മകെയ്‌നു പകരം വയ്ക്കാന്‍ ആര്?

Thu,Aug 30,2018


നാവിക സേനയിലെ ബോംബര്‍ പൈലറ്റ്, യുദ്ധത്തടവുകാരന്‍, ഐകോണിക് റിപ്പബ്ലിക്കന്‍, യാഥാസ്ഥിതികരിലെ ഒറ്റയാന്‍, സെനറ്റിലെ ഉഗ്രപ്രതാപി, രണ്ടു തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി, അമേരിക്കന്‍ ഹീറോ, പാര്‍ട്ടി വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വീകാര്യന്‍, ഇരു പാര്‍ട്ടികള്‍ക്കും ഇടയിലെ പാലം... 81-ാം വയസില്‍ അന്തരിച്ച സെനറ്റര്‍ ജോണ്‍ മകെയ്ന്‍ അങ്ങനെ പലതുമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ലോകയുദ്ധാനന്തര ലോകത്തെ നയിച്ച അമേരിക്കന്‍ അന്തര്‍ദ്ദേശീയതയുടെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദമാണ് മകെയ്‌ന്റെ മരണത്തോടെ നിലച്ചത്. അദ്ദേഹത്തിന്റെ വിയോഗം വിലയൊരു വിടവ്, പ്രത്യേകിച്ച് അമേരിക്കന്‍ വിദേശനയ രംഗത്ത്, സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ലോകത്ത് സ്ഥിരത നിലനിറുത്തുന്നതിന് വിദേശ സഖ്യങ്ങളും ആഗോളമെത്തുന്ന സൈനിക വിന്യാസങ്ങളും ഇടപടലുകളും അനിവാര്യമാണെന്ന് വിശ്വസിച്ച റിപ്പബ്ലിക്കന്‍ വിഭാഗത്തിന്റെ നിയാമക ശക്തിയായിരുന്നു മകെയ്ന്‍. അതിനാല്‍ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനിക ഇടപടലുകളെ അനുകൂലിച്ചു. ജപ്പാന്‍ മുതല്‍ യൂറോപ്പ് വരെയുള്ള സഖ്യകക്ഷികളുമായി ഗാഢ ബന്ധം നിലനിറുത്തുന്നതിനെയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിനെയും പിന്തുണച്ചു. കറ തീര്‍ന്ന റഷ്യന്‍വിരുദ്ധനുമായിരുന്നു. അമേരിക്കന്‍ മൂല്യങ്ങള്‍ എന്ന് താന്‍ ഉറച്ചുവിശ്വസിച്ചിരുന്നവയില്‍നിന്നും തികച്ചും വിപരീതമായ ദിശയിലേക്കാണ് ഡോണള്‍ഡ് ട്രമ്പ് അമേരിക്കയെ നയിച്ചുകൊണ്ടുപോകുന്നത് എന്നതിനാല്‍ അദ്ദേഹവുമായി പൊരുപ്പെടാന്‍ മകെയ്‌ന് കഴിഞ്ഞില്ല. മരണംവരെ ട്രമ്പിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ട്രമ്പാകട്ടെ, മകെയ്‌നെ അവഹേളിക്കുന്നതിനും അവഗണിക്കുന്നതിനും ഒരു ലോപവും കാട്ടിയില്ല. തന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ആലോചനകള്‍ കഴിഞ്ഞവര്‍ഷംതന്നെ മകെയ്ന്‍ നടത്തിയിരുന്നു. ട്രമ്പിനെ ക്ഷണിക്കില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം രണ്ടു മുന്‍ എതിരാളികളായ ബാരാക് ഒബാമയോടും ജോര്‍ജ് ഡബ്‌ള്യു ബുഷിനോടും ചരമപ്രസംഗങ്ങള്‍ നടത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിമാനാപകടങ്ങളെയും, ശരീര ചര്‍മ്മത്തെ പലതവണ ആക്രമിച്ച കാന്‍സറിനെയും, പലപ്പോഴും അനുഭവപ്പെട്ട രാഷ്ട്രീയ പിന്തള്ളലുകളെയും അതിജീവിക്കുകയും, കാലത്തോടും സ്വന്തം മരണത്തോടുതന്നെയും പടവെട്ടുകയും ചെയ്ത അരിസോണയിലെ ഈ രാഷ്ട്രീയയോദ്ധാവ്, അഞ്ചര വര്‍ഷം വിയറ്റ്‌നാം യുദ്ധത്തടവുകാരനായി കഴിഞ്ഞതല്ല തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമെന്ന് തെളിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുജീവിതത്തില്‍നിന്നും അകന്ന് അരിസോണയിലെ വസതിയില്‍ ജീവിത സ്മരണകള്‍ അയവിറക്കിയും, സുഹൃത്തുക്കളും പഴയ രാഷ്ട്രീയ പോരാളികളുമായ ഏതാനും സന്ദര്‍ശകരെ സ്വീകരിച്ചും കഴിച്ചുകൂട്ടുകയായിരുന്നു. ഈ ലോകത്തുനിന്നും വിട്ടുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ പരാതികളൊന്നുമില്ലെന്നുമാണ് കഴിഞ്ഞ മെയില്‍ പ്രസിദ്ധീകരിച്ച ജീവിത സ്മരണികയില്‍ അദ്ദേഹം പറഞ്ഞത്. അമേരിക്കയുടെ കഥയിലും തന്റെ കാലഘട്ടത്തിന്റെ ചരിത്രത്തിലും ചെറിയൊരു സ്ഥാനം തനിക്കുണ്ടെന്ന് പറയുകയും ചെയ്തു. നാല്പത് വര്‍ഷമായി തന്റെ തട്ടുകമായിരുന്ന വാഷിംഗ്ടണില്‍ കഴിഞ്ഞ ഡിസംബറിനുശേഷം അദ്ദേഹം എത്തിയില്ല. ദശകങ്ങളായി ചുറ്റിക്കറങ്ങിയ സെനറ്റിന്റെ ഇടനാഴികളിലും ന്യൂസ് സ്റ്റുഡിയോകളിലും അത് സൃഷ്ടിച്ച ശൂന്യത വലുതായിരുന്നു. എന്നാല്‍ അദ്ദേഹം അടങ്ങിയിരിക്കുകയായിരുന്നില്ല. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ കടന്നാക്രമിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ നടത്തി. രോഗശയ്യയിലും രാഷ്ട്രീയ പോരിനുള്ള ത്വര ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നാണ് അദ്ദേഹം തെളിയിച്ചു. യുഎസിന്റെ പ്രതിരൂപമായി മാറിയ ആഗോള നേതൃത്വ മൂല്യങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും ട്രമ്പ് അകന്നുപോകുന്നു എന്നതായിരുന്നു മകെയിന്റെ വിമര്‍ശനം. രണ്ടു തവണ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മകെയിന് ഏറ്റവുമുയര്‍ന്ന രാഷ്ട്രീയ സമ്മാനം നേടാന്‍ കഴിഞ്ഞില്ല. വിയറ്റ്‌നാമില്‍നിന്നും മടങ്ങി രാഷ്ട്രീയത്തില്‍ പ്രവേശിച്ച മകെയ്‌ന്റെ വലിയൊരു ലക്ഷ്യമായിരുന്നു അത്. പ്രസിഡന്റ് ആയില്ലെങ്കിലും പ്രസിഡന്റുമാരുടെ പേടിസ്വപ്നമായിരുന്നു.
ഒറ്റപ്പെട്ട പ്രതിഭാസം
മരണത്തോടടുക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ത്തന്നെ മകെയ്ന്‍ ഒറ്റപ്പെട്ട പ്രതിഭാസമായി മാറിയിരുന്നു. അമേരിക്കന്‍ അന്തര്‍ദ്ദേശീയതയുടെ പാതയില്‍നിന്നും മിക്ക റിപ്പബ്ലിക്കന്‍മാരും മാറുകയും ട്രമ്പിന്റെ പാത സ്വീകരിക്കുയും ചെയ്തപ്പോഴും മകെയ്ന്‍ ഒറ്റയ്ക്ക് പോരാടി. ട്രമ്പിനെ വിമര്‍ശിക്കാന്‍ ധൈര്യം കാട്ടുന്ന ചുരുക്കം ചില റിപ്പബ്ലിക്കന്മാരിലൊരാളായി അദ്ദേഹം. തന്റെ ഹീറോ റോണള്‍ഡ് റെയ്ഗന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ഇപ്പോഴത്തെ പ്രസിഡന്റ് തകര്‍ത്തെറിയുന്നതായാണ് മകെയ്ന്‍ കണ്ടത്. സ്വന്തം പ്രത്യയശാസ്ത്രത്തെ കൈവിടാതെതന്നെ കക്ഷി പരിഗണനകള്‍ക്കതീതമായി നിലപാടുകള്‍ സ്വീകരിക്കുന്ന പഴയകാല രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. വാഷിംഗ്ടണില്‍ 40 വര്‍ഷം നീണ്ട ജീവിതമായിരുന്നു മകെയ്‌ന്റേത്. ആദ്യം നേവി സെനറ്റ് ലെയ്‌സണ്‍ ആയിരുന്നു. പിന്നീട് ഹൗസിലെ അംഗമായി. ബാരി ഗോള്‍ഡ്‌വാട്ടര്‍ ഉണ്ടായിരുന്ന സ്ഥാനത്തേക്കാണ് സെനറ്റില്‍ അദ്ദേഹം എത്തിയത്. യാഥാസ്ഥിതികനായ അദ്ദേഹം വിദേശനയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. സെനറ്റിലെ അംഗത്വം 6 തവണ നീണ്ടപ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച വോട്ടായി നിലകൊണ്ടു. എന്നാല്‍ പലപ്പോഴും വിമത സ്വരമുയര്‍ത്തി. ധനപരിഷ്‌ക്കരണത്തിനായുള്ള പ്രചാരണത്തില്‍ പാര്‍ട്ടി നേതൃത്വത്തെ ധിക്കരിക്കുകയും ഇറാക്ക് യുദ്ധത്തില്‍ വേണ്ടത്ര സൈനികരെ അയക്കാത്തതിനു ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെ ഡിഫന്‍സ് സെക്രട്ടറി ഡോണള്‍ഡ് റംസ്‌ഫെല്‍ഡിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഇറാഖിനെ ആക്രമിക്കുന്നതിനുള്ള ബുഷിന്റെ തീരുമാനത്തെ 2003ല്‍ മകെയ്ന്‍ പിന്തുണച്ചിരുന്നുവെങ്കിലും സദ്ദാം ഹുസൈന്റെ പക്കല്‍ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റായിരുന്നുവെന്ന് പിന്നീടദ്ദേഹം സ്മരണകളില്‍ എഴുതി. ഏറ്റവുമൊടുവിലായി ജൂലൈയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ട്രമ്പ് നടത്തിയ ഉച്ചകോടിയെയാണ് മകെയ്ന്‍ വിമര്‍ശിച്ചത്. തന്റെ ഓര്‍മ്മയില്‍ ഇത്രയും അപമാനകരമായ ഒരു പ്രവൃത്തി ഒരു അമേരിക്കന്‍ പ്രസിഡന്റും ചെയ്തിട്ടില്ലെന്നാണ് മകെയ്ന്‍ പറഞ്ഞത്. 2017 ജൂലൈയില്‍ മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയനായ ശേഷം സെനറ്റില്‍ തിരിച്ചെത്തിയ മകെയ്ന്‍ ട്രമ്പിനെതിരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാക്കി. സെപ്റ്റംബറില്‍ ചെയ്ത ഒരു പ്രസംഗത്തില്‍ 'ഞങ്ങളാരും പ്രസിഡന്റിന്റെ കീഴാളന്മാര്‍ അല്ലെന്നും അദ്ദേഹത്തിന് സമന്മാരാണെന്നും' പറഞ്ഞു. സെപ്റ്റംബറില്‍ ഒബാമ കെയര്‍ പൊളിച്ചടുക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശ്രമത്തെ പരാജയപ്പെടുത്തി മകെയ്ന്‍ സെനറ്റില്‍ വോട്ടുചെയ്തു. അത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ത്തന്നെയും രോഷമുയര്‍ത്തി. പ്രചാരണ റാലികളില്‍ മകെയ്‌നെ പേരെടുത്തുപറഞ്ഞ് ട്രമ്പ് ആക്രമിച്ചു. അരിസോണയിലെ സെനറ്ററെ 'യുദ്ധവീരന്‍' ആയി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം യുദ്ധ തടവുകാരനായിരുന്നുവെന്നും ഒരിക്കല്‍ ട്രമ്പ് പറഞ്ഞു. മകെയ്‌ന്റെ പേരിട്ട് അവതരിപ്പിച്ച നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടില്‍ ഒപ്പുവച്ചപ്പോള്‍പോലും ട്രമ്പ് മകെയ്‌ന്റെ പേരു പരാമര്‍ശിച്ചില്ല.
സൈനിക പാരമ്പര്യം
1939 ഓഗസ്റ്റ് 29നായിരുന്നു ജോണ്‍ സിഡ്‌നി മകെയ്ന്‍ പനാമ കനാല്‍ മേഖലയില്‍ ജനിച്ചത്. പിതാവും മുത്തച്ഛനും നേവിയില്‍ അഡ്മിറല്‍മാരായിരുന്നു. മകെയ്‌നും നാവിക അക്കാദമിയില്‍നിന്നും ബിരുദം നേടി. 1967ല്‍ യുഎസ്എസ് ഫോറെസ്റ്റല്‍ യുദ്ധവിമാന വാഹിനിയിലുണ്ടായ വലിയ തീപിടുത്തത്തില്‍ മരണത്തില്‍നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്കുശേഷം വടക്കന്‍ വിയറ്റ്‌നാമില്‍ തന്റെ സ്‌കൈഹ്വക് വിമാനം വെടിവച്ചിട്ടപ്പോള്‍ ഒരു തടാകത്തിലേക്ക് പാരച്യൂട്ട് ജമ്പിങ് നടത്തിയ അദ്ദേഹത്തിന്റെ രണ്ടു കൈകളും ഒരു കാലും ഒടിഞ്ഞു. കമ്മ്യൂണിസ്റ്റ് പോരാളികള്‍ അദ്ദേഹത്തെ തടവുകാരനായി പിടികൂടി. തടവില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. അത് ജീവിതകാലം മുഴുവനും നീണ്ടുനിന്ന പരുക്കുകള്‍ സമ്മാനിച്ചു. കൈകള്‍ക്ക് ചലനശേഷി പരിമിതമായിരുന്നു. അഡ്മിറലിന്റെ മകനെന്ന നിലയില്‍ തടവില്‍നിന്നും വിട്ടയക്കപ്പെടുന്നതിനു മുന്‍ഗണന ലഭിച്ചുവെങ്കിലും അവസാന സഹതടവുകാരനും മോചിതനാകുന്നതുവരെ തടവില്‍ കഴിയുന്നതിനായിരുന്നു മകെയ്‌ന്റെ തീരുമാനം. യുദ്ധത്തിന്റെ കാര്യത്തില്‍ വളരെ അഭിപ്രായഭിന്നതകള്‍ ഉടലെടുത്ത സ്വന്തം രാജ്യത്തേക്ക് 1973ലാണ് അദ്ദേഹം തിരിച്ചെത്തിയത്. ഈ തടവ് ജീവിതമാണ് പിന്നീടുള്ള മകെയ്‌നെ രൂപാന്തരപ്പെടുത്തിയത്. രാജ്യത്തോടുള്ള സ്‌നേഹം വര്‍ദ്ധിച്ചു. 1983ല്‍ ഹൗസിലെ അംഗമായി. 1986ല്‍ അരിസോണയില്‍നിന്നും സെനറ്റിലെത്തി. റോണള്‍ഡ് റെയ്ഗന്റെ കാലഘട്ടത്തില്‍ ഉറച്ച യാഥാസ്ഥിതികനായി. വിയറ്റ്‌നാമിലെ ജീവിതം അദ്ദേഹം മറന്നിരുന്നില്ല. എങ്കിലും പുനരനുരജ്ഞത്തിന്റെ ഭാഗമായി, മറ്റൊരു വിയറ്റ്‌നാംയുദ്ധവീരനായിരുന്ന ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ കെറിയുമൊത്ത് വിയറ്റ്‌നാമിനെതിരായ വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് മുന്‍കൈ എടുത്തു. അത് പിന്നീട് പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലേക്കു നയിക്കുകയും ചെയ്തു. 2000 ത്തിലാണ് മകെയ്ന്‍ വൈറ്റ് ഹൗസിലെത്താന്‍ ശ്രമിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രൈമറിയില്‍ ജോര്‍ജ് ഡബ്‌ള്യു ബുഷിനോട് പരാജയപ്പെട്ടു. 2001 സെപ്റ്റംബര്‍ 11 ലെ ഭീകര ആക്രമണങ്ങള്‍ യുഎസിന്റെ വിദേശനയത്തില്‍ വലിയ മാറ്റം വരുത്തി. വിദേശങ്ങളില്‍ യുഎസിന്റെ ശക്തമായ ഇടപെടലുകളുടെ വക്താവായി മകെയ്ന്‍ മാറി. അഫ്ഗാനിലെയും ഇറാഖിലെയും യുദ്ധങ്ങളെ പിന്തുണച്ചു. യുദ്ധത്തില്‍ യുഎസ് തളര്‍ന്നതായി കാണപ്പെട്ട ഘട്ടത്തില്‍ കൂടുതല്‍ സൈനികരെ അയക്കണമെന്ന് ആവശ്യപ്പെടുകയും ബുഷ് അംഗീകരിക്കുകയും ചെയ്തു. അതേസമയം, വിയറ്റ്‌നാമില്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ക്കു വിധേയനായ മകെയ്ന്‍ ഭീകരരെന്നു സംശയിച്ചു പിടികൂടുന്നവരെ ചോദ്യം ചെയ്യുന്നതിന് സിഐഎ പ്രയോഗിച്ച വാട്ടര്‍ ബോര്‍ഡിംങ് പോലുള്ള കൂരമായ രീതികളെ നിശിതമായി വിമര്‍ശിച്ചു. അത് അമേരിക്കന്‍ മൂല്യങ്ങള്‍ക്കെതിരാണെന്നും വിദേശങ്ങളില്‍ യുഎസിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് കോര്‍പ്പറേറ്റ് പണം 'നിയന്ത്രിക്കുന്നതിന്' വിസ്‌കോണ്‍സിനില്‍ നിന്നുമുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ റസ് ഫെയിന്‍ഗോള്‍ഡുമായി കൈകോര്‍ത്തു. പിന്നീടാണ് തന്റെ വലിയൊരു സുഹൃത്തായിരുന്ന മസാച്യുസെറ്റ്‌സ് സെനറ്റര്‍ ആയിരുന്ന അന്തരിച്ച എഡ്‌വേഡ് കെന്നഡിയുമായി ചേര്‍ന്ന് രേഖകളൊന്നുമില്ലാതെ കഴിയുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുള്ള കടുത്ത എതിര്‍പ്പ് കാരണം അത് വിജയിച്ചില്ല. പിന്നീട് 2016ല്‍ ട്രമ്പിന്റെ പ്രചാരണത്തില്‍ പ്രധാന വിഷയമായി അത് മാറി.
ബുഷിന്റെ രണ്ടാമൂഴത്തിനു ശേഷം വീണ്ടും മകെയ്ന്‍ വൈറ്റ് ഹൗസ് ലക്ഷ്യമിട്ടു. പക്ഷേ, ഒരു റിപ്പബ്ലിക്കനെ സംബന്ധിച്ചിടത്തോളം മോശം കാലാവസ്ഥ ആയിരുന്നു: മുന്‍ഗാമിയുടെ തകര്‍ന്ന ജനപ്രീതി, നീണ്ടുപോകുന്ന രണ്ട് യുദ്ധങ്ങള്‍, അതുണ്ടാക്കിയ സാമ്പത്തിക മാന്ദ്യം, തൊഴില്‍നഷ്ടം, ബാങ്കുകളുടെ പരാജയം, സര്‍വ്വോപരി ഇതിനെല്ലാം മാറ്റം വാഗ്ദാനം ചെയ്ത് എതിര്‍ പക്ഷത്ത് സ്ഥാനമുറപ്പിച്ച ഇലിനോയിയില്‍ നിന്നുള്ള സെനറ്റര്‍ ബരാക് ഒബാമയുടെ സ്വീകാര്യത. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അത്രയൊന്നും അറിയപ്പെടാത്ത അലാസ്‌ക ഗവര്‍ണ്ണര്‍ സാറ പേലിനെ തെരഞ്ഞെടുത്തതും പാരയായി. കൂടാതെ, അതുവരെ അദ്ദേഹത്തെ പൊക്കിക്കൊണ്ടു നടന്ന മീഡിയ കൈവിട്ടു. യുദ്ധവെറിയന്‍ സമീപനങ്ങള്‍ വോട്ടര്‍മാര്‍ ഇഷ്ടപ്പെടില്ലെന്നു പറഞ്ഞവരോട് 'മത്സരത്തില്‍ തോറ്റാലും യുദ്ധം തോല്‍ക്കരുതെന്നാണ്' തന്റെ നിലപാടെന്ന് മകെയ്ന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാരുടെ വൃത്തികെട്ട തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളെ മകെയ്ന്‍ എതിര്‍ത്തു. ഒബാമ അമേരിക്കയില്‍ ജനിച്ച ആളല്ലെന്നും ക്രിസ്ത്യാനി അല്ലെന്നുമുള്ള പ്രചാരണത്തെ അദ്ദേഹം എതിര്‍ത്തു. അറബിയായതിനാല്‍ ഒബാമയെ വിശ്വസിച്ചുകൂടെന്നു പറഞ്ഞ പിന്തുണക്കാരിയോട് മകെയ്ന്‍ പറഞ്ഞത് ഒബാമ നല്ലൊരു കുടുംബ നാഥനാണെന്നും മൗലികമായ മറ്റു ചില പ്രശ്‌നങ്ങളിലാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളതെന്നും ആയിരുന്നു. എന്നാല്‍ ഒബാമയുമായുള്ള മകെയ്‌ന്റെ ബന്ധം സംഘര്‍ഷപൂരിതമായിരുന്നു. ഒബാമയുടെ ലോകവീക്ഷണത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇറാക്കിലെ യുദ്ധംപോലുള്ള ദുസ്സാഹാസങ്ങള്‍ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും സൈനിക മാര്‍ഗത്തിലൂടെ പരിഹരിക്കുകയെന്ന റിപ്പബ്ലിക്കന്‍ നിലപാടിന്റെ പ്രതിരൂപമായിട്ടാണ് മകെയ്‌നെ ഡെമോക്രറ്റുകള്‍ അവതരിപ്പിച്ചത്.
തെറ്റുകള്‍ ചെയ്തു, എങ്കിലും രാജ്യത്തെ സേവിച്ചു
രാഷ്ട്രീയത്തിനതീതമായി സുഹൃത്തുക്കളെ സമ്പാദിക്കാന്‍ മക്കയിന് കഴിഞ്ഞിരുന്നു. എങ്കിലും സെനറ്റിന്റെ സായുധ സേനയ്ക്കായുള്ള കമ്മിറ്റിയില്‍ ഒബാമക്ക് കീഴില്‍ സ്‌റ്റേറ്റ് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച ഹിലരി ക്ലിന്റനുമായും വിയറ്റ്‌നാം യുദ്ധത്തില്‍ തനിക്കൊപ്പം പങ്കെടുത്ത ജോണ്‍ കെറിയുമായും ഏറ്റുമുട്ടി. 2014ല്‍ സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ക്കു കഴിഞ്ഞതോടെ മകെയ്‌ന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന അദ്ധ്യായത്തിനു തുടക്കമിടുകയായിരുന്നു. തന്റെ സമയം പരിമിതപ്പെട്ടതായി മകെയ്‌ന് അറിയാമായിരുന്നു. എങ്കിലും പ്രായത്തെ വകവയ്ക്കാതെ പ്രവര്‍ത്തിച്ചു. 80 വയസ്സ് പിന്നിട്ടിട്ടും ലോക പര്യടനങ്ങള്‍ക്ക് മുതിര്‍ന്നു. രോഗം തിരിച്ചറിയുന്നതിനുമുമ്പ് 2017ലെ ആദ്യത്തെ 6 മാസങ്ങളില്‍ ഒട്ടേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആദ്യ ഭാര്യ കരോളുമായി 1980ല്‍ വിവാഹമോചനം നേടി. ഭാര്യ സിന്‍ഡിയും 7 മക്കളും പിന്‍ഗാമികളാണ്. മൂന്ന് ആണ്‍മക്കളും കുടുംബ പാരമ്പര്യം നിലനിര്‍ത്തി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നു. മകള്‍ മേഘനാണ് എബിസിയിലെ 'ദി വ്യൂ' അവതരിപ്പിക്കുന്നത്. 106 വയസ്സുള്ള അമ്മ റോബര്‍ട്ട ജീവിച്ചിരിപ്പുണ്ട്. സൈനിക സേവനത്തിനിടയില്‍ സില്‍വര്‍ സ്റ്റാര്‍, ബ്രോണ്‍സ് സ്റ്റാര്‍ ഉള്‍പ്പടെയുള്ള ബഹുമതികള്‍ നേടിയിട്ടുണ്ട്. എങ്ങനെ സ്മരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ മകെയ്ന്‍ പറഞ്ഞതിങ്ങനെ: 'അദ്ദേഹം തന്റെ രാജ്യത്തെ സേവിച്ചു...എല്ലായ്‌പ്പോഴും ശരിയായിരുന്നില്ല...പിശകുകള്‍ സംഭവിച്ചു.. തെറ്റുകള്‍ ധാരാളം ചെയ്തു... എങ്കിലും അദ്ദേഹം രാജ്യത്തെ സേവിച്ചു'
രാഷ്ട്രീയ നേട്ടങ്ങള്‍ക്കൊപ്പംതന്നെ പോരാട്ടവീര്യത്തിനും മക്കയിന്‍ സ്മരിക്കപ്പെടും. 2009ല്‍ സുഹൃത്തും എതിരാളിയുമായിരുന്ന സെനറ്റര്‍ കെന്നഡിയുടെ ശവമഞ്ചത്തിന് മുന്നില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ അര്‍ത്ഥമെന്തായിരിക്കണം എന്നതിന്റെ ഉദാഹരണമായി മകെയ്ന്‍ ചൂണ്ടിക്കാട്ടിയത് തന്റെ രാഷ്ട്രീയ ഹീറോ ആയ തിയഡോര്‍ റൂസ്‌വെല്‍ട്ടിനെ ആയിരുന്നു. കെന്നഡിയുടെ ജീവിതം അപഹരിച്ച മസ്തിഷ്‌കാര്‍ബുദംതന്നെയായിരുന്നു മകെയ്‌ന്റെയും ജീവനെടുത്തത്. രണ്ടു പേരും മരിച്ചത് ഓഗസ്റ്റ് 25 നായിരുന്നു. 82-ാം ജന്മദിനം ആഘോഷിക്കേണ്ട ഓഗസ്റ്റ് 29 ബുധനാഴ്ച അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഈ അതികായന്റെ ശരീരം വാഷിംഗ്ടണിലെ നാഷണല്‍ കത്തീഡ്രലില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞതുപോലെ, 'ചില ജീവിതങ്ങള്‍ അത്യന്തം പ്രോജ്വലമാണ്, അത് അവസാനിച്ചു എന്ന് സങ്കല്പിക്കാന്‍ പ്രയാസമാണ്; ചില ശബ്ദങ്ങള്‍ വളരെ വശ്യമാണ്, അത് നിലച്ചതായി കരുതാന്‍ കഴിയില്ല'. മകെയ്‌ന്റെ ജീവിതവും അത്തരത്തിലൊന്നായിരുന്നു.

Other News

 • മള്ളര്‍ റിപ്പോര്‍ട്ട് ; പ്രസിഡന്റും കോണ്‍ഗ്രസും ഏറ്റുമുട്ടലിലേക്ക്
 • ലോക് സഭാ തെരഞ്ഞെടുപ്പ് ; ഫലം നിര്‍ണ്ണയിക്കുക ന്യൂനപക്ഷ വോട്ടുകള്‍
 • ശ്രീലങ്കയ്ക്ക് പുതിയ ഭീഷണിയായി ഭീകരാക്രമണം
 • ചൈന കനിഞ്ഞാല്‍ അസര്‍ കരിമ്പട്ടികയില്‍
 • ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നത് റെക്കോഡ് വേഗതയില്‍
 • പത്തനംതിട്ട ഇന്ത്യയിലെ മികച്ച മണ്ഡലം
 • തെരഞ്ഞെടുപ്പ്; ആവേശം അമേരിക്കയിലും
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗര്‍ലഭ്യം മൂലം: ഇന്‍ഫോസിസ്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • ദ്രവീഡിയന്‍ രാഷ്ട്രീയത്തിലെ രണ്ട് അതികായരില്ലാതെ തെരഞ്ഞെടുപ്പ്
 • ട്രംപിന്റെ ട്വീറ്റ്: ഒമറിന്റെ സംരക്ഷണം ശക്തമാക്കണമെന്ന് പെലോസി
 • Write A Comment

   
  Reload Image
  Add code here