വടക്കേ അമേരിക്കന്‍ മലയാളികള്‍ കേരളത്തിന്റെ കണ്ണീരൊപ്പുന്നു

Thu,Sep 06,2018


വടക്കേ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ച് ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങള്‍ ഓണാഘോഷങ്ങളുടെ പൂക്കാലമാണ്. എണ്ണമറ്റ സംഘടനകളും, മത സ്ഥാപനങ്ങളും, ചെറിയ കൂട്ടായ്മകളുമൊക്കെ ഏറ്റവുമധികം ആഹ്ലാദത്തോടെ ആഘോഷിക്കുന്ന മറ്റൊരു ആഘോഷമില്ല എന്നതാണ് യാഥാര്‍ഥ്യം. വടക്കേ അമേരിക്കയില്‍ ആഘോഷങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കാലവ്‌സഥയും ഇതു തന്നെ. എന്നാല്‍, ഇത്തവണ ഓണാഘോഷം ഒരു ചലനവുണ്ടാക്കാതെ കടന്നു പോവുകയായിരുന്നു.
കേരളത്തിലെ മാഹാപ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം മിക്കവരും തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. വലിയ ഒരുക്കങ്ങള്‍ നടത്തിയതിനു ശേഷമാണ് പലരും പിന്മാറിയത് എന്നതും ശ്രദ്ധേയമാണ്. ഓണാഘോഷത്തിനു വേണ്ടി മാറ്റിവച്ച തുകയും, മറ്റു രീതിയില്‍ സമാഹരിച്ച തുകയുമൊക്കെ കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് എത്തിക്കാന്‍ എല്ലാവരും പരിശ്രമിക്കുകയായിരുന്നു. ഏതെങ്കിലും രീതിയില്‍ പ്രളയ ദുരിതാശ്വസവുമായി ബന്ധപ്പെട്ട് സഹായം നല്‍കാത്ത ആരും തന്നെ വടക്കേ അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ടാവില്ല. ഏഴാം കടലിനക്കരെ കഴിയുമ്പോഴും കേരളത്തിന്റെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കാന്‍ ഇവിടെയുള്ള മലയാളി സമൂഹം തയാറായി.
അമേരിക്കയിലെ യുവതലമുറയ്ക്ക് നാടിനോട് വലിയ ആഭിമുഖ്യമുണ്ടോ എന്നു സംശയിക്കുന്നവരുടെ കണ്ണു തറുപ്പിക്കുന്നതായിരുന്നു ഷിക്കാഗോയില്‍ നിന്നുള്ള അരുണ്‍ നെല്ലാമറ്റം, അജോമോന്‍ പൂത്തുറയില്‍ എന്നീ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ നടന്ന ഫണ്ട് സമാഹരണം. ഫേസ്ബുക്കിലൂടെ 11 കോടി രൂപ സമാഹരിച്ച് ഇവര്‍ കേരളത്തിലെത്തി മുഖ്യമന്ത്രിക്ക് തുക കൈമാറിയത് ഏറെ ശ്രദ്ധേയമായി. കേരളത്തിനു വേണ്ടി കൂടുതല്‍ തുക ഇവര്‍ സമാഹരിച്ചു കൊണ്ടിരിക്കുകയാണ്.
വടക്കേ അമേരിക്കയിലെ ദേശീയ സംഘടനകളായ ഫൊക്കാനയും, ഫോമയും , മലയാളികള്‍ കുടിയേറിയ സ്ഥലങ്ങളിലുള്ള എണ്ണമറ്റ സംഘടനകളും സാമ്പത്തിക സഹായത്തിനു പുറമേ ദുരിതാശ്വാസത്തിന് വിവിധങ്ങളായ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനും മുന്‍പന്തിയിലുണ്ട്. വീടുകളും, കിണറുകളും വൃത്തിയാക്കുന്നതിനു വേണ്ട മെഷീനറികള്‍ ആവശ്യമെന്നു കണ്ടെത്തി ബൂസ്റ്റ് പവര്‍ വാഷുകള്‍ കാലടി ശ്രീങ്കര എന്‍ജിനിയറിംഗ് കോളജിലെ എന്‍.എസ്.എസ് വിഭാഗത്തിലൂടെ ലഭ്യമാക്കിയ ഫൊക്കാനയുടെ നടപടി ഉദാഹരണമാണ്. കേരളത്തിന്റെ മറ്റു മേഖലകളിലേക്കും പവര്‍ വാഷുകള്‍ ലഭ്യമാക്കാന്‍ ഫൊക്കാന തയാറെടുക്കുകയാണ്.
നിരവധി സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുണി, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്ത ഫോമ, സംഘടനയുടെ നാഷണല്‍ കമ്മിറ്റി അംഗമായ നോയല്‍ മാത്യു സംഭാവന ചെയ്ത ഒരേക്കര്‍ സ്ഥലത്ത് 20 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതി തയാറാക്കി വരുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. റാന്നി നിയോജനമണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളില്‍ അവിടെയുള്ള വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും, സ്‌കൂളുകള്‍ - ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള പദ്ധതിയും ഒരുക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഓണാഘോഷം തന്നെ കേരളത്തെ സഹായിക്കാനുള്ള വേദിയായി മാറ്റിയ സംഘടനകളുമുണ്ട്. കാനഡയിലെ മിസിസാഗ കേരള അസോസിയേഷന്‍ ഇതിന് ഉത്തമ ഉദാഹരണമാണ്.ഓണാഘോഷ വേളയില്‍ കേരളത്തിന്റെ പ്രളയക്കെടുതി വ്യക്തമാക്കുന്ന 125 ചിത്രങ്ങളുട പ്രദര്‍ശനവും അസോസിയേഷന്‍ ഒരുക്കിയിരുന്നു. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ മന്ത്രി നവദീപ് ബെയിന്‍സ്, പാര്‍ലമെന്ററി സെക്രട്ടറി ഒമാര്‍ അല്‍ഗബ്ര, നിരവധി എം.പി മാര്‍, പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് അംഗങ്ങള്‍, കോണ്‍സല്‍ ഓഫ് ഇന്ത്യ ഡി.പി.സിംഗ് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. കേരളത്തിന് സഹായം ലഭ്യമാക്കാന്‍ കാനഡ തയാറാണെന്ന് മന്ത്രി നവദീപ് ബെയിന്‍സ് ചടങ്ങില്‍ അറിയിച്ചു. ഓണത്തെപ്പറ്റിയും, കേരളത്തെപ്പറ്റിയും തദ്ദേശിയരായ രാഷ്ട്രീയക്കാര്‍ക്ക് അറിവു നല്‍കുകയായിരുന്നു അസോസിയേഷന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു. കുട്ടനാട്ടില്‍ ആദ്യം വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ തന്നെ ഓണം ടിക്കറ്റ് വില്‍പനയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. പ്രളയക്കെടതിയുടെ ആദ്യദിനം മുതല്‍ക്കേ അസോസിയേഷന്‍ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിക്കുവാന്‍ തയാറായി. എ.കെ.എം.ജി കാനഡ, ഗ്ലോബല്‍ മെഡിക് എന്നീ സംഘടനകളുമായി ചേര്‍ന്ന് 700 വാട്ടര്‍ പ്യൂരിഫയര്‍ കാനഡയില്‍ നിന്ന് അസോസിയേഷന്‍ കേരളത്തില്‍ എത്തിച്ചു കഴിഞ്ഞതായി പ്രസാദ് അറിയിച്ചു.
വളരെ മിതമായ രീതിയില്‍ ഓണാഘോഷം നടത്തി ഫണ്ട് റെയ്‌സിംഗ് നടത്തിയ ഹാമില്‍ട്ടന്‍ മലയാളി സമാജത്തിന്റെ പ്രവര്‍ത്തനവും ശ്രദ്ധേയമായി. ഒറ്റ ദിവസം കൊണ്ട് 21000 ത്തോളം ഡോളര്‍ ഈ ചെറിയ സമൂഹത്തിന് സമാഹരിക്കാന്‍ കഴിഞ്ഞതായി സമാജം പ്രസിഡന്റ് ലത ബേബി അറിയിച്ചു. ഓണാഘോഷം ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയും തുക സമാഹരിക്കുക എളുപ്പമാകില്ലായിരുന്നു.
ഷിക്കാഗോയില്‍ സോഷ്യല്‍ ക്ലബ് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിനിടെ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോട്ടറി നടത്തി കേരളത്തിനു വേണ്ടി ധനസമാഹരണം നടത്തിയതും ശ്രദ്ധേയമായി. ടൂര്‍ണമെന്റിന്റെ വരുമാനത്തില്‍ നിന്നു ലഭിക്കുന്നതിന്റെ വിഹിതവും കേരളത്തിനു കൈത്താങ്ങായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കയിലെ വിവധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ധനസമാഹരണം നടത്തി വരികയാണ്. നിര്‍ബന്ധപൂര്‍വമല്ലാത്ത പിരിവില്‍ കൈയയച്ചു സഹായിക്കാന്‍ ആരും മടിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സേവാ യു.എസ്.എ യുമായി സഹകരിച്ച് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയാണെന്ന് പ്രസിഡന്റ് ഡോ.രേഖാ മേനോന്‍ പറഞ്ഞു. ധനപരമായ സഹായത്തിനു പുറമേ മെഡിക്കല്‍ റിലീഫ് മേഖലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിച്ചു കൊണ്ടിരിക്കുകയാണെന്നും, മെഡിസിന്‍ പഠനകാലത്തെ ഇന്ത്യയിലുള്ള സുഹൃത്തുക്കള്‍ പല കാര്യങ്ങളും ചെയ്തു തരുന്നുണ്ടെന്നും ഡോ.രേഖ അനുസ്മരിച്ചു. മരുന്നുകളുടെ ദൗര്‍ലഭ്യം ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായപ്പോള്‍ ഉത്തരേന്ത്യയിലുള്ള ഡോ.രേഖയുടെ സുഹൃത്തുക്കള്‍ സഹായഹസ്തവുമായി എത്തുകയായിരുന്നു. ചെങ്ങന്നൂര്‍ പോലുള്ള മേഖലയില്‍ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യമുണ്ടെന്നും ഇക്കാര്യത്തിലും ചെയ്യാവുന്ന സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഡോ.രേഖ പറഞ്ഞു.
കേരളത്തിനു വേണ്ടി സഹായങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു പ്രാര്‍ഥന മാത്രമേയുള്ളു. തങ്ങളുടെ സഹായങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും, യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് അത് ലഭിക്കണമെന്നും മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. കേരളത്തിന്റെ പുനരുദ്ധരാണം കാലതാമസമെടുക്കുന്ന ഒരു പ്രക്രിയയാണ്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ പ്രക്രിയയില്‍ പറ്റാവുന്ന സഹായങ്ങളെല്ലാം ചെയ്യാന്‍ വടക്കേ അമേരിക്കയിലെ മലയാളി സമൂഹം തയാറാകുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അവര്‍ കബളിക്കപ്പെടുന്നില്ല എന്ന കാര്യം കൂടി കേരളത്തിലെ അധികാരികള്‍ ഉറപ്പാക്കേണ്ടതുണ്ട്.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here