ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്നത് ഗുരുതര ഭീഷണി

Thu,Sep 06,2018


ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യ; എന്നാലത് ഗുരുതരമായ വെല്ലുവിളികളെയാണ് നേരിടുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഉയര്‍ന്ന എണ്ണവില, രൂപയുടെ ഇടിയുന്ന മൂല്യം, ദുര്‍ബ്ബലമായ ബാങ്കിങ് മേഖല, അനായാസം പണം ലഭ്യമാകുന്ന കാലം കഴിഞ്ഞതോടെ വിപണി നേരിടുന്നതായ സമ്മര്‍ദ്ദം, സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ അപര്യാപ്തത, തൊഴിലുകള്‍ സൃഷ്ടിക്കുന്നതിലെ പരാജയം, കര്‍ക്കശമായ തൊഴില്‍ നിയമങ്ങള്‍, ഓരോ വര്‍ഷവും തൊഴില്‍ വിപണിയിലേക്ക് കടന്നുവരുന്ന 12 മില്യണ്‍ യുവാക്കളുടെ കഴിവുകള്‍ വളര്‍ത്താന്‍ പര്യാപ്തമല്ലാത്ത വിദ്യാഭ്യാസരീതികള്‍, കറന്‍സി നേട്ട് നിരോധനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി നയപരമായ രംഗത്തുണ്ടായിട്ടുള്ള സ്തംഭനാവസ്ഥ - ഇവയെല്ലാം ഇന്ത്യയെ പിന്നോക്കം വലിക്കുകയാണെന്ന് അവര്‍ പറയുന്നു. നോട്ടു നിരോധനത്തിന്റെയും ദേശവ്യാപകമായി ഉപഭോഗ നികുതി അരാജകത്വമായ രീതിയില്‍ നടപ്പാക്കിയതിന്റെയും ഇരട്ട ആഘാതങ്ങളെ അതിജീവിച്ചുവെങ്കിലും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ദോഷങ്ങളില്‍നിന്നും പൂര്‍ണ്ണമായി മുക്തമായിട്ടില്ല എന്നത് നിക്ഷേപകരെ പിന്തിരിപ്പിക്കും. അത്യല്‍സാഹത്തോടെ റിക്കാര്‍ഡ് ഉയരങ്ങളിലേക്ക് കുതിച്ച ഇന്ത്യന്‍ ഓഹരിവിപണിയുടെ ശുഭാപ്തി വിശ്വാസം തളര്‍ത്തിക്കളയുകയും ചെയ്യും. തെരഞ്ഞെടുപ്പിനു മുമ്പായി നയപരമായ രംഗത്ത് നേരിടുന്ന സ്തംഭനാവസ്ഥയും നിക്ഷേപകരെ ഭയപ്പെടുത്തുന്ന ഘടകമാണ്. രൂപയുടെ ഇടിയുന്ന മൂല്യവും ഉയരുന്ന പലിശനിരക്കുകളും ഉപഭോഗത്തെ ബാധിക്കുകയും സമ്പദ്ഘടന കരകയറുന്നതിനുള്ള ശ്രമങ്ങളെ ശ്വാസം മുട്ടിക്കുകയും ചെയ്യും. ആഗോള വ്യാപാര യുദ്ധത്തിന്റെ ഫലമായി കയറ്റുമതി മേഖല വലിയ ഭീഷണിയിലാണ്.
ഈ വെല്ലുവിളികളെയൊക്കെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുണ്ട്. ദേശവ്യാപകമായി നടപ്പാക്കിയ ഉപഭോഗ നികുതി സമ്പ്രദായം, കമ്പനികള്‍ക്ക് പാപ്പരത്തം പ്രഖ്യാപിക്കുന്നതിനുള്ള നിയമം, മേക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ആഭ്യന്തരോല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികള്‍ എന്നിവയെല്ലാം അതില്‍ പെടും. എന്നാല്‍ സമ്പദ്ഘടനയെ തുറന്നിടുന്നതിനും വിദേശ മൂലധനം ആകര്‍ഷിക്കുന്നതിനും ചൈനയില്‍ മദ്ധ്യവര്‍ഗത്തിന്റെ വളര്‍ച്ച വിപുലമാക്കിയ രീതിയിലുള്ള ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ 2.6 ട്രില്യണ്‍ സമ്പദ്ഘടനയേക്കാള്‍ നാലിരട്ടിയിലധികം വലുതാണ് 12.6 ട്രില്യണ്‍ വരുന്ന ചൈനയുടെ സമ്പദ്ഘടന. ചൈന വലിയ തോതില്‍ വിജയംവരിച്ചതുപോലെയുള്ള ആഗോള വ്യാപാരമോ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളോ സൃഷ്ടിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല എന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് അസറ്റിന്റെ മുന്‍ മാനേജ്മന്റ് ചെയര്‍മാനും യുകെയിലെ മുന്‍ ട്രഷറി സെക്രട്ടറിയും, ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളെ ഒരേ വിഭാഗത്തില്‍പ്പെടുത്തി 2001 ല്‍ 'ബ്രിക്‌സ്' എന്ന പദത്തിന് രൂപം നല്‍കുകയും ചെയ്ത ജിം ഒനീല്‍ പറയുന്നത്. ഇന്ത്യയില്‍ സമ്പത്തിന്റെ വലിയ തോതിലുള്ള വളര്‍ച്ച ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ചുരുക്കം പേരിലേക്ക് ഒതുങ്ങിയപ്പോള്‍ ചൈനയിലെപ്പോലെ കോടിക്കണക്കിനു മദ്ധ്യവരുമാന വിഭാഗക്കാര്‍ ഉള്‍പ്പെടുന്ന അതിവിപുലമായ ഉപഭോഗ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന് കീഴില്‍ 1991ല്‍ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച ശേഷം ഇന്ത്യന്‍ സമ്പദ്ഘടന ശരാശരി 7% വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് കൈവരിച്ചത്. അതേ സമയം 40 വര്‍ഷങ്ങള്‍ക്കുമുമ്പ് സമ്പദ്ഘടനയെ തുറന്നിട്ടുകൊണ്ടുള്ള പരിഷ്‌ക്കരണ നടപടികള്‍ തുടങ്ങിയതിനു ശേഷം ചൈന ഓരോ വര്‍ഷവും 10%ത്തോളമുള്ള വളര്‍ച്ചയാണ് കൈവരിച്ചത്.
ഇരട്ട ആഘാതം
ഇന്ധനാവശ്യത്തിന് വന്‍ തോതില്‍ പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന് ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും ഇരട്ട ആഘാതമാണ്. ഒരു മാസം മുമ്പ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപയുടെ മൂല്യം 68.5 ആയിരുന്നത് 71. 85ലേക്ക് താണു. യുഎസ് - ചൈന വ്യാപാരയുദ്ധം, ടര്‍ക്കിക്കെതിരെ ട്രമ്പ് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ടര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് തുടങ്ങിയവയെല്ലാം കാരണമാണ്. ഇത് വിദേശ നിക്ഷേപകരെ അകറ്റുകയും നാണയപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും സെന്‍ട്രല്‍ ബാങ്കിന്റെ ഇടപെടലിന് വഴിയൊരുക്കുകയും ചെയ്യും. ഇതെല്ലാംതന്നെ വരും മാസങ്ങളില്‍ വളര്‍ച്ചയെ ദോഷകരമായിട്ടാകും ബാധിക്കുക. ഇറാന്റെ ക്രൂഡ് ഓയിലിന് യുഎസ് ഏര്‍പ്പെടുത്തിയിട്ടുളള ഉപരോധം, ലിബിയ, വെനസ്വേല എന്നിവിടങ്ങളിലെ ഉല്പാദനത്തളര്‍ച്ച എന്നിവ കാരണം എണ്ണ വില കുതിച്ചുയരുകയാണ്. ബാരലിന് 80 ഡോളറിന്‍ അടുത്താണ് ഇപ്പോഴത്തെ വില. സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചാലും ഇറാന്‍, ലിബിയ, വെനസ്വേല എന്നിവയുടെ ഉല്പാദനക്കുറവ് പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതിനാല്‍ ഉടനെയൊന്നും വില താഴാന്‍ ഇടയില്ല. ഓരോ 10 ഡോളറിന്റെയും വര്‍ദ്ധനവ് നാണയപ്പെരുപ്പത്തിന്റെ അടിസ്ഥാന പോയിന്റുകളില്‍ 30 മുതല്‍ 40% വരെ ഉയര്‍ച്ചയുണ്ടാക്കുകയും, അത് എണ്ണ ഉപഭോക്താവായ രാജ്യത്തിന്റെ വളര്‍ച്ചയില്‍ 15 പോയിന്റുകള്‍ ബാധിക്കുകയും ചെയ്യുമെന്നാണ് കണക്ക്. ഇതിനൊപ്പം കറന്‍സി ദുര്‍ബ്ബലമാകുകകൂടി ചെയ്യുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തില്‍ സംഭവിക്കുന്ന ഇടിവ് ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പ്രതിഫലിക്കും. ഇറക്കുമതി ചെലവ് 109 ബില്യണ്‍ രൂപയോളം (1.5 ബില്യണ്‍ ഡോളര്‍) ഉയര്‍ത്തുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ആസൂത്രണ വിശകലന വിഭാഗം പറയുന്നത്.
ക്രൂഡിന് കൂടുതല്‍ രൂപ ചെലവാക്കേണ്ടിവരുന്ന അവസ്ഥ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിപ്പിക്കുകയും വില ഉയരാന്‍ ഇടയാകുകയും ചെയ്യുന്നു. കൂടാതെ അത് രാജ്യത്തെ ഇന്ധവിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പെട്രോളിന് മുംബെയില്‍ 86.91 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഇന്ധനവില വര്‍ദ്ധനയാകട്ടെ, ഉപ്പുതൊട്ട് കര്‍പ്പുരം വരെയുള്ള സാധനങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമാകും. ക്രൂഡ് വില വര്‍ദ്ധനവും രൂപയുടെ മൂല്യച്യൂതിയും തടയാന്‍ ഗവണ്മന്റിന് കഴിയില്ല. എന്നാല്‍ രാജ്യത്തെ വിലവര്‍ദ്ധനവ് തടയാന്‍ കഴിയും. എക്‌സൈസ് ഡ്യൂട്ടിയും വാറ്റും കുറച്ചാല്‍ ഇന്ധന വില താഴും. അതു വഴി വിലക്കയറ്റവും തടയാം. പക്ഷേ, അതുമൂലമുണ്ടാകുന്ന വരുമാനക്കുറവ് സഹിക്കാന്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ഒരുക്കമല്ല. 2018 ജൂലൈയില്‍ പെട്രേളിന്റെയും ഡീസലിന്റെയും ഉപഭോഗം 8,900,000 ടണ്ണായിരുന്നു. അതായത് നികുതി ലിറ്ററിന് ഒരു രൂപ നികുതി കുറച്ചാല്‍ നഷ്ടം 7,000-8,000 കോടി രൂപയാകും.
വളര്‍ച്ച വേണ്ടത്രയില്ല ലോകത്ത് അതിവേഗതയില്‍ വളരുന്ന പ്രധാന സമ്പദ്ഘടന പക്ഷെ, വേണ്ടത്ര വേഗതയിലല്ല വളരുന്നതെന്ന് വിദഗ്ദ്ധര്‍! ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ഇതൊരു അബദ്ധജടിലമായ വിവരണമല്ലേ എന്നു തോന്നിച്ചേക്കാം. എന്നാല്‍ ഇപ്പോഴത്തെ വേഗതയില്‍പ്പോലും അതിവിപുലമായ തൊഴില്‍ശക്തിക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ മദ്ധ്യവര്‍ഗത്തിന്റ വിപുലീകരണത്തിന് ആവശ്യമായ സമ്പത്ത് സൃഷ്ടിക്കുന്നതിനോ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജനസംഖ്യയിലെ വളര്‍ച്ചയും വിപുലമായ വികസനാവശ്യങ്ങളും കണക്കാക്കിയാല്‍ ഏഷ്യയിലെ മൂന്നാമത്തെ സമ്പദ്ഘടന രണ്ടക്കസംഖ്യയുടെ തോതിലാണ് വികസിക്കേണ്ടത്. ജൂണില്‍ അവസാനിച്ച മൂന്നു മാസങ്ങളില്‍ ജിഡിപി 8.2% വളര്‍ന്നതായാണ് സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍. കഴിഞ്ഞ 9 ക്വാര്‍ട്ടറുകളിലെ ഏറ്റവും വലിയ വളര്‍ച്ചയാണിത്. ഇതോടെ ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന കാര്യത്തില്‍ ഇന്ത്യ ചൈനയുടെയും മുന്നിലെത്തി. യുഎസുമായി ഏര്‍പ്പെട്ടിട്ടുള്ള വ്യാപാര യുദ്ധം ചൈനയുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. ആഗോള വ്യാപാരത്തില്‍ ഇന്ത്യയുടെ പങ്ക് ചെറുതാണെങ്കിലും ആഗോളതലത്തില്‍ ഇപ്പോള്‍ നടക്കുന്ന വഴക്കുകളില്‍നിന്നും അത് മുക്തമല്ല. സാമ്പത്തിക വളര്‍ച്ച ഇനി കുറയുമെന്നാണ് കഴിഞ്ഞയാഴ്ച പുറത്തുവന്ന ബ്ലൂംബെര്‍ഗ് സര്‍വേയില്‍ പറയുന്നത്. 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ അവശേഷിക്കുന്ന മൂന്നു ക്വാര്‍ട്ടറുകളില്‍ 7.4%, 7.1%, 7% എന്നിങ്ങനെയായിരിക്കും വളര്‍ച്ചയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിട്ടുള്ള വാര്‍ഷിക വളര്‍ച്ചാ നിരക്കായ 7.4%ത്തിലും കുറവാണ്. എച്ച്എസ്ബിസിയുടെ കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ ജൂണ്‍ വരെ ശരാശരി 7.8% വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഡിസംബര്‍ ആകുമ്പോഴേക്കും അത് 7.1% മായി കുറയും.
തൊഴില്‍രംഗത്തെ പാളിച്ച
ഇന്ത്യയിലെ തൊഴില്‍ ശക്തിയുടെ 90%ത്തിലധികവും അനൗപചാരിക മേഖലയിലാണ് പണിയെടുക്കുന്നത്. തൊഴില്‍ രംഗത്തെ സംബന്ധിച്ച് വിശ്വസനീയമായ സ്ഥിതിവിവരകണക്കുപോലും ഗവണ്മെന്റിന്റെ പക്കലില്ല. ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ തോത് എത്ര രൂക്ഷമാണെന്ന് അറിയണമെങ്കില്‍ സിവിലിയന്‍ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ച അപേക്ഷകളുടെ കാര്യം മാത്രം നോക്കിയാല്‍ മതിയാകും. 90,000 ഒഴിവുകള്‍ക്ക് മാര്‍ച്ചില്‍ അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ അപേക്ഷിച്ചത് 28 മില്യണ്‍ പേര്‍! റെയില്‍വേയില്‍ ഒരു വര്‍ഷം 216,000 രൂപ മിനിമം ശമ്പളം ലഭിക്കും. പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 1,800 ഡോളര്‍ മാത്രമുള്ള ഒരു രാജ്യത്ത് ഇത് വലിയ തുകയാണ്. ചൈനയുടെ പ്രതിശീര്‍ഷ വരുമാനം 8800 ഡോളറാണ്. വികസനത്തിന്റെ ഈ ഘട്ടത്തില്‍ ജനസംഖ്യാഘടകം ഇന്ത്യയെ ഏറെ സഹായിക്കുന്നുണ്ട്. ലോകത്തിലെ 'യുവ' രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനങ്ങുടെ ശരാശരി പ്രായം 28. ചൈനയില്‍ അത് 37ഉം ജപ്പാനില്‍ 47ഉം ആണ്. അനുകൂലമായ ഈ ഘടകത്തെ മുതലെടുക്കാന്‍ ഇന്ത്യക്കു കഴിയുമോ? ജനങ്ങളുടെ വൈദഗ്ധ്യക്കുറവ് പരിഹരിക്കാന്‍ കഴിയുമോ എന്നത് നിര്‍ണ്ണായകമാണ്. 2040 ആകുമ്പോഴേക്കും അദ്ധ്വാനിക്കാന്‍ കഴിയുന്ന പ്രായവിഭാഗത്തിലുള്ളവരുടെ എണ്ണം കുറയാന്‍ തുടങ്ങും. തൊഴില്‍ രംഗത്തെ ഈ വെല്ലുവിളി ഭാവിയില്‍ നിലനില്‍ക്കുമെന്നുതന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിന്റെ ഫലമായി ആഗോള രംഗത്ത് ശക്തിപ്പെട്ടുവരുന്ന സംരക്ഷണ നപടികളില്‍ ഇന്ത്യയും പങ്കുചേരുമെന്നും അത് ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയെയും സാങ്കേതികവിദ്യാപരമായ പുരോഗതിയെയും ബാധിക്കുമെന്നും ആശങ്കപ്പെടുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ വിദഗ്ധവും ഉല്‍പ്പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വൈദഗ്ധ്യം കുറഞ്ഞവരും കായികാദ്ധ്വാനം ചെയ്യുന്നവരുമായ തൊഴിലാളികള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ജനസംഖ്യയുടെ യുവത്വമെന്ന ഘടകം അനുഗ്രഹമാണെങ്കിലും അത് ഒരു ശാപമായി മാറുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ച്ച, സ്വന്തമായൊരു വീട്, മെച്ചപ്പെട്ട സാമ്പത്തികഭദ്രത, കൂടുതല്‍ നല്ല ഉപകരണങ്ങള്‍ക്കായുള്ള ആഗ്രഹം എന്നിവയെല്ലാം യുവാക്കള്‍ക്കുണ്ട്. നിക്ഷേപകരുടെ ലക്ഷ്യം എന്ന നിലയില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് തൊഴില്‍ രംഗത്തെ ഈ വലിയ വിടവ് മങ്ങലേല്‍പ്പിക്കും. സാമൂഹ്യമായ അസ്വസ്ഥതകള്‍ക്ക് തിരികൊളുത്തുകയും ചെയ്യും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് വലിയ ഭീഷണി ഉയര്‍ത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തൊഴിലവസര സൃഷ്ടിക്ക് വലിയ മുന്‍ഗണനയാണ് മോദി നല്‍കിയത്. ഓരോ വര്‍ഷവും 10 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 5 വര്‍ഷ കാലാവധി അവസാനിക്കുന്ന വേളയിലും ലക്ഷ്യം നിറവേറ്റിയെന്നു സ്ഥാപിക്കാന്‍ കഴിയുന്ന വിശ്വസനീയമായ ഒരു കണക്കും പുറത്തുവിടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. തന്റെ കാലത്ത് തൊഴിലവസരങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെട്ടുവെന്നും എന്നാല്‍ അത് പ്രതിഫലിപ്പിക്കുന്ന കണക്കുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും പറഞ്ഞ് രക്ഷപ്പെടാനാണ് മോദി ശ്രമിക്കുന്നത്.
തിരിച്ചടിച്ച നയങ്ങള്‍
മോദിയുടെ നയങ്ങള്‍ സാമ്പത്തികമായ തിരിച്ചടികള്‍ക്ക് കാരണമായിട്ടുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്വകാര്യ ഗവേഷണ സ്ഥാപനം തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം 2016 അവസാനം നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ഫലമായി 1.5 മില്യണ്‍ തൊഴിലുകളാണ് ഇന്ത്യയില്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അരാജകത്വ പൂര്‍ണ്ണമായ വിധത്തില്‍ ജിഎസ്ടി നടപ്പാക്കിയത് തൊഴിലാളികളുടെ പ്രവര്‍ത്തനം ഏറെ ആവശ്യമുള്ള കൃഷി, നിര്‍മ്മാണ മേഖലകളെ ഗുരുതരമായി ബാധിച്ചു. ഈ രണ്ടു നയങ്ങളും കാരണം 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6%ത്തില്‍ താഴെയായി ചുരുങ്ങി.
വെള്ളിവെളിച്ചം
എങ്കിലും ആകെക്കൂടി മങ്ങിയ ഒരു ചിത്രമല്ല ഉള്ളതെന്നും സാമ്പത്തിക പ്രവര്‍ത്തനം ശക്തമാണെന്നും ആര്‍ബിഐ ശുഭാപ്തി വിശ്വാസത്തിലാണ്. ആവശ്യത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. ഉയര്‍ന്ന ഉല്‍പ്പാദനചിലവ് ഉപഭോക്താക്കളിലേക്ക് കൈമാറുകയാണ്. നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുകയും ഉല്‍പ്പാദനശേഷി ഉപയോഗപ്പെടുത്തുന്നതില്‍ പുരോഗതി ഉണ്ടാകുകയും ചെയ്യുന്നുണ്ട്.നാണയപ്പെരുപ്പം തടഞ്ഞുനിര്‍ത്തുന്നതിനുള്ള ശ്രമത്തില്‍ ആര്‍ബിഐ ഈ വര്‍ഷം രണ്ടുതവണ പലിശ നിരക്കുകള്‍ ഉയര്‍ത്തുകയുണ്ടായി. ഇനിയും അത് ചെയ്‌തേക്കാം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ നികുതി ഒഴിവാക്കിയുള്ള വളര്‍ച്ച 8%മാണ്. കൃഷി 5.3% വളര്‍ന്നപ്പോള്‍ ഉല്‍പ്പാദന മേഖലയില്‍ 13.5%വും വൈദ്യുതി, ഗ്യാസ് എന്നിവയില്‍ 7.3%വും നിര്‍മ്മാണ മേഖലയില്‍ 8.7%വും വളര്‍ച്ചയാണുണ്ടായത്. നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഗവണ്മെന്റ് സ്വീകരിക്കുന്ന നടപടികളുടെ ഫലമായി നിക്ഷേപങ്ങള്‍ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

Other News

Write A Comment

 
Reload Image
Add code here