നാല് പ്രമുഖരുടെ കൊലപാതകങ്ങള്‍ അവയെ കോര്‍ത്തിണക്കുന്ന ഒരു ഡയറി

Tue,Sep 04,2018


നാല് കൊലപാതകങ്ങള്‍, ഭീകരാക്രമണത്തിനുള്ള ഗൂഡാലോചന, രണ്ടു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, അനേകം വിദഗ്ധ സംഘങ്ങള്‍, സംശയിക്കപ്പെടുന്ന ഒട്ടേറെപ്പേര്‍, അവരെയെല്ലാം കോര്‍ത്തിണക്കുന്ന ഒരു ഡയറി... 2017 സെപ്റ്റംബറില്‍ പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ വധിച്ച കേസിലെ പ്രതിയും 'ഹിന്ദു ജനജാഗൃതി സമിതി'യുടെ മുന്‍ കണ്‍വീനറുമായ അമോല്‍ കാലേയുടെ പൂനെയിലെ വസതിയില്‍ നിന്നുമാണ് ഡയറി കണ്ടെടുത്തത്. ആ ഡയറിയില്‍ രഹസ്യ സ്വഭാവത്തില്‍ ചില വിവരങ്ങളും നമ്പറുകളും രേഖപ്പെടുത്തിയിരുന്നു. അവയെല്ലാം അന്വേഷിച്ചപ്പോള്‍ 2013ല്‍ യുക്തിവാദിയായിരുന്ന നരേന്ദ്ര ധാബോല്‍ക്കറുടെ വധത്തിന്റെ ചുരുളഴിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അവകാശപ്പെടുന്നു. ഇതോടൊപ്പംതന്നെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ബോംബാക്രമണങ്ങള്‍ നടത്തുന്നതിനുള്ള ചില ഹിന്ദു തീവ്രവാദ സംഘടനകളുടെ ഗൂഡാലോചനയും അനാവരണം ചെയ്യപ്പെട്ടു. ഇതിലുള്‍പ്പെട്ട മൂന്നു പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ഓഗസ്റ്റ് 10ന് അറിയിക്കുകയുണ്ടായി.
ഹിന്ദു ഗോവംശ രക്ഷാ സമിതി അംഗവും ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സനാതന സന്‍സ്ഥ'യുടെ അനുഭാവിയുമായ വൈഭവ് റൗത് (40), ശ്രി ശിവ പ്രതിഷ്ഠാന്‍ അംഗവും സത്താറയില്‍നിന്നുള്ള ആളുമായ സുധാന്‍വാ ഗന്ധലേക്കര്‍ (39), ഹിന്ദു ജന ജാഗൃതി സമിതിയുടെ അനുഭാവിയായ ശരദ് കലാസ്‌കര്‍ (25) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ശിവസേനയുടെ ഒരു മുന്‍ കോര്‍പ്പറേറ്റര്‍ ശ്രീകാന്ത് പാങ്കര്‍കാര്‍, 'ശ്രീ ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍' അംഗം അവിനാശ് പവാര്‍ എന്നിവരെയും ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താനും സച്ചിന്‍ പ്രകാശ് റാവു അന്ദുരെയും ചേര്‍ന്നാണ് ധാബോല്‍ക്കറെ വെടിവച്ചതെന്ന് ചോദ്യം ചെയ്യലില്‍ കലാസ്‌കര്‍ സമ്മതിച്ചു. ഇതേതുടര്‍ന്ന് സിബിഐ ഹിന്ദു ജാഗ്രത സമിതി അംഗമായ അന്ദുരയെ അറസ്റ്റ് ചെയ്തു. കാലേയുടെ ഡയറിയില്‍ കണ്ട ചില നമ്പറുകള്‍ ലങ്കേഷിന്റെ വധം അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ജൂണ്‍ മുതല്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന് നല്‍കി. ആ നമ്പറുകളില്‍ ഉള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് ഭീകരാകരമാണങ്ങള്‍ക്കുള്ള പദ്ധതിയുടെ വിവരം ലഭിച്ചത്. ഓഗസ്റ്റ് 7ന് സംശയിക്കപ്പെടുന്നവരെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടി.
2013 ഓഗസ്റ്റ് 20ന് പൂനെയില്‍ ബോല്‍ക്കറെയും 2015 ഫെബ്രുവരി 16ന് ഇടതുപക്ഷ ചിന്തകനായ ഗോവിന്ദ് പന്‍സാരെയെയും 2015 ഓഗസ്റ്റ് 30ന് ധര്‍വാഡില്‍ കന്നഡ ബുദ്ധികേവിയായ എംഎം കല്‍ബുര്‍ഗിയെയും വെടിവെക്കാനുപയോഗിച്ച തോക്കുതന്നെയാണ് ലങ്കേഷിനെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷംതന്നെ കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിനിടയില്‍ പരസ്യവും രഹസ്യവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സനാതന്‍ സന്‍സ്ഥയുമായും അതിന്റെ ഘടക സംഘടനയായ ഹിന്ദു ജാഗ്രത സമിതിയുമായും ഗാഢമായി ബന്ധപ്പെട്ടിട്ടുള്ള ശ്രി ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ പോലുള്ള ചില ചെറിയ സംഘടനകളെയും കണ്ടെത്താന്‍ കഴിഞ്ഞു. 1999ല്‍ ഒരു മാനസിക ചികിത്സകനായ ജയന്ത് അത്താവാലെയാണ് സന്‍സ്ഥക്കു രൂപം നല്‍കിയത്. ഹിന്ദു മതപരിപോഷണമായിരുന്നു ലക്ഷ്യം. സന്‍സ്ഥയുടെ ഒരു ഘടക സംഘടനയാണ് 2002ല്‍ രൂപീകൃതിതമായ ഹിന്ദു ജാഗ്രത സമിതി. ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിന്റെയും നേതാവ് അത്താവാലെയാണ്. എന്നാല്‍ തന്ത്രപരമായ കാരണങ്ങളാല്‍ ലങ്കേഷിന്റെയും മറ്റും വധത്തില്‍ സന്‍സ്ഥക്കും ജാഗ്രത സമിതിക്കും ഉള്ള പങ്കിനെക്കുറിച്ച് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി ഒന്നും പറയുകയുണ്ടായില്ല. മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ട 6 പേര്‍ വിവിധ സംഘടനകളിലെ അംഗങ്ങളായിരുന്നു. സന്‍സ്ഥയും ജാഗ്രത സമിതിയും സംഘടിപ്പിക്കുന്ന പരിപാടികളില്‍ അവര്‍ പങ്കെടുക്കാറുണ്ടെന്ന് അവരുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചു. അതേ സമയം നാല് പേരുടെ വധവുമായി ബന്ധപ്പെട്ടും ഭീകര ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതുമാണ് ബന്ധപ്പെട്ട കര്‍ണാടകയിലും മഹാരാഷ്ട്രയിലും അറസ്റ്റിലായവരുമായുമുള്ള ബന്ധം പുറത്തറിയാതിരിക്കാനായി സന്‍സ്ഥയും ജാഗ്രത സമിതിയും അവയുടെ വെബ്‌സൈറ്റുകളില്‍നിന്നും അവരുമായുള്ള ലിങ്കുകള്‍ നീക്കം ചെയ്തു. ലങ്കേഷ് കേസില്‍ കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത 12 പേരില്‍ സന്‍സ്ഥയുമായി ഏറ്റവും ബന്ധമുള്ളത് അമിത് ദെഗ്വേക്കര്‍ എന്ന 38 കാരനാണെന്ന് കണ്ടെത്തി. സന്‍സ്ഥയുടെ മുഖപത്രമായ സനാതന്‍ പ്രഭാതിലെ പ്രൂഫ് റീഡര്‍ ആയിരുന്നു അയാള്‍. 2018 മെയ് 20 നാണ് അയാളെ അറസ്റ്റ് ചെയ്തത്. ജാഗ്രത സമിതിയുടെ പൂനെയിലെ മുന്‍ കണ്‍വീനര്‍ കാലെ, അനുഭാവിയായ മനോഹര്‍ ഇടവേ എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ അറസ്റ്റിലായത്.
ലങ്കേഷിന്റെ വധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് കാലെ എന്നറിയപ്പെടുന്ന ഭായ്‌സാബ് ആണെന്ന് പോലീസ് കണ്ടെത്തി. കൊലപാതകങ്ങളും അട്ടിമറി പ്രവര്‍ത്തനങ്ങളും നടത്തുന്ന കാലെ നേതൃത്വം നല്‍കുന്ന സംഘടനയിലെ 2012 മുതല്‍ക്കുള്ള ഒരു പ്രധാന അംഗമാണ് ദെഗ്വേക്കര്‍. സന്‍സ്ഥയുമായും ഹിന്ദു ജാഗ്രത സമിതിയുമായും ബന്ധപ്പെട്ട സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ കൊലപാതകങ്ങളിലുള്ള പങ്കെല്ലാം നിഷേധിക്കുകയാണ് സന്‍സ്ഥ. ഹിന്ദുക്കളുടെ ആത്മീയോന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സന്‍സ്ഥ എന്നും സനാതന പ്രഭാത് എന്ന പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരനെന്ന നിലയില്‍ ആശ്രമത്തില്‍ വരുക മാത്രമേ ദെഗ്വേക്കര്‍ ചെയ്തിട്ടുള്ളു എന്നുമാണ് അവരുടെ വിശദീകരണം. കാലെ എഞ്ചിനീയര്‍ ആണ്. നാല് കൊലപാതകങ്ങളിലും അയാള്‍ക്കുള്ള പങ്കും, രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനയുടെ നേതാവാണ് അയാളെന്നും കര്‍ണാടക പോലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2009-10 വരെ ഹിന്ദു ജാഗ്രത സമിതിയുടെ പൂനെയിലെ കണ്‍വീനറും ആയിരുന്നു. 2008ല്‍ത്തന്നെ കാലെ സംഘടന വിട്ടുപോയെന്നും അയാളുമായി ബന്ധമൊന്നുമില്ലെന്നുമാണ് ജാഗ്രത സമിതി പറയുന്നത്. എന്നാല്‍ കാലെയുടെ കുടുംബം ഇപ്പോഴും സംസ്ഥയുമായും ജാഗ്രത സമിതിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 10 പേരാണ് അറസ്റ്റിലായത്. അവരില്‍ ചിലര്‍ക്ക് സന്‍സ്ഥയുമായും ജാഗ്രത സമിതിയുമായുമുള്ള ബന്ധങ്ങള്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം നിഷേധിക്കുകയാണ് സന്‍സ്ഥാന്‍. 50 വയസ്സുള്ള രാജേഷ് ബംഗാര എന്നൊരു ഗവണ്മെന്റ് ജീവനക്കാരനാണ് രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനയിലെ അംഗങ്ങള്‍ക്ക് 2012 മുതല്‍ സായുധ പരിശീലനം നല്‍കിയിരുന്നത്. ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട ആദ്യം അറസ്റ്റിലായത് കര്‍ണാടകയിലെ മദ്ദുര്‍ സ്വദേശിയായ കെ ടി നവീന്‍കുമാര്‍ എന്നൊരാളാണ്. ഹിന്ദു യുവ സേനയുടെ നേതാവായ അയാളാണ് കൊലപാതകത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. കാലെയാണ് അയാളെ അതിലേക്കു റിക്രൂട്ട് ചെയ്തത്. അതിനു മുമ്പായി സനാതന്‍ സന്‍സ്ഥയും ജാഗ്രത സമിതിയും ചേര്‍ന്ന് ഗോവയിലെ പോണ്ടയില്‍ സംഘടിപ്പിച്ച 2017ലെ ഓള്‍ ഇന്ത്യ ഹിന്ദു അധിവേശന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 2009 മുതല്‍ മാര്‍ഗോവയിലെ സ്‌ഫോടനങ്ങള്‍ ഉള്‍പ്പടെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സന്‍സ്ഥാനും ജാഗ്രത സമിതിയും നേരിട്ട് ഉള്‍പ്പെട്ടിരുന്നുവെന്നും ഹിന്ദു യുവ സേന, ശ്രീ രാമ സേന, ശ്രി ശിവ് പ്രതിഷ്ഠന്‍ ഹിന്ദുസ്ഥാന്‍ എന്നിങ്ങനെയുള്ള ചെറിയ സംഘടനകളിലെ യുവാക്കളെയാണ് അതിനായി നിയോഗിച്ചിരുന്നതെന്നും ശിവസേനയിലെ ചില അംഗങ്ങള്‍പോലും അതില്‍ പങ്കെടുത്തിരുന്നുവെന്നും കര്‍ണാടക പോലീസ് പറയുന്നു. മഹാരാഷ്ട്രയില്‍ അറസ്റ്റിലായ 6 പേരും പല കേസുകളിലും ഉള്‍പ്പെട്ടവരാണ്. ധാബോല്‍ക്കറെ വെടിവച്ചത് തങ്ങളാണെന്ന് കലാസ്‌കറും അന്ദുരെയും കുറ്റസമ്മതം നടത്തി. കലയുടെയും ടൗടെയുടെയും നിര്‍ദേശമനുസരിച്ചാണ് അത് ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി.
നാല് കൊലപാതക കേസുകളുടെയും ഗതി അന്ദുരെയുടെ ഔറംഗാബാദിലുള്ള സുഹൃത്തിന്റെ വസതിയില്‍നിന്നും കണ്ടെടുത്ത തോക്കിന്റെ ഫോറന്‍സിക് പരിശോധനയെ ആശ്രയിച്ചാണിരിക്കുന്നത്. ധാബോല്‍ക്കറെ വധിക്കാന്‍ ആ തോക്കാണുപയോഗിച്ചതെന്നു തെളിഞ്ഞാല്‍ സിബിഐക്ക് ഇതുവരെയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതിരുന്ന കേസില്‍ അത് വലിയൊരു വഴിത്തിരിവാകും. നാല് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട ഗൂഡാലോചനകള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here