രാജ്ഭവനുകളില്‍ കാവിധാരികള്‍ നിറയുന്നു

Mon,Sep 03,2018


പ്രശ്‌നകലുഷിതമായ ജമ്മു കാശ്മീറിലെ ഗവര്‍ണറായി രാഷ്ട്രീയക്കാരനായ സത്യപാല്‍ മല്ലിക്കിനെ നിയമിച്ചത് പലരെയും അമ്പരപ്പിച്ചു. ഒരു മുന്‍ സൈനിക ഓഫീസറോ അല്ലെങ്കില്‍ റിട്ടയര്‍ ചെയ്ത ഒരു ബ്യുറോക്രാറ്റോ തല്‍സ്ഥാനത്തേക്കു നിയമിക്കപ്പെടുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഈ പാരമ്പര്യമൊക്കെ ഉപേക്ഷിച്ചിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍പ്പോലും ബിജെപി നേതാക്കളെയാണ് ഗവര്‍ണ്ണര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇപ്പോള്‍ മൂന്നെണ്ണമൊഴികെയുള്ള എല്ലാ രാജ്ഭവനുകളിലും ബിജെപി നേതാക്കളാണ് കുടിയേറിയിട്ടുള്ളത്. ജമ്മുകാശ്മീര്‍ ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളില്‍ യുപിയില്‍നിന്നുമുള്ള ബിജെപി നേതാക്കളാണ് ഗവര്‍ണ്ണര്‍മാരായത്. യുപിയിലെ 80 സീറ്റുകളില്‍ കഴിഞ്ഞ തവണ നേടിയ 73 സീറ്റുകളില്‍ ഏറെയും നിലനിര്‍ത്താന്‍ ആയാസപ്പെടുന്ന ബിജെപി അങ്ങനെ ചെയ്യുന്നതില്‍ അത്ഭുതമില്ല. യുപിയിലെ 6 വ്യത്യസ്ത ജാതികളില്‍പ്പെട്ട തലമുതിര്‍ന്ന ബിജെപി നേതാക്കളാണ് ഗവര്‍ണ്ണര്‍മാരായി നിയമിക്കപ്പെട്ടത്. അതിലൂടെ ബന്ധപ്പെട്ടവര്‍ക്ക് ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്.
ബീഹാര്‍ ഗവര്‍ണ്ണറായിരിക്കെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദും യുപിയില്‍നിന്നുളള ആളാണ്. സത്യപാല്‍ മല്ലിക്ക് ജാട്ട് നേതാവാണ്. ബിഹാറില്‍ പകരം ഗവര്‍ണറായി നിയമിക്കപ്പെട്ട ലാല്‍ജി ടാണ്ടന്‍ മുന്‍ യുപി മന്ത്രിയാണ്. മുന്‍ യുപി മുഖ്യമന്ത്രിയും മറ്റു പിന്നോക്ക സമുദായ വിഭാഗത്തില്‍പ്പെട്ട ലോധ സമുദായാംഗവുമായ കല്യാണ്‍ സിംഗ് രാജസ്ഥാന്‍ ഗവര്‍ണറാണ്. മുന്‍ യുപി സ്പീക്കര്‍കൂടിയായ ബ്രാഹ്മണനാണ് പശ്ചിമ ബംഗാളില്‍ ഗവര്‍ണറായ കേസരി നാഥ് ത്രിപാഠി. ബ്രിഗേഡിയറായി വിരമിച്ച ബി ഡി മിശ്രയും ജാട്ട് സമുദായ നേതാവായ ബേബി റാണി മൗര്യയും യുപിക്കാരാണ്. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയില്‍, പ്രത്യേകിച്ചും യുപിയുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി അമിത് ഷായില്‍ സത്യപാല്‍ മല്ലിക്ക് വളരെ മതിപ്പുളവാക്കിയിരുന്നു. പശ്ചിമ യുപിയിലെ രാഷ്ട്രീയത്തെക്കുറിച്ചു നല്ല ധാരണയും സ്വാധീനവും മല്ലിക്കിനുണ്ടായിരുന്നു. ജമ്മുകാശ്മീര്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നതിനു പരിഗണിച്ചവരുടെ പട്ടികയില്‍ മുന്‍ പോലീസ് ഓഫീസര്‍മാരും മുന്‍ ബ്യുറോക്രറ്റുകളും ഉള്‍പ്പെട്ടിരുന്നുവെങ്കിലും അവരെയെല്ലാം അവഗണിച്ചാണ് മല്ലിക്കിന് നറുക്കുവീണത്. ഒരു രാഷ്ട്രീയക്കാരന്‍തന്നെ ആ സ്ഥാനം വഹിക്കണമെന്ന് ബിജെപിയും ആര്‍എസ്എസും ആഗ്രഹിച്ചു. ബിജെപിയുടെ പൂര്‍വാശ്രമമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ കാലം മുതല്‍ക്കുതന്നെ കാശ്മീര്‍ ആര്‍എസ്എസിനു വളരെ പ്രിയപ്പെട്ട വിഷയമായിരുന്നു. കാശ്മീര്‍ താഴ്വരയോടുള്ള കേന്ദ്രത്തിന്റെ സമീപനത്തില്‍ മല്ലിക്കിന്റെ നിയമനത്തിലൂടെ ആര്‍എസ്എസ് വലിയ സ്വാധീനം ചെലുത്തുമെന്നാണ് അതിന്റെയര്‍ത്ഥം. പല പാര്‍ട്ടികളിലായി മാറിമാറി ഒടുവില്‍ 2004 ല്‍ മാത്രമാണ് മല്ലിക്ക് ബിജെപിയിലെത്തിയത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ വലിയ വേരുകളൊന്നും അദ്ദേഹത്തിനില്ല. അങ്ങനെയുള്ള ഒരാളെത്തന്നെയാണ് ആര്‍എസ്എസ് ആഗ്രഹിച്ചതും. തിരശീലക്കു പിന്നില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കാന്‍ അവര്‍ക്ക് ഇനി കൂടുതല്‍ എളുപ്പമാകും. വടക്കുകിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലും രാഷ്ട്രീയക്കാരെത്തന്നെ നിയമിക്കാനാണ് ബിജെപി തീരുമാനിച്ചത്. അവിടെ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നരേന്ദ്ര മോദി ഗവണ്മെന്റ് അധികാരത്തില്‍വന്ന 2014 മുതല്‍ ആ മേഖലയിലെ ജനങ്ങളെ സ്വാധീനിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ ഒരു കേന്ദ്രമന്ത്രിയെങ്കിലും വടക്കുകിഴക്കന്‍ മേഖലയിലെ 7 സംസ്ഥാനങ്ങളിലും പര്യടനം നടത്തുന്നുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലൊഴികെ സ്വന്തം പാര്‍ട്ടി നേതാക്കളെയാണ് ബിജെപി ഗവര്‍ണ്ണര്‍മാരായി നിയമിച്ചിട്ടുള്ളത്. വിരമിച്ച ബ്രിഗേഡിയര്‍ ബി ഡി മിശ്രയെ 2017ല്‍ അവിടെ നിയമിച്ചു. 1962, 65, 71 വര്‍ഷങ്ങളിലെ യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികനാണദ്ദേഹം. ഇന്ത്യന്‍ സമാധാനപാലന സേനയുടെ ഭാഗമായി ശ്രീലങ്കയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആന്ധ്രയുടെയും തെലങ്കാനയുടെയും ഗവര്‍ണറായി തുടരുന്ന വിരമിച്ച ഐപിഎസ് ഓഫിസറും ഇന്റലിജന്‍സ് ബ്യുറോയുടെ മുന്‍ ഡയറക്ടറുമായ ഇ എസ് എല്‍ നരസിംഹന്‍ മാത്രമാണ് യുപിഎ ഗവണ്മെന്റ് നിയമിച്ച ഗവര്‍ണ്ണര്‍മാരില്‍ ഇപ്പോഴും തുടരുന്നത്. 2009 ഡിസംബറിലാണ് അദ്ദേഹം ആന്ധ്രാ ഗവര്‍ണ്ണറായത്. ബിജെപിക്കാരനല്ലാത്ത മൂന്നാമത്തെ ഗവര്‍ണര്‍ മുന്‍ ചീഫ് ജസ്റ്റിസ് ആയ പി സദാശിവമാണ്. 2014 ഓഗസ്റ്റിലാണ് അദ്ദേഹത്തെ കേരള ഗവര്‍ണറായി നിയമിച്ചത്. ഇവര്‍ മൂന്നുമൊഴിച്ചാല്‍ മറ്റെല്ലാ ഗവര്‍ണ്ണര്‍മാരും കാവി ധാരികളായ രാഷ്ട്രീയക്കാരാണ്.

Write A Comment

 
Reload Image
Add code here