ജനങ്ങളോടുചേര്‍ന്ന് കയ്യടി നേടിയ യുവ കളക്ടര്‍മാര്‍

Fri,Sep 07,2018


ജില്ലാ കളക്ടര്‍ എന്നാല്‍ സാധാരണ ജനങ്ങളുമായി വലിയ ബന്ധമൊന്നുമില്ലാതെ കോട്ടും സ്യൂട്ടുമിട്ട് കാറിലും ഓഫീസിലുമായി ചുറ്റിത്തരിയുന്ന ബ്യോറോക്രാറ്റുകളുടെ മേധാവി എന്നാണ് അടുത്ത കാലം വരെ ജനങ്ങളുടെ അനുഭവം. ചില അപവാദങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിതന്നെ എന്നാല്‍ പതിവു രീതികള്‍ മാറ്റിമറിച്ച് സിനിമകളിലെ നന്മയുള്ള നായികാ-നായക കഥാപാത്രങ്ങളെപ്പോലെ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരം കാണുന്ന ഒരു പുതു നിര ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേരളത്തിന് സ്വന്തമായുണ്ടെന്ന് പ്രളയകാലം തെളിയിച്ചു. പൊതുഭരണ രംഗത്ത് മാനുഷിക മുഖവുമായി തിളങ്ങുന്ന ഈ യുവതാരങ്ങളുടെ നന്മയുടേയും ആത്മാര്‍ത്ഥയുടേയും കര്‍മ്മകുശലതുടേയും ആഴവും വ്യാപ്തിയും പ്രളയം കാണിച്ചുതന്നു. ഒരു ദുരന്തം വന്നപ്പോള്‍ പകച്ചുനില്‍ക്കാതെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന ആ ജനകീയ കളക്ടര്‍മാരിലൂടെ പുതിയ ഒരു ഭരണ സംസ്‌ക്കാരത്തിലേക്കാണ് കേരളം പിച്ചവച്ചത്. ഇതാകട്ടെ നേട്ടങ്ങളുടെ പട്ടികയില്‍ സിവില്‍ സര്‍വീസ് രംഗത്തും കേരളം നല്‍കുന്ന ഉത്തമ മാതൃകയായി. ഏറ്റവും നന്മയുള്ള ഒരാളുടെ പേരുപറയാന്‍ കോഴിക്കോട്ടുകാരോട് ഇപ്പോള്‍ പറഞ്ഞാല്‍ ആദ്യം വരുന്ന ഉത്തരം കളക്ടര്‍ യു.വി ജോസ് എന്നാകും. 45,000 പേരാണ് ക്യാമ്പുകളില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം അത്രയും പേര്‍ തന്നെ പുറത്തുമുണ്ടായിരുന്നു. ഒരു ലക്ഷത്തോളം പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ പ്രളയക്കെടുതി അനുഭവിക്കേണ്ടിവന്നത്.
ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ ഇത്രയധികം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോളാണ് അയല്‍ ജില്ലകളായ തൃശൂരിലും ആലപ്പുഴയിലുമെല്ലാം കുടിവെള്ളവും ആഹാരവും ഇല്ലാതെ പതിനായിക്കണക്കിനു പേര്‍ പ്രളയമേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായും സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും അതത് ജില്ലകളിലെ ഭരണാധികാരികളുടെ അറിയിപ്പ് ലഭിച്ചത്. ഈ വിവരം അറിയിച്ച് കളക്ടറുടെ ഒഫീഷ്യല്‍ ഫെയ്‌സ് ബുക്ക് പേജില്‍ യു.വി ജോസ് കോഴിക്കോട്ടെ ജനസമൂഹത്തോട് സഹായാഭ്യര്‍ഥന നടത്തി ഒരു സന്ദേശം പോസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്നത് ചരിത്രമാണ്. പ്രളയ ജലത്തെ തോല്‍പ്പിക്കുന്ന വേഗതയിലാണ് സഹജീവികളോടുള്ള കോഴിക്കോടന്‍ ജനതയുടെ കാരുണ്യ പ്രവാഹം ഉണ്ടായത്. അഭ്യര്‍ത്ഥന നടത്തി രണ്ട് മണിക്കൂറിനുള്ളില്‍ മൂന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ കൊള്ളാവുന്നത്രയും ആഹാര സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമാണ് നാട്ടുകാര്‍ സജ്ജമാക്കി. വൈകിട്ടോടെ ഏഴു കണ്ടയ്‌നറുകള്‍ നിറയെ സാധനങ്ങള്‍ തൃശൂരിലെയും ആലപ്പുഴയിലെയും പ്രളയ ബാധിത പ്രദേശങ്ങളിലെത്തിച്ച് കോഴിക്കോട് കനിവ് പകര്‍ന്നു. ജില്ലാ കളക്ടര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് ഈ മഹാദൗത്യത്തിന് കാരണമായത്. പ്രതിസന്ധി ഘട്ടത്തിലും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുള്ള അവസരം കോഴിക്കോട്ടുകാര്‍ ആഘോഷിക്കുകയായിരുവെന്നാണ് നിറകണ്ണുകളോടെയാണ് യു.വി ജോസ് പറഞ്ഞത്.
ആലപ്പുഴ കളക്ടര്‍ സുഹാസ് പതിറ്റാണ്ടുകളായി കേട്ടുകേള്‍വി പോലുമില്ലാതിരുന്ന തരത്തലുള്ള ഒരു പ്രളയത്തിനാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചത്. പെരുമഴയിലും പ്രളയത്തിലും ആലപ്പുഴയും സമീപപ്രദേശങ്ങളും മുങ്ങിത്താഴ്ന്നപ്പോള്‍ ജില്ലയിലെ ദുരിതബാധിതര്‍ക്കൊപ്പം രാപ്പകല്‍ പ്രവര്‍ത്തിച്ച് നാട്ടുകാരുടെയിടയില്‍ മറ്റൊരു 'കളക്ടര്‍ ബ്രോ' ആയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസ്. ക്യാമ്പില്‍ നിന്ന് മാത്രം ഭക്ഷണം കഴിച്ചും, ജനങ്ങളുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്നും ജനപ്രതിനിധികള്‍ക്കും മറ്റ് കളക്ടര്‍മാര്‍ക്കു പോലും മാതൃകയായിരിക്കുകയാണ് ഈ മംഗളൂരു സ്വദേശി മൂന്ന് ആഴ്ചയിലധികമായി കുട്ടനാട്ടുകാര്‍ക്കൊപ്പമാണ് കളക്ടര്‍. കുട്ടനാട്ടിലേക്ക് ഭക്ഷണ സാധനങ്ങളും, പമ്പ് സെറ്റുകളും മറ്റും എത്തിച്ച കളക്ടര്‍ പകര്‍ച്ചവ്യാധികള്‍ ഭീതിപ്പെടുത്തുന്ന സാഹചര്യത്തില്‍ ഡോക്ടറായ തന്റെ ഭാര്യയെയും ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇവര്‍ തന്റെ ജോലിക്കിടയിലും കുട്ടനാട്ടിലെ ക്യാമ്പുകളിലെത്തി രോഗികളെ പരിചരിച്ചുവരികയാണ് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും കളക്ടര്‍ ചങ്കാണ്. കാരണം ഉദ്യോഗസ്ഥമേധാവിയുടെ യാതൊരുവിധ ജാടകളും ഇല്ലാതെയാണ് കീഴ് ഓഫീസര്‍മാരുമായുള്ള പ്രവര്‍ത്തനം. ചാര്‍ജെടുത്ത് ആലപ്പുഴയെ അടുത്തറിയുന്നതിന് മുന്‍പുതന്നെ തന്റെ നാടിനുണ്ടായ ദുരന്തത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ് അന്യദേശക്കാരന്‍ കലക്ടര്‍.
തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ
കനത്ത മഴയിലും രൂക്ഷമായ കടലേറ്റം മൂലവും ദുരിതം അനുഭവിക്കുന്ന കൊടങ്ങല്ലൂര്‍ മേഖലയിലെ തീരദേശങ്ങളില്‍ സാന്ത്വനവുമായാണ് ജില്ലാ കളക്ടര്‍ ടി.വി. അനുപമ കഴിഞ്ഞ ജൂലൈയില്‍ എത്തിയത്. അഴീക്കോട്, സുനാമി കോളനി, മുനയ്ക്കല്‍, പേ ബസാര്‍, ചേരമാന്‍ പടിഞ്ഞാറ് വശം, ലൈറ്റ് ഹൗസ് ഭാഗങ്ങളിലാണു അനുപമ കാല്‍നടയായെത്തി വിവരങ്ങള്‍ ആരാഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകളും കളക്ടര്‍ സന്ദര്‍ശിച്ചു. കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ അനുപമ വീണ്ടുമൊരിക്കല്‍ കൂടി ആശ്വാസത്തിന്റെ വാക്കുകളുമായെത്തി. കടല്‍വെള്ളത്തിലൂടെ ഏറെ ദൂരം നടന്ന് കളക്ടര്‍ തീരപ്രദേശത്തിന്റെ ദുരിതം അനുഭവിച്ചറിഞ്ഞു. എറിയാട് കടപ്പുറത്തുനിന്നും മടങ്ങാനൊരുങ്ങിയ കളക്ടറോട് കടലെടുത്ത തങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. പോലീസ് തടയാന്‍ ശ്രമിച്ചുവെങ്കിലും കളക്ടര്‍ കടപ്പുറത്തേക്ക് തിരിച്ചുനടന്നു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളിലൊന്ന് സന്ദര്‍ശിക്കുകയും സ്ത്രീകളുടെ പരാതി കേള്‍ക്കുകയും ചെയ്തു. ഈ പ്രളയകാലത്തും അനുപമയുടെ പ്രവര്‍ത്തനങ്ങള്‍ ദുരിതമേഖലയിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമായി മാറുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അവരുടെ വൈകാരിക നിലയും തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം ചേര്‍ന്ന് അവരില്‍ ഒരാളെപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് അനുപമയെ വേറിട്ട് നിര്‍ത്തുന്നത്. ഒരു ജില്ലാ ഭരണാധികാരി എങ്ങനെയുള്ളയാളായിരിക്കണം എന്നാല്‍ അനുപമയെപോലെ അലിവുള്ള ആളായിരിക്കണം എന്നാകും ഉത്തരം. നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്ന നിലയിലും ആലപ്പുഴ ജില്ല കളക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ച് ജനകീയ ഭരണാധികാരി എന്ന ഖ്യാതിനേടിയതിനു ശേഷമാണ് അനുപമ തൃശൂര്‍ ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുത്ത് അവിടുത്തെ ജനതയുടെ പ്രിയങ്കരിയായി മാറിയത്. പ്രളയം ഏറെ ബാധിച്ച തൃശൂര്‍ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം അനുകരണീയമായ നിലയിലാണ് ഈ യുവ ഭരണാധികാരി നിര്‍വഹിക്കുന്നത്. ജനങ്ങള്‍ പ്രയാസം നേരിട്ടപ്പോള്‍ അയല്‍ ജില്ലയായ കോഴിക്കോടിന്റെ സഹായം ലഭ്യമാക്കുന്നതിന് അനുപമ നടത്തിയ ഇടപെടല്‍ ജനങ്ങള്‍ക്ക് പകര്‍ന്ന ആശ്വാസം വളരെ വലുതാണ്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവനയായി ലഭിച്ച അരിയും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ ഒഴിഞ്ഞ മുറികള്‍ നല്‍കാന്‍ വിസമ്മതിച്ച അഭിഭാഷകര്‍ക്ക് തിരിച്ചടി നല്‍കി ജില്ലാ കളക്ടര്‍ അനുപമ മുറികള്‍ പിടിച്ചെടുത്ത സംഭവവും വാര്‍ത്തയായിരുന്നു. അരിയും മറ്റ് അവശ്യ വസ്തുക്കളും സൂക്ഷിക്കാന്‍ വേറെ സ്ഥലം ലഭിക്കാത്തിനെ തുടര്‍ന്നാണ് ഒരുപാടു കാലമായി ഉപയോഗിക്കാതെ കിടക്കുന്ന ബാര്‍ അസോസിയേഷന്റെ മുറികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുറികള്‍ നല്‍കാന്‍ അഭിഭാഷകര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കളക്ടര്‍ ടി വി അനുപമ നേരിട്ടെത്തി ചോദിച്ചിട്ടും ബാര്‍ അസോസിഷന്‍ വഴങ്ങിയില്ല. 'ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അരി വെക്കാന്‍ മുറികള്‍ തരാന്‍ പറ്റില്ല'യെന്ന് വക്കീലന്‍മാര്‍ തീര്‍ത്തു പറഞ്ഞു. പിന്നെയൊന്നും നോക്കിയില്ല, ആ മുറികളുടെ പൂട്ടു പൊളിച്ച് കളക്ടര്‍ അരിയും സാധനങ്ങളും അവിടെത്തന്നെ വച്ചു. ദുരന്തനിവാരണ നിയമം 2005ലെ സെക്ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരമാണ് കളക്ടര്‍ നടപടിയെടുത്തത്.
എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള
പ്രളയത്തില്‍ കവിഞ്ഞൊഴുകിയ പെരിയാറിന്റെ തീരത്തുള്ള ആലുവയും കൊടുങ്ങല്ലൂരും പറവൂരുമെല്ലാം ഉള്‍പ്പെട്ട എറണാകുളം ജില്ലയുടെ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ഐ.എ.എസ് ഈ പ്രളയകാലത്ത് ജില്ലാ ഭരണാധികാരിയെന്ന നിലയില്‍നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഓരോ മുന്നറിയിപ്പുകള്‍ വരുമ്പോളും ജനങ്ങളൊടൊപ്പം നിന്ന് അവര്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പ്രളയം രൂക്ഷമായതോടെ ജില്ലയിലുടനീളം ഓടിനടന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും കളക്ട്രേറ്റ് കേന്ദ്രീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ച് അവശ്യ മേഖലകളില്‍ വിതരണം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുഹമ്മദ് വൈ സഫിറുള്ള നേതൃത്വം കൊടുക്കുന്നത്. ഏതാനും ആഴ്കളായി എറണാകുളം ജില്ലാ കളക്ട്രേറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമാണ്. നൂറുകണക്കിന് കളക്ട്രേറ്റ് ജീവനക്കാരെയും ആയിരക്കണക്കിന് സന്നദ്ധ സേവകരെയും ഏകോപിപ്പിച്ച് വ്യക്തമായ ആസൂത്രണത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഈ യുവ കളക്ടര്‍. സാധനങ്ങളുമായി കളക്ട്രേറ്റിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് ലോഡ് ഇറക്കാനും ചുമന്നുമാറ്റാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം 'കളക്ടര്‍ ബ്രോ'യും മുന്നില്‍തന്നെയുണ്ട്.
ചുമടിറക്കാനും ചെളികോരാനും രാജമാണിക്യം
ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി വയനാട് കളക്ടറേറ്റില്‍ ലോറിയില്‍ എത്തിച്ച അരിച്ചാക്കുകള്‍ ചുമന്ന് ഇറക്കാന്‍ മുന്‍പന്തിയില്‍ നിന്നത് ഐ.എ.എസുകാരായ എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷുമാണ്. ഉന്നത പദവിയുടെ സംരക്ഷയും പ്രോട്ടോക്കോളും പറഞ്ഞ് മാറിനില്‍ക്കാതെയാണ് രാജമാണിക്യവും ഉമേഷും കര്‍ത്തവ്യനിരതരായത്. വയനാട് മേഖലയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ളയാളാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കൂടിയായ എം.ജി. രാജമാണിക്യം. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം രാത്രി 9.30 ഓടെയായിരുന്നു ഇരുവരും കളക്ടറേറ്റില്‍ എത്തിയത്. ഈ സമയം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി വയനാട് കളക്ടറേറ്റിലെത്തിയിരുന്നു. രാവിലെ മുതല്‍ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് വിശ്രമിക്കാന്‍ പോയിരിക്കുകയായിരുന്നു. വളരെ കുറച്ചു ജീവനക്കാരെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് അവര്‍ക്കൊപ്പം ചേര്‍ന്ന് ഇരുവരും ലോഡിറക്കിയത്. മുഴുവന്‍ ലോഡും ഇറക്കിയശേഷമാണ് ഇരുവരും മടങ്ങിയത്. എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്നപ്പോള്‍ തൊഴിലാളികള്‍ക്കൊപ്പം കാന വൃത്തിയാക്കാനും കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും മുന്നിട്ടിറയിയ ഉദ്യോഗസ്ഥനാണ് രാജമാണിക്യം.
കെ. വാസുകി. ഐ.എ.എസ്
പ്രളയകാലത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിലൂടെ കൈയടി നേടിയവരുടെ കൂട്ടത്തിലാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകിയും. അവര്‍ നല്‍കിയ ഊര്‍ജവും വാക്കുകളും കുറച്ചൊന്നുമല്ല ദുരിതത്തിലായവര്‍ക്ക് സമാശ്വാസമേകിയത്. പ്രളയ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കേരളത്തിന്റെ സൈനികരായി മാറിയ മത്സ്യത്തൊഴിലാളികളെ കര്‍മഭൂമിയിലേക്ക് പറഞ്ഞുവിട്ട നായികയാണ് വാസുകി. ആദ്യമായി കുട്ടനാട്ടിലും പത്തനംതിട്ടയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതും തിരുവനന്തപുരത്തുനിന്ന് വന്ന മത്സ്യത്തൊഴിലാളികളാണ്. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി 65,000ത്തോളം മത്സ്യത്തൊഴിലാളികളെ രക്ഷാദൗത്യത്തിന് പ്രേരിപ്പിച്ച ശക്തിയും വാസുകിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ മല്‍സ്യതൊഴിലാളികള്‍ക്ക് കൈകൂപ്പി നന്ദി പറഞ്ഞ വാസുകിയുടെ വാക്കുകള്‍ കൈയ്യടികളോടെയാണ് കേരളം സ്വീകരിച്ചത്: മല്‍സ്യതൊഴിലാളികളോട് എപ്പോഴും പ്രത്യേകം സ്‌നേഹവും ബന്ധവും ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആ സ്‌നേഹം വീണ്ടും കൂടിയെന്നും വാസുകി പറഞ്ഞു. നിങ്ങള്‍ ചെയ്ത സേവനം എത്ര വലുതാണെന്ന് പറയുന്നതിനു മുമ്പ് എന്റെ നാട്ടിലെ സംസ്‌കാരം അനുസരിച്ച് കൈകൂപ്പി നിങ്ങള്‍ക്ക് നന്ദി പറയുന്നു. പ്രളയത്തില്‍ നോഹയാണ് ജീവജാലങ്ങളെ രക്ഷിക്കുന്നതെന്ന ബൈബിള്‍ കഥപോലെ ഇവിടെ ഓരോ മല്‍സ്യതൊഴിലാളികളും നോഹയായി മാറിയെന്നും വാസുകി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രിമാരും ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും വ്യത്യസ്തമായ അഭിപ്രായങ്ങളിലൂടെ വിവാദം സൃഷ്ടിക്കുമ്പോള്‍ നിശബ്ദ സേവനത്തിലൂടെ സാധാരണ ജനങ്ങളുടെ ഉറച്ച ശബ്ദമായി മാറാന്‍ ജനസേവകരായ ഈ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നുവെന്നതും ശ്രദ്ധേയമായി.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here