10,720 കോടി രൂപയ്ക്കായി നഷ്ടപ്പെടുത്തിയത് 2.25 ലക്ഷം കോടി രൂപ

Sat,Sep 01,2018


റദ്ദാക്കപ്പെട്ട 500, 1000 കറന്‍സി നോട്ടുകളുടെ 99.3%വും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടുനിരോധനം നടപ്പാക്കിയ 2016 നവംബര്‍ 8ന് 500ന്റെയും 1000ത്തിന്റെയും കറന്‍സികള്‍ നിരോധിക്കുമ്പോള്‍ അവയുടെ ആകെ മൂല്യം 15.41 ലക്ഷം കോടി രൂപയായിരുന്നുവെന്നു ആര്‍ബിഐ പറയുന്നു. അതില്‍ 15.31 ലക്ഷം കോടി രൂപയും തിരിച്ചെത്തി. അതായത് 10,720 കോടി രൂപ മാത്രമാണ് തിരിച്ചെത്താതിരുന്നത്.
റദ്ദാക്കപ്പെട്ട നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിക്കാന്‍ അനുവദിച്ചിരുന്ന സമയം പരിമിതമായിരുന്നെങ്കിലും എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന കണക്കുകള്‍ പുറത്തുവിടാന്‍ ആര്‍ബിഐ അസാധാരണമായ കാലതാമസം വരുത്തി. 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനു മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത നാടകീയമായ വിധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി നിരോധനം പ്രഖ്യാപിച്ചത്. പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും നോട്ടുനിരോധനം വലിയ വിജയമാണെന്നായിരുന്നു മോദി അവകാശപ്പെട്ടുകൊണ്ടിരുന്നത്. ആര്‍ബിഐയുടെ റിപ്പോര്‍ട്ട് വന്നതോടെ നോട്ടുനിരോധനം വരുംദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുമെന്നുറപ്പാണ്. മോദിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടും. സ്വന്തം പാളയത്തില്‍ നിന്നുപോലും അതുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രതിപക്ഷത്തിന് ശക്തമായൊരു ആയുധമാണ് ലഭിച്ചിട്ടുള്ളത്. ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍തന്നെ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ പ്രതികരണമുണ്ടായി. നോട്ടുനിരോധനം നിഷ്ഫലമായ ഒരു അഭ്യാസമായി മാറുമെന്ന് ആദ്യം പറഞ്ഞ നേതാവുകൂടിയാണ് ചിദംബരം. നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതമേല്‍പ്പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി, വ്യവസായങ്ങള്‍ അടച്ചുപൂട്ടി, ജിഡിപി വളര്‍ച്ച കുറഞ്ഞു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി ട്വീറ്റുകള്‍ അദ്ദേഹം നടത്തി. 13000 കോടി രൂപയുടെ കള്ളപ്പണം ഇല്ലാതെയാക്കാന്‍ രാജ്യം 'കനത്ത വില' നല്‍കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജിഡിപി വളര്‍ച്ചയിലുണ്ടായ കുറവ് 1.5% ആയിരുന്നു. ഒരു വര്‍ഷം അതുമാത്രമുണ്ടാക്കിയ നഷ്ടം 2.25 ലക്ഷം കോടി രൂപയാണ്. 100 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ദിവസക്കൂലിക്ക് പണിയെടുക്കുന്ന 15 കോടി പേര്‍ക്ക് ആഴ്ചകളോളം അവരുടെ ജീവിതമാര്‍ഗം നിലച്ചു. ആയിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. തിരികെ എത്താത്ത 13,000 കോടി രൂപയുടെ ഏറിയ പങ്കും നേപ്പാളിലും ഭൂട്ടാനിലും ഉണ്ടാകുമെന്നാണ് താന്‍ സംശയിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. കുറെയൊക്കെ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ നശിച്ചുപോകുകയോ ചെയ്തിട്ടുണ്ടാകാം. മൂന്നു ലക്ഷം കോടി രൂപ തിരിച്ചെത്തില്ലെന്നും അത് ഗവണ്മെന്റിന്റെ വലിയ നേട്ടമായി മാറുമെന്നും പറഞ്ഞത് ആരാണെന്നുകൂടി ഈയവസരത്തില്‍ ഓര്‍ക്കണമെന്നും മോദിയെ ഉദ്ദേശിച്ച് ചിദംബരം പറഞ്ഞു.

Other News

 • ഐഎസിനെതിരായ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്
 • പാക് സുപ്രീം കോടതി ചാട്ടവാര്‍ വീശുന്നു
 • യുഎസ് സൈനിക പിന്മാറ്റം താലിബാന് നേട്ടമാകും
 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • Write A Comment

   
  Reload Image
  Add code here