മോദിയുടെ വിജയ സാധ്യത മങ്ങുന്നു

Tue,Sep 04,2018


പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് 2019 ല്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത 2017 ല്‍ 99% മായിരുന്നത് ഇപ്പോള്‍ 50% മായി കുറഞ്ഞിട്ടുണ്ടെന്ന് പ്രശസ്ത സാമ്പത്തിക, വിശകലന വിദഗ്ധനായ രുചിര്‍ ശര്‍മ്മ. വിഘടിതമായിരുന്ന പ്രതിപക്ഷം ഒരുമിക്കുന്നതിന്റെ സൂചനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷം ശിഥിലമായിരുന്ന 2014ല്‍ 31% വോട്ടുകളോടെയാണ് ബിജെപി അധികാരത്തില്‍വന്നതെന്നും വോട്ടു വിഹിതത്തേക്കാള്‍ വളരെ കൂടുതല്‍ സീറ്റുകള്‍ അവര്‍ക്കുലഭിച്ചുവെന്നും ബിജെപി വോട്ടുകള്‍ കേന്ദ്രീകരിച്ച സ്വഭാവം കാട്ടിയെന്നും ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പംക്തിയെഴുത്തുകാരനായ ശര്‍മ പറയുന്നു. ലോകരാഷ്ട്രീയം, പ്രത്യേകിച്ചും ഇന്ത്യന്‍ രാഷ്ട്രീയം, സസൂക്ഷ്മമായി വിലയിരുത്തുന്ന നിരീക്ഷകനാണ് രുചിര്‍ ശര്‍മ്മ. ന്യൂയോര്‍ക് ടൈംസിന്റെ ഏറ്റവും വിറ്റഴിക്കപ്പെട്ട 'റൈസ് ആന്‍ഡ് ഫാള്‍ ഓഫ് നേഷന്‍സ്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണദ്ദേഹം. 'ഡെമോക്രസി ഓണ്‍ റോഡ്' എന്ന പുസ്തകത്തിന്റെ രചനയിലാണ് അദ്ദേഹമിപ്പോള്‍. അത് 2019ലെ തെരെഞ്ഞെടുപ്പിനു മുമ്പായി ഫെബ്രുവരിയോടെ വിപണിയിലെത്തും. തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നതിലൂടെ ഇന്ത്യന്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അതില്‍ പ്രതിപാദിക്കുന്നു.
2019ല്‍ ആര് ജയിക്കുമെന്ന് ഇപ്പോള്‍ നാണയം ടോസ് ചെയ്ത് തീരുമാനിക്കേണ്ട സ്ഥിതിയാണുള്ളതെന്നു പറയുന്ന രുചിര്‍ ശര്‍മ, കഴിഞ്ഞവര്‍ഷം ആര് വിജയിക്കുമെന്ന ചോദ്യം തന്നോട് ഉന്നയിച്ചിരുന്നുവെങ്കില്‍ മോദിക്കുള്ള വിജയസാധ്യത 99:1 എന്ന നിലയിലാണെന്ന് വാതുവയ്ക്കുമായിരുന്നു എന്നു പറഞ്ഞു. ഒരു തരംഗം അനുഭവപ്പെട്ട യുപി തെരെഞ്ഞെടുപ്പിനുശേഷം അത് ഏതാണ്ട് ഉറപ്പിച്ച സ്ഥിതിയിലായിരുന്നു കാണപ്പെട്ടത്. എന്നാല്‍ സ്ഥിതിയിപ്പോള്‍ നാടകീയമാംവിധമാണ് മാറിയത്. ഇപ്പോഴത് 50:50 എന്ന സ്ഥിതിയിലാണ്. പ്രതിപക്ഷ സഖ്യത്തിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുന്ന സ്ഥിതിയുണ്ട്. തീര്‍ത്തും ശിഥിലമായിരുന്ന പ്രതിപക്ഷം ഒരുമിക്കുന്നതിന്റെ സൂചനകള്‍ പ്രകടമായിട്ടുണ്ട്. അതാണ് ഇന്ത്യ. കാര്യങ്ങള്‍ ഏകപക്ഷീയമായി മാറുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. 1990കള്‍ മുതല്‍ക്കു രണ്ടു ഡസനിലധികം ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തു പരിചയമുള്ള ശര്‍മ്മ, 2004ലെ തെരെഞ്ഞെടുപ്പ് വേളയില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എബിവാജ്‌പേയിയുടെയും പ്രതിപക്ഷത്തിന്റെയും 'ജനപ്രീതി തമ്മിലുള്ള വിടവ്' മോദിയും ഇപ്പോഴത്തെ പ്രതിപക്ഷവും തമ്മിലുള്ള സ്ഥിതിക്ക് സമാനമായിരുന്നുവെന്നു ചൂണ്ടിക്കാട്ടുന്നു. വാജ്‌പേയിക്കെതിരെപോലും പ്രതിപക്ഷം യോജിച്ചപ്പോള്‍ ഒരു ചോദ്യം ഉയര്‍ത്തിയിരുന്നു, 'വാജ്‌പേയി അല്ലെങ്കില്‍ പിന്നെയാരാണ് പ്രധാനമന്ത്രി?' എന്ന്. തികച്ചും യാദൃശ്ചികമായി ഒരു പ്രധാനമന്ത്രി ഇന്ത്യയിലുണ്ടായി. 2004ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ പരാജയം സമ്മതിക്കുകയും മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. 80 സീറ്റുകളുള്ള യുപി ഇന്ത്യയുടെ ചെറു പതിപ്പാണെന്നു പറയുന്ന ശര്‍മ അവിടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലൊരു സഖ്യമുണ്ടായാല്‍ ആ സഖ്യം 'തകര്‍പ്പന്‍ വിജയം' നേടുമെന്നും സഖ്യമില്ലെങ്കില്‍ ബിജെപിയാകും അങ്ങനെയൊരു വിജയം നേടുകയെന്നും അഭിപ്രായപ്പെട്ടു.
യുപിയിലെ വോട്ടുകള്‍ ഇപ്പോഴും ജാതി അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. 30 വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. മേല്‍ജാതിക്കാര്‍ ബിജെപിക്കാകും വോട്ടു ചെയ്യുക. ദളിതുകള്‍ മായാവതിക്കും. വികസനം ഒരു പ്രശ്‌നമല്ലേ എന്ന് വോട്ടര്‍മാരോട് താന്‍ ചോദിച്ചപ്പോള്‍ അവര്‍ പരിഹാസത്തോടെ ചിരിക്കുകയായിരുന്നുവെന്ന് ശര്‍മ്മ പറയുന്നു. ഇന്ത്യയില്‍ 26 തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി താന്‍ വന്നിരുന്നുവെന്ന് വെളിപ്പെടുത്തിയ ശര്‍മ്മ അതില്‍ 6-7 തെരഞ്ഞെടുപ്പുകള്‍ യുപിയിലായിരുന്നുവെന്ന് പറഞ്ഞു. വരാന്‍പോകുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും രുചിര്‍ ശര്‍മ്മ ഇന്ത്യയില്‍ വരുന്നുണ്ട്. യുപിയിലെ ബിജ്‌നോര്‍ എന്നൊരു ചെറു പട്ടണത്തിലാണ് ശര്‍മ ബാല്യകാലം ചിലവഴിച്ചത്. ഡെമോക്രസി ഓണ്‍ റോഡ് എന്ന പുസ്തകത്തിലെ ആദ്യത്തെയും അവസാനത്തെയും അദ്ധ്യായം ആ പട്ടണത്തെക്കുറിച്ചാണ്. 2019ലെ തെരെഞ്ഞെടുപ്പിനു മുമ്പായിത്തന്നെ വായിച്ചിരിക്കേണ്ട പുസ്തകം എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്.

Write A Comment

 
Reload Image
Add code here