'ശബ്ദിക്കുന്ന ജഡ്ജി' അടുത്ത ചീഫ് ജസ്റ്റിസാകും

Sat,Sep 08,2018


സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ രഞ്ജന്‍ ഗൊഗോയ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. വടക്കുകിഴക്കന്‍ മേഖലയില്‍നിന്നും ഇന്ത്യന്‍ ജുഡീഷ്യറിയുടെ പരമോന്നത സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വ്യക്തിയാണദ്ദേഹം. 40 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്.
സ്വതവേ മൃദു ഭാഷിയായ ജസ്റ്റിസ് ഗൊഗോയ് ഈ വര്‍ഷമാദ്യം ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ അതിനു മുമ്പ് ഉണ്ടായിട്ടില്ലാത്തവിധം മറ്റു മൂന്നു ജഡ്ജിമാര്‍ക്കൊപ്പം ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണത്തിന് അദ്ദേഹം മുതിര്‍ന്നു. ബഞ്ചുകള്‍ക്ക് കേസുകള്‍ അനുവദിക്കുന്നതിലും കോടതിയുടെ നടത്തിപ്പിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെയാണ് അവര്‍ പ്രതികരിച്ചത്. അപൂര്‍വമായ വിധം പത്രസമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടി ധീരമായ ഒന്നായിട്ടാണ് നിയമ വൃത്തങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടത്. അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട ആളെന്ന നിലയില്‍ ജസ്റ്റിസ് ഗൊഗോയ് കൂടുതല്‍ ശ്രദ്ധ നേടി. ഈ നടപടി അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇല്ലാതെയാക്കുമോ എന്നായിരുന്നു ഏവരും സംശയിച്ചത്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല.
സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ രഞ്ജന്‍ ഗൊഗോയിയുടെ പേരുതന്നെയാണ് അടുത്ത ചീഫ് ജസ്റ്റിസായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദ്ദേശിച്ചത്. ഏഴു മാസങ്ങള്‍ക്കു മുമ്പ് തന്റെ തീരുമാനങ്ങളെ പരസ്യമായി വിമര്‍ശിച്ച ആള്‍ പിന്‍ഗാമിയാകണമെന്ന ശുപാര്‍ശ മിശ്ര നല്‍കി. മനസ്സില്‍ തോന്നുന്നത് തുറന്നു പറയുന്ന ശീലമുള്ള ആളാണ് ജസ്റ്റിസ് ഗൊഗോയ്. 'സ്വതന്ത്രരായ പത്രപ്രവര്‍ത്തകരും ശബ്ദമുയര്‍ത്തുന്ന ന്യായാധിപന്മാരുമാണ് ജനാധിപത്യത്തെ സംരക്ഷിക്കുന്ന മുന്‍ നിര പോരാളികള്‍' എന്ന് അദ്ദേഹം ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു പ്രഭാഷണത്തില്‍ പറയുകയുണ്ടായി. ജുഡീഷ്യറി കൂടുതല്‍ സജീവമാകണമെന്നും മുന്‍നിരയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിമുറിയിലും അദ്ദേഹം കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. സുപ്രീം കോടതിയില്‍നിന്നും വിരമിച്ച ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന് 2016ല്‍ അദ്ദേഹം കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു. കേരളത്തിലെ സൗമ്യ വധക്കേസില്‍ പ്രതിയെ ബലാല്‍സംഗ കുറ്റത്തിന് മാത്രം ശിക്ഷിക്കുകയും കൊലപാതകത്തിന് ശിക്ഷിക്കാതിരിക്കുകയും ചെയ്ത കോടതിവിധിയെ വിമര്‍ശിച്ച് ജസ്റ്റിസ് കട്ജു നടത്തിയ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്നായിരുന്നു കോടതയലക്ഷ്യ നടപടി. ജസ്റ്റിസ് ഗൊഗോയ് നേതൃത്വം നല്‍കിയ ബെഞ്ചായിരുന്നു സൗമ്യ വധക്കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസ് കട്ജു ജസ്റ്റിസ് ഗൊഗോയിയുടെ കോടതിയില്‍ ഹാജരാകുകയും ഫേസ് ബുക്ക് പോസ്റ്റിനു ക്ഷമ ചോദിക്കുകയും ചെയ്തതോടെ പ്രശ്‌നം അവസാനിച്ചു. വിവാദപരമായ അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് കേസും ജസ്റ്റിസ് ഗൊഗോയിയാണ് കേട്ടത്. അസമില്‍ രജിസ്റ്റര്‍ തയ്യാറാക്കണമെന്ന ഉത്തരവിട്ടത് ജസ്റ്റിസ് ഗൊഗോയിയും ജസ്റ്റിസ് നരിമാനും ചേര്‍ന്ന ബഞ്ചാണ്.
എന്നാല്‍ രജിസ്റ്ററിന്റെ കരട് പട്ടികയില്‍നിന്നും 4 മില്യനോളം ആള്‍ക്കാര്‍ ഒഴിവാക്കപ്പെട്ടത് വലിയ വിവാദമായി. കേസ് ഇപ്പോഴും കോടതി മുമ്പാകെയാണ്. ഒരു നിശ്ചിത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ അവകാശ വാദങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനും അനധികൃതമായി കുടിയേറിയവരെ പുറത്താക്കുന്നതിനും കോടതി ഗവണ്മെന്റിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here