ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ക്ക് ഈവര്‍ഷം 1.9 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും

Sat,Sep 08,2018


എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 1.9 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. വര്‍ദ്ധിക്കുന്ന ചിലവുകളും കുറഞ്ഞ നിരക്കുകളുമാണ് നഷ്ടത്തിന് കാരണമെന്ന് വ്യോമയാന കമ്പനികളുടെ കണ്‍സള്‍ട്ടിങ് സ്ഥാപനമായ സി എ പി എ പറയുന്നു. മാര്‍ച്ച് 31ന് അവസാനിച്ച 12 മാസങ്ങളില്‍ 430 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പ്രവചിക്കപ്പെട്ടിരുന്നത്. എങ്കിലും രൂപയുടെ മൂല്യശോഷണവും ഉയരുന്ന എണ്ണവിലയും കാരണം അത് 460 മില്യണ്‍ ഡോളറായി ഉയരുകയാണുണ്ടായത്. വര്‍ദ്ധിക്കുന്ന ചിലവുകള്‍ക്കനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ ഉയരുന്നില്ല. ഇന്‍ഡിഗോ വിമാന സര്‍വീസ് നടത്തുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഒഴികെയുള്ള ഒരു വ്യോമയാന കമ്പനിക്കും ഇപ്പോഴത്തെ അവസ്ഥ തരണംചെയ്യുന്നതിന് സഹായകമായ ശക്തമായ ബാലന്‍സ് ഷീറ്റില്ല.
ചാക്രികമായുണ്ടാകുന്ന നഷ്ടങ്ങള്‍ നേരിടാന്‍ മിക്ക വ്യോമയാന കമ്പനികളും സജ്ജമല്ലെന്നു സിഎപിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിയില്‍ അതിവേഗം സംഭവിക്കുന്ന വര്‍ദ്ധനവ് കാരണം ടിക്കറ്റ് വില നിര്‍ണ്ണയിക്കുന്നതിനുള്ള ശേഷിയും വ്യോമയാന കമ്പനികള്‍ക്ക് നഷ്ടപ്പെടുകയാണെന്നും പറയുന്നു. ലോകത്ത് അതിവേഗതയില്‍ വളരുന്ന ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. എയര്‍ ബസിന്റെയും ബോയിങ്ങിന്റെയും നൂറുകണക്കിന് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് വ്യോമയാന കമ്പനികള്‍. വിമാനങ്ങളുടെ 90% സീറ്റുകളും നിറയാറുണ്ട്. കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ രാജ്യത്തിനുള്ളില്‍ വിമാനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യംകൂടിയാണ് ഇന്ത്യ. മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് രണ്ടു മണിക്കൂര്‍ നീളുന്ന യാത്രക്ക് 50 ഡോളര്‍ മാത്രം നല്‍കിയാല്‍ മതിയാകും. യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനായി മത്സരം നടക്കുന്നു.
നേരത്തെതന്നെ നഷ്ടത്തിലായ എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ക്ക് ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിന് ഉടന്‍തന്നെ 3 ബില്യണ്‍ ഡോളറിന്റെ അധിക മൂലധനം കണ്ടെത്തേണ്ടി വരുമെന്ന് സിഎപിഎ പറയുന്നു. ഇന്ത്യയുടെ ദേശീയ വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യയുടെ 76% ഓഹരികള്‍ വില്‍ക്കുന്നതിന് ജൂണില്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിയ ശ്രമം വിജയിച്ചില്ല. ഗവണ്മെന്റ് നല്‍കുന്ന ധന സഹായത്തെ ആശ്രയിച്ചാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 13.23 ബില്യണ്‍ രൂപയുടെ (185.79 മില്യണ്‍ ഡോളര്‍) നഷ്ടമാണ് ജെറ്റ് എയര്‍ വേസ് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തത്. ചിലവുകള്‍ കുറയ്ക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനി. കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ഇന്‍ഡിഗോക്ക് കഴിഞ്ഞ 3 വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ ലാഭമാണ് ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ലഭിച്ചത്. വര്‍ദ്ധിക്കുന്ന ഇന്ധന ചിലവും രൂപയുടെ മൂല്യശോഷണവും കാരണം വരുമാനത്തില്‍ 97% കുറവുണ്ടായി.

Other News

 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; അമ്പരപ്പ് വിട്ടൊഴിയുന്നില്ല
 • സംശയത്തിന്റെ കനലുകള്‍ ബാക്കിയാക്കി ചാരക്കേസ്
 • റാംദേവിന് ചാഞ്ചാട്ടം എന്തുകൊണ്ട്?
 • നിയമം നിയമത്തിന്റെ വഴിക്ക്
 • വ്യാപാര യുദ്ധം ചൈനയിലെ അമേരിക്കന്‍ കമ്പനികളെ ബാധിച്ചുതുടങ്ങി
 • പലസ്തീന്‍കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ട്രമ്പ്
 • സില്‍ക്ക് റോഡ് പദ്ധതിക്കെതിരെ പാക് മന്ത്രിയുടെ പ്രസ്താവന ആശങ്ക പരത്തുന്നു
 • തീവ്ര വലതുപക്ഷം മുന്നേറി: സ്വീഡനില്‍ രാഷ്ട്രീയ അനിശ്ചിതത്വം
 • ട്രമ്പ് പ്രതിസന്ധിയില്‍; പെന്‍സ് കാത്തിരിക്കുന്നു?
 • ഇന്ത്യന്‍ നയതന്ത്രത്തിന്റെ മുഖ്യധാരയിലേക്ക് യൂറോപ്പ് വീണ്ടും
 • കുരിശിന്റെ വഴിയിലെ ജ്ഞാന വൃദ്ധന്‍
 • Write A Comment

   
  Reload Image
  Add code here