വാറന്‍ ബഫറ്റിന്റെ ഇന്ത്യയിലെ ആദ്യ നിക്ഷേപം പേടിഎമ്മില്‍

Mon,Sep 03,2018


ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മില്‍ ബില്യണറായ വാറന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബര്‍ക്ഷയര്‍ ഹാതവേ വ്യവസായ സമുച്ചയം 25 ബില്യണ്‍ രൂപയുടെ (356 മില്യണ്‍ ഡോളര്‍) ഓഹരികള്‍ വാങ്ങി. ധനകാര്യ ഇടപാട് രംഗത്തേക്ക് കടക്കുന്ന ബര്‍ക്ഷയര്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുന്നത്. പേടിഎമ്മിന്റെ മാതൃ കമ്പനിയായ ഒണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ നിക്ഷേപം നടത്തിയ വിവരം ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബഫറ്റിന്റെ അസിസ്റ്റന്റ് ഡെബ്ബി ബൊസാനെക്കാണ് ഈ ഇടപാടുമായി ബന്ധപ്പെട്ടിരുന്നത്. 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പേടിഎമ്മില്‍ 3-4% ഓഹരികള്‍ വാങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. 8 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രധാന ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായി വളര്‍ന്ന പേടിഎമ്മിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ നിക്ഷേപം. നിക്ഷേപങ്ങള്‍ക്കായി കരുതിയ 108.6 ബില്യണ്‍ ഡോളറിന്റെ പണവുമായി അവസരങ്ങള്‍ തേടുകയായിരുന്ന ബര്‍ക്ഷയര്‍. നിക്ഷേപതന്ത്രങ്ങളില്‍ കമ്പനി വരുത്തിയ മാറ്റംകൂടിയായിരുന്നു പേടിഎമ്മിലെ നിക്ഷേപം. സാധാരണയായി ഉപഭോഗ, ഊര്‍ജ്ജം, ഇന്‍ഷുറന്‍സ് കമ്പനികളിലാണ് അവര്‍ നിക്ഷേപങ്ങള്‍ നടത്തിയിരുന്നത്.
വലിയ വെല്ലുവിളികള്‍ നിറഞ്ഞ ഒരു മേഖലയിലേക്കാണ് ബര്‍ക്ഷയര്‍ കടന്നുവരുന്നത്. 2023 ആകുമ്പോഴേക്കും ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റ് വിപണി 5 മടങ്ങ് വര്‍ദ്ധിച്ച് ഒരു ട്രില്യണ്‍ ഡോളറിന്റേതാകുമെന്നാണ് കണക്കാക്കുന്നത്. അതനുസരിച്ച് മത്സരവും മുറുകുകയാണ്. ഗവണ്മെന്റ് പിന്തുണയുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉള്‍പ്പടെയുള്ള കമ്പനികളാണ് രംഗത്തുവരുന്നത്. ഉപയോക്താക്കള്‍ക്ക് പലിശയൊന്നും ലഭിക്കാത്ത ഡിജിറ്റല്‍ പണസഞ്ചി സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമായി പലരെയും ആകര്‍ഷിക്കത്തക്കവിധം ബാങ്കുകള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍ ലഘൂകരിക്കുന്ന വിധത്തിലുള്ള ആപ്പുകള്‍ യുപിഐയിലുണ്ട്. അതിനാല്‍ കസ്റ്റമര്‍മാരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ് പേടിഎമ്മും മറ്റു മൊബൈല്‍ പണസഞ്ചി കമ്പനികളും. ഗൂഗിള്‍ അവരുടെ ടെസ് ആപിന്റെ പേര് ഗൂഗിള്‍ പേ എന്നാക്കി മാറ്റിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഉടനടിയുള്ള ഡിജിറ്റല്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ എന്നിവ ഉള്‍പ്പെടെ നാല് പ്രധാന ബാങ്കുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. മറ്റേതൊരു ടെക് കമ്പനിയെക്കാളും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡേറ്റകള്‍ കൈവശമുണ്ടെന്നുള്ളത് ഗൂഗിളിന് നേട്ടമുണ്ടാക്കുന്ന ഘടകമാണ്. ബാങ്കുകളുമായി ചേര്‍ന്ന് ഈ ഉപയോക്താക്കള്‍ക്കായി പല സേവനങ്ങളും വാഗ്ദാനം ചെയ്യാന്‍ അവര്‍ക്കു കഴിയും. അതിനാല്‍ ഗൂഗിള്‍ പേടിഎമ്മിനും പേമെന്റ് സര്‍വീസ് രംഗത്തേക്ക് കടക്കാനുദ്ദേശിക്കുന്ന വാട്ട്‌സാപ്പിനും വെല്ലുവിളി ആയിരിക്കും.
ഡിജിറ്റല്‍ പണമിടപാട് ബിസിനസ് രംഗത്തേക്ക് കടക്കുന്നതിനുള്ള ആഗ്രഹം മെയ് മാസത്തില്‍ നടന്ന ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ ബഫറ്റ് പ്രഖ്യാപിച്ചിരുന്നു. നിക്ഷേപ കാര്യങ്ങള്‍ക്കായി ബഫറ്റ് ചുമതലപ്പെടുതിയിട്ടുള്ള എക്‌സിക്യൂട്ടീവുമാരില്‍ ഒരാളായ ടോഡ് കോമ്പസ് ആണ് പേ ടിഎമ്മുമായുമുള്ള ഇടപാട് ഉറപ്പിച്ചത്. വിജയ് ശേഖര്‍ ശര്‍മ്മ 2010ലാണ് പേടിഎം തുടങ്ങിയത്. ആലിബാബാ ഗ്രൂപ്പിന്റെ ധനകാര്യ ഇടപാട് വിഭാഗമായ ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ് പേടിഎമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ ആലി പേയുടെ ഉടമസ്ഥരായ ആലിബാബക്കും ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനും കൂടി 40% ഓഹരികളാണ് പേടിഎമ്മിലുള്ളത്. 2015 സെപ്റ്റംബറിലായിരുന്നു അവരുടെ നിക്ഷേപം. 2017 മേയില്‍ ജപ്പാനിലെ സോഫ്റ്റ് ബാങ്കും പേ ടിഎമ്മിന്റെ മാതൃകമ്പനിയില്‍ 1.4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും 14.2% ഓഹരികള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Write A Comment

 
Reload Image
Add code here