ലോകം കേരളത്തിനൊപ്പം
Thu,Aug 30,2018
.jpg)
ലോകം മുഴുവന്‍ കേരളത്തിനൊപ്പമുണ്ട്. ലോകത്തിന്റെ നാനാ വശങ്ങളില്‍നിന്നും സഹായവും സഹകരണവും ഒഴുകിയെത്തുന്നത് അതിന്റെ പ്രതിഫലനമാണ്.
വ്യക്തമായും നമ്മോടൊപ്പമില്ലാത്തത് സംഘ്പരിവാറും അവരുടെ നയിക്കുന്ന മാദ്ധ്യമങ്ങളുമാണ്. അവര്‍ കേരളത്തിനെതിരെ നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു.
അവരുടെ ആശയങ്ങള്‍ പേറുന്ന കേന്ദ്ര ഗവണ്മെന്റാകട്ടെ അരമനസോടെ സഹായിക്കുന്നു. അവര്‍ വെറുക്കുന്ന ഇടതന്മാരെ ഒരു പാഠം പഠിപ്പിക്കാന്‍ കിട്ടിയ അവസരമായിട്ടാണ് കേരളത്തന്റെ ദുരന്തത്തെ അവര്‍ കാണുന്നത്; അല്ലാതെ മാനുഷിക ദുരന്തമായിട്ടല്ല.
കേരളത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന യുഎഇ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള സഹായം സാങ്കേകിത കാരണങ്ങള്‍ പറഞ്ഞ് വേണ്ടെന്നു വയ്ക്കാനുള്ള ചേതോവികാരം അതാണെന്ന് പലരും കരുതുന്നു.
വിദേശ സഹായം എന്തിന് നിഷേധിക്കുന്നു?
ദുരിതനിവാരണ ഘട്ടത്തില്‍നിന്നും പുനരധിവാസ ഘട്ടത്തിലേക്ക് കേരളം പ്രവേശിക്കുമ്പോള്‍ വേണ്ടിവരുന്ന ചെലവിന് കണക്കില്ല. വീടു നഷ്ടപ്പെട്ടും വീട്ടുസാധനങ്ങള്‍ നഷ്ടപ്പെട്ടും ജോലി ചെയ്യാനുള്ള മണ്ണു നഷ്ടപ്പെട്ടും കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ നിരവധി കോടികള്‍ വേണ്ടിവരും. അതിനു പുറമെ, റോഡുകള്‍, പാലങ്ങള്‍, കെട്ടിങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശം പരിഹരിക്കണം. അതിനും വേണം അനേകം കോടികള്‍.
അതിനൊക്കെവേണ്ട തുക കേന്ദ്ര ഗവണ്മന്റ് തരുമോ? ഇല്ല. ദരിദ്രമായ കേരള ഗവണ്മെന്റിനു അത്രയും കോടികള്‍ മുടക്കാനില്ല. പിന്നെ ആരു തരും? തരാന്‍ പലരുമുണ്ട്. യുഎഇ തന്നെ 700 കോടി വാഗ്ദാനം ചെയ്തു. ഖത്തര്‍ 35 കോടി. ഒമാന്‍ 10 കോടി... പക്ഷേ, അത് വാങ്ങാന്‍ നയം അനുവദിക്കുന്നില്ലത്രെ.
2001ല്‍ ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പാക്കിസ്ഥാന് ഉള്‍പ്പെടെ ലോകം മുഴുവനുമുള്ള രാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിച്ചു. യു എന്‍, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലെപ്മെന്റ് ബാങ്ക് തുടങ്ങിയവയില്‍ നിന്നുള്ള സഹായം വേറെ. പക്ഷേ ഇതൊന്നും പരിഗണിക്കാന്‍ അദ്ദേഹം നയിക്കുന്ന ഗവണ്മെന്റ് കൂട്ടാക്കുന്നില്ല.
പണ്ട് യുഎസും യുഎസ്എസ്ആറും അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി സാമ്പത്തിക സഹായം നല്‍കിയിരുന്നു. പക്ഷേ, ഹുമാനിറ്റേറിയന്‍ സഹായം ആ ഗണത്തില്‍ പെടുന്നതല്ല. ഉദാഹരണത്തിന് 1979ല്‍ പാക്കിസ്ഥാന് യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ രഹസ്യമായി സമ്പാദിച്ചപ്പോള്‍ കാര്‍ട്ടര്‍ ഭരണകൂടം പാക്കിസ്ഥാനുള്ള സഹായം റദ്ദാക്കിയെങ്കിലും ഭക്ഷ്യവസ്തുക്കല്ക്കുള്ള സഹായം നിറുത്തിയില്ല.
കേരളത്തിന് വാഗ്ദാനം ചെയ്ത തുക സ്വീകരിച്ചാല്‍ അത് ഇന്ത്യയുടെ നയതന്ത്രസ്വാതന്ത്ര്യത്തിന് കടിഞ്ഞാണാകുമെന്ന് ആരും ഭയക്കുന്നില്ല. കൂടാതെ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സാമ്പത്തിക സാഹായം സ്വീകരിച്ചിരുന്നു. പക്ഷേ, സ്വതന്ത്രമായ വിദേശനയം പിന്തുടരുന്നതിന് അത് തടസമായില്ല.
ഇന്ത്യ വലിയൊരു സാമ്പത്തിക ശക്തിയായി; ഇനി സഹായം ആവശ്യമില്ല എന്നതാണ് മറ്റൊരു കാര്യം. ഇന്ത്യയ്ക്ക് അതിന്റെ ജിഡിപി വളര്‍ച്ചയില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ഇന്ത്യ സാമ്പത്തികമായി പല വികസിത രാജ്യങ്ങളെയും പിന്നിട്ടു എന്നതിലും അഭിമാനിക്കാം. പക്ഷേ, ദരിദ്രര്‍ ഏറെയുള്ള രാജ്യമാണ് ഇപ്പോഴും ഇന്ത്യ എന്ന കാര്യം അവഗണിച്ചിട്ടു കാര്യമില്ല. ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ 140-ാം സ്ഥാനത്താണ് ഇപ്പോഴും ഇന്ത്യ. ദുരന്തങ്ങളുടെ നടുവില്‍ ഇത്തരം പൊങ്ങച്ചങ്ങള്‍ക്കു സ്ഥാനമില്ല.
പ്രകൃതി ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേഗത്തില്‍ സഹായമെത്തിച്ച് അവരുടെ ദുരിതം അവസാനിപ്പിക്കുക എന്നത് മനുഷ്യാവകാശ പ്രശ്നമാണ്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ സ്ഥാപനത്തിനു ശേഷം, യുഎന്‍ ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ദി ഹുമാനിറ്റേറിയന്‍ അഫയേഴ്സിന്റെ സഹായത്തോടെ അന്തര്‍ദ്ദേശീയ സഹായം എത്തിക്കുക എന്നത് ഒരു പതിവായിട്ടുണ്ട്.
കൂടാതെ, യുഎഇയുടെയും ഖത്തറിന്റെയും മറ്റും സഹായം ഒരു രാജ്യം മറ്റൊരു രാജ്യത്തിനു നല്കുന്ന സഹായമായി കണക്കാക്കേണ്ടതില്ല. യുഎഇയിലെ 10 ദശലക്ഷം ജനസംഖ്യയില്‍ 3.3 ദശലക്ഷവും ഇന്ത്യക്കാരാണ്. അതില്‍ത്തന്നെ പകുതി മലയാളികളും. ആ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് മലയാളികളുടെ സംഭാവന ചെറുതല്ല. കേരളത്തെ സഹായിക്കാന്‍ ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തയ്യാറായതുതന്നെ ഇത് കണക്കാക്കിയാണെന്നു വ്യക്തം.
വികസിത രാജ്യങ്ങള്‍പോലും മാനവിക സഹായം സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ ഇന്ത്യ ദുരഭിമാനം കാട്ടുന്നത് നാണക്കേടാണ്. 2005ല്‍ കട്രിന കൊടുങ്കാറ്റ് നാശം വിതച്ചപ്പോള്‍ ഇന്ത്യയേക്കാള്‍ 50 മടങ്ങ് ആളോഹരി വരുമാനമുള്ള യുഎസ് ഇന്ത്യ നല്കിയ 5 മില്യണ്‍ ഡോളര്‍ സ്വീകരിക്കാന്‍ തയാറായെങ്കില്‍ ഏതു തരത്തിലുള്ള ദുരഭിമാനമാണ് ഇന്ത്യ പുലര്‍ത്തുന്നതെന്ന് സങ്കല്പിക്കാവുന്നതേയുള്ളു.
ടാര്‍പോളിന്‍, പുതപ്പുകള്‍, വ്യക്തിശുചിത്വ വസ്തുക്കള്‍ തുടങ്ങി കട്രീന ദുരന്തബാധിതര്‍ക്കുള്ള 22 ടണ്‍ സാധനങ്ങളുമായി സ്വന്തം ഐഎല്‍-76 വിമാനം 25 മണിക്കൂര്‍ പറത്തി ലിറ്റില്‍ റോക്ക് ഏയര്ഫോഴ്സ് ബേസില്‍ എത്തിയ രജത് ശര്‍മ പറഞ്ഞത് ഇങ്ങനെ: ''അവയെല്ലാം യുഎസ് അധികാരികള്‍ സൗമനസ്യത്തോടെ സ്വീകരിച്ചു''. അമേരിക്കക്കാര്‍ക്ക് പഞ്ഞമായതുകൊണ്ടല്ല, മറിച്ച് മനുഷ്യത്വത്തിന് വില കല്പിക്കുക്കുന്നതുകൊണ്ടായിരുന്നു അത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. അടുത്തകാലം വരെ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ജപ്പാനില്‍ 2011ല്‍ ഭൂമികുലുക്കം ഉണ്ടായതിനെത്തുടര്‍ന്ന് 179 രാജ്യങ്ങള്‍ ആളും അര്‍ത്ഥവുമായി സഹായം എത്തിച്ചു. ജപ്പാന് അത് സ്വീകരിക്കുകയും ചെയ്തു. ജപ്പാനുമായി നിരവധി തര്‍ക്കങ്ങളുള്ള ചൈന നല്കിയ സഹായവും, ആളോഹരി വരുമാനത്തില്‍ ജപ്പാന്റെ 11.4 ശതമാനം മാത്രമുള്ള തായ്ലാന്റ് നല്കിയ 7 ബില്യണ്‍ ഡോളറും ജപ്പാന് സ്വീകരിച്ചു.
ജപ്പാന് പ്രകൃതി ദുരന്തം സ്വയം കൈകാര്യം ചെയ്യാന്‍ കഴിയാഞ്ഞിട്ടല്ല. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ ലോക രാജ്യങ്ങള്‍ അങ്ങനെയാണ്. ദുരിതത്തല്‍ പെട്ടവരെ സഹായിക്കാന്‍ ലോകം തയ്യാറാണ്. അത് നിരാകരിക്കുന്നത് അല്പത്തരമായി കണക്കാക്കപ്പെടുന്നു.
കൂടാതെ മറ്റു രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യ സഹായിക്കുന്നുണ്ട്. സ്വീകരിക്കുന്നവരെല്ലാം ദരിദ്രവാസികളായിട്ടല്ല അങ്ങനെ ചെയ്യുന്നത്. കൊടുക്കാമെങ്കില്‍ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന ചോദ്യത്തിന് ഉത്തരമില്ല.
സഹായങ്ങളുടെ പ്രവാഹം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനയുടെ കണക്ക് പബ്ലിക്ക് ഡൊമൈനില്‍ അപ്പോഴപ്പോള്‍ ലഭ്യമാണ്. നിമിഷം പ്രതി അത് വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ മാസം 14-ാം തിയതി മുതല്‍ 30-ാം തിയതി വ്യാഴാഴ്ച ഇത് എഴുതുമ്പോള്‍ വരെ 727.07 കോടി രൂപ ലഭിച്ചിട്ടുണ്ട്. സഹായത്തിന്റെ ഒഴുക്ക് നിലച്ചിട്ടില്ല. 30-ാം തിയതി മാത്രം 2.89 കോടി രൂപ ലഭിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഈ പ്രക്രിയയില്‍ പങ്കാളികളാണ്. വിദേശ ഇന്ത്യക്കാര്‍ അതൊരു വികാരമായി ഏറ്റെടുത്ത് സഹായധനം സമാഹരിക്കുകയും അയക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തെ പ്രളയം മുക്കിയപ്പോള്‍ മാനവിക മുഖം പ്രകടമാക്കി ഇന്ത്യന്‍ കോര്‍പറേറ്റുകളും രംഗത്തെത്തി. ഇതുവരെയും ഏറ്റവും വലിയ സംഭാവന നല്‍കിയത് അദാനി ഫൗണ്ടേഷനാണ്. 25 കോടി രൂപ അടിയന്തര ധനസഹായമായി നല്കിയ അദാനി ഫൗണ്ടേഷന് പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി മറ്റൊരു 25 കോടി രൂപകൂടി നല്‍കും.
അദാനി ഗ്രൂപ്പിലെ ജീവനക്കാര്‍ എല്ലാവരും ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി നല്‍കും. വിദൂര പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും അദാനി ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകരുണ്ട്. ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ള വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ചേര്‍ന്നായിരിക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
21 കോടി രൂപയാണ് റിലയന്‍സ് ഫൗണ്ടേഷന് നല്‍കിയത്. അവരുടെ ദുരിതാശ്വാസ സംഘങ്ങളും രംഗത്തുണ്ട്. മലയാളം സംസാരിക്കുന്ന ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഉള്‍പ്പെടുത്തി മെഡിക്കല്‍ ക്യാമ്പുകള്‍ റിലയന്‍സ് ഫൗണ്ടേഷന് സംഘടിപ്പിക്കുന്നുണ്ട്. ഗവണ്മെന്റിന്റെ ഉപയോഗത്തിനായുള്ള മരുന്നുകള്‍ ജില്ലാ അധികാരികളെ ഏല്‍പ്പിച്ചു.
പൊതു ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുനര്നിര്മ്മിക്കുന്നതിനുമായി വിദഗ്ധ തൊഴിലാളികളെയും നിര്‍മ്മാണ സാമഗ്രികളും നല്‍കുന്നുണ്ട്. 50 കോടിയോളം രൂപയുടെ ദുരിതാശ്വാസത്തിനായുള്ള സാധനങ്ങള്‍ നല്കി. അതിലേറെയും റിലയന്‍സ് റീട്ടെയില്‍ ശാലകള്‍ മുഖേനയാണ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിവാരണ ഫണ്ടിലേക്ക് സംഭാവന നല്കിയ ബിസിനസ് സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (25 കോടി രൂപ), ഐ സി ഐ സി ഐ ബാങ്ക് (8 കോടി), റാംകോ സിമന്റ്സ് (2 കോടി), ടി വി എസ് മോട്ടോഴ്സ് (1.5 കോടി), ഹീറോ മോട്ടോഴ്സ്, എം ആര് എഫ്, മുത്തൂറ്റ് ഫിനാന്‍സ്, സണ്‍ ടിവി, ടി വി എസ് (ഒരു കോടി രൂപ വീതം) എന്നിവയുള്‍പ്പെടുന്നു.
വെല്ലൂരിലെ വിഐടി യൂണിവേഴ്സിറ്റി ഒരു കോടി രൂപ അയച്ചു. മുംബൈ ആസ്ഥാനമായ ജ്യോതി ലബോറട്ടറീസ് 1.28 കോടി രൂപ നല്കി. അതിന്റെ പ്രൊമോട്ടര്‍മാര്‍ കേരളീയരാണ്. പശ്ചിമേഷ്യയില്‍നിന്നും ദുബായ് ആസ്ഥാനമായ ഫാത്തി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, സൗദി അറേബ്യയിലെ അബീര്‍ ഗ്രൂപ്പ് എന്നിവ ഒരു കോടി രൂപ വീതം നല്കി.
രണ്ടു കോടി രൂപ നല്കിയ ആക്സിസ് ബാങ്ക്, പങ്കാളികളായ എന്‍ജിഒകളിലൂടെ മറ്റൊരു മൂന്നു കോടി രൂപകൂടി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ചെക്ക് മടങ്ങിയ കേസുകള്‍, വായ്പ തിരിച്ചടവുകളിലെ കാലതാമസം എന്നിവക്കെല്ലാം ഈടാക്കിയിരുന്ന പിഴ ഒഴിവാക്കി.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളമായി 1.54 കോടി രൂപ നല്കി. പൊതുമേഖലയിലെ ഓയില്‍ കമ്പനികളെല്ലാംകൂടി 25 കോടി രൂപയാണ് നല്‍കിയത്. സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് 1.15 കോടി രൂപ നല്കി.
തെലുങ്കാനയിലെ സിഐഇയില് അംഗങ്ങളായ ടിസിഎസ്, ഐടിസി, പിഎസ്പിഡി, ഗെറ്റി, ശ്രീ മലാനി ഗ്രൂപ്പ്, അങ്കുര്‍ ബിസ്കറ്റ്സ്, രവി ഫുഡ്സ്, എന്നീ കമ്പനികളും വ്യക്തികളായ മറ്റു ചിലരും 23 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചത്.
കേരളം ആസ്ഥാനമായുള്ള ജോസ്കോ ഗ്രൂപ്പ് 2.5 കോടി രൂപയും കല്യാണ്‍ ജൂവലേഴ്സ് 1.1 കോടി രൂപയും നല്കി.
സാങ്കേതികവിദ്യാ സഹായം
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള സാങ്കേതികവിദ്യയും ചാനല്‍ മുഖേനയുള്ള സംഭാവനകളുമാണ് വിദേശത്തും ഇന്ത്യയിലുമുള്ള ടെക് കമ്പനികള്‍ നല്‍കുന്നത്. ഗൂഗിളിന്റെ ജിയോ പ്ലാറ്റ്ഫോമില്‍ വാര്‍ത്തകളും ഡേറ്റകളും നല്കുന്നു. പ്രളയം ബാധിച്ച ജില്ലകളിലെ ഗതാഗതം സാദ്ധ്യമല്ലാത്ത റോഡുകളെ സംബന്ധിച്ച മുന്നറിയിപ്പുകളുണ്ട്. പേഴ്സണ്‍ ഫൈന്‍ഡര്‍ മലയാളത്തിലും ഇംഗ്ലീഷിലും ആക്ടിവേറ്റ് ചെയ്തു. പ്രാദേശികമായ പുതിയ വിവരങ്ങളും ഔദ്യോഗിക അടിയന്തിര സംവിധാനങ്ങളുമെല്ലാം എസ്ഒഎസ് അലേര്‍ട് സര്‍വീസില്‍ ഉള്‍പ്പെടുത്തി.
പേമെന്റ് ആപ്പായ ടെസില്‍ (ഗൂഗിള്‍ പേ) ദുരിതാശ്വാസ സഹായ നിധിയുടെ ഒരു ബട്ടണും ഉള്‍പ്പെടുത്തി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അകപ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെടുന്നതിനുള്ള പ്ലസ് കോഡുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തി. ഓഫ് ലൈന്‍ ആയും എസ് എം എസ് അല്ലെങ്കില്‍ വോയിസ് കാളുകള്‍ മുഖേനയും ഇത് ഉള്‍പ്പെടുത്താന്‍ കഴിയും.
പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളായ ഹ്യൂമാനിറ്റി ഇന്ത്യ, വേള്‍ഡ് വിഷന്‍ ഇന്ത്യ, ഗൂഞ്ജ് എന്നിവയെ ആമസോണ്‍ സഹായിക്കുന്നു. ആമസോണിലൂടെ അവര്‍ക്കു സംഭാവനകള്‍ നല്കാന് ഇടപാടുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പ്രളയ ബാധിത മേഖലകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളിലൂടെ ആമസോണ്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആമസോണ്‍ ജീവനക്കാര്‍ കമ്പനിയുടെ ആഭ്യന്തര പോര്‍ട്ടലിലൂടെ ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തില്‍ നിന്നും സംഭാവനകള്‍ നല്‍കുന്നതിന് മൈക്രോസോഫ്റ്റും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാനവിക സഹായം, ഭക്ഷ്യ വസ്തുക്കള്‍, ശുദ്ധമായ കുടിവെള്ളം മറ്റു അത്യാവശ്യ കാര്യങ്ങള്‍ എന്നിവക്കായി ആ പണം ഇന്ത്യയിലെ പങ്കാളിയായ ഓസ്ഫം ഇന്ത്യയിലൂടെ ചിലവഴിക്കും. ജര്‍മന്‍ സോഫ്റ്റ്വെയര് നിര്‍മ്മാതാക്കളായ എസ്എപിയും ഹോപ്പ് ഫൗണ്ടേഷന് മുഖേന പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലേക്ക് ഭക്ഷണപ്പൊതികള്‍, ഭക്ഷ്യധാന്യങ്ങള്‍, കുടിവെള്ളം, സാനിറ്ററി പാഡുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍, അണുനശീകരണ സാമഗ്രികള്‍, കൊതുകു തിരികള്‍, എമര്‍ജന്‍സി ലാമ്പുകള്‍ തുടങ്ങിയവയും എത്തിക്കുകയും ജീവനക്കാരോട് സംഭാവനകള്‍ നല്കാന് ആവശ്യപ്പെടുകയും ചെയ്തു.
ഇ-വാണിജ്യ കമ്പനിയായ ഫ്ലിപ്കാര്‍ട്ട്, ഓണ്‍ലൈന്‍ പലവ്യജ്ഞന വ്യാപാരികളായ ഗ്രോഫേഴ്സ്, ബിഗ് ബാസ്കറ്റ് എന്നിവ തങ്ങളുടെ ഇടപാടുകാരോട് ദുരിതാശ്വാസ നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗൂഞ്ചിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഓള് ഇന്ത്യ ഡ്രഗ്സ് കണ്ട്രോള് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ 2.5 കോടി രൂപ വിലപിടിപ്പുള്ള ഔഷധങ്ങള്‍ എത്തിച്ചു. കൂടുതല്‍ എത്തിക്കുമെന്നറിയിച്ചിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ ടെലിമെഡിസിന്‍ സ്ഥാപനമായ ഡോക് ഓണ്‍ലൈന്‍ എന്ന സ്ഥാപനം രോഗസംബന്ധമായ വിവരങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനു തങ്ങളുടെ സംഘത്തില്‍പ്പെട്ട ഡോക്ടര്‍മാരുടെ സേവനം രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ 8822127127 എന്ന നമ്പറിലൂടെ സൗജന്യമായി നല്‍കുന്നുണ്ട്.
ഇതിനകം 16,000 ലിറ്റര്‍ കുടിവെള്ള ബോട്ടിലുകള്‍ സൗജന്യമായി നല്കിയ യുറേക്ക ഫോര്‍ബ്സ് ഹാബിറ്റാറ്റ് ഇന്ത്യയുമായി സഹകരിച്ച് വൈദ്യുതി ആവശ്യമില്ലാത്ത ജല ശുചീകരണ യന്ത്രങ്ങള്‍ നല്‍കുന്നുണ്ട്. ഒരു ദിവസത്തില്‍ കുറയാത്ത വരുമാനം ജീവനക്കാര്‍ സംഭാവന നല്‍കുകയും ചെയ്യും.
ഇലക്ടോണിക്സ് റിപ്പയര്‍ ചെയ്തു നല്‍കുന്നതിനുള്ള തൊഴിലാളികളെയും സൗജന്യമായും സാധനങ്ങള്‍ വില ഈടാക്കിയും റിലയന്‍സ് ഡിജിറ്റല്‍ നല്‍കും. റിലയന്‍സ് ജിയോ കേരളത്തിലെ ഉപയോക്താക്കള്‍ക്ക് 7 ദിവസത്തെ സൗജന്യ പാക്കേജ് നല്കി. പ്രളയം രൂക്ഷമായിരുന്ന പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സൗജന്യ കാളുകള്‍ക്കുള്ള ബൂത്തുകള്‍ ഐഡിയ സെല്ലുലാര്‍ ഏര്‍പ്പെടുത്തി. ഫോണുകള്‍ കേടായ പ്രീപെയ്ഡ് കസ്റ്റമേഴ്സിന് ഓഗസ്റ്റ് 31 വരെ പുതിയ സിമ്മുകള്‍ സൗജന്യമായി നല്‍കും.
മുംബൈയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ നിരവധി സാധനങ്ങള്‍ നവി മുബൈയിലെ കേരള ഹൗസില്‍ ഏല്‍പ്പിച്ചു. എയര്‍ ഇന്ത്യ 2 ടണ്‍ ഔഷധങ്ങളാണ് സൗജന്യമായി എത്തിച്ചത്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെപ്പോലെതന്നെ ഉദാരമായി സഹായിച്ച ചില വ്യക്തികളുമുണ്ട്. ഗള്‍ഫ് കേന്ദ്രീകരിച്ചു ബിസിനസ് നടത്തുന്ന മലയാളികളായ എം എ യൂസഫ് അലിയും രവിപിള്ളയും 5 കോടി രൂപ വീതം സംഭാവന നല്കിയപ്പോള് ഷാര്‍ജ ഭരണാധികാരിയുടെ ധനകാര്യ ഉപദേഷ്ടാവായ സയ്ദ് മുഹമ്മദ് 4 കോടി രൂപ നല്കി. മലയാളിയല്ലെങ്കിലും കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രവാസി ഇന്ത്യക്കാരനായ ബി ആര് ഷെട്ടിയും 4 കോടി രൂപ നല്കി.