ഗോവധ നിരോധനം: പശുക്കള്‍ റെയില്‍വേ ട്രാക്കുകളില്‍ ചത്തൊടുങ്ങുന്നു

Tue,Sep 04,2018


ഒരു ഭാഗത്ത് ഗോസംരക്ഷണ പ്രസ്ഥാനക്കാര്‍ ഉറഞ്ഞുതുള്ളുന്നു; മറുഭാഗത്ത് റെയില്‍വേ ട്രാക്കുകളില്‍ ട്രെയിനുകളിടിച്ച് ചാകുന്ന പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ത്യയിലുടനീളം ഈ സ്ഥിതിയുണ്ട്. എങ്കിലും വടക്കേ ഇന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും നടക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം യുപി ആസ്ഥാനമായുള്ള നോര്‍ത്ത് സെന്‍ട്രല്‍ റയില്‍വേയില്‍ മാത്രം ട്രാക്കില്‍ ചത്ത പശുക്കളുടെ എണ്ണം 1300 ആണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 349 പശുക്കളായിരുന്നു ട്രാക്കില്‍ ട്രെയിനിടിച്ചു ചത്തത്. 271% വര്‍ദ്ധനവാണ് ഒരു വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2015-16ല്‍ ഇന്ത്യന്‍ റയില്‍വേയില്‍ ആകെ 2183 പശുക്കളാണ് ട്രാക്കുകളില്‍ ചത്തത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അവയുടെ എണ്ണം 10,105 ആയി ഉയര്‍ന്നു. 362%മാണ് വര്‍ദ്ധനവ്. ഈ വര്‍ഷം ഏപ്രിലിനു ശേഷം ഇതുവരെയായി 6,900 പശുക്കള്‍ ചത്തു. മുന്‍വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 112% വര്‍ദ്ധനവ്. പശുക്കള്‍ ചാകുന്ന സംഭവങ്ങളില്‍ ഏറെയും നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ, ഡല്‍ഹി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ റെയില്‍വേ, മധ്യപ്രദേശ് ആസ്ഥാനമായുള്ള വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ എന്നിവടങ്ങളിലാണ് നടക്കുന്നത്. ആകെ ചാകുന്ന പശുക്കളുടെ 18 ശതമാനം വീതം ഈ മൂന്നു മേഖലകളിലാണ്.
റെയില്‍വേ അധികൃതര്‍ക്ക് ഇതൊരു പ്രശ്‌നമായി മാറുകയാണ്. ട്രെയിനുകള്‍ വൈകുന്നതിന് ഇതിടയാക്കുന്നു. എഞ്ചിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നു. എത്ര വേഗതയില്‍ സഞ്ചരിക്കുമ്പോഴാണ് ഇടിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും എഞ്ചിനുകള്‍ക്ക് സംഭവിക്കുന്ന നാശം. ട്രാക്കുകള്‍ വേലികെട്ടി തിരിച്ചിട്ടില്ലെന്നും തുറന്നു കിടക്കുന്ന അവയിലൂടെ സഞ്ചരിക്കുന്ന പശുക്കളെയാണ് മിക്കപ്പോഴും ട്രെയിനുകള്‍ ഇടിക്കുന്നതെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹനിയുടെ വിശദീകരണം. പക്ഷേ, വിദഗ്ദ്ധര്‍ അത് സ്വീകരിക്കുന്നില്ല. ട്രാക്കുകള്‍ എന്നും തുറന്നാണ് കിടന്നിരുന്നത്. അതിനാല്‍, പശുക്കള്‍ ട്രെയിന്‍തട്ടി മരിക്കുന്ന സംഭവങ്ങള്‍ നിരവധി ഇരട്ടി വര്‍ദ്ധിക്കുന്നതിന് ഇത് ന്യായീകരണമല്ല. പശുക്കളെ കശാപ്പു ചെയ്യുന്നതിനെതിരെയുള്ള നടപടികള്‍ ഗവണ്‍മെന്റുകള്‍ കര്‍ക്കശമാക്കിയതോടെ കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ ഉപേക്ഷിക്കുന്നതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെ അനാഥമായി അലഞ്ഞുതിരിയുന്ന പശുക്കള്‍ റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും എത്തുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
വരുംവര്‍ഷങ്ങളില്‍ ഇത് വര്‍ദ്ധിക്കുമെന്നാണ് പഞ്ചാബിലെ പ്രോഗ്രസ്സിവ് ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ദല്‍ജിത് സിംഗ് പറയുന്നത്. ഇതും പശുക്കളെ കശാപ്പു ചെയ്യുന്നതുതന്നെയല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ട്രാക്കുകളുടെ ഇരുവശങ്ങളിലുമായുള്ള പുല്ലുകള്‍ മേയുന്നതിനാണ് പശുക്കളെ കൊണ്ടുവരുന്നത്. അവയെ ട്രാക്കുകളില്‍നിന്നും അകറ്റി നിര്‍ത്തുന്നതിനു സ്‌റ്റേഷനുകളിലെ സ്റ്റാഫും സുരക്ഷാ സേനയും ശ്രമിക്കാറുണ്ട്. എന്നാല്‍ അതൊന്നും ഫലപ്രദമല്ല. പലപ്പോഴും പശുക്കളെ നോക്കാന്‍ ആരും ഉണ്ടാകാറില്ല. ചിലപ്പോള്‍ പശുക്കളെ കൂട്ടത്തോടെ മേയ്ക്കാനായി കൊണ്ടുവരുന്നവരുടെ നിയന്ത്രണത്തില്‍ നിന്നെന്നുമിരിക്കില്ല. പശുക്കള്‍ കൂടുതലായി കൊല്ലപ്പെടുന്നതിന് സമീപമുള്ള ഗ്രാമവാസികളെ ബോധവല്‍ക്കരിക്കാന്‍ റെയില്‍വേ ജീവനക്കാരും സുരക്ഷാജീവനക്കാരും ശ്രമിക്കുന്നുണ്ട്. എങ്കിലും സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായും റെയില്‍വേക്ക് അതൊരു ശല്യമായി മാറുകയാണെന്നും വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ജബല്‍പൂര്‍ ഡിവിഷന്‍ മാനേജര്‍ മനോജ് സിംഗ് പറയുന്നു. ട്രെയിനുകള്‍ വൈകുകയും സമയനിഷ്ഠ പാലിക്കാന്‍ കഴിയാതെവരുകയും ചെയ്യുന്നു. ഏപ്രിലിനുശേഷം അവിടെ 1185 പശുക്കളാണ് ട്രാക്കുകളില്‍ കൊല്ലപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 85% മാണ് വര്‍ദ്ധനവ്.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here