന ഉയിഗുര്‍ മുസ്ലിങ്ങളില്‍ പലര്‍ക്കും കുറ്റബോധമുണ്ട്. വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കുന്ന ഉയിഗുര്‍മാരുടെ കുടുംബത്തിലെ അംഗങ്ങളെ സംശയദൃഷ്ടിയോടെയാണ് ബെയ്ജിങ് വീക്ഷിക്കുന്നത്. അവരുടെ ജീവന് ഭീഷണി നേരിടുമെന്ന് അവര്‍ ഭയക്കുന്നു. എപ്പോഴെങ്കിലും രാജ്യത്തേക്ക് മടങ്ങിയാല്‍ തടവിലാക്കപ്പെടുമെന്നും അവര്‍ക്കറിയാം.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here