പ്രളയം കടന്നു; ഇനി പുനരധിവാസം

Thu,Sep 06,2018


പ്രളയം ചവിട്ടിക്കുഴച്ച കേരളം അതില്‍നിന്ന് അതിവേഗം പിടഞ്ഞെണീറ്റ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മഹാദൗത്യം ഏറ്റെടുത്ത് മുന്നോട്ട് നീങ്ങുകയാണ്. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 12 ലക്ഷത്തില്‍പരം ആളുകളില്‍ ഏതാനും ആയിരങ്ങള്‍ ഒഴികെയുള്ളവര്‍ വാസസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി. വീട് കൈയേറിയ കവലച്ചട്ടമ്പിയെപ്പോലെ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ വെള്ളം ഇപ്പോഴും കുട്ടനാടിന് ഭീഷണി സൃഷ്ടിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പ്രളയം കുട്ടനാടിനെ കശക്കിയെറിഞ്ഞത്. പ്രളയം ഒഴിഞ്ഞുതുടങ്ങിയതോടെ പിന്നാലെ വന്ന പകര്‍ച്ചവ്യാധികളാണ് സംസ്ഥാനത്തിന് ഇപ്പോള്‍ ഭീഷണി സൃഷ്ടിക്കുന്നത്.
ഭീമമായ നഷ്ടം
പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 20,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 12,000 വീടുകള്‍ വാസയോഗ്യമല്ലാതായി എന്നും കണക്കാക്കുന്നു. 400 ഓളം പേര്‍ പ്രളയവുമായി ബന്ധപ്പെട്ട കെടുതികളില്‍ മരിച്ചു. പതിനായിരക്കണക്കിന് ഏക്കറിലെ കൃഷി നശിച്ചു. വ്യാപകമായി റോഡുകളും പാലങ്ങളും തകര്‍ന്നു. നഗരങ്ങളുടെയും ഗ്രാമങ്ങളുടേയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ അപ്രത്യക്ഷമായി. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ നികത്താന്‍ ദീര്‍ഘകാലം വേണ്ടിവരുന്ന നഷ്ടങ്ങളാണ് നാട്ടിലെമ്പാടും ഉണ്ടായത്. ഇതുവരെ 600 കോടി രൂപമാത്രമാണ് കേന്ദ്ര സര്‍ക്കാര്‍നല്‍കിയിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളായി തിരിച്ച് പുനരധിവാസം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വാസയോഗ്യമല്ലാത്ത രീതിയില്‍ വീട് തകര്‍ന്നവരെ പുനരധിവസിപ്പിക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഇവരെ സ്വന്തം നാട്ടില്‍ തന്നെ പുനരധിവസിപ്പിക്കും. പ്രളയ മേഖലയിലെ പുനരധിവാസ പദ്ധതികള്‍ക്കായി യുഎന്‍ ഏജന്‍സിയുടെ സഹകരണം കേരളത്തിന് ലഭിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു. പ്രളയത്തില്‍ വീട് തകര്‍ന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറായതായും കുര്യന്‍ പറഞ്ഞു. ഇതിന്റെ വിലയിരുത്തല്‍ പൂര്‍ത്തിയായിവരുന്നു. രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പുനരധിവാസമാണ് ഉദ്ദേശിക്കുന്നത്. ആധുനിക ഡിജിറ്റല്‍ സര്‍വേയടക്കം നടത്തിയാണ് ഇത് പൂര്‍ത്തിയാക്കുക. ഐക്യരാഷ്ട്രസഭ ഏജന്‍സിയുടെ സഹകരണത്തോടെയാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്.
ഇടുക്കിയിലെ പുനരധിവാസമാണ് പ്രധാന വെല്ലുവിളി. കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമേ മണ്ണിടിച്ചില്‍ മേഖലയിലെ പുനരധിവാസത്തിന്റെ കാര്യത്തില്‍ തീരുമാനമാകൂ എന്നും എച്ച് കുര്യന്‍ പറഞ്ഞു. ശാസ്ത്രീയ മാനദണ്ഡങ്ങളും പ്രാദേശിക പങ്കാളിത്തവും ഉറപ്പാക്കിയായിരിക്കും പുനരധിവാസം നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ ചെറുകിട വ്യവസായ വാണിജ്യ മേഖലയുടേയും മൂന്നാം ഘട്ടത്തില്‍ പൊതുമേഖലയുടേയും പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയശേഷമുള്ള പുനരധിവാസത്തില്‍ കേരളത്തിനു പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ഉറപ്പുനല്‍കിയിട്ടുണ്ട്. ദുരന്തത്തെക്കുറിച്ചു കേരളം നല്‍കിയ വിശദ റിപ്പോര്‍ട്ട്, രണ്ടു കേന്ദ്രസംഘങ്ങള്‍ നടത്തിയ പഠനം, കേന്ദ്രവും സംസ്ഥാനവും നടത്തുന്ന തുടര്‍ചര്‍ച്ചകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സഹായം. അതേ സമയം വിപണിയില്‍നിന്ന് കൂടുതല്‍ കടമെടുക്കല്‍ സംബന്ധിച്ച് സംസ്ഥാന ധനമന്ത്രി അനുമതി ചോദിച്ചതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യാനാവില്ല എന്ന നിലപാടാണ് കേന്ദ്രം അറിയിച്ചത്. ധനകാര്യ കമ്മിഷന്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥാപിത മാര്‍ഗങ്ങളനുസരിച്ചാണ് കേന്ദ്രവും സംസ്ഥാനങ്ങളും നീങ്ങേണ്ടത് എന്ന സന്ദേശവും അരുണ്‍ ജയ്റ്റ്‌ലി നല്‍കി. പ്രധാനമന്ത്രി 500 കോടി രൂപയും ആഭ്യന്തര മന്ത്രി 100 കോടിയുമാണ് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള കേന്ദ്ര ഫണ്ടായി അനുവദിച്ചത്. ഇത് അടിയന്തര സഹായമായാണെന്നും എല്ലാ സഹായങ്ങളും ഇനിയുളള പുനരധിവാസ ഘട്ടത്തില്‍ ഉണ്ടാവുമെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു. നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങും താനും ഉള്‍പ്പെട്ട സമിതിയാണ് അന്തിമ സഹായം തീരുമാനിക്കുകയെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
പകര്‍ച്ച വ്യാധിക്കെതിരെ ജാഗ്രത
ഇതിനിടയില്‍ പ്രളയ മേഖലയിലെ ദുരിതങ്ങളും പകര്‍ച്ചവ്യാധികളും പുനരധിവാസത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് പടരുന്ന എലിപ്പനിക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോളും ദിനംപ്രതി പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ 56 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. ചൊവ്വാഴ്ച ലഭിച്ച കണക്കുകള്‍ പ്രകാരം 115 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 141 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. അതേ സമയം, ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് 12 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 38 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി പ്രതിരോധിക്കാന്‍ ചികിത്സാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരുന്ന് ക്ഷാമമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുവാനും നിര്‍ദ്ദേശമുണ്ട്. പ്രളയത്തിന്റെ പുനരധിവാസ ഘട്ടത്തില്‍ മലിനജലവുമായി ജനങ്ങള്‍ക്ക് കൂടുതല്‍ ബന്ധമുണ്ടാകാനും എലിപ്പനി പരക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കി പ്രതിരോധ സന്ദേശങ്ങളും ഡോക്‌സിസൈക്ലിനും ദുരിതബാധിത പ്രദേശങ്ങളിലെല്ലാം ആരോഗ്യവകുപ്പ് കാലേക്കൂട്ടി എത്തിച്ചിരുന്നു. ക്യാമ്പുകളില്‍നിന്ന് ആളുകളെ വീടുകളിലെത്തിക്കുന്നതില്‍ ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവന്നിരുന്ന മനുഷ്യസ്‌നേഹികള്‍ക്ക് എലിപ്പനി പ്രതിരോധനത്തിനുള്ള ബൂട്ടും ഗ്ലൗസും ധരിക്കുന്നതിനോ ഡോക്‌സിസൈക്ലിന്‍ മരുന്ന് കഴിക്കുന്നതിലോ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ എലിപ്പനി ബാധിച്ച് ജീവത്യാഗം ചെയ്യേണ്ടിവന്നത് അവരുടെ നിസ്വാര്‍ഥ സേവനത്തിന്റെ ഫലമായിരുന്നു. അതുപോലെ, വീട്ടില്‍ തിരികെയെത്തി നാശനഷ്ടങ്ങള്‍ കണ്ട് ആകുലരായവരില്‍ പലര്‍ക്കും എലിപ്പനി പ്രതിരോധത്തില്‍ മനസ്സുവയ്ക്കാന്‍ കഴിയാതെ പോയതില്‍ അവരെ കുറ്റപ്പെടുത്താനാകില്ല. അങ്ങനെയുള്ള ചിലരെയും രോഗം ബാധിച്ചു. ആരോഗ്യവകുപ്പ് പ്രതിരോധമരുന്ന് ആവശ്യാനുസരണം എല്ലാ പ്രദേശങ്ങളിലും എത്തിച്ചിട്ടുണ്ട്. 168 ആശുപത്രികള്‍ പ്രളയത്തില്‍ തകര്‍ന്നെങ്കിലും 285 താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ച് തടസ്സംകൂടാതെ ചികിത്സ നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എലിപ്പനി ചികിത്സയ്ക്കാവശ്യമായ പെന്‍സിലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
രോഗം ഗുരുതരമാകുന്നവരെ ചികിത്സിക്കാനാവശ്യമായ ഐസിയു സംവിധാനം മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലും സുസജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മറ്റ് പ്രൊഫഷണല്‍ സംഘടനകളുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ തിരിച്ചെത്തുന്നവര്‍ നേരിട്ട മറ്റൊരു ഭീഷണി വിഷപ്പാമ്പുകളുടെ സാന്നിധ്യമായിരുന്നു. പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് നല്‍കേണ്ട ഫസ്റ്റ് എയ്ഡ് പ്രചരിപ്പിച്ചതിനു പുറമെ ചികിത്സയ്ക്കാവശ്യമായ ആന്റി സ്‌നേക് വെനം അവശ്യാനുസരണം ലഭ്യമാക്കിയിരുന്നു. പ്രളയബാധിതപ്രദേശത്ത് ചിലരെ പാമ്പുകടിച്ചെങ്കിലും തക്ക ചികിത്സ നല്‍കിയതിനാല്‍ ആരുടെയും ജീവന്‍ നഷ്ടപ്പെട്ടില്ല. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എലിപ്പനി രോഗബാധയിലും മരണത്തിലും അമിതമായി ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അടുത്ത മൂന്നാഴ്ചത്തേക്ക് അതീവ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
മാനസിക പരിചരണം
ഇതിനിടയില്‍ ജീവിതത്തില്‍ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവര്‍, വേണ്ടപ്പെട്ടവരുടെ വേര്‍പാടില്‍ തീരാദുഃഖമനുഭവിക്കുന്നവര്‍, ജീവനും ജീവിതവും ഭാവിയും അപകടത്തിലായവര്‍, ദുരന്തങ്ങള്‍ നല്‍കിയ ഭീകരമായ ഓര്‍മ്മകളും അവ സൃഷ്ടിക്കുന്ന മാനസിക അസ്വസ്ഥതകളും അനുഭവിക്കുന്നവര്‍, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ക്കൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടവര്‍ തുടങ്ങി കടുത്ത മാനസികാഘാതത്തിലകപ്പെട്ട വലിയൊരു ജനവിഭാഗത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളും നടന്നുവരുന്നു. പ്രകൃതി ദുരന്തത്തെയും അനുബന്ധമായുണ്ടാകുന്ന മാനിസികാരോഗ്യ പ്രശ്നങ്ങളെയും നേരിടാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഉലച്ചിരുന്നു. പ്രളയക്കെടുതിയില്‍ വന്‍ നഷ്ടമുണ്ടായതില്‍ മനംനൊന്ത് വരാപ്പുഴ കോതാട് റോക്കി എന്ന കുഞ്ഞപ്പനാണ് ആത്മഹത്യ ചെയ്തത്. ദുരിതാശ്വാസ ക്യാമ്പില്‍നിന്നും മടങ്ങിയെത്തിയ റോക്കിയുടെ വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം പ്രളയത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ വിഷമിച്ചാണ് റോക്കി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കുട്ടികളുടെ പുനരധിവാസം ദുരന്തങ്ങള്‍ നേരിട്ട കുട്ടികളുടെ മാനസിക നിലയാണ് ഏറെ അപകടത്തിലായിട്ടുള്ളത്. പ്രളയം മുക്കിയ പത്തനംതിട്ടയിലെ ഒരഞ്ചു വയസുകാരി ഈയിടെ വരച്ച ഒരു ചിത്രം സാമൂഹിക മാദ്ധ്യമമായ ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രളയത്തില്‍ അകപ്പെട്ടവരെ ഹെലികോപ്ടര്‍ വന്ന് എയര്‍ ലിഫ്ടിംഗ് വഴി രക്ഷപ്പെടുത്തുന്ന രേഖാചിത്രമാണ് ആ കരുന്ന് പെണ്‍കുട്ടി കടലാസില്‍ പകര്‍ത്തിയത്. പ്രളയവും രക്ഷതേടിയുള്ള പരക്കം പാച്ചിലും രക്ഷാപ്രവര്‍ത്തനവും എല്ലാം നേരിട്ട് അനുഭവിച്ച കുട്ടികളുടെ ഭാവനകള്‍പോലും പ്രളയാനന്തരം മാറിപ്പോയി എന്ന കുറിപ്പോടെയാണ്, മകള്‍ വരച്ച ചിത്രം ആലപ്പുഴ എസ്.ഡി കോളജ് അധ്യാപിക മഞ്ജു നവനീത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. പാഠപുസ്തകങ്ങളും യൂണിഫോം അടക്കമുള്ള വസ്ത്രങ്ങളും നഷ്ടപ്പെട്ട കുട്ടികള്‍. വീടുതന്നെ ഇല്ലാതായ കുട്ടികള്‍, മാതാപിതാക്കളും സഹോദരങ്ങളും അടക്കം ഉറ്റവര്‍ നഷ്ടപ്പെട്ട ഇവരുടെയൊക്കെ മനസില്‍ ജീവിതകാലം മുഴുവന്‍ നീറ്റലുണ്ടാക്കുന്ന മുറിവാണ് പ്രളയം നല്‍കിയത്. ഇവരെയെല്ലാം സന്തുഷ്ടമായ ജീവിതം സാഹചര്യങ്ങളിലേക്ക് മടക്കിക്കൊണ്ടുവരേണ്ട വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാരിനും സമൂഹത്തിനും ഉള്ളത്. പ്രളയക്കെടുതിയില്‍പെട്ടവരെ സഹായിക്കാനായി മാത്രം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ വകുപ്പ് രൂപീകരിക്കണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ കേരള ജനത പ്രകടിപ്പിച്ച ചങ്കൂറ്റവും അവര്‍ക്കായി ലോക മന:സാക്ഷി പ്രകടിപ്പിച്ച പിന്തുണയും കേരളത്തെ പുതുക്കിപ്പണിയുന്നതിനുള്ള പ്രയത്‌നങ്ങള്‍ക്ക് ഇന്ധനമാവുകയാണ്.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here