കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആച്ചെയില്‍ നിന്നുള്ള പാഠങ്ങള്‍

Sat,Sep 08,2018


പ്രളയം കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളും അടച്ചു. ആളുകള്‍ ചെളിയും അഴുക്കും നിറഞ്ഞ വീടുകളിലേക്ക് മടങ്ങി. ഇനി പുനര്‍നിര്‍മ്മാണത്തിന്റെ കാലമാണ്. 'പുതിയ കേരളം' കെട്ടിപ്പടുക്കുക എന്ന വെല്ലുവിളിയാണ് ഉയരുന്നത്. അക്കാര്യത്തില്‍, സുനാമിക്കു ശേഷം ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയില്‍ നടന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാമെന്ന്, 2006 മുതല്‍ 2010 വരെ ആച്ചെയില്‍ യുഎന്‍/എഫ് എ ഒ സംഘടനകളുടെ പോസ്റ്റ് സുനാമി ഫിഷറീസ് കോമാനേജ്‌െമന്റ് അഡൈ്വസര്‍ ആയി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ ബംഗളുരുവില്‍ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിംഗ് ഫെലോയുമായ ജോണ്‍ കുര്യന്‍ പറയുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയുമായി വളരെ സാമ്യം ആച്ചെക്കുണ്ട്. കിഴക്കു കുന്നിന്‍നിരകളും പടിഞ്ഞാറ് സമുദ്രതീരവുമാണ്. ഒട്ടേറെ നദികള്‍ പടിഞ്ഞാറേക്കൊഴുകുന്നു. ചില സാമൂഹ്യ സാംസ്‌കാരിക സവിശേഷതകളും കേരളവുമായി വളരെ സാമ്യമുണ്ട്. രാവിലെ 'കടായ് കോപി'(കാപ്പിക്കട)യില്‍ ഒരു ദിനപത്രവും പടിച്ച് ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നവരെ അവിടെയും കാണാം. അവരില്‍ പലരുടെയും വേരുകള്‍ കേരളത്തിലെ പൊന്നാനിയിലാണുള്ളത്. 2004 ഡിസംബറില്‍ ആച്ചെയില്‍ 8 മീറ്റര്‍ ഉയരത്തിലാണ് സുനാമി തിരകള്‍ വീശിയടിച്ചത്. അവ 5 കിലോ മീറ്റര്‍വരെ കരയിലേക്ക് കയറി. 30 മിനിറ്റുകള്‍ക്കുള്ളില്‍ 15,000 പേരെയാണ് തിരകള്‍ കവര്‍ന്നെടുത്തത്. തീരദേശത്തെ പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം ഒലിച്ചുപോയി. അതിനെ അതിജീവിച്ചവര്‍ അതേല്‍പ്പിച്ച കടുത്ത മാനസിക ആഘാതത്തിലുമായി. ആച്ചെയിലെ പുനര്‍നിര്‍മ്മാണത്തിന് അന്നവിടം സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നല്‍കിയ മനോഹരമായ ഒരു വാക്കുണ്ടായിരുന്നു: 'ബില്‍ഡ് ബാക് ബെറ്റര്‍'. ആച്ചെയിലെ ദുരന്ത നിവാരണത്തിന് അഞ്ചു ഘട്ടങ്ങളാണുണ്ടായിരുന്നതെന്ന് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു - രക്ഷാ പ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം, പുനര്‍ വികസനം. ഇതില്‍ ആദ്യത്തെ നാലും പൊതുവായുള്ളതും കേരളത്തിലും നടപ്പാക്കുന്നതുമാണ്. ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വികസന പ്രക്രിയയുടെ ഘടന, വേഗത, ദിശ എന്നിവയെല്ലാം പുനര്‍വിഭാവനം ചെയ്യുന്നതിനെയാണ് പുനര്‍വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ആച്ചെയിലെ പുനര്‍നിര്‍മ്മാണത്തിനായി ഒരു പ്രത്യേക ഏജന്‍സിക്ക് ഇന്തോനേഷ്യന്‍ പ്രസിഡന്റ് രൂപം നല്‍കി. പുനരധിവാസ പുനര്‍നിര്‍മ്മാണ ഏജന്‍സിക്ക് (ബിആര്‍ആര്‍) നാല് വര്‍ഷമായിരുന്നു കാലാവധി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സ്റ്റാഫിനെ നല്‍കുകയും മേല്‍നോട്ടം വഹിക്കുന്നതിനായി രണ്ടു ബോര്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്തു. സമൂഹങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പദ്ധതികള്‍ ഏറ്റവും മികച്ച പ്രൊഫഷണല്‍ മാനദണ്ഡങ്ങളോടെ ആവിഷ്‌കരിക്കുകയും മേല്‍നോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദുരിതം ബാധിച്ച ജനവിഭാഗങ്ങളുടെ ജീവിത മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഏജന്‍സിയുടെ ദൗത്യം. പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. വളരെ കഠിനവും പ്രാദേശികമായ താല്‍പ്പര്യങ്ങളും മുന്‍ഗണനകളും കണക്കിലെടുത്തുള്ളതും നന്നായി നിരീക്ഷിക്കപ്പെട്ടതുമായ ഒരു പ്രക്രിയയിലൂടെയാണ് അതു ചെയ്തത്. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നിയമപരവും ഭരണപരവുമായ അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള ഏകോപനമാണ് ബി ആര്‍ ആര്‍ വഹിച്ചത്. പുനര്‍നിര്‍മ്മാണത്തില്‍ പ്രാദേശിക സമൂഹങ്ങളില്‍നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ക്കും പങ്കാളിത്തത്തിനും വലിയ പ്രാധാന്യം നല്‍കി. പ്രാദേശിക ഗവണ്‍മെന്റുകള്‍, സമുദായ നേതാക്കള്‍, അക്കാഡമിക് പണ്ഡിതര്‍, മതനേതാക്കള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുമായെല്ലാം നിരന്തരം കൂടിയാലോചനകള്‍ നടത്തുകയും പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ പുനര്‍നിര്‍മ്മാണ പദ്ധതി പുനരാവിഷ്‌ക്കരിക്കുന്നതില്‍ അവരെ ഉള്‍പ്പെടുത്തുകയും ചെയ്തു. സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്നതുപോലെ പ്രധാനമായിരുന്നു സ്വജന പക്ഷപാതവും അഴിമതിയും ഒഴിവാക്കുക എന്നതും. പുനര്‍ നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതുമായ ഒരു പ്രത്യേക സംവിധാനത്തിന് രൂപം നല്‍കണമെന്നതാണ് കേരളത്തിനുള്ള പാഠം. നിയമസഭയുടെ അനുമതിയോടെയും അതിനോട് ഉത്തരവാദപ്പെട്ടും പ്രവര്‍ത്തിക്കേണ്ട സംവിധാനത്തിന് ഏറ്റവും ഉയര്‍ന്ന പ്രൊഫഷണല്‍, ധാര്‍മ്മിക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടാകുകയും വേണം. പൊതുസ്വകാര്യജനകീയ പങ്കാളിത്തത്തോടെയാകണം പുനര്‍നിര്‍മ്മാണം. പഞ്ചായത്തുകളിലെ വാര്‍ഡ് നിലവാരം മുതല്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ച് സംയോജിപ്പിച്ചാകണം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. ഭൂപരമായ പ്രത്യേകതകളും കാലാവസ്ഥയുമെല്ലാം കണക്കിലെടുക്കണം.
ആച്ചെയ്ക്കായി 8ബില്യണ്‍ ഡോളറോളം ധനസഹായം ലഭിച്ചു. സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ഒരു മള്‍ട്ടി ഡോണര്‍ ട്രസ്റ്റ് ഫണ്ട് രൂപീകരിക്കണമെന്ന് ഇന്തോനേഷ്യന്‍ ഗവണ്മെന്റ് ലോക ബാങ്കിനോട് ആവശ്യപ്പെടുകയുണ്ടായി. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ബി ആര്‍ ആറിന്റെ നേതൃത്തില്‍ ഗവണ്മെന്റ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനു അനുരോധമായിരിക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. ഫണ്ടുകള്‍ വിവേകപൂര്‍വം അനുവദിക്കുന്നതിന് എം ഡി എഫ് സംഭാവനകള്‍ നല്‍കിയവരെ സഹായിച്ചു. ദുരന്തത്തിന് ഇരയായവരുടെ പ്രത്യേകമായ ആവശ്യങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ അവരെ അറിയിച്ചു. വളരെ ലളിതവും സുതാര്യവുമായി പദ്ധതി നടത്തിപ്പിനുള്ള സമയം ചുരുക്കി എല്ലാം ഭംഗിയായി നിര്‍വഹിച്ചു. കേരളത്തിലും വിവിധ കേന്ദ്രങ്ങളില്‍നിന്നുമാണ് പുനര്‍നിര്‍മ്മാണത്തിനുള്ള സഹായങ്ങള്‍ ലഭിക്കുന്നത്. കേന്ദ്ര ഗവണ്മെന്റ്, വിദേശ രാഷ്ട്രങ്ങള്‍, അന്താരാഷ്ട്ര വികസന ഏജന്‍സികള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്നെല്ലാമുള്ള സഹായം കേരളത്തിന്റെ ഖജനാവിലെത്തും. ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള ആവശ്യങ്ങള്‍ക്കായി കേരളത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതും ലോക ബാങ്കും യുഎന്നും ഉള്‍പ്പടെയുള്ള ഏജന്‍സികളില്‍നിന്നും മൃദുവായ്പകളും ഗ്രാന്റുകളും നേടിയെടുക്കാവുന്നതുമാണ്. ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് ലോകത്തെല്ലായിടത്തുമുള്ള കേരള ജനത ആവേശകരമായിട്ടാണ് പ്രതികരിച്ചത്. നിശ്ചിത പ്രദേശങ്ങളിലേക്കും ജനവിഭാഗങ്ങള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നുള്ള സൂചനകള്‍ നല്‍കിയാല്‍ അവര്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ തയ്യാറായെന്നും വരും. പൊതുവിലുള്ള ഏകോപനം ലക്ഷ്യമിട്ട് ഒരു പ്രത്യേക ഫിനാന്‍ഷ്യല്‍ ട്രസ്റ്റിന് കേരളം രൂപം നല്‍കണം. മുഖ്യമന്ത്രിയും ധനമന്ത്രിയും അതിന്റെ തലപ്പത്തുണ്ടാകണം. എന്നാല്‍ അതിന്റെ പ്രവര്‍ത്തന ചുമതല യോഗ്യരായ ബ്യുറോക്രറ്റുകളെയും ധനകാര്യ മാനേജുമെന്റിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും പരിചയ സമ്പത്തുള്ളവരായ വിദഗ്ധരെയും ഏല്‍പ്പിക്കണം. സുനാമിക്ക് ശേഷമുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആച്ചെയില്‍ നടക്കുമ്പോള്‍ വിവര സാങ്കേതികവിദ്യയോ പ്രാദേശിക വൈദഗ്ധ്യമോ കേരളത്തെപ്പോലെ വികസിച്ചിരുന്നില്ല. ഇ-മെയില്‍, എസ് എം എസ്, സാറ്റലൈറ്റ് ഫോണുകള്‍, ജിഐഎസ്, ഭൂമിയില്‍ നിരന്തരമായി നടത്തിയിരുന്ന പരിശോധനകള്‍ എന്നിവയെയാണ് ബി ആര്‍ ആര്‍ ആശ്രയിച്ചത്. റോഡുകള്‍ പാടെ തകര്‍ന്നു പോയതിനാല്‍ പുനര്‍നിര്‍മ്മാണത്തിനായുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നതിന് സമയം വേണ്ടിവന്നു. കാലതാമസം പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലെത്തി. ഈ പോരായ്മകളൊക്കെ ഉണ്ടായിരുന്നെങ്കിലും സഹായത്തെ പദ്ധതി നിര്‍വ്വഹണവുമായി വിശ്വാസ്യതയോടെ ബന്ധപ്പെടുത്തുന്നതിനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും കഴിഞ്ഞു. എത്രത്തോളം സഹായങ്ങള്‍ ലഭിച്ചുവെന്നതും അവ എങ്ങനെ ചിലവഴിച്ചുവെന്നുതും സുതാര്യമായിരുന്നു. കേരളത്തില്‍ വ്യാപകമായിട്ടുള്ള സ്മാര്‍ട്ട് ഫോണുകള്‍ സുതാര്യതയും, ഉത്തരവാദിത്വവും ശാക്തീകരണവുമെല്ലാം പ്രദാനം ചെയ്യുന്നതാണ്. നാശനഷ്ടങ്ങള്‍ സഹിച്ചവരുടെ ഫോട്ടോകള്‍, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നിവയെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് കഴിയും. കഴിവുള്ളവരും തുറന്ന ഹൃദയമുള്ളവരുമായ നമ്മുടെ ഐടി വിദഗ്ദ്ധര്‍ക്ക് ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ കഴിയും.
പുനര്‍നിര്‍മ്മാണം നേരിടുന്ന വെല്ലുവിളികള്‍
ആച്ചെക്ക് 'സുനാമി നല്‍കിയ സമ്മാനം' ആയിരുന്നു പ്രവിശ്യക്ക് ഇന്തോനേഷ്യന്‍ ഗവണ്മെന്റ് നല്‍കിയ സ്വയംഭരണം. രാഷ്ട്രീയ ഭരണം മുതല്‍ പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം വരെയുള്ള കാര്യങ്ങള്‍ അതിലുള്‍പ്പെട്ടു. ഭക്ഷ്യ ധാന്യങ്ങള്‍, നാണ്യവിളകള്‍, ടൂറിസം കേന്ദ്രങ്ങള്‍, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഉറവിടങ്ങള്‍, മല്‍സ്യബന്ധനം, ശുദ്ധജല ലഭ്യത എന്നിവയെല്ലാം കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകളാണ്. വിലപ്പെട്ട ഈ പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാനവും സമൂഹവും തമ്മില്‍ വലിയ പങ്കാളിത്തം ഉണ്ടാകേണ്ടത് അനിര്‍വാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഈ പ്രളയം. ഈ പ്രതിസന്ധി അതിനുള്ള ഒരു സുവര്‍ണ്ണാവസരമായി ഉപയോഗപ്പെടുത്തണം. കാലാവസ്ഥ വ്യതിയാനത്തിന്റേതായ സാഹചര്യത്തില്‍ മറ്റൊരു പ്രളയം ഒഴിവാക്കണമെങ്കില്‍ ഒരു ഭാഗത്തു പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പുനരധിവാസവും പുനര്‍നിര്‍മ്മാണവുമായിരിക്കണം ഉണ്ടാകേണ്ടത്. നാണ്യവിളകളുടെ കാര്യത്തിലും ഡാമുകളുടെ കാര്യത്തിലും പുനര്‍ചിന്തനം ആവശ്യമാണ്. നദികളുടെ കരകളും അതിലെ മണലും സംരക്ഷിക്കപ്പെടണം. നമ്മുടെ കടലോരങ്ങള്‍ കടലുകള്‍ക്കുള്ള കളിസ്ഥലങ്ങളായി അവശേഷിപ്പിക്കണം. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ ആച്ചെയിലെപ്പോലെ ഒരു പുതിയ രാഷ്ട്രീയ ധാരണയും ചട്ടക്കൂടും ആവശ്യമാണ്. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി സങ്കുചിതമായ രാഷ്ട്രീയ, വര്‍ഗ, ജാതി ചിന്തകള്‍ക്കതീതമായി ഉയര്‍ന്ന് ഒരുമിച്ചു പ്രവര്‍ത്തിക്കണം. കേരളത്തില്‍ നല്ല രീതിയില്‍, ഹൃദയം കവരുന്ന രക്ഷാപ്രവര്‍ത്തനങ്ങളുണ്ടായി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും ദുരിതാശ്വാസമെത്തി. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഭിന്നതകളില്ലാതെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം വേണം. ഇനിയിപ്പോള്‍ വീടുകളും, പ്രാദേശിക സമൂഹങ്ങളും മുതല്‍ വിവിധ നിലവാരങ്ങളിലുള്ള ഗവണ്മെന്റുകളും ചിന്തിക്കുന്നത് പുനര്‍നിര്‍മ്മാണത്തിനുള്ള തന്ത്രങ്ങളെയും മുന്‍ഗണനകളെയും കുറിച്ചാണ്. ഇതിനെ അവസരമാക്കി എങ്ങനെ മാറ്റാമെന്നുള്ള ചിന്തയാണ് ആവശ്യമായുള്ളതെന്ന് ആച്ചെയിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജോണ്‍ കുര്യന്‍ പറയുന്നു.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here