നൂതന സാങ്കേതികവിദ്യകളുമായി മുന്നേറാന്‍ സൗദി അരാംകോ

Sat,Sep 01,2018


സൗദി അറേബ്യന്‍ ഗവണ്മെന്റ് ഉടമയിലുള്ള എണ്ണ കമ്പനിയായ അരാംകോ കഴിഞ്ഞ വര്‍ഷം യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസില്‍നിന്ന് 230 പേറ്റന്റുകളാണ് നേടിയത്. 57 പേറ്റന്റുകള്‍ സമ്പാദിച്ച 2013 നെ അപേക്ഷിച്ച് നാലിരട്ടിയാണിത്. അതോടെ അക്കാര്യത്തില്‍ എണ്ണ ഖനന, ഉല്‍പ്പാദന കമ്പനികളുടെ കൂട്ടത്തില്‍ അരാംകോ മൂന്നാം സ്ഥാനത്തെത്തി. എക്‌സോണ്‍ മൊബീല്‍ കോര്‍പറേഷന്റെ ബഹുദൂരം പിന്നിലാണെങ്കിലും ഷെവറോണ്‍ കോര്‍പറേഷന്റെ തൊട്ടടുത്താണ്. നൂതനമായ മേഖലകളില്‍ ശക്തികേന്ദ്രമായി മാറുന്നതിനാണ് ശ്രമം.
അരാംകോക്ക് ഏറ്റവുമൊടുവില്‍ ലഭിച്ച പേറ്റന്റുകളില്‍ പാറപോലെ ഉറച്ച എണ്ണപ്പാടങ്ങള്‍ പൊട്ടിക്കുന്നതിനുള്ള ദ്രാവകം, എണ്ണപ്പാടങ്ങളില്‍ വിന്യസിക്കുന്ന മൊബൈല്‍ റോബോട്ടുകള്‍ക്ക് ഡോക്കിങ് സ്‌റ്റേഷന്‍, ഇന്ധനങ്ങളില്‍നിന്നും കാര്‍ബണ്‍ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുന്നു. ഈ സാങ്കേതികവിദ്യകള്‍ വിപണിയിലെ മത്സരക്ഷമതയില്‍ അരാംകോക്ക് നേട്ടമുണ്ടാക്കുന്നതാണ്. എണ്ണ പമ്പ് ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും എതിരാളികളെ കടത്തിവെട്ടുന്ന പുതിയ രീതികളാണ് അരാംകോ പ്രയോഗിക്കുന്നത്. പൊതുവിപണിയില്‍ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തില്‍ അരാംകോ പൊതുജന മദ്ധ്യത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുമെന്നിരിക്കെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് കമ്പനി അധികൃതര്‍. തന്ത്രപ്രധാനമായ വലിയൊരു നിക്ഷേപകനെ ആകര്‍ഷിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ അരാംകോയുടെ ഗവേഷണ ശാലകളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ആകെയുള്ള 65,000 ത്തോളം ജീവനക്കാരില്‍ 1300 ശാസ്ത്രജ്ഞരുണ്ട്. ഡിട്രോയിറ്റ്, പാരീസ്, ബെയ്ജിങ് എന്നിവടങ്ങളിലെല്ലാം ഗവേഷണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. എണ്ണ കമ്പനികളായ സ്‌കളുംബെര്‍ഗര്‍, ഹാലിബര്‍ട്ടന്‍, ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് എന്നിവയില്‍നിന്നും ഉന്നതരായ ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാന്‍ ആരാംകോക്ക് കഴിഞ്ഞു. എണ്ണ വ്യവസായത്തില്‍ മത്സരം വളര്‍ത്തുന്ന വലിയൊരു ഘടകമായി സാങ്കേതിക വിദ്യകള്‍ മാറിക്കഴിഞ്ഞു.
1933ല്‍ സ്ഥാപിതമായ ശേഷം അരാംകോ ഏറെയും ആശ്രയിച്ചത് എണ്ണ ഖനനംചെയ്‌തെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്ന വിശാലമായ പാടങ്ങളെയായിരുന്നു. അതിലൂടെയാണ് സൗദി സമ്പന്നരാഷ്ട്രമായി മാറിയത്. മുമ്പത്തെപ്പോലെതന്നെ ഇപ്പോഴും കമ്പനി എണ്ണ പമ്പ് ചെയ്യുന്നുണ്ടെങ്കിലും അതിന്റെ അതിബൃഹത്തായ ചില പാടങ്ങള്‍ വരളുകയാണ്. അതേ സമയംതന്നെയാണ് തങ്ങളുടെ ഉല്‍പ്പന്നം പുറന്തള്ളുന്ന ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ കുറയ്ക്കുന്നതിന് ഏറിവരുന്ന സമ്മര്‍ദ്ദം. കസ്റ്റമര്‍മാരെ ഇക്കാര്യം അറിയിക്കുന്നതിനൊപ്പംതന്നെ എണ്ണയുടെ പ്രസക്തി നിലനില്‍ക്കുമെന്ന് ഭാവിയിലെ നിക്ഷേപകരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ എണ്ണ ഖനനം ചെയ്യുന്നതിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള അരാംകോയുടെ ശ്രമം. പുതിയ സാങ്കേതികവിദ്യാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ എണ്ണയുടെ മേഖലക്ക് പുറത്തുള്ള കമ്പനികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, ആമസോണ്‍ കമ്പനിയുടെ ഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് എന്നിവ അതിലുള്‍പ്പെടുന്നു. അരാംകോയുടെ സംസ്‌കാരത്തില്‍ സംഭവിക്കുന്ന ഈ മാറ്റത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനിയുടേ ആദ്യത്തെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയി നിയമിതനായ അല്‍ ഖോവെയ്റ്ററാണ്. 35 വര്‍ഷങ്ങള്‍ക്കു മുമ്പാണ് 51 കാരനായ അദ്ദേഹം കമ്പനിയില്‍ ചേര്‍ന്നത്. ഇതിനിടെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും ബിരുദം നേടിയ അദ്ദേഹം പിന്നീട് ഗവേഷണത്തിലേക്കു തിരിഞ്ഞു.
വെള്ളത്തിനടിയില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകള്‍ പരിശോധിക്കുന്നതിനുള്ള റോബോട്ടുകളെ വിന്യസിക്കുന്നതിനും വാതകത്താല്‍ ചുറ്റപ്പെട്ടതും പാറപോലെ ഉറച്ചതുമായ മലകളില്‍നിന്നും എണ്ണ ഖനനം ചെയ്യുന്നത് എളുപ്പമാക്കി മാറ്റുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ക്രൂഡ് ഓയിലില്‍നിന്നും കൂടുതല്‍ കെമിക്കലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങളിലാണ് അല്‍ ഖോവെയ്റ്ററിന്റെ ടീം ഏര്‍പ്പെട്ടിരുന്നത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുംവിധമുള്ള രണ്ടു പുതിയ ഇടപാടുകള്‍ ഈ മാസമാദ്യം ആരാംകോ നേടി. ഡച്ച് ഹൈ ടെക് ടയര്‍ നിര്‍മ്മാതാക്കളായ അര്‍ലന്‍ക്‌സിയോയില്‍ 50% ഓഹരികള്‍ വാങ്ങുന്നതിനായി 1.74 ബില്യണ്‍ ഡോളര്‍ നല്‍കുകയും കാര്‍ബണ്‍ കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിന് മസ്ദ മോട്ടോര്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. ബിസിനസില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സൗദി യൂണിവേഴ്‌സിറ്റികളില്‍നിന്നും ബിരുദം നേടിയിറങ്ങിയ യുവ ഗവേഷകരെ ആരാംകോ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഊര്‍ജ്ജ ഉല്‍പ്പാദനം കുറയ്ക്കുംവിധം സോളാര്‍ പാനലുകളില്‍ പറ്റിപ്പിടിക്കുന്ന പൊടി നീക്കം ചെയ്യുന്ന റോബോട്ടുകള്‍ ഉദാഹരണമാണ്.
കൂടുതല്‍ സൃഷ്ടിപരമായ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്ന ഖോവെയ്റ്റര്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള അല്‍ഫബെറ്റിന്റെ ആസ്ഥാനം സന്ദര്‍ശിച്ച ആരാംകോ സംഘത്തിലെ അംഗമായിരുന്നു. കമ്പനികള്‍ എങ്ങനെയാണ് നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതെന്നു മനസ്സിലാക്കാനായിരുന്നു ശ്രമം. എണ്ണയുടെ പര്യവേഷണത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഗൂഗിളുമായി ചര്‍ച്ച നടത്തി. നൂതന ആശയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളുണ്ടെങ്കിലും അരാംകോ ഒരു 'സൂപ്പര്‍ ടാങ്കര്‍' പോലെയാണെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ദിശയൊന്നു മാറാന്‍ ഏറെ സമയമെടുക്കും.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here