ഡ്രൈവര്‍ലെസ്സ് കാറുകള്‍ വികസിപ്പിക്കാന്‍ ടൊയോട്ട ഊബറില്‍ നിക്ഷേപം നടത്തുന്നു

Mon,Sep 03,2018


ഡ്രൈവര്‍മാര്‍ ആവശ്യമില്ലാത്ത കാറുകള്‍ വികസിപ്പിക്കുന്നതിനുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ ടാക്‌സി കമ്പനിയായ ഊബര്‍ ടെക്‌നോളജീസില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. യുബര്‍ കമ്പനിയുടെ മൂല്യം 72 ബില്യണ്‍ ഡോളറായി കണക്കാക്കിയാണ് ടൊയോട്ട നിക്ഷേപം നടത്തിയത്. ഈ വര്‍ഷമാദ്യം നിക്ഷേപം നടത്തിയ സോഫ്റ്റ് ബാങ്ക് അതിലും കുറച്ചു മൂല്യം മാത്രമാണ് കണക്കാക്കിയത്. ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന ടൊയോട്ടയുടെ സിയന്നാ മിനി വാനുകള്‍ യുബര്‍ ടാക്‌സി ശൃംഖലയുടെ ഭാഗമായി ഓടിക്കും. ഈ വാഹനങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ക്ക് സ്വന്തമായി വാങ്ങുന്നതിനോ അല്ലെങ്കില്‍ ടാക്‌സിയായി ഓടിക്കുന്നതിനോ കഴിയും.
സ്വയം ഓടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ചിലവും നഷ്ടവും കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ഊബര്‍. ഈ വിഭാഗത്തില്‍പ്പെട്ട ഒരു കാര്‍ കഴിഞ്ഞവര്‍ഷം അരിസോണയില്‍ വലിയൊരു അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഊബര്‍ അങ്ങനെയൊരു തീരുമാനം എടുത്തത്. സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞവര്‍ഷം ഊബര്‍ 750 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷമത് വെട്ടികുറച്ചു. ഇക്കഴിഞ്ഞ മാസങ്ങളില്‍ അരിസോണയിലെ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊബര്‍ അവസാനിപ്പിക്കുകയും 400 ടെസ്റ്റ് ഡ്രൈവര്‍മാരെ പിരിച്ചുവിടുകയും ചെയ്തു. അവരില്‍ ചിലരെ പുതിയ പരിശീലനം നല്‍കി വീണ്ടും നിയമിക്കും. അരിസോണയിലെ അപകടത്തെക്കുറിച്ചു അധികൃതര്‍ അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോ, പിറ്റസ്ബര്‍ഗ്, ടൊറന്റോ എന്നിവടങ്ങളിലെ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഊബര്‍ റോഡില്‍നിന്നും പിന്‍വലിക്കുകയും ചെയ്തു. അതേസമയം യുബര്‍, ലിഫ്റ്റ് തുടങ്ങിയ ടാക്‌സി കമ്പനികള്‍ക്ക് സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ വളരെ പ്രധാനവുമാണ്. ഡ്രൈവര്‍ന്മാര്‍ക്ക് നല്‍കുന്ന വേതനം ലാഭിക്കുന്നതിലൂടെ വലിയൊരു ചിലവ് കുറക്കുന്നതിന് കഴിയും. ടോയോട്ടയെപ്പോലുള്ള വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ടാക്‌സികള്‍ വ്യാപകമാകുന്നതും കാറുകള്‍ ഷെയര്‍ ചെയ്ത് പോകുന്നതും വലിയൊരു വെല്ലുവിളിയാണ്. വ്യക്തികള്‍ക്ക് സ്വന്തമായൊരു കാര്‍ എന്ന രീതിയാണ് ഇല്ലാതെയാകുക. ടൊയോട്ടയുടെ ഇപ്പോഴത്തെ തീരുമാനം ജനറല്‍ മോട്ടോഴ്‌സിന്റെ നടപടിയെ അനുസ്മരിപ്പിക്കുന്നു. സ്വയം ഓടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2016ല്‍ ലിഫ്റ്റില്‍ 500 മില്യണ്‍ ഡോളര്‍ ജനറല്‍ മോട്ടോഴ്‌സ് നിക്ഷേപിച്ചിരുന്നു. ഒരു വാഹന നിര്‍മ്മാണ കമ്പനിയും ഒരു ടാക്‌സി കമ്പനിയും തമ്മില്‍ ആദ്യമായുണ്ടാകുന്ന ഇടപാടായിരുന്നു അത്. അതേത്തുടര്‍ന്ന് ഭാവിയിലെ വ്യക്തിഗത സഞ്ചാരം കയ്യടക്കുന്നതിനുള്ള പന്തയത്തില്‍ ഡെട്രോയിറ്റും സിലിക്കണ്‍വാലിയും തമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സഖ്യങ്ങള്‍ ത്വരിതപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കുശേഷം നിലവിലുള്ള വാഹനങ്ങളില്‍ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ക്രൂയിസ് ഓട്ടോമേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പ് ജനറല്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു. അതോടെ യുബര്‍, ആല്‍ഫബെറ്റിന്റെ വേമോ എന്നിവയുള്‍പ്പെടെ ഡ്രൈവര്‍ലെസ്സ് കാറുകള്‍ റോഡിലിറക്കാന്‍ ശ്രമിച്ച മറ്റെല്ലാവരേക്കാളും ജനറല്‍ മോട്ടോഴ്‌സ് മുന്നിലെത്തി. ജനറല്‍ മോട്ടോഴ്‌സ് ക്രൂയിസ് ഏറ്റെടുക്കുന്ന സമയത്തുതന്നെ യുബറില്‍ ടൊയോട്ട ചെറിയൊരു നിക്ഷേപം നടത്തിയിരുന്നു. ഊബറിന്റെ ഡ്രൈവര്‍മാര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിയായിരുന്നു അത്. അതോടൊപ്പംതന്നെ ടാക്‌സിയുടെ ബന്ധപ്പെട്ട മറ്റു സേവനങ്ങളും കാര്‍ ആപ്പുകളും വികസിപ്പിക്കാന്‍ സംയുക്തമായി ശ്രമിക്കുകയും ചെയ്തു. ഊബറിനെ വലുതായി പിന്തുണയ്ക്കുന്ന സോഫ്റ്റ് ബാങ്കിന്റെ വിഷന്‍ ഫണ്ട് ജനറല്‍ മോട്ടോഴ്‌സ് ഏറ്റെടുത്ത ക്രൂയിസില്‍ 20% ഓഹരികള്‍ വാങ്ങി. അടുത്ത വര്‍ഷം റോബോട്ടുകള്‍ ഓടിക്കുന്ന ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു അത്. അതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഊബറിന് 68 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കി സോഫ്റ്റ് ബാങ്ക് യുബറില്‍ 1.25 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും നിക്ഷേപകരില്‍നിന്നും ഊബറിന് 48 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കി ഓഹരികള്‍ വാങ്ങുകയും ചെയ്തു. അതോടെ ആ സമയത്ത് ഊബറിന്റെ 15% ഓഹരികളുടെ നിയന്ത്രണം സോഫ്റ്റ് ബാങ്കിനായി. ഫോര്‍ഡ് മോട്ടോര്‍ കമ്പനി സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പദ്ധതി കഴിഞ്ഞമാസം ഫോര്‍ഡ് ഓട്ടോണോമിസ് വെഹിക്കിള്‍സ് എന്ന സബ്‌സിഡിയറി കമ്പനിയിലേക്ക് മാറ്റി. മറ്റു നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അതിലൂടെ കഴിയും.
2021 ആകുമ്പോഴേക്കും സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ നിരത്തിലിറക്കുകയെന്ന ലക്ഷ്യത്തോടെ ഫിയറ്റ് ക്രിസ്‌ലറും ബി എം ഡബ്‌ള്യു ഗ്രൂപ്പും ഇന്റല്‍ കോര്‍പറേഷനും ഒത്തുചേര്‍ന്നിരിക്കുകയാണ്. അടുത്ത ദശകത്തിന്റെ ആദ്യത്തോടെ സ്വന്തമായി സ്വയം പ്രവര്‍ത്തിക്കുന്ന കാറുകള്‍ ഇറക്കുന്നതിനാണ് ഫിയറ്റ് ലക്ഷ്യമിടുന്നത്. സ്വയം പ്രവര്‍ത്തിക്കുന്ന കാര്‍ എന്ന ആശയത്തോട് ആദ്യമൊന്നും ടൊയോട്ട താല്‍പ്പര്യം കാട്ടിയിരുന്നില്ല. അടുത്തകാലത്തു മാത്രമാണ് ഈ രംഗത്തെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. 2020 ആകുമ്പോഴേക്കും സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇറക്കുകയാണ് ഈ ജാപ്പനീസ് കമ്പനിയുടെ ലക്ഷ്യം. അത്തരം വാഹനങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനായി ടോയോട്ടയും രണ്ടു അനുബന്ധ കമ്പനികളും ഈവര്‍ഷമാദ്യം 3 ബില്യണ്‍ ഡോളര്‍ നീക്കിവയ്ക്കുകയുണ്ടായി. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ടാക്‌സി കമ്പനിയായ ഗ്രാബില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ജൂണില്‍ ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പിനു 10 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയാണ് ആ നിക്ഷേപം നടത്തിയത്. ഊബര്‍ ദക്ഷിണപൂര്‍വേഷ്യയിലെ ബിസിനസ് ഗ്രാബിനു വിറ്റിരുന്നു. വിപണിയില്‍ മത്സരം മുറുകിയപ്പോഴാണ് ബിസിനസ് വില്‍ക്കുകയും അത് ഓഹരികളാക്കി മാറ്റുകയും ചെയ്തത്.
സ്വയമോടുന്ന കാറുകളുടെ കാര്യത്തില്‍ ടൊയോട്ട എത്രത്തോളം താല്‍പ്പര്യം കാട്ടുന്നു എന്നതിന്റെ തെളിവാണ് ഊബറില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള നിക്ഷേപം. നഷ്ടം കുറച്ചും വളര്‍ച്ച നിലനിര്‍ത്തിയും അടുത്ത വര്‍ഷം പൊതു ഓഹരി വിപണിയിലേക്ക് കടക്കുക ഊബറിന്റെ ലക്ഷ്യമാണ്. രണ്ടാം ക്വാര്‍ട്ടറില്‍ യുബറിന്റെ വരുമാനത്തില്‍ 68% വളര്‍ച്ചയുണ്ടാകുകയും 2.8 ബില്യണ്‍ ഡോളറാകുകയും ചെയ്തു. അതേ സമയം നഷ്ടത്തില്‍ 16% കുറവുണ്ടാകുകയും 891 മില്യണ്‍ ഡോളറാകുകയും ചെയ്തു. തങ്ങളുടെ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ വ്യാപാര രഹസ്യം യുബര്‍ മോഷ്ടിച്ചതായി യുബറിനെതിരെ വേമോ കേസ് കൊടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വേമോയുടെ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്നു ഫെബ്രുവരിയില്‍ ഊബര്‍ തീരുമാനിച്ചു. ഊബറിന്റെ മൂല്യം 72 ബില്യണ്‍ ഡോളറായി കണക്കാക്കി 0.34% ഓഹരികള്‍ വേമോ നേടി. ബൈക്കുകളും സ്‌കൂട്ടറുകളും വാടകയ്ക്ക് നല്‍കുന്ന പദ്ധതിയും ഊബര്‍ ആലോചിക്കുന്നുണ്ട്.

Write A Comment

 
Reload Image
Add code here